സമാനമായ ഉച്ചാരണവും എന്നാൽ വിഭിന്നമായ അർത്ഥവുമുള്ള നിരവധി വാക്കുകൾ വിവിധ ഭാഷകളിലുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലീഷിലും മലയാളത്തിലും 'പുട്ട്' എന്ന പദമുണ്ട്. ഗോത്രീയമായി ബന്ധമില്ലാത്ത ഭാഷകളിലെ സമാനശബ്ദങ്ങൾക്ക് ഒരേ അർത്ഥം നൽകി വ്യാഖ്യാനിച്ചാൽ ഗുരുതരമായ പിഴവുകളിൽ ചെന്നുപെടാൻ സാദ്ധ്യതയുണ്ടെന്നുള്ളതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ പുസ്തകം. 'ഈലം' എന്ന അതിപുരാതനമായ ഇറാനിയൻ നാഗരികതയെക്കുറിച്ചും അതിന് കേരളവുമായും, പ്രത്യേകിച്ച് ഈഴവ സമൂഹവുമായും ഉള്ള ബന്ധത്തെക്കുറിച്ചും സൂചിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം. 'ഈലം' എന്ന വാക്ക് വാമൊഴിയായി 'ഈഴം' എന്നും വായിക്കാനാകും എന്ന യാദൃശ്ചികതയാണ് അടിസ്ഥാനരഹിതമായ ഈ വാദത്തിന്റെ കാതൽ. കുറ്റിക്കാട്ട് പുരുഷോത്തമ ചോൻ എന്നൊരു ഗ്രന്ഥകാരൻ ഇത്തരത്തിലുള്ള ചില രചനകൾ നടത്തിയതായി കണ്ടിട്ടുണ്ട്. ഈഴവർ ഉസ്‌ബെക്കിസ്ഥാനിൽനിന്ന് വന്നവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പറഞ്ഞുനോക്കുമ്പോൾ ഉസ്‌ബെക് - ഉഴ്വെക് - ഇഴവക് - ഈഴവ എന്നു കിട്ടുമല്ലോ എന്നതായിരുന്നു അദ്ദേഹം പറഞ്ഞ ന്യായം. സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ധാരാളം ഒഴിവുസമയം തരുന്ന സൗകര്യപ്രദമായ ഒരു ജോലിയിൽനിന്ന് വിരമിച്ചവരും ചരിത്രത്തോട് താല്പര്യവും എന്നാൽ ചരിത്രരചനയുടെ നൂലാമാലകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത, ചില ഉദ്യോഗസ്ഥന്മാരാണ് സാധാരണയായി ഇത്തരം പടപ്പുകൾക്കു പിന്നിലുണ്ടാവുക. ഇതിന്റെ രചയിതാവായ ശ്രീ. സി. രാജശേഖരൻ കൊച്ചി നഗരസഭയിൽനിന്ന് റവന്യൂ ഇൻസ്പെക്റ്ററായി വിരമിച്ച ദേഹമാണ്.
കേരളത്തിലെ ജനസമൂഹം ജാതി-മതഭേദങ്ങൾക്കതീതമായി ഒരൊറ്റ മനുഷ്യവംശം തന്നെയാണെന്നാണ് ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും അറബികളുടേയും പോർച്ചുഗീസുകാരുടേയും വരവോടെ വിവിധ സമുദായങ്ങളിൽ കലർപ്പുണ്ടായിട്ടുണ്ടെങ്കിലും അടിസ്ഥാനഘടന (base stock) ഒന്നുതന്നെയാണെന്നത് തർക്കമറ്റ വസ്തുതയാണ്. അതിനിടയിലാണ് ഈ ഗ്രന്ഥകർത്താവ് ഈഴവർ വംശശുദ്ധിയോടെ ഇറാനിൽനിന്ന് വന്നവരാണെന്നൊക്കെ അടിച്ചുവിടുന്നത്. ഇന്ത്യയിലെ ആദിമനിവാസികളായ ദ്രാവിഡർ തന്നെയാണത്രേ ഈഴവർ (പേജ് 17). അപ്പോൾ തമിഴ്‌നാട്ടിൽ ദ്രാവിഡർ എന്നവകാശപ്പെടുന്നവരും ഈഴവരും തമ്മിലുള്ള ബന്ധമെന്താണ്? ചരിത്രപരമായി നോക്കിയാൽ താരതമ്യേന നവീനമാണ് വടക്കൻ പാട്ടുകളെങ്കിലും അതിന് സംഘകൃതികളോടൊപ്പം പുരാതനത്വം ഇതിൽ നൽകുന്നു - ബി.സി. രണ്ടാം നൂറ്റാണ്ട്. ബി.സി. ആറാം നൂറ്റാണ്ടിൽ ഒരു ചേരരാജാവ് കത്തു കൊടുത്തയച്ചതിൻപ്രകാരം ഈലം നാട്ടുകാർ കെട്ടും കിടക്കയുമെടുത്ത് ഇവിടെയെത്തുകയും ചേർ-ഇലം എന്ന നാമധാതുക്കളുടെ മിശ്രണം വഴി ചേരലവും പിന്നീട് കേരളവും ആയിത്തീർന്നു എന്നാണ് വാദം.
