രാഷ്ട്രീയരംഗത്ത് പി. നാരായണൻ നായർ എന്ന നാമം ഇന്നത്തെ തലമുറക്ക് അത്ര സുപരിചിതമല്ല. 1906-ൽ അന്നത്തെ കൊച്ചി രാജ്യത്തിലെ ചേലക്കരയ്ക്കടുത്ത് ജനിച്ച അദ്ദേഹം അല്പനാളത്തെ അദ്ധ്യാപകവൃത്തിക്കുശേഷം ചെന്നെയിലേക്ക് വണ്ടികയറി പത്രപ്രവർത്തനരംഗത്തു ചെന്നുപെട്ടു. ഏതാനും വർഷങ്ങൾക്കുള്ളിൽ വീണ്ടും മലബാറിൽ തിരിച്ചെത്തിയതിനുശേഷം ഇടതുപക്ഷ പത്രങ്ങൾ ഏറ്റെടുത്തു നടത്തുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണപ്രക്രിയയിൽ ഒരു സുപ്രധാന പങ്കു വഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പാർട്ടിക്കുവേണ്ടി നിരവധി തവണ അദ്ദേഹം ജയിൽ വാസം അനുഭവിക്കുകയുണ്ടായി. തുടർന്ന് 1956-ൽ മലബാർ ഉൾക്കൊള്ളുന്ന അന്നത്തെ മദ്രാസ് സംസ്ഥാനത്തുനിന്നും രാജ്യസഭാംഗമായി പാർലമെന്റിൽ എത്തി. ഒരു വട്ടം മാത്രമേ പാർലമെന്റംഗമായുള്ളൂ എങ്കിലും വിവിധ ഔദ്യോഗികപരിപാടികളിൽ പങ്കുകൊണ്ടുകൊണ്ട് ആ അവസരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനും നിരവധി സാങ്കേതികപദ്ധതികളെക്കുറിച്ച് പഠിക്കാനും വിനിയോഗിച്ചു. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനത്തിനുശേഷം ലേഖകൻ തന്റെ ജീവിതത്തിലേക്കു നടത്തുന്ന ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. വ്യക്തിപരമായ വിവരങ്ങൾ - പ്രത്യേകിച്ചും മുതിർന്നതിനുശേഷം - തീർത്തും ഒഴിവാക്കിയിരിക്കുന്ന ഈ പുസ്തകം 1920 മുതൽക്കുള്ള മലബാറിന്റെ ചരിത്രത്തിലെ മണ്മറഞ്ഞുകിടക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങൾ വെളിപ്പെടുത്തുന്നു.
മലബാറിലെ തൊഴിലാളി-കർഷക-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വളർത്തിയെടുക്കാൻ നാരായണൻ നായർ നിർണായക സ്വാധീനം ചെലുത്തി. ഈ പ്രസ്ഥാനങ്ങളുടെ ഉദയവും വളർച്ചയും അതിനുവേണ്ടി താലൂക്കുകൾ തോറും നടത്തിയ സംഘാടനപ്രവർത്തനങ്ങളും ഓരോ താലൂക്കിലും അവയ്ക്കു നേതൃത്വം നൽകിയ പ്രാദേശിക നേതാക്കളുടെ പേരുകളുമെല്ലാം ഇതിൽ വായിക്കാം. ജന്മനാ കാഴ്ചശക്തി കുറവായിരുന്ന ഗ്രന്ഥകാരന് തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പ്രത്യേകശ്രദ്ധ ലഭിക്കാതിരുന്നതിനാൽ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. എങ്കിലും അതൊരു ത്യാഗമായിപ്പോലും വിവരിക്കാൻ മുതിരുന്നതിനുപകരം പാർട്ടിപരിപാടികളെ ആത്യന്തിക ലക്ഷ്യമാക്കി അവതരിപ്പിക്കുകയാണിവിടെ. സത്യത്തിനേക്കാളുപരി പാർട്ടി നിലപാടുകളാണ് നമുക്കിതിൽ കാണാൻ കഴിയുക. രാഷ്ട്രീയ പ്രകടനങ്ങളും ജാഥകളും അക്രമാസക്തമാകുമ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തുന്നത് സ്വാഭാവികമാണല്ലോ. ഏതു പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോഴും ഇതെല്ലാം നടക്കാറുണ്ട്. എന്നാൽ ലേഖകൻ അത്തരം മർദ്ദനങ്ങളുടെ കർത്താക്കളായി കാണുന്നത് പോലീസും മർദ്ദകവർഗ്ഗങ്ങളും ചേർന്നുള്ള ഒരു സംഘമായിട്ടാണ്. 