Sunday, August 28, 2022

ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ

അറുപതുകളുടെ അന്ത്യത്തോടെ കേരളത്തിൽ ഉയർന്നുവന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക ആചാര്യനായിരുന്നു ശ്രീ. കെ. വേണു. ഭരണഘടനയെ വെല്ലുവിളിച്ചു നടത്തപ്പെട്ട അക്രമപ്രവർത്തനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം സ്വന്തം തലയിൽ പേറേണ്ടി വന്നതിനാൽ അദ്ദേഹത്തിന് ദീർഘകാലം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. സ്വതന്ത്രനായപ്പോഴേക്കും ലോകം മാറിക്കഴിഞ്ഞിരുന്നു. സോവിയറ്റ് ചേരിയുടെ അപ്രതീക്ഷിതമായ തകർച്ച ലോക ഇടതുപക്ഷത്തെയെന്നപോലെ വേണുവിനേയും ഞെട്ടിച്ചു. എന്നാൽ അവർക്കില്ലാതിരുന്ന ഒന്ന് അദ്ദേഹത്തിനുണ്ടായിരുന്നു - ബൗദ്ധികമായ സത്യസന്ധത. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എവിടെയാണ് പിഴച്ചത് എന്ന അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മാർക്സിസത്തിന്റെ താത്വികതലത്തിലും പ്രായോഗികതലത്തിലും ഗുരുതരമായ പിഴവുകൾ ആദ്യംമുതലേ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ്. മാർക്സിനും ലെനിനുമെല്ലാം ഭീമമായ ആശയവങ്കത്തരങ്ങൾ സംഭവിച്ചിരുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. തന്റെ ഗവേഷണത്തിനൊടുവിൽ ലെനിൻ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം തൻ കരഞ്ഞുപോയി എന്ന് വേണു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും യഥാർത്ഥ ജനാധിപത്യരീതിയിൽ പ്രവർത്തിക്കാനാവുകയില്ലെന്നും, ഇന്നത്തെ ലോകത്തിന്റെ ജീവവായുവാകേണ്ട ബഹുസ്വര ജനാധിപത്യസംവിധാനത്തിൽ അതിന് യാതൊരു പങ്കും വഹിക്കാനില്ലെന്നുമാണ് നിരവധി ലേഖനങ്ങളുടെ സമാഹാരമായ ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്. മാർക്സിസ്റ്റ് സൈദ്ധാന്തികവിമർശനത്തോടൊപ്പം കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷം എങ്ങനെയാണ് വിലങ്ങുതടിയായതെന്നും ലോകപൊലീസായ അമേരിക്ക നേരിടുന്ന ഭീകരവാദ വെല്ലുവിളികൾ പുതിയൊരു ലോകസൃഷ്ടിയിലേക്ക് എങ്ങനെ നയിക്കുമെന്നും 1999 മുതൽ 2002 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട ഈ പത്തുലേഖനങ്ങളിൽ കാണാം.

