1970-കളോടെ ഒരു വികസ്വരസമൂഹമായ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നേടിയ അഭൂതപൂർവമായ പുരോഗതി ഒരു 'കേരള മാതൃക'യെക്കുറിച്ചുള്ള ചർച്ചകൾക്ക് അന്താരാഷ്ട്രതലത്തിൽത്തന്നെ തുടക്കമിട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സാമൂഹികമായ നവോത്ഥാനം സംസ്ഥാനത്ത് വിജയകരമായി അരങ്ങേറിയതിന്റെ തുടർച്ചയെന്നോണം വന്ന 'കേരള മോഡൽ' അതിന്റെ ഭാവിവികാസത്തെക്കുറിച്ചും ഒട്ടേറെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും റവന്യൂ വരുമാനത്തിലെ കുറവുമൂലം അവ ഉദ്ദേശിച്ച തോതിൽ ഫലവത്തായില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ പല സൂചികകളിലും ഒന്നാം സ്ഥാനത്തായ കേരളം സാമ്പത്തികരംഗത്ത് പിടിച്ചുനിൽക്കുന്നതിനാധാരം ഗൾഫിൽ നിന്നൊഴുകിയെത്തുന്ന വൻ സമ്പത്താണ്. കേരളത്തിലെ രാഷ്ട്രീയവും പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് തികച്ചും വിഭിന്നമായ രീതിയാണ് പിന്തുടരുന്നത്. ഈയവസ്ഥയിൽ ആധുനിക കേരളത്തെക്കുറിച്ചുള്ള ഒരു സമഗ്രധാരണ ലഭിക്കുന്നതിനായി പ്രശസ്ത ദാർശനികനായ ശ്രീ. കെ. വേണുവിന്റെ ഈ പുസ്തകം ഉപകരിക്കും.
കേരളം എവിടെയാണ് നേടിയതെന്നും എവിടെയാണ് നഷ്ടപ്പെടുത്തിയതെന്നുമുള്ള വ്യക്തമായ ഒരു വിശകലനം ഈ കൃതിയിൽ കാണാം. അക്രമത്തിലൂന്നിയ തീവ്രരാഷ്ട്രീയത്തിന്റെ സ്തുതിപാഠകനായിരുന്ന ലേഖകൻ അതുപേക്ഷിച്ച് മൃദു ഇടതുചായ്‌വോടെയാണ് ഈ ലേഖനസമാഹാരത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി കാണുന്നത്. സാമൂഹ്യരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും കൊളുത്തിവിട്ട പരിഷ്കരണം എല്ലാ ജാതിസമൂഹങ്ങളിലും നവോത്ഥാനത്തിന്റെ വെളിച്ചം പരത്തി. ഇത്തരത്തിൽ ബൗദ്ധികമായി ഉഴുതുമറിക്കപ്പെട്ട ഒരു ഭൂമിയിലാണ് സ്ഥിതിസമത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും വ്യവസ്ഥാപനം ലക്ഷ്യമിട്ടുകൊണ്ടുള്ള പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ മാറ്റത്തിന്റെ വിത്തുവിതച്ചത്. ആത്മബോധമുള്ള, രാഷ്ട്രീയ ഉണർവ്വ് നേടിയ ജനത ഭരണാധികാരികളെക്കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ നിർബന്ധിതരാക്കി. കേരള മോഡലിന്റെ പശ്ചാത്തലം ഇതാണ്. ഇത് ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. എന്നാൽ പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയിലും തൊഴിലാളിപ്രസ്ഥാനങ്ങൾ വളർന്നതോടെ കൂലിക്കൂടുതൽ അവർ ആവശ്യപ്പെടുകയും ന്യായമായവ നേടുകയും ചെയ്തു. പക്ഷേ ഉത്പാദനക്ഷമത ഉയർത്തിയെങ്കിൽ മാത്രമേ ഈ കൂടിയ കൂലി കൊടുത്തുകൊണ്ട് വ്യവസായത്തിനും കൃഷിക്കും നിലനിൽക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിന് യന്ത്രവൽക്കരണം അനിവാര്യമായിരുന്നു. താൽകാലിക തൊഴിൽനഷ്ടത്തിന്റെ പേരുപറഞ്ഞ് അതിന് ഇടംകോലിട്ടതോടെ ഈ മേഖലകളെല്ലാം തകർന്നടിഞ്ഞു. ഇത് റവന്യൂ വരുമാനത്തിന്റെ കുറവിലേക്കും ആരോഗ്യ-വിദ്യാഭ്യാസരംഗങ്ങളിലെ മുരടിപ്പിലേക്കും തുടർന്ന് എൺപതുകളുടെ അന്ത്യത്തോടെ ഈ രംഗത്തെ സ്വാശ്രയസ്ഥാപനങ്ങളുടെ വളർച്ചയിലേക്കും നയിച്ചു. ഈ വിഷമവൃത്തത്തിൽനിന്ന് കേരള സാമ്പത്തികവ്യവസ്ഥയെ താൽകാലികമായി കരകയറ്റിയത് മദ്ധ്യ-പൂർവദേശത്തുനിന്നുവന്ന വരുമാനമാണ്. വേണുവിന്റെ വിശകലനത്തിന്റെ ഈ രത്നച്ചുരുക്കം നിരവധി അദ്ധ്യായങ്ങളിലൂടെ വായനക്കാരുടെ മുന്നിലെത്തുന്നു.