1921-ൽ മാപ്പിള ലഹളയെക്കുറിച്ച് പത്രങ്ങളിൽ വാർത്ത വരുന്നതിനുമുൻപുതന്നെ സ്വന്തം നാടായ ചേലക്കരയിലേക്ക് ഓടിവന്ന അഭയാർത്ഥികളിൽ നിന്ന് അദ്ദേഹത്തിന് നേരിട്ടറിയാൻ സാധിച്ചു. ലഹളയെക്കുറിച്ച് അമ്പരിപ്പിക്കുന്ന വാർത്തകളാണ് പ്രചരിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നു. എങ്കിലും പതിറ്റാണ്ടുകൾക്കുശേഷം പാർട്ടിയുടെ കണ്ണട വെച്ചുനോക്കുമ്പോൾ അതൊരു കാർഷികകലാപമാണെന്നും ഓടിവന്ന അഭയാർത്ഥികൾ ആക്രമിക്കപ്പെട്ടവരല്ല, ആക്രമിക്കപ്പെടുന്നതിനുമുമ്പ് രക്ഷപ്പെട്ടവരാണെന്ന ന്യായത്തിൽ അവരുടെ വർണ്ണനകൾ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മരിച്ചവർക്ക് കഥ പറയാനാവാത്തതിനാൽ അദ്ദേഹം പാർട്ടിയുടെ വിശദീകരണം കൊണ്ട് തൃപ്തിയടയുന്നു.
രണ്ടാം ലോകയുദ്ധത്തെ കമ്മ്യൂണിസ്റ്റ് പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ കാണുന്ന വ്യക്തമായ രണ്ടു ഘട്ടങ്ങൾ ഈ കൃതിയിലും പ്രകടമാണ്. യുദ്ധാരംഭത്തിൽ ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനുമായി അനാക്രമണ സന്ധിയുണ്ടാക്കി റഷ്യയുടെ ഇടപെടൽ ഒഴിവാക്കി. റഷ്യ യുദ്ധത്തിൽ ഇല്ലാത്തതിനാൽ ഇന്ത്യയിലും കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ എതിർത്തു. സാമ്രാജ്യ ശക്തികൾ തമ്മിൽ തമ്മിൽ യുദ്ധം നടത്തുന്ന അവസരത്തെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ഇടതുപക്ഷം തീരുമാനിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. എന്നാൽ 1941-ൽ ഹിറ്റ്‌ലർ അപ്രതീക്ഷിതമായി റഷ്യയെ കടന്നാക്രമിച്ചപ്പോൾ സ്ഥിതിഗതികൾ പൊടുന്നനെ മാറി. അതുവരെ സാമ്രാജ്യയുദ്ധമായിരുന്നത് അടുത്തനിമിഷം ജനകീയ യുദ്ധമായി മാറി. ഫാസിസ്റ്റ് ശക്തികൾക്കെതിരായ യുദ്ധത്തിൽ സോവിയറ്റ് യൂണിയനേയും ബ്രിട്ടൻ ഉൾപ്പെടുന്ന അതിന്റെ സഖ്യരാഷ്ട്രങ്ങളേയും സർവപ്രകാരേണയും സഹായിക്കേണ്ടതാണെന്ന ഉറച്ച നിലപാട് പാർട്ടി കൈക്കൊണ്ടു. അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ ആശാകേന്ദ്രമായ സോവിയറ്റ് യൂണിയനെ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും പരമപ്രധാനമായ കർത്തവ്യമാണെന്ന് അവർ വിശ്വസിച്ചു. ഈ രണ്ടു നിലപാടും ഏതാനും താളുകൾക്കിടയിൽ മാറിമറിയുന്ന കൗതുകകരമായ കാഴ്ച ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിന്റെ വ്യാജപ്രചാരണം ഗ്രന്ഥകാരൻ അന്ധമായി വിശ്വസിച്ചിരുന്നു. സാങ്കേതിക പുരോഗതിയിലും അടിസ്ഥാന വ്യവസായത്തിലെ ഉൽപ്പാദനത്തിലും സോഷ്യലിസ്റ്റ് രാജ്യങ്ങൾ മുതലാളിത്ത രാജ്യങ്ങളുടെ ഒപ്പമെത്തുകയും പലയിനങ്ങളിലും അവയെ കവച്ചുകടക്കുകയും ചെയ്തു എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ ഇതിന്റെ തെളിവാണ്.
