Friday, March 27, 2020

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബി.ജെ.പിയാക്കി

വയനാട്ടിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായ ശ്രീ. കെ. കെ. രാമചന്ദ്രൻ മാസ്റ്റർ കാൽനൂറ്റാണ്ടുകാലം കേരള നിയമസഭയിൽ അംഗമായിരിക്കുകയും രണ്ടുതവണ മന്ത്രിപദം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിലെ കരുണാകരൻ പക്ഷത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം കെ. മുരളീധരന്റെ ഉയർച്ചയോടെ ലീഡറിൽ നിന്നകലുകയും പിന്നീട് എ. കെ. ആന്റണിയുടെ കൂടെ നിലയുറപ്പിക്കുകയും ചെയ്തു. എന്നാൽ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകന്നതോടെ കോൺഗ്രസ് ഗ്രൂപ്പ് നേതൃത്വങ്ങൾ കയ്യടക്കിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ശത്രുതയിലായ മാസ്റ്റർ ക്രമേണ നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തുടർന്ന് രണ്ടു ഗ്രൂപ്പ് മാനേജർമാരുടേയും ബദ്ധശത്രുവായ അദ്ദേഹം കോൺഗ്രസ്സിൽ പിടിമുറുക്കിയ വൻതോതിലുള്ള അഴിമതിക്കെതിരെ ശബ്ദമുയർത്തി. പരസ്പരം മത്സരിച്ചുള്ള ഗ്രൂപ്പുകളുടെ അഴിമതിയിൽ മനംനൊന്ത് പാർട്ടിക്കുള്ള പിന്തുണ പിൻവലിച്ച് കമ്യൂണിസ്റ്റുകളുടെ കൂടെയോ ബി.ജെ.പിയുടെ കൂടെയോ പോകാൻ നിർബന്ധിതരാവുന്ന പാർട്ടി അണികളുടെ നിസ്സഹായാവസ്ഥയാണ് ഗ്രന്ഥത്തിന്റെ തലക്കെട്ട് അർത്ഥമാക്കുന്നത്. ഈ കൃതി മാസ്റ്ററുടെ ആത്മകഥ കൂടിയാണ്.

രാമചന്ദ്രൻ മാസ്റ്റർ തികച്ചും പഴയ മോഡൽ രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനശൈലി വെളിപ്പെടുത്തുന്നു - തന്റെ യഥാർത്ഥ അഭിപ്രായങ്ങൾ മറച്ചുവെച്ച് വായനക്കാർ കേൾക്കാനാഗ്രഹിക്കുന്നതു പറയുന്ന തനി കോൺഗ്രസുകാരൻ. സാമ്പത്തികമായി ഇന്ത്യയെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയ, കോൺഗ്രസ് പ്രധാനമന്ത്രി കൂടിയായിരുന്ന നരസിംഹറാവുവിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും ഇദ്ദേഹം എതിർക്കുന്നതായി അഭിനയിക്കുന്നു. വലതുപക്ഷ കക്ഷികൾ പോലും ഇടതുചായ്‌വ്‌ പ്രദർശിപ്പിക്കുന്ന കേരളത്തിൽ ഇതാവശ്യമാണെന്ന് അദ്ദേഹത്തിനറിയാം. പൊതുമേഖലയുടെ കുത്തകയായിരുന്ന, കാര്യക്ഷമതയില്ലായ്മ കൊടികുത്തിവാണിരുന്ന പല രംഗങ്ങളിലും സ്വകാര്യമേഖല കടന്നുവരുന്നതിനെ മാസ്റ്റർ എതിർക്കുന്നു. അതോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് നെഹ്‌റു കുടുംബത്തിനോട് ഗ്രന്ഥകാരൻ ഇപ്പോഴും പ്രദർശിപ്പിക്കുന്ന ദാസ്യമനോഭാവം. അടിയന്തിരാവസ്ഥയെപ്പോലും പൂർണമായി ന്യായീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയോടുള്ള വിധേയത്വം ഈ കൃതി വെളിപ്പെടുത്തുന്നു. ജെ.പിയുടെ സമ്പൂർണ വിപ്ലവത്തിനുള്ള ആഹ്വാനം അരാജകത്വത്തിലേക്കു നീങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ അറ്റ കൈ എന്ന രീതിയിലാണ് അടിയന്തിരാവസ്ഥ നടപ്പാക്കിയതെന്നാണ് വാദം. ഇന്ത്യയിൽ കോൺഗ്രസ് ഇപ്പോൾ എത്തിനിൽക്കുന്ന തകർച്ചയിൽനിന്ന് കരകയറുന്നതിനായി രാഹുൽ ഗാന്ധിയോടൊപ്പം സഹോദരി പ്രിയങ്ക കൂടി നേതൃത്വത്തിലേക്ക് വരേണ്ടതാണെന്നാണ് മാസ്റ്ററുടെ വിദഗ്ദ്ധാഭിപ്രായം!