മാർക്സിസം-ലെനിനിസത്തെ താത്വിക-പ്രായോഗിക തലങ്ങളിൽ എതിർക്കുമ്പോഴും ചരിത്രത്തെ വിശകലനം ചെയ്യാൻ മാർക്സ് സ്വീകരിച്ച വൈരുദ്ധ്യാത്മകരീതി വളരെ ശാസ്ത്രീയവും എല്ലാക്കാലത്തും പ്രസക്തവുമാണെന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. അനന്തമായ സാധ്യതകളുള്ള, എന്നാൽ ശൈശവാവസ്ഥയിൽ മാത്രം എത്തിനിൽക്കുന്ന ഒരു ദാർശനിക പദ്ധതിയാണ് മാർക്സിന്റേത്. അതിന്റെ സാദ്ധ്യതകൾ ഭാവിയിലാണ് കൂടുതൽ ഉപയുക്തമാകാൻ പോകുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലെഴുതിയ ലേഖനത്തിൽ തന്റെ ഭൂതകാലബോദ്ധ്യങ്ങളെ പൂർണമായും തള്ളിക്കളയാത്ത വേണുവിനെ നമുക്കു കാണാൻ കഴിയും. എന്നാൽ മാർക്സിസത്തെ പരിണാമസിദ്ധാന്തവും ആപേക്ഷികസിദ്ധാന്തവും പോലുള്ള ശാസ്ത്രസങ്കേതങ്ങളോട് തുലനം ചെയ്യുന്നത് ബാലിശമായിപ്പോയി. മാർക്സിസത്തെ എന്തുകൊണ്ട് ഒരു ശാസ്ത്രസിദ്ധാന്തമായി പരിഗണിക്കുന്നുവെന്നും അതിന്റെ ശരിതെറ്റുകൾ പരീക്ഷിക്കാനുള്ള ശാസ്ത്രപരീക്ഷണരീതികൾ മാർക്സിസം എങ്ങനെ നേരിടുമെന്നും ലേഖകൻ വിശദീകരിക്കുന്നുമില്ല.

മാർക്സിസ്റ്റ് ദർശനത്തെക്കുറിച്ച് വേണുവിനോളം ആഴത്തിൽ പഠിച്ചിട്ടുള്ള അധികം വിദഗ്ദ്ധർ കേരളത്തിലില്ല. അതുകൊണ്ടുതന്നെ ആചാര്യന്മാർക്ക് പിഴച്ചതെവിടെയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോൾ അത് ചരിത്രവിദ്യാർത്ഥികൾ ശ്രദ്ധാപൂർവം മനസ്സിരുത്തേണ്ടതാണ്. വിപ്ലവാദർശങ്ങൾ പൊടുന്നനെ യാഥാർഥ്യമായ 1871-ലെ പാരീസ് കമ്മ്യൂൺ മാർക്സ് നേരിൽ കണ്ടതാണെങ്കിലും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹത്തിനായില്ല. ഏതാനും ആഴ്ചകൾക്കുശേഷം കമ്മ്യൂൺ തകർന്നപ്പോൾ അമിതമായ അധികാരവികേന്ദ്രീകരണമാണ് പരാജയകാരണമെന്ന് മാർക്സ് വിലയിരുത്തി. ലെനിൻ 'എല്ലാ അധികാരവും സോവിയറ്റുകൾക്ക്' എന്ന മുദ്രാവാക്യത്തിലൂടെ വികേന്ദ്രീകരണം വാഗ്ദാനം ചെയ്തുവെങ്കിലും വിപ്ലവം തൊഴിലാക്കിയ പ്രവർത്തകരടങ്ങുന്ന പാർട്ടി സംവിധാനം 'വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ' എന്ന മട്ടിൽ നിലനിർത്തി. എന്നാൽ ഒക്ടോബർ വിപ്ലവത്തിനുശേഷം മുഴുവൻ അധികാരവും കയ്യിലെത്തിയപ്പോൾ ലെനിന്റെ തനിനിറം പുറത്തുവന്നു. സോവിയറ്റുകൾ സോഷ്യലിസ്റ്റ് രാഷ്ട്രീയഘടനയിലെ പൽച്ചക്രങ്ങൾ മാത്രമാണെന്നും ബോൾഷെവിക്കുകളുടെ ഏകപാർട്ടി സ്വേച്ഛാധിപത്യം മാത്രമാണ് ശരിയായ പാതയെന്നും അദ്ദേഹം നിലപാട് മാറ്റി. 1921-ലെ പാർട്ടി കോൺഗ്രസ്സോടെ അന്നത്തെ പ്രതിപക്ഷകക്ഷികളെ മുഴുവൻ ലെനിൻ ഇല്ലായ്മചെയ്തു.  