ആധുനികവൽക്കരണത്തിന്റെ കാര്യത്തിൽ ചടുലമായ സമീപനം സ്വീകരിക്കുന്ന ഗ്രന്ഥകാരൻ മറ്റുപല കാര്യങ്ങളിലും പഴയ ഇടതുപക്ഷ വരട്ടുവാദം തന്നെ ഇപ്പോഴും പിന്തുടരുന്നതായി കാണാം. ആധുനികവൽക്കരണത്തെ പിന്തുണക്കുന്നതുതന്നെ അത് കൂടുതൽ ഉൽപാദനവും വരുമാനവും സൃഷ്ടിക്കുമെന്നതുകൊണ്ടല്ല, മറിച്ച് ഉൽപാദനശക്തികളുടെ വികാസമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന് മാർക്സ് അഭിപ്രായപ്പെട്ടിരിക്കുന്നതുകൊണ്ടു മാത്രമാണ്. ഈ വാദം ഏറ്റവും പരിഹാസ്യമായവിധത്തിൽ പുറത്തുവരുന്നത് ലിനക്സ് എന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കേരളം സ്വീകരിക്കണം എന്നതിലാണ്. ലിനക്സ് തീർത്തും സൗജന്യമാണെന്നതും അതിന്റെ സോഴ്സ് കോഡ് പരസ്യമാണെന്നതും ലേഖകനെ വലിയതോതിൽ ആകർഷിക്കുന്നില്ല. ഒരു മാർക്സിയൻ സിദ്ധാന്തത്തിന്റെ പ്രാവർത്തികമാക്കലാണ് അദ്ദേഹം ഇതിലും കാണുന്നത്. ഉൽപാദനശക്തികളുടെ സാമൂഹ്യവൽക്കരണം മാർക്സ് ശക്തമായി ആഗ്രഹിച്ചുവെങ്കിലും അത് നടപ്പാക്കുക വളരെ ദുഷ്കരമായിരുന്നു. തൊഴിലാളിവർഗ്ഗം ബലപ്രയോഗത്തിലൂടെ സർവാധിപത്യം നേടിക്കഴിഞ്ഞിട്ടേ അതുണ്ടാവൂ എന്നാണ് മാർക്സ് ധരിച്ചിരുന്നത്. എന്നാൽ ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ എല്ലാവർക്കും സ്വീകാര്യമായ സാമൂഹ്യവൽക്കരണം അനായാസം, രക്തരഹിതമായി സാധ്യമാക്കുന്നു. സമസ്തമേഖലകളിലും മാർക്സിയൻ ചിന്ത തിരുകിക്കയറ്റുന്ന ചിന്തകരാണ് കേരളത്തിന്റെ വളർച്ചയെ പിറകോട്ടടിക്കുന്നതെന്ന് നമുക്കിവിടെ തിരിച്ചറിയാൻ കഴിയും.
ഈ സമാഹാരത്തിലെ 32 ലേഖനങ്ങൾ 1998 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ്. ആദ്യലേഖനങ്ങളുടെ സമകാലികപ്രസക്തിയും സംശയാസ്പദമാണ്. എന്നാൽ 'കേരളത്തിന്റെ സാമ്പത്തികവികസനം' എന്ന ആദ്യ അദ്ധ്യായം ലേഖകന്റേയും പ്രസിദ്ധ ചിന്തകനായ ആർ.വി.ജി. മേനോന്റേയും സൂക്ഷ്മ നിരീക്ഷണങ്ങളാൽ അമൂല്യമാകുന്നു. ഈ ലേഖനത്തിലെ ആശയങ്ങളാണ് ചില്ലറ മാറ്റങ്ങളോടെ മറ്റുപല അദ്ധ്യായങ്ങളിലും ആവർത്തിക്കപ്പെടുന്നത്. ഏതാണ്ട് മുക്കാൽ ഭാഗത്തോളം ലേഖനങ്ങളും ഒരു പതിറ്റാണ്ടിനുമുമ്പ് എഴുതിയതാണ് എന്നതാണ് ഈ പുസ്തകത്തിന്റെ മുഖ്യമായ ന്യൂനത.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Keralam: Sambathikam, Samoohikam, Rashtreeyam' by K Venu
Olive Publications
ISBN: 9789389325829