Friday, July 23, 2021

കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ

പ്രാചീന, മദ്ധ്യകാലഘട്ടങ്ങളിൽ കേരളം സന്ദർശിച്ച വിദേശസഞ്ചാരികളുടെ വിവരണങ്ങളിലൂടെ കേരളചരിത്രം പുനർനിർമ്മിച്ചെടുക്കുന്ന ശൈലിയുടെ അഗ്രേസരനാണ് വേലായുധൻ പണിക്കശ്ശേരി. ഈ വിഭാഗത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുമുണ്ട്. കേരളചരിത്രം രൂപപ്പെടുത്തിയ സംഭവപരമ്പരകളാണ് പതിനാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ വിവരിക്കുന്നത്. സംഘകാലത്തിനുശേഷമുള്ള ബ്രാഹ്മണാധിപത്യം മുതൽ ഐക്യകേരളത്തിന്റെ പിറവി വരെ കൈകാര്യം ചെയ്യുന്നു ഈ അദ്ധ്യായങ്ങൾ.
 
ഇതിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളെല്ലാം ഏറെ പ്രാധാന്യമുള്ളവ തന്നെയാണെങ്കിലും അവയിൽ പലതും ചരിത്രം ഗതിമാറ്റിയ ദിശാസന്ധികളാണോ എന്ന സംശയം ന്യായമായും വായനക്കാരിൽ ഉടലെടുക്കുന്നു. കേരളത്തിൽ ആധിപത്യം പുലർത്തിയിരുന്ന ചെറുമരെ ബ്രാഹ്മണർ ജാതിശ്രേണിയുടെ ഏറ്റവും താഴത്തെ തട്ടിലേക്ക് ചവുട്ടിത്താഴ്ത്തിയെന്ന അവകാശവാദം പലകുറി ആവർത്തിക്കുന്നു എന്നതിന്റെ പേരിൽ മാത്രം സത്യമാവുക വയ്യ. തെളിവുകളൊന്നും ഇതിൽ പ്രസ്താവിച്ചിട്ടുമില്ല. മദ്ധ്യമജാതികളുടെ കൈവശമായിരുന്ന ഭൂസ്വത്ത് ബ്രാഹ്മണർ കൈക്കലാക്കിയതെങ്ങനെ എന്ന ചോദ്യത്തിനും വിചിത്രമായ വാദങ്ങളാണ് മറുപടി. വെട്ടിത്തെളിച്ച കൃഷിഭൂമിയിൽനിന്നുള്ള വിളവിന്റെ അഞ്ചിലൊന്ന് നികുതിയായി നൽകേണ്ടിയിരുന്ന അവസരത്തിൽ ഈ ഭാരത്തിൽനിന്ന് ഒഴിവാകാൻ നികുതിബാദ്ധ്യത ഇല്ലാതിരുന്ന ദേവസ്വങ്ങൾക്കോ നമ്പൂതിരി ഇല്ലങ്ങൾക്കോ സ്വന്തം ഭൂമി എഴുതിക്കൊടുത്തതിനുശേഷം ഈ വിഭാഗങ്ങൾ അവരുടെ കുടിയാന്മാരായിത്തീർന്നു എന്നാണ് വാദം. അപ്പോൾ കുടിയാൻ ജന്മിക്കുകൊടുക്കേണ്ട വിഹിതം എന്തു ചെയ്തു എന്ന ചോദ്യം ഗ്രന്ഥകാരൻ ചോദിക്കുന്നില്ല. ഈ വാദം തീർത്തും പരിഹാസ്യമാണ്. ആധുനികകാലത്ത് ആദായനികുതി മൂന്നിലൊന്നു വരെയാകാമല്ലോ. ഈ ഭാരത്തിൽ നിന്നൊഴിവാകാൻ ആളുകൾ അവരുടെ വരുമാനം മുഴുവൻ നികുതിബാദ്ധ്യതയില്ലാത്ത ധർമ്മസ്ഥാപനങ്ങൾക്കു നൽകിയിട്ട് അവരുടെ ഔദാര്യവും പറ്റിയാണോ ജീവിക്കുന്നത്?
 
പത്തൊൻപതാം നൂറ്റാണ്ടിൽ തിരികൊളുത്തപ്പെട്ട സാമൂഹ്യനവോത്ഥാനം വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി അത്തരം ചർച്ചകളെല്ലാം ശ്രീനാരായണ ഗുരുവിലാണ് ആരംഭിക്കാറുള്ളത്. എന്നാൽ ഇവിടെ കാലഗണനാപ്രകാരം അദ്ദേഹത്തിനു മുന്നിലുള്ളവരേയും ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നു. വൈകുണ്ഠസ്വാമികളുടെ 'പാടികൾ' എന്ന ആരാധനാകേന്ദ്രങ്ങളിൽ വിവിധ ജാതിക്കാർ സൗഹാർദപൂർവം പങ്കുകൊണ്ടിരുന്നു. കേരളത്തിലെ ആദ്യത്തെ അവർണ്ണക്ഷേത്രം നാം കരുതുന്നതുപോലെ അരുവിപ്പുറത്ത് ഗുരുദേവൻ സ്ഥാപിച്ചതല്ലെന്നും ആ ബഹുമതി 1852-ൽ മംഗലത്ത് ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്ഥാപിച്ച ശിവക്ഷേത്രത്തിനാണെന്നും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ അവിടെ പ്രതിഷ്ഠ നിർവഹിച്ചത് ഒരു ബ്രാഹ്‌മണനായതുകൊണ്ട് 36 വർഷത്തിനുശേഷം അരുവിപ്പുറത്ത് നടത്തിയ ശിവലിംഗപ്രതിഷ്ഠ തന്നെയാണ് ഒരു അവർണ്ണൻ ആദ്യമായി നിർവഹിച്ച അത്തരത്തിലൊരു കൃത്യം. ആ സമയം പ്രതിഷേധിക്കാനെത്തിയവരോട് ഗുരു പറഞ്ഞത് 'ഈഴവശ്ശിവനെ'ന്നല്ലെന്നും 'നമ്മുടെ ശിവനെയാണെന്നും' ഇതിൽ വായിക്കാം.
 