സ്റ്റാലിൻ കൂടുതൽ ഊർജസ്വലതയോടെ ഈ നയങ്ങൾ അതിന്റെ പൂർണതയിലെത്തിച്ചപ്പോൾ എല്ലാ അധികാരവും സമ്പത്തും, ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം മാത്രം വരുന്ന പാർട്ടി ഉദ്യോഗസ്ഥവൃന്ദത്തിന്റെ കൈകളിൽ കേന്ദ്രീകരിച്ചു. ഏകപാർട്ടി സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമായ സർക്കാർ മുതലാളിത്തം മാത്രമാണ് സോഷ്യലിസമെന്ന പേരിൽ അവിടെ നിലനിന്നത്. അത്തരമൊരു സമ്പ്രദായം ഇനി തിരിച്ചുവരിക സാദ്ധ്യമല്ല. ഈയൊരു ഘട്ടത്തിലും ഭാവിയെക്കുറിച്ച് ലേഖകന് ശുഭപ്രതീക്ഷയുണ്ട്. ജനാധിപത്യത്തിന്റെ പാത സ്വീകരിക്കുന്നതും മുതലാളിത്തത്തിന്റെ കഴുത്തറപ്പൻ മത്സരത്തിന് കടിഞ്ഞാണിടാൻ സഹായിക്കുന്നതുമായ സോഷ്യലിസ്റ്റ് ചായ്‌വുള്ള ജനാധിപത്യപ്രസ്ഥാനങ്ങൾ വളർന്നുവന്നേക്കാം എന്നദ്ദേഹം പ്രത്യാശിക്കുന്നു.

കേരളത്തിന്റെ ഉത്പാദനമേഖലയിലെ മുരടിപ്പിനുകാരണമായ തീവ്ര ഇടതുപക്ഷചായ്‌വിനെക്കുറിച്ച് ഗ്രന്ഥകർത്താവിന്റെ മറ്റുപുസ്തകങ്ങളിലും ധാരാളമായി പരാമർശിക്കുന്നതുപോലെ ഇതിലുമുണ്ട്. റഷ്യയിലും ചൈനയിലും വൻകിട ഭൂവുടമകളും വൻകിട വ്യവസായികളും മാത്രമായിരുന്നു വിപ്ലവത്തിന്റെ ശത്രുക്കളെങ്കിൽ കേരളത്തിൽ അത്താഴപ്പട്ടിണിക്കാരായ കുടിൽവ്യവസായികളെപ്പോലും മുതലാളികളായാണ് എണ്ണിയത്. പരമ്പരാഗത വ്യവസായങ്ങളുടേയും കൃഷിയുടേയും ആധുനികവൽക്കരണം കൂടി തടയപ്പെട്ടതോടെ കേരളത്തിന്റെ വികസനസാധ്യതകൾ പൂർണമായി അടഞ്ഞു. ഇവിടത്തെ വലതുപക്ഷം പോലും ആശയപരമായി ഇടതുപക്ഷത്തിനുപുറകേ ഇഴയുകയായിരുന്നു എന്ന സുപ്രധാന നിരീക്ഷണവും വേണു നടത്തുന്നുണ്ട്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ നിരീക്ഷിച്ചെഴുതിയ ഒരു ലേഖനത്തിൽ ലോകരാഷ്ട്രീയത്തിന്റെ അനിവാര്യമായ ഗതിമാറ്റവും അദ്ദേഹം ചർച്ച ചെയ്യുന്നു. എന്നാൽ അമേരിക്കയോടുള്ള പണ്ടുമുതലുള്ള ആശയപരമായ ശത്രുത ഓരോ വരിയിലും തെളിഞ്ഞുകാണാം. അതിനായി ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശാൻ പോലും ശ്രമിക്കുന്നുമുണ്ട്. സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണം അമേരിക്കയിൽ നടക്കുമ്പോൾ അതിനെ ചെറുക്കാൻ ഭീകരവാദത്തിനുമാത്രമേ കഴിയൂ എന്ന വിചിത്രമായ കണ്ടെത്തൽ പിറവിയെടുക്കുന്നതിന്റെ ബൗദ്ധികപരിസരം ഇതാണ് (പേജ് 116). മുതലാളിത്തം നാളിതുവരെ നേരിട്ടതിൽ വെച്ചേറ്റവും വലിയ പ്രതിസന്ധിയാണിത്. മുതലാളിത്തത്തിന്റെ അനീതിയുടേയും അടിച്ചമർത്തലിന്റേയും ഉപോല്പന്നമാണ് ഭീകരവാദം എന്നു സ്ഥാപിക്കുമ്പോൾ അതിന് മതാന്ധത എങ്ങനെ വളമാകുന്നു എന്ന് ലേഖകൻ പരിശോധിക്കുന്നില്ല.

വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനസമാഹാരമാണീ പുസ്തകം. മലയാളത്തിലെ ആനുകാലികങ്ങളിൽ ലേഖകൻ എഴുതിയതും, അതിനെ വിമർശിച്ചെഴുതിയവർക്കുള്ള മറുപടികളുമാണ് ഇതിൽ കാണുന്നത്. പ്രസിദ്ധീകരിച്ച് ഇരുപതു വർഷത്തിനുശേഷം വായിക്കുമ്പോഴും കമ്യൂണിസത്തിന്റെ ആശയപരമായ ആ വിശകലനങ്ങളുടെ മൂർച്ച കുറഞ്ഞിട്ടില്ലെന്നു ബോദ്ധ്യപ്പെടും. തന്റെ വിമർശകർക്കുനേരെ എയ്യുന്ന കൂരമ്പുകൾ ചിലതെങ്കിലും അതിരുകടക്കുന്നതാണോ എന്ന് വായനക്കാർക്ക് സംശയം തോന്നാം. ചില അഭിപ്രായങ്ങൾ വ്യക്തിപരമായിത്തന്നെ അവരെ മുറിവേൽപ്പിക്കാനും സാധ്യതയുണ്ട്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Oru Janadhipathyavadiyude Veenduvicharangal'
Author: K Venu
Publisher: Haritham Books, 2002 (First)
ISBN: Nil
Pages: 126

Friday, August 19, 2022

പ്രവാസത്തിന്റെ വർത്തമാനം

ഏറെ പാടിപ്പുകഴ്ത്തപ്പെട്ടതാണ് ഭരണ-സാമൂഹ്യ രംഗങ്ങളിലെ കേരളമാതൃക. അടിസ്ഥാനസൗകര്യങ്ങളും വികസനവും സർക്കാർ പണം മുടക്കുന്നതിലൂടെ മാത്രം നിലനിർത്തപ്പെട്ട എഴുപതുകളുടെ അന്ത്യത്തോടെ കേരളം സാമ്പത്തികപ്രതിസന്ധിയിൽ വലഞ്ഞു. ആ ദശകത്തിന്റെ തുടക്കത്തിൽ സ്വതന്ത്രമായ യു.എ.ഇ പോലുള്ള ഗൾഫ് രാജ്യങ്ങളും എണ്ണ ഉപരോധത്തെത്തുടർന്നുണ്ടായ വിലക്കയറ്റം ചൂടുപിടിപ്പിച്ച എണ്ണയുൽപ്പാദക രാജ്യങ്ങളും വൻതോതിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിവെച്ച സമയമായിരുന്നു അത്. വളരെയധികം മനുഷ്യവിഭവശേഷി ആവശ്യമായിരുന്ന പദ്ധതികളെ ചലിപ്പിച്ചത് മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളായിരുന്നു. പുറംനാടുകളിലേക്ക് തൊഴിലെടുക്കാൻ സ്വന്തം ജനങ്ങളെ അയക്കുക എന്നത് കേരളം പണ്ടേ പയറ്റിയിരുന്ന ഒരു രീതിയായിരുന്നു. മലയയിലും സിലോണിലും ബർമ്മയിലുമൊക്കെ മലയാളികൾ ആദ്യം മുതൽക്കേ കയറിപ്പറ്റി. അങ്ങനെ എഴുപതുകളുടെ ഒടുക്കത്തിൽ ഗൾഫിലേക്ക് ആരംഭിച്ച മനുഷ്യപ്രവാഹം ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടെ ഇനി വർദ്ധിക്കാൻ സാദ്ധ്യമല്ല എന്ന നിലയിലെത്തി. ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ ഗൾഫിലുണ്ടെന്നാണ് കണക്ക്. ഇവർ ഏതാണ്ട് ഒരു ലക്ഷം കോടിയോളം രൂപ ഒരു വർഷം നാട്ടിലെത്തിക്കുന്നു. ഭാവനാരാഹിത്യവും സൈദ്ധാന്തികപിടിവാശികളും നിറഞ്ഞ സാമ്പത്തികനയങ്ങളിലൂടെ സർക്കാരിന്റെ നടുവൊടിഞ്ഞിരുന്ന ഒരു ഘട്ടത്തിൽ ഈ പണമാണ് കേരളത്തിന്റെ അതിവേഗതയിലുള്ള നഗരവൽക്കരണത്തിനും വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ വികസനത്തിനും വഴിവെച്ചത്. പ്രവാസത്തിന്റെ അർദ്ധശതകങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതുവരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുകയും ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരു പ്രവാസിയുടെ കാഴ്ചപ്പാടിലൂടെയുള്ള ഉത്തരങ്ങൾ നൽകുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടോളമായി ദുബായിൽ ജോലി ചെയ്യുന്ന ഇ. കെ. ദിനേശൻ പ്രവാസിജീവിതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയതലങ്ങൾ പരിശോധിക്കുന്ന നിരവധി കൃതികളുടെ കർത്താവു കൂടിയാണ്.

ഒരു കാലത്ത് ഗൾഫുകാരൻ എന്നാൽ കുബേരൻ എന്നു തന്നെയായിരുന്നു വിവക്ഷ. ജോലി എന്തുതന്നെയായിരുന്നാലും അവർ നാട്ടിൽ വിതറിയിരുന്ന പച്ചനോട്ടുകൾ മുരടിച്ചിരുന്ന കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ ഇരകളായിരുന്ന നാട്ടുകാരിൽ അസൂയയും നാട്ടിലെ ജീവിതത്തോട് വിരക്തിയും ഉണർത്തി. 1984-ൽ പുറത്തിറങ്ങിയ 'അക്കരെ' എന്ന ചിത്രത്തിൽ തഹസീൽദാരായി ജോലിനോക്കിയിരുന്ന ഭരത് ഗോപിയുടെ കഥാപാത്രം അതെല്ലാം ഉപേക്ഷിച്ച് ടൈപ്പ് റൈറ്റിങ് മാത്രം പഠിച്ച് ഗൾഫിൽ ഗുമസ്തപ്പണിയെടുക്കാനും തയ്യാറാകുന്നുണ്ട്. എന്നാൽ ഈ കാഴ്ചയെ തീർത്തും നിഷേധിക്കുകയാണ് ഗ്രന്ഥകാരൻ. ചിലയിടങ്ങളിൽ അറുപതു ശതമാനമെന്നും മറ്റിടങ്ങളിൽ എൺപതുശതമാനമെന്നും പറയപ്പെടുന്നത്രയും പ്രവാസികൾ അടിസ്ഥാനമേഖലകളിൽ കുറഞ്ഞ ശമ്പളത്തിൽ പണിയെടുക്കുന്നവരാണത്രേ. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം പോലും ഗൾഫിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദിനേശൻ സ്ഥാപിക്കുന്നത്. തൊഴിൽരംഗത്തുള്ള കേരളത്തിലെ സ്വാതന്ത്ര്യം ഗൾഫിൽ സ്വപ്നം മാത്രവും. ദീർഘനാളത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരമാക്കാനുദ്ദേശിച്ചെത്തുന്നവരെ സ്വീകരിക്കാൻ കേരളം പൊതുവെ മടി കാണിക്കുകയും ചെയ്യുന്നു. നാലുപതിറ്റാണ്ടത്തെ ഗൾഫ് വാസത്തിനുശേഷം നാട്ടിൽ വർക്ക്ഷോപ്പ് തുടങ്ങാനൊരുങ്ങിയ പുനലൂരിലെ സുഗതന്റെ ദുർഗതി അവരെ ഭയപ്പെടുത്തുന്നു. പാടം നികത്തിയതിന്റെ പേരിൽ ഒരു യുവ-ഇടതുസംഘടന നിർമ്മാണം തടസ്സപ്പെടുത്തി. തുടർന്നുണ്ടായ മാനസികസംഘർഷം താങ്ങാനാവാതെ സുഗതൻ ആത്മഹത്യ ചെയ്തു. മടക്കയാത്രക്കൊരുങ്ങിയ നിരവധിപേരെ ഈ സംഭവം ആശയക്കുഴപ്പത്തിലാക്കി.