കമ്മ്യൂണിസ്റ്റ് ആശയധാരയെ മുറുകെപ്പിടിക്കുമ്പോഴും തനി ഭാരതീയമായ സാംസ്കാരികസങ്കല്പങ്ങളെ കയ്യൊഴിയാതെ നിർത്തുന്നതിൽ നാരായണൻ നായർ അനന്യമായ ഒരു മാതൃക കാട്ടിത്തരുന്നു. 'പഴമയുടേയും പുതുമയുടേയും വൈവിദ്ധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഈ ഭാരതഭൂമി അതിമഹത്തായ ഒരു രാജ്യമാണെന്ന്' അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർലമെന്റംഗമെന്ന നിലയിൽ വിവിധപ്രദേശങ്ങളിൽ നടത്തിയ യാത്രകളിലൂടെ ഈ രാജ്യത്തെ ഒരേ ചരടിൽ കോർത്തിണക്കുന്ന സവിശേഷമായ മൂല്യങ്ങളെ തിരിച്ചറിയുന്നതിൽ വർഗ്ഗസമരമോ സാർവദേശീയ തൊഴിലാളി ഐക്യമോ ഒന്നും തടസ്സമാകുന്നുമില്ല. ഈ ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുന്നത് അദ്ധ്യാത്മരാമായണത്തിലെ ശിശുവായ ശ്രീരാമനെക്കുറിച്ച് മാതാവ് കൗസല്യ പാടുന്ന രണ്ടുവരികളോടെയാണ്.
"ലാളനാശ്ലേഷാദ്യനുരൂപമായൊരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ.."
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ.."
ഈ പുസ്തകം 1973-ലാണ് രചിക്കപ്പെട്ടത്. അന്ന് നാരായണൻ നായർക്ക് 67 വയസ്സുണ്ടായിരുന്നു. അദ്ദേഹം എന്നാണ് നിര്യാതനായത് എന്ന വിവരം ലഭ്യമായില്ല. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും കമ്യൂണിസം തകർന്നടിഞ്ഞ 1990-കളിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നും നിശ്ചയമില്ല. ആസന്നഭാവിയിൽത്തന്നെ ഇത്തരമൊരു ദുർവിധി തന്റെ പ്രസ്ഥാനത്തേയും അതിന്റെ ആശയസംഹിതയേയും കാത്തിരിക്കുന്നുവെന്ന ഒരു നേരിയ ലാഞ്ചന പോലും പുസ്തകത്തിലെവിടെയും കാണുന്നില്ല. വിവിധ രാജ്യങ്ങളിൽ ഭരണത്തിലിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് എന്തെങ്കിലും കുറ്റമോ കുറവോ ഉള്ളതായ പരാമർശങ്ങളുമില്ല. ഇന്ത്യയിലെ യുവതലമുറയെ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം ക്രോഡീകരിക്കുന്നത് ഇങ്ങനെയാണ്: "ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വങ്ങളിൽത്തന്നെയാണോ നാം ഉറച്ചുനിൽക്കുന്നത്? ഇന്നത്തെ സമ്മിശ്ര സമ്പദ്‌വ്യവസ്ഥ എത്രകാലം തുടർന്നുപോകാം? ഉദാരമായ സമീപനം കൊണ്ടും ന്യായവാദം കൊണ്ടും പാർലമെന്റ് നിയമങ്ങൾ കൊണ്ടും മാത്രം