ക്ഷേത്രനിലവറകളിലെ അപാരമായ സമ്പത്ത് കോടതി നിർദ്ദേശപ്രകാരം എണ്ണിത്തിട്ടപ്പെടുത്തിയതോടെ പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധയാർജ്ജിച്ചു. ലോകമെമ്പാടും നിന്ന് പത്രപ്രവർത്തകർ തിരുവനന്തപുരത്തെത്തി അത്ഭുതത്തോടെ കാര്യങ്ങൾ മനസ്സിലാക്കി. മറ്റു ഭാരതീയ നാട്ടുരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വലിപ്പത്തിലും ജനസംഖ്യയിലും സമ്പത്സമൃദ്ധിയിലുമൊക്കെ പിന്നോക്കമായിരുന്ന തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിലെ രാജകുടുംബത്തിന്റെ ക്ഷേത്രത്തിൽ ഇത്രയധികം സമ്പത്ത് എങ്ങനെ വന്നുചേർന്നു എന്നത് ചിലർക്കെങ്കിലും ഒരു പ്രഹേളിക ആയിരുന്നു. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രം പോലെ സമ്പന്നമായ ക്ഷേത്രങ്ങൾ ഇന്ത്യയിൽ വേറെയും ഉണ്ടായിരുന്നു. മുഹമ്മദ് ഗസ്നിയെയും മധുര സുൽത്താന്മാരേയും ആർക്കാട്ട് നവാബിനേയും പോലുള്ള മതഭ്രാന്തർ കൊള്ളയടിച്ചില്ലായിരുന്നുവെങ്കിൽ സോമനാഥക്ഷേത്രവും മധുര മീനാക്ഷി ക്ഷേത്രവും പത്മനാഭസ്വാമി ക്ഷേത്രത്തേക്കാൾ സമ്പന്നമായി നിലനിൽക്കുമായിരുന്നു. ടിപ്പുവിന്റെ നേതൃത്വത്തിൽ ഉണ്ടാകുമായിരുന്ന ആക്രമണത്തെ ഒഴിവാക്കാൻ കഴിഞ്ഞതുകൊണ്ടുമാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് നിലവറകളിൽ സമ്പത്ത് സൂക്ഷിക്കാൻ കഴിഞ്ഞത്. അങ്ങനെ ചിന്തിക്കുമ്പോൾ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിൽനിന്ന് നൂറ്റാണ്ടുകൾ നീണ്ട ആക്രമണങ്ങളിലൂടെ എത്ര അളവറ്റ സ്വത്താണ് മുസ്ലീം ആക്രമണകാരികൾ കടത്തിക്കൊണ്ടുപോയതെന്ന വസ്തുത ഏതൊരു ദേശസ്നേഹിയേയും കഠിനമായി വേദനിപ്പിക്കും. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാര്യങ്ങൾ രേഖപ്പെടുത്തിവെച്ചിരിക്കുന്ന മതിലകം രേഖകൾ അക്കാലങ്ങളിലെ ചരിത്രം തന്നെയാണ് കുറിച്ചിട്ടിരുന്നത്. ആ അർത്ഥത്തിലാണ് പുസ്തകത്തിന്റെ ശീർഷകത്തിന്റെ സാംഗത്യം പൂർണമായി വെളിപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങളും നിർമ്മാണപ്രവർത്തികളും മാത്രമല്ല, രാജാവായി അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള വിവരങ്ങളും ഈ രേഖകളിൽ കടന്നുവരുന്നു. എം. ജി. ശശിഭൂഷൺ ചരിത്രകാരനും വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ആർ. പി. രാജ ആരോഗ്യവകുപ്പിലെ ഡയറക്ടർ ആയി വിരമിച്ച വ്യക്തിയാണ്. തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ച് അദ്ദേഹം വേറേയും കൃതികൾ രചിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ സ്വത്ത് എങ്ങനെ സ്വരുക്കൂട്ടിയെന്നത് ഗ്രന്ഥകാരന്മാർ പരിശോധിക്കുന്നു. രാജ്യത്തിലെ നികുതിപ്പണം നിലവറകളിൽ എത്തിയിരുന്നില്ലെന്നും രാജകുടുംബത്തിന്റേയും മറ്റു കേരളരാജാക്കന്മാരുടേയും വാർത്തകപ്രമാണികളുടെയും കാണിക്കകളായിരുന്നു പ്രധാന വരുമാനമാർഗ്ഗം എന്നാണ് അനുമാനം. അതിനാൽത്തന്നെ ആ നിധി ഏറ്റെടുക്കാൻ ഇപ്പോഴത്തെ സർക്കാരുകൾക്ക് അവകാശമില്ല എന്നും വരുന്നു. തിരുവിതാംകൂർ രാജാക്കന്മാർക്കും അവരുടെ കുടുംബത്തിനും ക്ഷേത്രത്തിനുമേൽ നിർണായകസ്വാധീനവും കണ്ടുവരുന്നു. ക്ഷേത്രകാര്യങ്ങൾ നിർവഹിക്കുന്ന സഭ ആറു ബ്രാഹ്മണരും അദ്ധ്യക്ഷനും കാര്യദർശിയുമായി മറ്റു രണ്ടു ബ്രാഹ്മണരും അരചനും ഉൾപ്പെടുന്ന എട്ടര യോഗമായിട്ടാണ് വിഭാവനം ചെയ്തിരുന്നത്. ഇന്നു കാണുന്ന ക്ഷേത്രം പൂർണമായും നിർമ്മിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവാണ്. അഗ്നിബാധ മൂലം നാലു പതിറ്റാണ്ടുകളോളം ഉപയോഗശൂന്യമായ ക്ഷേത്രത്തെ പരിഷ്കൃതരീതിയിൽ അദ്ദേഹം വീണ്ടും പണിതുയർത്തി. തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളിൽ ക്ഷേത്രത്തിന്റെ നിർണായകസ്വാധീനം വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ഈ കൃതിയിൽ കാണാം. രാജകുടുംബത്തിൽ അനന്തരാവകാശികളില്ലാതെ വന്നപ്പോൾ ദത്തെടുക്കപ്പെട്ട പുരുഷന്മാരെ രാജ്യഭാരം ഏൽപ്പിക്കാനാവില്ലെന്നും സ്ത്രീകളെ ദത്തെടുത്ത് രാജകുമാരിമാരാക്കി അവരിലുണ്ടാകുന്ന പുരുഷസന്താനങ്ങളെയാണ് ഭരണം ഏല്പിക്കേണ്ടതെന്നും കണ്ടെത്തുന്നത് ഗ്രന്ഥവരി പരിശോധിച്ച് കീഴ്‌വഴക്കങ്ങൾ മനസ്സിലാക്കുമ്പോഴാണ്. ഈ തീരുമാനം അധീശശക്തിയായ ബ്രിട്ടീഷുകാരും അംഗീകരിക്കുന്നു.
ഈ കൃതിയിലേക്കു നോക്കുമ്പോൾ കാര്യമായ സംഭാവനകളൊന്നും രണ്ടു ഗ്രന്ഥകാരന്മാരും നടത്തിയതായി കാണുന്നില്ല. പുസ്തകത്തിന്റെ ഏതാണ്ട് പകുതിയിലധികം പേജുകളും മതിലകം രേഖകൾ വെറുതെ പകർത്തിവെച്ചിരിക്കുകയാണ്. പുരാതനമായ ഭാഷയിലും, വ്യാഖ്യാനങ്ങൾ ഇല്ലാതെയും, ഖണ്ഡിക തിരിക്കാതെയും, വിരാമചിഹ്നങ്ങളില്ലാതെയും പേജുകണക്കിന് നീളുന്ന ആ വിവരണങ്ങൾ ഇതിന്റെ വായനാക്ഷമത തീർത്തും നശിപ്പിക്കുന്നു. അത്തരം 120-ലധികം പേജുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരു കടുത്ത ശിക്ഷയാണ്.
പുസ്തകം ശുപാർശ ചെയ്യുന്നില്ല
പുസ്തകം ശുപാർശ ചെയ്യുന്നില്ല
Book Review of 'Charithram Kuricha Sree Padmanabhaswamy Kshethram'
Authors: M. G. Sashibhooshan, R. P. Raja
Publisher: DC Books, 2011
ISBN: 9788126433513
Pages: 263
No comments:
Post a Comment