ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരിക്കലും നടപ്പാകുകയില്ല എന്നു കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതവും എന്നാൽ പ്രായേണ അനായാസേനയെന്ന മട്ടിലും നടപ്പായിക്കഴിഞ്ഞിരിക്കുകയാണ്. മുത്തലാഖ് നിരോധനവും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. ഈ പട്ടികയിൽ ബാക്കിനിൽക്കുന്ന ഒന്ന് ഏകീകൃത സിവിൽ നിയമമാണ്. ക്രിമിനൽ നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണെങ്കിലും സിവിൽ നിയമത്തിൽ ഓരോരുത്തരുടേയും മതവിശ്വാസത്തിനു യോജിച്ച വിധത്തിൽ പ്രത്യേകം പ്രത്യേകം വ്യക്തിനിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. എല്ലാ മതങ്ങളുടെ വ്യക്തിനിയമങ്ങളും ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിത്വമോ ലിംഗവിവേചനമോ നിറഞ്ഞതായിരുന്നുവെങ്കിലും ഹിന്ദു, ക്രിസ്ത്യൻ വ്യക്തിനിയമങ്ങൾ പരിഷ്കരണത്തിലൂടെ ഏതാണ്ട് ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ ബഹുഭാര്യാത്വം, വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നിഷേധിക്കൽ, പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ഇല്ലാതിരിക്കൽ, ഏകപക്ഷീയമായ രീതിയിലുള്ള വിവാഹമോചനക്രമം എന്നിവയിലൂടെ മുസ്ലിം വ്യക്തിനിയമം പ്രാകൃതമായ ചില സ്വഭാവവിശേഷങ്ങൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇത്തരം കാലഹരണപ്പെട്ട തത്വങ്ങളെ തുടച്ചുനീക്കുന്നതിലൂടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ബാധകമായ ഒരു വ്യക്തിനിയമം നടപ്പിലാക്കേണ്ട സമയം ആഗതമായിരിക്കുന്നു. അത്തരമൊരു നിയമം ഭരണഘടനയുടെ മാർഗനിർദേശകതത്വങ്ങൾ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും (അനുച്ഛേദം 44) മാറിമാറി വന്ന സർക്കാരുകൾ ഈ വിഷയത്തിൽ ഒട്ടും താല്പര്യമെടുത്തില്ല. ഒരു അഭിഭാഷകൻ കൂടിയായ ഗ്രന്ഥകാരൻ ഇ. പി. ഹംസക്കുട്ടി അത്തരമൊരു നിയമത്തിന്റെ സാധ്യതകളും മുസ്ലീങ്ങളുടെ മതപരമായ ശാസനകൾ എങ്ങനെ അതിൽ വിളക്കിച്ചേർക്കാമെന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ ശാസനങ്ങൾ അടങ്ങിയിരിക്കുന്നത് ഖുർആനിലും നബിചര്യ ഉൾക്കൊള്ളുന്ന ഹദീസുകളിലുമാണ്. എന്നാൽ ഹിജ്റ 143-ൽ (അതായത് പ്രവാചകന്റെ നിര്യാണത്തിനും ഒരു നൂറ്റാണ്ടിനുശേഷം) മാത്രമാണ് ഇവ രണ്ടിനും അനുസൃതമായ രീതിയിൽ ഒരു ഇസ്ലാമിക നീതിശാസ്ത്രം നിലവിൽ വന്നത്. ഈ പ്രക്രിയയുടെ ഒരു ലഘുവിവരണം ഇതിൽ കാണാം. എന്നാൽ ഹദീസുകളിൽ പലതും ആധികാരികമല്ല. ഖുർആന്റെ അന്തസ്സത്തയ്ക്കു വിരുദ്ധമായ അവ നീക്കം ചെയ്യപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ വിശുദ്ധമായ ഒരു സ്ഥാനം വ്യക്തിനിയമങ്ങൾക്ക് നൽകേണ്ടതില്ല എന്ന വസ്തുത ഗ്രന്ഥകാരൻ അടിവരയിട്ടു സ്ഥാപിച്ചെടുക്കുന്നു.
എന്തുകൊണ്ടാണിങ്ങനെ എന്നു വ്യക്തമാക്കുന്ന ഭാഗങ്ങളാണ് പിന്നീടുള്ളത്. വിശ്വാസി എന്ന നിലയിൽ ഒരു മുസ്ലീമിന് ബാധകമാകുന്ന നിയമങ്ങൾക്ക് ഖുർആൻ മാത്രം അടിസ്ഥാനമാകേണ്ടതാണ്. എന്നാൽ അതിനുപകരം ഇജ്‌മ (മനസ്സാക്ഷിക്കൊത്ത അഭിപ്രായങ്ങൾ), ഖിയാസ് (സമാനവും സദൃശവുമായ വ്യാഖ്യാനങ്ങൾ) എന്നിവക്ക് മുൻതൂക്കം നൽകുന്ന രീതിയാണ് വ്യക്തിനിയമങ്ങളിൽ കാണുന്നത്. ഹിന്ദു മരുമക്കത്തായനിയമം 1976-ൽ പൂർണമായി നിർത്തൽ ചെയ്‌തെങ്കിലും മാപ്പിള മരുമക്കത്തായനിയമം ഇപ്പോഴും നിലനിൽക്കുന്നു. ഒരു മുസ്ലിം സ്വത്തിന് അവകാശിയാകുന്നത് സ്വന്തമായി നേടിയെടുക്കുമ്പോഴോ ആരുടെയെങ്കിലും മരണശേഷം അവകാശിയാകുമ്പോഴോ ആണ്. എന്നാൽ മരുമക്കത്തായനിയമം മൂലം ഒരു താവഴിയിൽ ജനിക്കുമ്പോൾത്തന്നെ ആ വ്യക്തിക്ക് സ്വത്തവകാശം ലഭിക്കുന്നു. ഇത് ഇസ്ളാമികസത്തക്ക് അനുയോജ്യമല്ല. മരുമക്കത്തായത്തിന്റെ ദൂഷ്യവശങ്ങളോ അത് കേരളസമൂഹത്തിലെ കുടുംബബന്ധങ്ങളിൽ വീഴ്‌ത്തിയ വിള്ളലുകളോ ഒന്നും ഹംസക്കുട്ടി വിശകലനം ചെയ്യുന്നില്ല. അത് ഖുർആന് വിരുദ്ധമായതിനാൽ അദ്ദേഹം യാന്ത്രികമായി എതിർക്കുന്നു. ഈ പുസ്തകത്തിലെ സകല വാദമുഖങ്ങളും ഇതുപോലെ കറകളഞ്ഞ മതാടിസ്ഥാനത്തിലുള്ളതാണ്.
മാറ്റാൻ പാടില്ല എന്ന് യാഥാസ്ഥിതിക മുസ്ലിം സമൂഹം നിർബന്ധം പിടിക്കുന്ന മുസ്ലിം വ്യക്തിനിയമം പ്രാബല്യത്തിൽ വന്നതിന്റെ വിശദവിവരങ്ങൾ ലേഖകൻ നൽകുന്നു. ഇന്ത്യൻ ശരിയത്ത് നിയമം എന്ന പേരിൽ 1937-ൽ മാത്രം നടപ്പിൽ വന്ന ഒരു വ്യവസ്ഥയാണിത്. 1943-ലാണ് മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) ഭേദഗതി എന്നിതിനെ പുനർനാമകരണം ചെയ്തത്. അതായത് ബ്രിട്ടീഷുകാർ നടപ്പാക്കിയ നൂറുകണക്കിന് നിയമങ്ങളിൽ ഒന്നു മാത്രമാണിത്. ഇതിൽ പല കുറ്റങ്ങളും കുറവുകളുമുണ്ടെന്നും വിവാഹമോചനത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ നേരെ വിവേചനം തന്നെയുണ്ടെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. ഇസ്ലാമിക തത്വങ്ങൾ പ്രകാരം ചില നിബന്ധനകൾക്കു വിധേയമായി മാത്രമേ വിവാഹമോചനം നടത്താൻ കഴിയൂ. എന്നാൽ വ്യക്തിനിയമം അനുസരിച്ച് ഭർത്താവിന്റെ ഇഷ്ടാനുസരണം ഇതുചെയ്യാം. മൂന്ന് ത്വലാഖുകൾ നൽകിയാലേ വിവാഹമോചനം സാധുവാകൂ. പക്ഷേ അവ ഒന്നിച്ചുനല്കാമോ എന്ന വിഷയത്തിൽ മതപണ്ഡിതർ ഭിന്നാഭിപ്രായക്കാരായതിനാൽ (പേജ് 59) ഹംസക്കുട്ടിക്കും അതിൽ വ്യക്തമായ അഭിപ്രായമില്ല. ശരിയത്ത് പ്രകാരം സ്വത്തിൽ സ്ത്രീക്ക് പുരുഷന്റെ ഓഹരിയുടെ പകുതി മാത്രമേ ലഭിക്കുകയുള്ളൂ. ഒരാൾ തന്റെ ഏക മകൾക്ക് മുഴുവൻ സ്വത്തും നൽകാൻ ഇസ്ലാം അനുവദിക്കുന്നില്ല! അത്തരം സാഹചര്യങ്ങളിൽ മൂന്നിലൊന്ന് സ്വത്ത് പിതാവിന്റെ സഹോദരനോ അയാളുടെ ആണ്മക്കൾക്കോ അവകാശപ്പെട്ടതാണ്. ഇതിന്റെയടിസ്ഥാനം സ്ത്രീക്ക് സ്വന്തമായി നിലനില്പില്ലെന്നും അവളുടെ രക്ഷിതാവ് ഒരു പുരുഷനായിരിക്കണമെന്നുമുള്ള ചിന്താഗതിയാണ്. അതിനാലാണ് സ്വത്തിലൊരു ഭാഗം നിർബന്ധമായും പുരുഷബന്ധുക്കൾക്ക് നല്കേണ്ടിവരുന്നത്. എന്നാൽ ഗ്രന്ഥകർത്താവ് ഇതിനെയെല്ലാം ന്യായീകരിക്കുന്നത് ദയനീയമായ ഒരു കാഴ്ചയാണ്. മരിച്ചുപോയ മകന്റെ സന്താനങ്ങൾക്ക് പിതാമഹന്റെ സ്വത്തിൽ അവകാശമില്ലെന്നതും ഒരാൾക്ക് തന്റെ മുഴുവൻ സ്വയാർജിത സ്വത്തുക്കളും മറ്റൊരാൾക്ക് എഴുതിവെക്കാൻ അവകാശമില്ലെന്നതും വിചിത്രമായ സംഗതികളാണെങ്കിലും മതപരമായ ശാസനങ്ങളിലൂടെ ഈ പുസ്തകം അവയേയും വെളുപ്പിച്ചെടുക്കുന്നു.
