പ്രമുഖ സാഹിത്യകാരനായ സുഭാഷ് ചന്ദ്രന്റെ അനുഭവക്കുറിപ്പുകളാണിത്തവണ. ജീവിതാനുഭവങ്ങൾ തന്നെയാണ് കഥകളായി എഴുത്തുകാരന്റെ തൂലികയിലൂടെ പുറത്തുവരുന്നതെന്ന് നമുക്കറിയാം. ഓരോ അനുഭവവും ചെത്തിമിനുക്കി, പൊടിപ്പും തൊങ്ങലുകളും ആവശ്യത്തിനു ചേർത്തുപിടിപ്പിച്ച് അവ രൂപാന്തരം പ്രാപിക്കുമ്പോഴേക്കും പുഴുവും ശലഭവും തമ്മിലുള്ള വ്യത്യാസം അകത്തേക്കുപോയതും പുറത്തുവരുന്നതും തമ്മിൽ ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ കഥയാക്കാനാവാത്ത ഏതാനും ചില സംഭവങ്ങളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാല്പനികത ലേശവും തൊട്ടുതീണ്ടാത്തവയാണ് ഇവയെന്നുള്ള കഥാകൃത്തിന്റെ സാക്ഷ്യപത്രം വായനക്കാരന്റെ യാഥാർഥ്യബോധത്തെ ചിലപ്പോഴൊക്കെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ എന്നിവ സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടിപ്രസംഗങ്ങളും ഒരു അഭിമുഖവും ഈ കൃതിയുടെ ഭാഗമാണ്.
സുഭാഷ് ചന്ദ്രൻ തന്റെ കഥകളിലെങ്കിലും അരാജകത്വത്തിന്റെ ഉണർത്തുപാട്ടുകാരനായി മാറുന്നത് നാം പലതവണ കണ്ടതാണ്. പതിറ്റാണ്ടുകളായി നർത്തനം ചെയ്യുന്ന സ്വന്തം സാഹിത്യസപര്യയെ മാതൃതുല്യയായ വാഗ്ദേവതയുമായി നടത്തുന്ന അവിഹിതബന്ധമായി വ്യാഖ്യാനിക്കുന്നതുപോലുള്ള അറപ്പുളവാക്കുന്ന രൂപകങ്ങൾ പ്രേക്ഷകരുടെ വിശുദ്ധാശുദ്ധബോധത്തിന്റെ കടക്കലോളം നീളുന്ന കോടാലികളാണ്. എന്നാൽ അതിനോടൊപ്പംതന്നെ തന്റെ മകളെക്കുറിച്ചെഴുതിയ കഥയിൽ മനം നൊന്ത് രണ്ട് സ്വർണ്ണവളകൾ ഗ്രന്ഥകർത്താവിന് അയച്ചുകൊടുത്ത അജ്ഞാതയായ സ്ത്രീ എന്തായാലും ചുംബനസമരത്തിനനുകൂലമായി തെരുവിൽ അലയുന്ന പെണ്ണുങ്ങളിൽ ഒരുവളാവില്ല എന്നും അദ്ദേഹം തിരിച്ചറിയുന്നു. ഔചിത്യ-അനൗചിത്യങ്ങൾക്കിടയിൽ സുഭാഷ് ചന്ദ്രന്റെ സാഹിത്യമനസ്സ് ഒരു പെൻഡുലം പോലെ ഇളകിയാടുന്നു.
'മനുഷ്യന് ഒരു ആമുഖം' എന്ന ഇതിഹാസസമാനമായ നോവൽ മലയാളസാഹിത്യത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി ഓർമ്മിക്കപ്പെടും. തന്റെ കീർത്തിമുദ്രകളിൽ വിശ്രമിക്കാനുള്ള ഒരു പ്രവണത കൂടി ഗ്രന്ഥകാരനിൽ കാണുന്നുണ്ട്. കുറച്ചേ എഴുതുന്നുള്ളൂ എന്ന വസ്തുത അദ്ദേഹത്തെ അദ്ദേഹത്തെ ആകുലനാക്കുന്നില്ലെന്നു മാത്രമല്ല, അതിൽ സ്വകാര്യമായ തെല്ലൊരഹങ്കാരവും വെച്ചുപുലർത്തുന്നുവെന്നു തോന്നുന്നു. ഒരു നോവലിലൂടെ പ്രശസ്തനായ ആൾ എന്ന വർത്തമാനയാഥാർഥ്യത്തിൽ മടുപ്പുതോന്നുകയും രണ്ടു നോവലുകളിലൂടെ പ്രശസ്തനായ ആൾ എന്ന വിശേഷണം നേടാൻ കൊതിക്കുകയും ചെയ്യുമ്പോഴേ അടുത്ത നോവലിനെക്കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ എന്ന പ്രസ്താവം ഇതിന്റെ സൂചനയല്ലേ? എല്ലാ അദ്ധ്യായങ്ങളിലും 'ആമുഖ'ത്തെക്കുറിച്ചുള്ള സ്മരണയോ വിവരണമോ കടന്നുവരികയും ചെയ്യുന്നു. ആ നോവലിന്റെ അപാരമായ തണലിൽ ഗ്രന്ഥകാരന്റെ സർഗാത്മകത സൂര്യപ്രകാശമേൽക്കാതെ നശിച്ചുപോയേക്കുമോ എന്നു ഭയപ്പെടാനുള്ള എല്ലാ ചേരുവകളും യോജിച്ചിട്ടുണ്ടെന്നു സാരം.
ആത്മവിശ്വാസം വഴിഞ്ഞൊഴുകുന്ന ഒരു സാഹിത്യകാരനെ നിങ്ങൾക്കീ പുസ്തകത്തിൽ കാണാൻ കഴിയും. ജീവിച്ചുപോകാൻ എഴുത്തുമാത്രമല്ല, സ്വന്തമായൊരു ജോലിയുമുണ്ടെന്ന ധൈര്യം മാത്രമല്ല അത്. ഒരുപക്ഷേ തൊഴിലില്ലാതിരുന്ന കാലത്തായിരുന്നിരിക്കണം സുഭാഷ് ചന്ദ്രൻ നാടൻഭാഷയിൽ പറഞ്ഞാൽ ഏറ്റവും വലിയ 'തല്ലുകൊള്ളി'യായിരുന്നത്. അദ്ദേഹത്തിന്റെ എഴുത്തിലെ അരാജകത്വം ഒരിക്കലും പ്രായോഗികതലത്തിലേക്ക് വലിച്ചുനീട്ടുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സർക്കാർ നിയന്ത്രണത്തിലുള്ള അക്കാദമിയായാലും രാഷ്ട്രീയനിയന്ത്രണത്തിലുള്ള വയലാർ സ്മാരക ട്രസ്‌റ്റായാലും നൽകുന്ന അവാർഡുകൾ നന്ദിപൂർവം സ്വീകരിക്കുമ്പോൾ അദ്ദേഹം വിനയാന്വിതനാവുകയും സ്ഥാപനവൽക്കരിക്കപ്പെട്ട ആശയങ്ങളെ മുറിവേൽപ്പിക്കാതെതന്നെ അവ ഏറ്റുവാങ്ങുകയും ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Kathayaakkaanaavaathe' by Subhash Chandran
ISBN: 9788182666900

No comments:
Post a Comment