Thursday, September 3, 2020

പൊറ്റെക്കാട്ട്: വ്യക്തിയും സാഹിത്യകാരനും

യാത്രാവിവരണം ഒരു സാഹിത്യശാഖയായെണ്ണുമ്പോൾ ആ വിഭാഗത്തിൽ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച കൃതികളുടെ കർത്താവായ എസ്. കെ. പൊറ്റെക്കാട് കഥ, കവിത, നോവൽ എന്നിവയിലും പുതിയ പാതകൾ വെട്ടിത്തുറന്ന ഒരു മാർഗ്ഗദർശിയാണ്. രാജ്യം അതിന്റെ പരമോന്നതസാഹിത്യബഹുമതിയായ ജ്ഞാനപീഠം അദ്ദേഹത്തിനു സമ്മാനിച്ചത് 'ഒരു ദേശത്തിന്റെ കഥ' എന്ന നോവലിനായിരുന്നുവല്ലോ. മലയാളസാഹിത്യം ആധുനികഘട്ടത്തിലേക്കുകടക്കുന്ന ഒരു പ്രധാന ദശാസന്ധിയിൽ പൊറ്റെക്കാടിന്റെ സാഹിത്യരചന നിരവധിയാളുകൾക്ക് മാർഗദർശകദീപമായി. കാലാപാനി കടക്കുന്നവർ മതഭൃഷ്ടരാകുമെന്ന ഭീഷണി നിലനിന്നിരുന്ന ഭാരതത്തിൽ പേരിനുപോലും ലോകസഞ്ചാരികളോ സഞ്ചാരസാഹിത്യമോ ഇല്ലാതെ പോയി. സന്ദേശകാവ്യങ്ങൾ ഒരു പരിധി വരെ ഈ വരൾച്ചയ്ക്ക് പരിഹാരമായെങ്കിലും ഭാരതത്തിന്റെ അതിരുകൾ ഭേദിച്ചുകൊണ്ട് സർഗപ്രതിഭയെ സ്വച്ഛന്ദമായി പറപ്പിക്കുവാൻ അവയും മടിച്ചുനിന്നു. എങ്കിലും ആധുനിക കാലഘട്ടത്തിൽ എസ്.കെ യെപ്പോലെ നിരവധി പ്രതിഭാധനർ ആ കുറവ് നികത്തി.

 

സ്മരണകൾ, അവലോകനങ്ങൾ എന്നീ രണ്ടു പ്രധാനഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഓ.എൻ.വി ഉൾപ്പെടെയുള്ള നാലു സാഹിത്യകാരന്മാർ നടത്തുന്ന പൊറ്റെക്കാടിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുസ്മരണവും സുകുമാർ അഴീക്കോട് ഉൾപ്പെടുന്ന ഒൻപതു നിരൂപകർ പൊറ്റെക്കാട് കൃതികളെ സസൂക്ഷ്മം അവലോകനം ചെയ്യുന്നതുമാണ് കാണുന്നത്. കൂടാതെ എസ്.കെയുമായി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ചെയ്യുന്ന ഒരു സംവാദവും എസ്.കെയുടെ ജീവിതയാത്രയെക്കുറിച്ച് ഡോ. പി. വി. ജോർജ് എഴുതുന്ന ഒരു ലഘുനിരീക്ഷണവും ഇതിലുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം (1982) അധികം താമസിയാതെ പ്രസിദ്ധപ്പെടുത്തപ്പെട്ട ഒരു സമാഹാരമാണിത്. 


അനുസ്മരണങ്ങൾ പൊതുവെ സ്മരണീയവ്യക്തിയെ വാനോളം പുകഴ്ത്തുന്നതായിട്ടാണ് കാണപ്പെടുന്നത്. എങ്കിലും 'അപൂർണതയിൽനിന്ന് പൂർണത, അവശിഷ്ടങ്ങളിൽനിന്ന് പൂർണരൂപം, വൈരൂപ്യത്തിൽനിന്ന് സൗന്ദര്യം, ഇവ സൃഷ്ടിച്ചെടുക്കലാണ് തന്റെ രചനയുടെ ലക്‌ഷ്യം' എന്നു വിശ്വസിച്ച കഥാകൃത്താണ് എസ്.കെ എന്ന വത്സലയുടെ അഭിപ്രായം യാഥാർഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതായി. എസ്.കെ പ്രതിഭയുടെ ഏറ്റവും പുഷ്കലമായ കാലം നാല്പതുകളായിരുന്നു. അറുപതുകളിലും എഴുപതുകളിലും അദ്ദേഹത്തിന്റെ കഥാരചനാസാമർഥ്യത്തിന് ക്ഷീണം സംഭവിച്ചതായാണ് നിരൂപകർ വിലയിരുത്തുന്നത്. ഡോ. എം. എം. ബഷീർ അവതരിപ്പിക്കുന്ന ചെറുകഥകളുടെ വിമർശനം കഴമ്പുള്ള ഒട്ടനവധി ദൃശ്യങ്ങൾ കാഴ്ച വെക്കുന്നു. ജോർജ് ഇരുമ്പയമാണ് പുസ്തകത്തിന്റെ എഡിറ്റർ.