പരിഹാസ്യമായ നിരവധി സിദ്ധാന്തങ്ങളാൽ യാതൊരു വിശ്വാസ്യതയും അവശേഷിച്ചിട്ടില്ലാത്തതാണ് ഈ പുസ്തകം. ലോകത്ത് ആദ്യമായി പത്തുകല്പനകൾ ഉണ്ടാക്കിയ ഹമ്മുറാബി എന്ന ബാബിലോണിയൻ ചക്രവർത്തി ലാർസ എന്ന ഈലം നഗരം കീഴടക്കിയത് റിംസിൻ എന്നോ രാംസിൻ എന്നോ പേരുള്ള ഒരു രാജാവിനെ കീഴടക്കിയാണ്. രാംസിൻ എന്നാൽ രാമചന്ദ്രൻ എന്നാണത്രേ അർത്ഥം (പേജ് 31). ഈ ഘട്ടത്തിൽ ഒരു നിമിഷം ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാട് പരാമർശിക്കുന്ന മേഘദന്തൻ സായ്‌വിനെ ഓർത്തുപോയി. ആ നാട്ടിലെ സിയോൺ എന്ന ദൈവത്തിന് ആ പേരു ലഭിച്ചത് 'ശിവൻ' എന്ന പേര് യൂറോപ്യൻ പണ്ഡിതർ തെറ്റായി വായിച്ചതുകൊണ്ടാണെന്ന പ്രസ്താവന കൂടാതെ മറ്റു ചില പദങ്ങളുടെ ദ്രാവിഡനാമങ്ങൾ കൂടി പറഞ്ഞുതരുന്നു: ദാരിയസ് - താരകാസുരൻ, അലക്സാണ്ടർ അഥവാ സിക്കന്തർ - സ്കന്ദൻ അഥവാ സുബ്രമണ്യൻ.
വിചിത്രമായ ചില ശാഠ്യങ്ങളും പ്രത്യേകതകളും ചന്ദ്രശേഖരൻ ഈ കൃതിയിൽ പുലർത്തുന്നു. കേരളത്തിലെ നമ്പൂതിരിമാരുടെ മാതൃഭാഷ സംസ്കൃതമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഇ.എം.എസ്സിന്റെ ഒരു പുസ്തകം പരാമർശിക്കുന്ന വേളയിൽ ഇ.എം.ശങ്കരൻ എന്നുമാത്രം പറഞ്ഞുനിർത്തുന്നു. പ്രാചീന ഈലത്തെക്കുറിച്ചുള്ള പതിനൊന്ന് പുസ്തകങ്ങളെ അവസാന അദ്ധ്യായത്തിലൂടെ പരിചയപ്പെടുത്തുന്നുവെങ്കിലും അവയൊന്നും ഗ്രന്ഥകാരൻ അവലംബിച്ച ഗ്രന്ഥസൂചിയിൽ കാണുന്നില്ല. ഇലാമൈറ്റ് ഭാഷയ്ക്ക് ദ്രാവിഡഭാഷാ ഗോത്രവുമായുള്ള ബന്ധം പണ്ഡിതർ ചർച്ചക്കു വിധേയമാക്കുന്നുണ്ടെങ്കിലും ഈ പുസ്തകത്തിൽ ഇന്റർനെറ്റിൽ കണ്ടെത്തിയ ചില വിവരങ്ങൾ നിരത്തിവെക്കുക മാത്രമേ ചെയ്തിട്ടുള്ളോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ബ്രിട്ടാനിക്ക വിജ്ഞാനകോശത്തിൽ നിന്നും പകർത്തിയെടുത്ത കുറെ രാജാക്കന്മാരുടെ പേരുകളും യുദ്ധങ്ങളുടെ വർഷങ്ങളും കൂലംകുത്തിയൊഴുകുന്ന ഈ രചനാശൈലി അങ്ങേയറ്റം വിരസവും വായനക്കാർക്ക് സമയനഷ്ടം മാത്രം സമ്മാനിക്കുന്ന ഒന്നുമാണ്.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
പുസ്തകം ശുപാർശ ചെയ്യുന്നില്ല.
Book Review of 'Ezhathunad - Adi Iranian Nagarikatha' by C. Rajasekharan
Yes Press Books, Perumbavoor 2020
ISBN: 9788194469377
Pages: 64
No comments:
Post a Comment