തൊഴിലാളി നേതാവായിരിക്കേ ഗ്രന്ഥകാരൻ അക്രമാസക്തമായ തൊഴിൽ സമരങ്ങൾ നയിച്ചതിന്റെ സ്മരണകൾ ഇതിൽ കാണുന്നു. വയനാട്ടിലെ കെ.പി.ആർ.എം എസ്റ്റേറ്റിൽ തൊഴിലാളികളെ മർദ്ദിച്ചു യൂണിയനിൽ ചേർക്കുന്നതും, പിന്നീട് അവരുടെ ആവശ്യങ്ങൾ മുതലാളിയെ ഭീഷണിപ്പെടുത്തി അംഗീകരിപ്പിക്കുന്നതും തെല്ല് അഭിമാനത്തോടെയാണ് ഇദ്ദേഹം വിവരിക്കുന്നത്. അടിയന്തിരാവസ്ഥക്കാലമായതുകൊണ്ട് കോഴിക്കോട്ടെ പോലീസ് മേധാവിയായിരുന്ന ലക്ഷ്മണയുടെ സഹായവും ഇതിനുണ്ടായിരുന്നു.

രാഷ്ട്രീയത്തിലെ തിക്തമായ കിടമത്സരങ്ങളുടേയും ചരടുവലികളുടേയും ഇരയായ ലേഖകൻ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു. അഴിമതിക്കേസുകളിലും ആരൊക്കെ എന്തൊക്കെ ചെയ്തു എന്നും അദ്ദേഹത്തിന് വ്യക്തമായ ബോദ്ധ്യമുണ്ട്. പക്ഷേ തെളിവാർന്ന വിധത്തിൽ ആരുടേയും പേരു വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകുന്നില്ല. മഞ്ഞപ്പത്രങ്ങളുടെ മാതൃകയിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വായനക്കാർ ഊഹിച്ചെടുക്കേണ്ട രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. "മേപ്പാടിയിൽ താമസിക്കുന്ന താടിക്കാരനായ യൂണിയൻ ഭാരവാഹി" എന്ന മട്ടിലാണ് വിവരണം. പാർട്ടിയിലെ ഉള്ളുകള്ളികൾ അറിയാവുന്നവർക്കുമാത്രമേ ഇത്തരമൊരു പുസ്തകം പ്രയോജനം ചെയ്യുന്നുള്ളൂ. കൃത്യമായ ഒരു ഘടന ഈ കൃതിക്കില്ല. നൂറിലധികം കുറിപ്പുകളുടെ ഒരു സമാഹാരം മാത്രമാണിത്. പക്ഷേ യു.ഡി.എഫ് കാലത്തെ അഴിമതിയെക്കുറിച്ച് അദ്ദേഹം കാണിച്ചുതരുന്ന ചിത്രം ഭീതിദമാണ്. മന്ത്രിമാരെ എങ്ങനെ അഴിമതി നടത്താമെന്നു പഠിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാരും, ഉദ്യോഗസ്ഥരെ എങ്ങനെ അഴിമതി നടത്താമെന്നു പഠിപ്പിക്കുന്ന മന്ത്രിമാരുമാണ് ഉണ്ടായിരുന്നത് (പേജ് 171). പാലാരിവട്ടത്തെ തകർച്ചയുടെ വക്കിലെത്തിയ മേൽപ്പാലം ഇതിന് ഉത്തമദൃഷ്ടാന്തമായി നമ്മുടെ മുന്നിലുമുണ്ട്.