കേരളത്തിൽ ഏതാണ്ട് 160 വർഷം മുൻപുവരെ നടമാടിയിരുന്ന അടിമവ്യവസ്ഥ അതിന്റെ വ്യാപ്തിയിലും രൂക്ഷതയിലും നമ്മെ ഞെട്ടിക്കുന്നതാണ്. മഴ ചതിച്ചാൽ പാണ്ടിദേശങ്ങളിൽനിന്ന് അടിമകളെ ധാരാളമായി വാങ്ങി ഇവിടെ എത്തിക്കുമായിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ ദിശ മാറി ഇവിടത്തുകാരെത്തന്നെ അടിമകളാക്കി ദൂരദേശങ്ങളിലേക്ക് അയച്ചുതുടങ്ങി. കൊച്ചിയിലെ പള്ളികൾ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അടിമകളെ കെട്ടിയിടാനുള്ള ഗോഡൗണുകളായി ഉപയോഗിച്ചിരുന്നുവത്രേ. ബത്തേവിയ, ശ്രീലങ്ക മുതലായ ഇടങ്ങളിലേക്ക് കയറ്റി അയക്കുവാനാണ് പള്ളികളിൽ അടിമകളെ സൂക്ഷിച്ചിരുന്നത് (പേജ് 88). അടിമവ്യവസ്ഥയുടെ അന്ത്യത്തിന് തുടക്കം കുറിച്ചത് 1792-ൽ മലബാറിലെ ബ്രിട്ടീഷ് കമ്മീഷണർ അടിമകളെ വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാക്കി കൽപ്പന പുറപ്പെടുവിച്ചതോടെയാണ്. 1843-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമവ്യാപാരം പൂർണ്ണമായി നിർത്തലാക്കി. 1854-ൽ കൊച്ചിയിലും തൊട്ടടുത്ത വർഷം തിരുവിതാംകൂറിലും നിരോധനം നടപ്പായി. എങ്കിലും ഗൂഢമായ രീതിയിൽ അടിമപ്പണിയുടെ അവശിഷ്ടങ്ങൾ ഈയടുത്തകാലം വരെ തുടർന്നിരുന്നുവെന്നത് നമ്മെ അതിശയിപ്പിക്കും. വയനാട്ടിലെ വള്ളൂർക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ജന്മിമാർ അടുത്ത ഒരു വർഷത്തേക്കുള്ള പണിക്കാരെ തെരഞ്ഞെടുത്തിരുന്നു. ഈ കാലയളവിൽ അവർക്ക് മറ്റു യജമാനന്മാരെ തെരഞ്ഞെടുക്കാൻ അവകാശമില്ലാതിരുന്നതിനാൽ ഇതിനെ അടിമജോലിയായിത്തന്നെ കണക്കാക്കാം. ഇതും 1975-ലെ അടിമപ്പണി നിർത്തലാക്കൽ നിയമം വഴി പൂർണ്ണമായും ഇല്ലാതാക്കി.
 
ഈ  പുസ്തകം അതിന്റെ ചുമതല നിർവഹിക്കുന്നില്ല എന്ന വസ്തുത പെട്ടെന്നുതന്നെ വായനക്കാർ തിരിച്ചറിയും. കുറെ ചരിത്രസംഭവങ്ങൾ നിരത്തിവെച്ചിരിക്കുന്നതല്ലാതെ അവ വിശകലനം ചെയ്യുകയോ ചരിത്രഗതിയെ എങ്ങനെ സ്വാധീനിച്ചു എന്നു പഠിക്കുകയോ ചെയ്തിട്ടില്ല. വാസ്കോ ഡാ ഗാമയുടെ ആഗമനം ഒരു പ്രമുഖസംഭവമായിപ്പോലും പരിഗണിച്ചിട്ടില്ല. നിർവികാരമായ ചരിത്രവിവരണം പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കെത്തുമ്പോഴേക്കും ചൂടുപിടിക്കുന്നു. ജാതീയമായ അവശതകൾ നീക്കം ചെയ്യുന്നതിനുള്ള സമരങ്ങൾ കേരളത്തിലെ നവോത്ഥാനത്തിന് നിർണ്ണായകസഹായം ചെയ്തിരുന്നുവെങ്കിലും അതുമാത്രമാണ് ചരിത്രം എന്ന മട്ടിലാണ് ഗ്രന്ഥകാരൻ നീങ്ങുന്നത്. ടിപ്പു സുൽത്താന്റെ ആക്രമണവും നിസ്സാര പരാമർശങ്ങളോടെ തീർത്തും അവഗണിച്ചിരിക്കുന്നു. എന്നാൽ 1891-ൽ മലയാളി മെമ്മോറിയൽ രാജാവിനു സമർപ്പിച്ച നിവേദനം അതിന്റെ പൂർണ്ണരൂപത്തിൽ, സ്ഥിതിവിവരക്കണക്കുകളടക്കം നല്കിയിരിക്കുകയും ചെയ്യുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.
 
Book Review of 'Keralacharithram Thiruthikkuricha Mahasambhavangal' by Velayudhan Panikkassery
DC Books, 2020 (First)
ISBN: 9789353902827
Pages: 144 

No comments:

Post a Comment