ഈ ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഹംസക്കുട്ടി ശ്രമിക്കുന്നുണ്ട്. ഇന്ത്യയിൽ നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഇസ്ളാമുമായോ ഖുർആനുമായോ നീതി പുലർത്താത്തതിനാൽ അതിനുപകരം കുറ്റമറ്റതും ക്രോഡീകരിച്ചതുമായ ഒരു വ്യക്തിനിയമം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ അത് ഖുർആനെ മാത്രം ആധാരമാക്കിയുള്ളതാവണം. എല്ലാ മതങ്ങൾക്കും പൊതുവായ വ്യക്തിനിയമം ഭരണഘടനാനുസൃതമായ മതസ്വാതന്ത്ര്യം നിഷേധിക്കുമെന്ന് അദ്ദേഹം കരുതുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏകീകൃത സിവിൽ നിയമത്തിനുപകരം പരിഷ്കരിച്ച മുസ്ലിം വ്യക്തിനിയമമാണ് വരേണ്ടത്. എന്തൊക്കെയാകാം പരിഷ്‌കാരങ്ങൾ എന്നും ചർച്ച ചെയ്യുന്നുവെങ്കിലും പല ഗുരുതരമായ വിഷയങ്ങളിലും ഈ ഗ്രന്ഥം അഴകൊഴമ്പൻ നയമാണ് സ്വീകരിക്കുന്നത്. ഒരു വിവാഹം മാത്രം പുരുഷന് അനുവദിച്ചാൽ മതിയെങ്കിലും നിർബന്ധിത സാഹചര്യത്തിൽ വിഷയം പഠിച്ച് രണ്ടാമത്തെ വിവാഹത്തിന് അനുമതി നൽകാവുന്നതാണ്. എന്താണാ നിർബന്ധിത സാഹചര്യമെന്നോ മറ്റു മതസ്ഥർക്ക് അത് ബാധകമാകുമോയെന്നോ വിശദീകരിക്കുന്നില്ല. വിവാഹമോചനത്തിന്റെ കാര്യത്തിൽ കാരണം പറയാതെയുള്ള മോചനം തടയേണ്ടതാണ്, കാരണം പറഞ്ഞാൽ കുഴപ്പവുമില്ല. ജീവനാംശത്തെക്കുറിച്ച് ലേഖകൻ ഒന്നും മിണ്ടുന്നില്ല. സ്വയാർജിതസ്വത്ത് ഇഷ്ടപ്പെട്ടവർക്ക് ദാനം ചെയ്യാൻ പുതിയ നിയമത്തിലും സമ്മതിക്കുന്നില്ല. അവകാശികൾക്ക് തുല്യമായേ വീതിക്കാനാവൂ. പെൺമക്കളുടെ കുറഞ്ഞ സ്വത്തവകാശം ഇദ്ദേഹം വീണ്ടും ശരിവെക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ നിലവിൽ വന്ന വ്യക്തിനിയമം പൊളിച്ചെഴുതി ഏഴാം നൂറ്റാണ്ടിലെ ചട്ടങ്ങളിലേക്ക് തിരിച്ചുപോകണമെന്നതാണ് ഗ്രന്ഥകാരന്റെ ലാക്ക്. പരിഷ്കൃത നാട്യങ്ങളൊക്കെ അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുന്നുവെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മതാന്ധത കൃത്യമായി തെളിഞ്ഞുകാണാം. വായനയും പഠനവും ഖുർആനല്ലാതെ മറ്റൊരു ഗ്രന്ഥവും മതവും കൽപ്പിക്കുന്നില്ല (പേജ് 34) എന്ന അഭിപ്രായം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഒരു ഹൈക്കോടതി ജഡ്ജിയാണ് ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് എന്ന വസ്തുത കേരളം എത്തിച്ചേർന്നിരിക്കുന്ന ഭീകരമായ അവസ്ഥയുടെ വ്യാപ്തി വെളിവാക്കുന്നു. ഖുർആനിലെ ഉദ്ധരണികൾ സാഹചര്യത്തിൽ നിന്നടർത്തിയെടുത്ത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുസ്തകത്തിൽ കാണാൻ സാധിക്കും.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
Book Review of 'Eka Civil Codum Muslim Vyakthiniyamavum - Chila Apriya Sathyangal' by Adv. E P Hamsakkutty
Publisher: BlueInk Books, 2020 (First)
ISBN: 9789390336111
Pages: 96