പുസ്തകം ശുപാർശ ചെയ്യുന്നില്ല.


Book Review of 'Ningalenne Kamyoonistakki, Ningalenne Bi.Je.Piyaakki' by K K Ramachandran Master
ISBN: 9788130019673

Thursday, March 12, 2020

കഥയാക്കാനാവാതെ

പ്രമുഖ സാഹിത്യകാരനായ സുഭാഷ് ചന്ദ്രന്റെ അനുഭവക്കുറിപ്പുകളാണിത്തവണ. ജീവിതാനുഭവങ്ങൾ തന്നെയാണ് കഥകളായി എഴുത്തുകാരന്റെ തൂലികയിലൂടെ പുറത്തുവരുന്നതെന്ന് നമുക്കറിയാം. ഓരോ അനുഭവവും ചെത്തിമിനുക്കി, പൊടിപ്പും തൊങ്ങലുകളും ആവശ്യത്തിനു ചേർത്തുപിടിപ്പിച്ച് അവ രൂപാന്തരം പ്രാപിക്കുമ്പോഴേക്കും പുഴുവും ശലഭവും തമ്മിലുള്ള വ്യത്യാസം അകത്തേക്കുപോയതും പുറത്തുവരുന്നതും തമ്മിൽ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ കഥയാക്കാനാവാത്ത ഏതാനും ചില സംഭവങ്ങളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാല്പനികത ലേശവും തൊട്ടുതീണ്ടാത്തവയാണ് ഇവയെന്നുള്ള കഥാകൃത്തിന്റെ സാക്ഷ്യപത്രം വായനക്കാരന്റെ യാഥാർഥ്യബോധത്തെ ചിലപ്പോഴൊക്കെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ എന്നിവ സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടിപ്രസംഗങ്ങളും ഒരു അഭിമുഖവും ഈ കൃതിയുടെ ഭാഗമാണ്.
സുഭാഷ് ചന്ദ്രൻ തന്റെ കഥകളിലെങ്കിലും അരാജകത്വത്തിന്റെ ഉണർത്തുപാട്ടുകാരനായി മാറുന്നത് നാം പലതവണ കണ്ടതാണ്. പതിറ്റാണ്ടുകളായി നർത്തനം ചെയ്യുന്ന സ്വന്തം സാഹിത്യസപര്യയെ മാതൃതുല്യയായ വാഗ്ദേവതയുമായി നടത്തുന്ന അവിഹിതബന്ധമായി വ്യാഖ്യാനിക്കുന്നതുപോലുള്ള അറപ്പുളവാക്കുന്ന രൂപകങ്ങൾ പ്രേക്ഷകരുടെ വിശുദ്ധാശുദ്ധബോധത്തിന്റെ കടക്കലോളം നീളുന്ന കോടാലികളാണ്. എന്നാൽ അതിനോടൊപ്പംതന്നെ തന്റെ മകളെക്കുറിച്ചെഴുതിയ കഥയിൽ മനം നൊന്ത് രണ്ട് സ്വർണ്ണവളകൾ ഗ്രന്ഥകർത്താവിന് അയച്ചുകൊടുത്ത അജ്ഞാതയായ സ്ത്രീ എന്തായാലും ചുംബനസമരത്തിനനുകൂലമായി തെരുവിൽ അലയുന്ന പെണ്ണുങ്ങളിൽ ഒരുവളാവില്ല എന്നും അദ്ദേഹം തിരിച്ചറിയുന്നു. ഔചിത്യ-അനൗചിത്യങ്ങൾക്കിടയിൽ സുഭാഷ് ചന്ദ്രന്റെ സാഹിത്യമനസ്സ് ഒരു പെൻഡുലം പോലെ ഇളകിയാടുന്നു.