പ്രവാസിക്ഷേമത്തിനായി കേന്ദ്രം ഭരിച്ച കോൺഗ്രസ്-എൻ.ഡി.ഏ സർക്കാരുകൾ സ്വീകരിച്ച നടപടികളെ നിശിതമായി വിമർശിക്കുന്ന ഗ്രന്ഥകർത്താവ് സംസ്ഥാനത്തെ ഇടതുസർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ അമിതമായി വിശ്വസിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്നു. വരുമാനമാർഗ്ഗം നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ക്ഷേമപെൻഷനും ആറുമാസത്തെ വരുമാനവും വാഗ്ദാനം ചെയ്ത പിണറായി വിജയന്റെ 2016-ലെ ഗൾഫ് പ്രസംഗത്തിൽ അദ്ദേഹം വളരെയധികം പ്രതീക്ഷ വെച്ചുപുലർത്തുന്നു. അതേസമയം തന്നെ "ഈ വാഗ്ദാനം നടപ്പാക്കാത്തപക്ഷം മുഖ്യമന്ത്രിക്കൊപ്പം കണ്ട കോട്ടുധാരികളായ സവർണ്ണപ്രവാസികളെ മുൻനിർത്തി അവർണ്ണപ്രവാസികളോട് കാലങ്ങളായി തുടരുന്ന വഞ്ചനയായിത്തീരും" എന്നൊരു മുന്നറിയിപ്പും നൽകുന്നു. ഇതെല്ലാം ആറുകൊല്ലത്തിനുശേഷവും പ്രഖ്യാപനങ്ങൾ മാത്രമായി അവശേഷിക്കുന്നു എന്നതാണ് വസ്തുത. പ്രവാസിക്ഷേമത്തിനായി എന്തുചെയ്യണം എന്ന കാര്യത്തിൽ കഴമ്പുള്ള നിർദ്ദേശങ്ങളൊന്നും ഈ പുസ്തകം നൽകുന്നില്ല. അടിസ്ഥാനവികസനത്തിനായി സർക്കാർ കടമെടുക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കി പ്രവാസിനിക്ഷേപം ഉപയോഗപ്പെടുത്തുക എന്ന പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആശയം മാത്രമേ ഇതിൽ കാണുന്നുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന മറ്റു രാജ്യക്കാരുടേതിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിൽനിന്ന് കുടിയേറിയവരുടെ സ്ഥിതി എന്ന് ദിനേശൻ ഊന്നിപ്പറയുന്നു. പ്രധാനമായും രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളാൽ നാടുവിടേണ്ടിവന്ന പ്രവാസികളെ മദ്ധ്യപൂർവദേശത്ത് എമ്പാടും കാണാം. എന്നാൽ കേരളീയർ അത്തരമൊരു നിർബന്ധിതാവസ്ഥ മൂലം രാജ്യത്തിനുപുറത്തേക്ക് പോയവരല്ല. കുറച്ചുകൂടി നല്ല ഒരു സാമ്പത്തികപരിസരത്തെ വളർത്തിയെടുക്കാൻ തൊഴിലന്വേഷണത്തിന്റെ ഭാഗമായി നാടുവിട്ടവരാണവർ. ഇത് ബെന്യാമിനും ആവർത്തിക്കുന്നുണ്ട്. ഗൾഫ് മലയാളികളെ പ്രവാസികൾ എന്നു വിളിക്കുന്നത് തെറ്റാണെന്നും, മൂലധനത്തെ തൊഴിൽ പിന്തുടരുന്നതിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ് കേരളീയരുടെ നില എന്ന് അദ്ദേഹം മറ്റൊരു പുസ്തകത്തിൽ വാദിക്കുന്നു. സമ്പന്നരായ പ്രവാസികളെ വിശേഷിപ്പിക്കാൻ ഗ്രന്ഥകാരൻ സവർണ്ണൻ എന്ന വാക്കുപയോഗിക്കുന്നത് കൃത്യതയില്ലാത്തതും ഭാരതത്തിലെ വിഭജനരേഖകൾ സ്ഥായിയായി ഉറപ്പിക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും സവർണപ്രവാസികൾ എന്നു വിശേഷിപ്പിക്കുന്നവരിൽ ജന്മനാ സവർണ്ണരുടെ പങ്ക് തീർത്തും നാമമാത്രമായിരിക്കുന്ന സാഹചര്യത്തിൽ എന്തിനാണിത്തരമൊരു കുത്തിത്തിരിപ്പിന് ലേഖകൻ മിനക്കെടുന്നതെന്ന് വ്യക്തമല്ല.

ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളിൽ ആഴമില്ലായ്മയും ആവർത്തനവും അനുഭവപ്പെടുന്നു. ഉത്സവകാലങ്ങളിൽ വിമാനനിരക്ക് കൂടുന്നതും ഗൾഫിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ സാധിക്കാത്തതും മാത്രമാണ് അദ്ദേഹം കണ്ടെത്തുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകൾ. തന്റെ ചിന്തകൾ വാസ്തവവുമായി ഒത്തുപോകുന്നതാണോ എന്നുപോലും പരിശോധിക്കാതെ അബദ്ധധാരണകളുടെമേൽ സിദ്ധാന്തങ്ങൾ കെട്ടിപ്പൊക്കുന്നു. 'സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ ദാരിദ്ര്യത്തിന്റെ അളവിനെ നിയന്ത്രിക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയം തന്നെയാണ്' (പേജ് 60) എന്ന നിഗമനം ശ്രദ്ധിക്കുക. 1947-ൽ എഴുപതു ശതമാനത്തിനടുത്തുണ്ടായിരുന്ന ദാരിദ്ര്യം ഇന്ന് പത്തുശതമാനത്തിൽ താഴെയെത്തിച്ചത് ദാരിദ്ര്യത്തിന്റെ അളവിനെ നിയന്ത്രിക്കലല്ലേ? ഇത്തരം വാചാടോപങ്ങളാണ് ഈ പുസ്തകത്തിന്റെ ശാപം. പുസ്തകം പ്രകടമായ ഇടതുപക്ഷചായ്‌വ്‌ പ്രദർശിപ്പിക്കുന്നു. പ്രവാസികളുടെ പണം മൂലം കേരളത്തിലുണ്ടായ നിരവധി ഗുണപരമായ മാറ്റങ്ങൾ പ്രസ്താവിക്കുമ്പോൾ അത് തീവ്രവാദത്തിനും മതമൗലികവാദത്തിനും കൂടി വളംവെച്ചുകൊടുത്തുവെന്ന വസ്തുത തിരിച്ചറിയാത്തതാണ് ഇതിന്റെ പോരായ്‌മകളിൽ മറ്റൊന്ന്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pravasathinte Varthamanam'
Author: E K Dineshan
Publisher: Logos Books, 2019 (First)
ISBN: 9789388364379
Pages: 136