എസ്. കെ. പൊറ്റെക്കാട് സാഹിത്യത്തിലെ അരാജകവാസനകളെ നഖശിഖാന്തം എതിർത്തുപോന്നു. ആധുനികസാഹിത്യത്തിനെ അദ്ദേഹം എതിർത്തുവെങ്കിലും ആധുനികതക്കുവേണ്ടി തന്റെ സർഗ്ഗചേതനയുടെ വാതായനങ്ങൾ എപ്പോഴും തുറന്നുവെച്ചു. മനുഷ്യനിലെ മൃഗീയവാസനകളേയും അധമവികാരങ്ങളേയും ഉണർത്താനുദ്ദേശിച്ചുള്ളതാണ് ആധുനികസാഹിത്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതുപോലെതന്നെ നിശിതമായി എസ്.കെ കൃതികളെ വിലയിരുത്തുന്ന ലേഖനങ്ങളും ഈ പുസ്തകത്തിൽ കാണാം. 'ഒരു തെരുവിന്റെ കഥ' ശിഥിലചിത്രങ്ങളുടെ വ്യർത്ഥസമാഹാരമാണെങ്കിലും 'ദേശത്തിന്റെ കഥ' ദർശനദീപ്തമായ നോവലാണെന്നു സ്ഥാപിക്കപ്പെടുന്നു. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നുള്ള എസ്.കെയുടെ യാത്രകളിലും നമ്മുടെ നിത്യഹരിതഭൂമിയായ ഈ കൊച്ചുകേരളം പോലെ അദ്ദേഹത്തിന്റെ ഹൃദയം കവർന്ന ഒരു രാജ്യവും ഈ ലോകത്തില്ല എന്ന് അഭിപ്രായപ്പെടുന്നു.


മറ്റു സാഹിത്യകാരന്മാരെപ്പോലെ അക്ഷരങ്ങളുടെ നാലതിരുകൾക്കുള്ളിൽ എസ്.കെയുടെ കർമ്മശേഷി തളർന്നുനിന്നില്ല. രാഷ്ട്രീയത്തിലും തന്റെ മായാത്ത പാദമുദ്രകൾ അദ്ദേഹം പതിപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകപോലും ചെയ്തു. പ്രതിഭാധനരെ രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായേ കാണാനാകൂ എന്ന പ്രമാണത്തിന് തീർത്തും അപവാദമായി ഈ സാഹിത്യകാരന്റെ രാഷ്ട്രീയജീവിതം. എങ്കിലും സാഹിത്യത്തിൽ രാഷ്ട്രീയം കലരുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിർക്കുന്നത് ചൊവ്വല്ലൂരുമായുള്ള സംവാദത്തിൽ വ്യക്തമാകുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനവുമായുള്ള ആദ്യകാലങ്ങളിലെ ബന്ധം ആ പ്രസ്ഥാനം രാഷ്ട്രീയപ്രേരണയാൽ വഴിപിഴച്ചുപോകുന്നത് മനസ്സിലാക്കിയതോടെ അദ്ദേഹം അവസാനിപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൊല്പടിയിൽ നിന്നുകൊണ്ടുമാത്രം നടത്തുന്ന സാഹിത്യരചനയേ യഥാർത്ഥ സാഹിത്യമാകൂ എന്ന ദയനീയസ്ഥിതിവിശേഷം വന്നുചേർന്നതോടെ എസ്.കെ ആ പ്രസ്ഥാനവുമായി തീർത്തും അകന്നു. ഇതിന് കമ്യൂണിസ്റ്റുകൾ അദ്ദേഹത്തോട് പ്രതികാരം വീട്ടിയ കഥയും വിവരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ സാഹിത്യകാരന്മാരെപ്പറ്റി ഇ.എം.എസ് പ്രസിദ്ധപ്പെടുത്തിയ ലേഖനപരമ്പരയിൽ 'പ്രസിദ്ധകഥാകൃത്തായ പൊറ്റെക്കാടിനെപ്പറ്റി' പറഞ്ഞിരുന്നു. എന്നാൽ അത് എസ്.കെയെക്കുറിച്ചായിരുന്നില്ല, മറിച്ച് ഒരു പാർട്ടിയംഗവും കഥാകൃത്തുമായ ഡി. എം. പൊറ്റെക്കാടിനെക്കുറിച്ചായിരുന്നു.


പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Pottekkatt: Vyakthiyum Saahithyakaranum'

Editor: George Irumbayam

Publisher: DC Books, May 1984

 

No comments:

Post a Comment