'മനുഷ്യന് ഒരു ആമുഖം' എന്ന ഇതിഹാസസമാനമായ നോവൽ മലയാളസാഹിത്യത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി ഓർമ്മിക്കപ്പെടും. തന്റെ കീർത്തിമുദ്രകളിൽ വിശ്രമിക്കാനുള്ള ഒരു പ്രവണത കൂടി ഗ്രന്ഥകാരനിൽ കാണുന്നുണ്ട്. കുറച്ചേ എഴുതുന്നുള്ളൂ എന്ന വസ്തുത അദ്ദേഹത്തെ അദ്ദേഹത്തെ ആകുലനാക്കുന്നില്ലെന്നു മാത്രമല്ല, അതിൽ സ്വകാര്യമായ തെല്ലൊരഹങ്കാരവും വെച്ചുപുലർത്തുന്നുവെന്നു തോന്നുന്നു. ഒരു നോവലിലൂടെ പ്രശസ്തനായ ആൾ എന്ന വർത്തമാനയാഥാർഥ്യത്തിൽ മടുപ്പുതോന്നുകയും രണ്ടു നോവലുകളിലൂടെ പ്രശസ്തനായ ആൾ എന്ന വിശേഷണം നേടാൻ കൊതിക്കുകയും ചെയ്യുമ്പോഴേ അടുത്ത നോവലിനെക്കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ എന്ന പ്രസ്താവം ഇതിന്റെ സൂചനയല്ലേ? എല്ലാ അദ്ധ്യായങ്ങളിലും 'ആമുഖ'ത്തെക്കുറിച്ചുള്ള സ്മരണയോ വിവരണമോ കടന്നുവരികയും ചെയ്യുന്നു. ആ നോവലിന്റെ അപാരമായ തണലിൽ ഗ്രന്ഥകാരന്റെ സർഗാത്മകത സൂര്യപ്രകാശമേൽക്കാതെ നശിച്ചുപോയേക്കുമോ എന്നു ഭയപ്പെടാനുള്ള എല്ലാ ചേരുവകളും യോജിച്ചിട്ടുണ്ടെന്നു സാരം.

ആത്മവിശ്വാസം വഴിഞ്ഞൊഴുകുന്ന ഒരു സാഹിത്യകാരനെ നിങ്ങൾക്കീ പുസ്തകത്തിൽ കാണാൻ കഴിയും. ജീവിച്ചുപോകാൻ എഴുത്തുമാത്രമല്ല, സ്വന്തമായൊരു ജോലിയുമുണ്ടെന്ന ധൈര്യം മാത്രമല്ല അത്. ഒരുപക്ഷേ തൊഴിലില്ലാതിരുന്ന കാലത്തായിരുന്നിരിക്കണം സുഭാഷ് ചന്ദ്രൻ നാടൻഭാഷയിൽ പറഞ്ഞാൽ ഏറ്റവും വലിയ 'തല്ലുകൊള്ളി'യായിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തിലെ അരാജകത്വം ഒരിക്കലും പ്രായോഗികതലത്തിലേക്ക് വലിച്ചുനീട്ടുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സർക്കാർ നിയന്ത്രണത്തിലുള്ള അക്കാദമിയായാലും രാഷ്ട്രീയനിയന്ത്രണത്തിലുള്ള വയലാർ സ്മാരക ട്രസ്‌റ്റായാലും നൽകുന്ന അവാർഡുകൾ നന്ദിപൂർവം സ്വീകരിക്കുമ്പോൾ അദ്ദേഹം വിനയാന്വിതനാവുകയും സ്ഥാപനവൽക്കരിക്കപ്പെട്ട ആശയങ്ങളെ മുറിവേൽപ്പിക്കാതെതന്നെ അവ ഏറ്റുവാങ്ങുകയും ചെയ്യുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Kathayaakkaanaavaathe' by Subhash Chandran
ISBN: 9788182666900