കുത്തകകളേയും പ്രതിലോമശക്തികളേയും അമർച്ച ചെയ്യാൻ കഴിയുമോ? ഇടതുപക്ഷ ശക്തികൾക്ക് എന്തുകൊണ്ട് യോജിക്കാൻ കഴിയുന്നില്ല?" എന്നാൽ ഇന്നത്തെക്കാലത്ത് ഇതിലേതെങ്കിലും വിഷയത്തിന് യാതൊരു പ്രസക്തിയുമില്ല എന്ന വസ്തുത രാഷ്ട്രീയത്തിലെ തലമുറ മാറ്റത്തിന്റെ സൂചകമാണ്. തന്റെ രാഷ്ട്രീയജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നൈരാശ്യമോ വ്യർത്ഥതാബോധമോ തോന്നാത്തതിന്റെ കാരണമായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന് സോഷ്യലിസത്തിലുള്ള വിശ്വാസവും മാനവരാശി സോഷ്യലിസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന ബോധവുമാണ്!
എൻ. വി. കൃഷ്ണവാര്യരുടെ പ്രൗഢഗംഭീരമായ അവതാരിക ഈ കൃതിയുടെ അക്കാലത്തെ പ്രസക്തി പ്രകടമാക്കുന്നതോടൊപ്പം വൈയക്തികങ്ങളായ ആശാനൈരാശ്യങ്ങളേയും സുഖദുഃഖങ്ങളേയും പാടേ വിട്ടുകളഞ്ഞതിനെപ്പറ്റിയും സൂചിപ്പിക്കുന്നു. വ്യക്തിപരമായ വിവരങ്ങൾ വളരെ കുറച്ചേ ഇതിലുള്ളൂ. മാത്രവുമല്ല, സ്വന്തം ജീവിതത്തിൽ നേരിട്ടനുഭവമില്ലാത്തതും ബന്ധപ്പെടാത്തതുമായ പല കാര്യങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ആ അർത്ഥത്തിൽ ഈ ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ വിശകലനമായിത്തന്നെ കണക്കാക്കേണ്ടി വരും. 1962-ലെ ചൈനാ ആക്രമണവും തൊട്ടടുത്ത വർഷം പാർട്ടി പിളർന്നതും കാര്യമായി പരാമർശിക്കുന്നില്ല. വിവരണം ഈ സംഭവങ്ങളോടെ അവസാനിക്കുകയുമാണ്. ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടികളും ഇ.എം.എസ്സുമായുള്ള അഭിപ്രായവ്യത്യാസവും കൈകാര്യം ചെയ്യുന്ന ഒരു താൾ (പേജ് 225-6) പുസ്തകത്തിൽനിന്ന് ആരോ കീറിക്കളഞ്ഞ നിലയിലായിരുന്നതിനാൽ നിർണായകമായ ചില വിവരങ്ങൾ ലഭ്യമാകാതെ പോയി. രാഷ്ട്രീയ എതിരാളികളോട് യാതൊരു കാലുഷ്യവും ലേഖകൻ പ്രദർശിപ്പിക്കുന്നില്ല എന്നതും മറ്റ് കമ്മ്യൂണിസ്റ്റ് എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോൾ എടുത്തുപറയേണ്ട സംഗതിയാണ്.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Aranoottandiloode' by P Narayanan Nair
Publisher: Kerala Sahitya Akademi, 1999 (First published 1973)
ISBN: Nil
Pages: 244
No comments:
Post a Comment