Thursday, December 22, 2022

ചന്ദ്രോത്സവം

കേരളത്തിൽ പോർച്ചുഗീസുകാർ വന്നെത്തിയ 15, 16 ശതകങ്ങൾ രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യ-സാംസ്കാരിക-സാഹിത്യപരമായും വളരെ പ്രധാനപ്പെട്ടതാണ്. കേരളീയസമൂഹം സാന്മാർഗ്ഗികമായി അതിന്റെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയത് ഈ ഘട്ടത്തിലാണ്. രേഖപ്പെട്ട ചരിത്രം നമ്പൂതിരി സമുദായത്തിനുമാത്രമേ ഉള്ളൂവെന്നതിനാൽ ഈ പരാമർശം കൃത്യമായി പറഞ്ഞാൽ അവരെ മാത്രമേ ബാധിക്കുന്നുള്ളൂ. അവർക്കു വഴങ്ങിനിന്നിരുന്ന സമുദായങ്ങളിലെ സ്ത്രീകളെയാണ് ഇതിനുപയോഗിച്ചിരുന്നത് എന്നതിനാൽ ആ സമുദായങ്ങളും ചിത്രത്തിൽ വരുന്നു. അതിലും താഴ്ന്ന ജാതിക്കാർ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നുപോലും നമുക്കറിയില്ല. ലഭ്യമായ സാഹിത്യരേഖകൾ നോക്കിയാൽ നമ്പൂതിരി ജന്മിമാരുടെ പുളപ്പിന്റെ കാലമായിരുന്നു അത് എന്നത് നിസ്സംശയമാണ്. വേശ്യാവൃത്തി കുലീനവും നമ്പൂതിരിമാരല്ലാത്ത സ്ത്രീകൾ കൈക്കൊള്ളേണ്ടതുമായ ഒരു തൊഴിലാണെന്നുമാണ് ഈ കൃതികൾ നല്കാൻ ശ്രമിച്ച ഗുണപാഠം. നാടുവാഴികളും ആ സ്ത്രീകളുടെ ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പണ്ഡിതരായ ബ്രാഹ്മണരും കവിശ്രേഷ്ഠരും വേശ്യാപ്രശംസകൾ നടത്തി കാലം കഴിച്ചിരുന്നു. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനം നേടുകയും പരിപൂർണ്ണസ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു. അത്തരമൊരു കൃതിയാണ് ചന്ദ്രോത്സവം. സംസ്കൃതവും മലയാളവും ഇടകലർന്ന മണിപ്രവാളത്തിലാണ് പതിനാറാം നൂറ്റാണ്ടിൽ ഇതിന്റെ രചന. സംസ്കൃതത്തിന്റെ വിലങ്ങുകൾ പൊട്ടിച്ച് പുറത്തുചാടാൻ വെമ്പുന്ന മലയാളഭാഷയുടെ അന്തശ്ചേതന ഇതിൽ കാണാം. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഭാഷയുടെ ജാതകം കണ്ടെത്തിയ ആധുനികപണ്ഡിതൻ. ആ പരിശ്രമം അദ്ദേഹത്തെ ഒരു ചരിത്രകാരൻ കൂടിയാക്കിത്തീർത്തു. നൂറ്റാണ്ടുയുദ്ധം പോലുള്ള അദ്ദേഹത്തിന്റെ ചില നിഗമനങ്ങൾ തെറ്റാണെന്ന് ഇന്ന് ചരിത്രകാരന്മാർ കരുതുന്നുവെങ്കിലും പ്രാചീന മലയാളകൃതികളെ പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതിൽ കുഞ്ഞൻ പിള്ളയുടെ സംഭാവന നിസ്തുലമാണ്.

ദേവദാസിമാരിൽ പ്രമുഖയായ മേദിനീവെണ്ണിലാവ് ആ വർഗ്ഗത്തിന്റെ കുലദേവതയായ ചന്ദ്രദേവന്റെ പ്രീതിക്കായി നടത്തുന്ന ചന്ദ്രോത്സവം എന്ന ചടങ്ങിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വിവരണമാണ് ഈ കൃതി. മേദിനീവെണ്ണിലാവ് (moonlight on earth) ആ സ്ത്രീയുടെ യഥാർത്ഥ നാമമാകാൻ സാദ്ധ്യതയില്ല. മാരചേമന്തിക (cupid's flower), മാനവീമേനക (nymph among women)എന്നിങ്ങനെ മറ്റു ദേവദാസിമാരെ വിശേഷിപ്പിക്കുന്നതുകൊണ്ട് അത് ആരാധകവൃന്ദം അവർക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന ഓമനപ്പേരാകാനാണ് വഴി. ചന്ദ്രദേവന്റെ തോഴിയായ ചന്ദ്രിക ശാപം മൂലം ഭൂമിയിൽ ജന്മമെടുത്തതാണ് മേദിനീവെണ്ണിലാവ്. നിലാവിന്റെ കണികകളെ ഗർഭത്തിൽ വഹിച്ചതുപോലെ ജനിച്ച പെൺകുട്ടിയെ ഭൂമിയിലെ വെണ്ണിലാവെന്നല്ലാതെ എന്തു വിളിക്കും? പ്രായമെത്തിയതോടെ കുലത്തൊഴിലിലേക്കുതിരിഞ്ഞ അവൾ കേരളത്തിലെ പ്രമുഖദേവദാസികളേയും ബ്രാഹ്മണ-നാടുവാഴികളേയും ക്ഷണിച്ചുനടത്തുന്ന ചന്ദ്രോത്സവവും അതിൽ പങ്കെടുക്കുന്ന സൗന്ദര്യധാമങ്ങളുടെ അംഗപ്രത്യംഗവർണ്ണനയും നാട്ടുപ്രമുഖരുടെ ലീലാവിലാസങ്ങളുമാണ് ഇതിലുള്ളത്. അക്കാലത്തെ ഒരു rave party എന്നതിൽക്കവിഞ്ഞ സാമൂഹ്യ-മതപരമായ പ്രാധാന്യമൊന്നും ഈ ചടങ്ങിനില്ല. സമൂഹത്തിൽ ദേവദാസിമാരുടെ ഉന്നതസ്ഥാനത്തിന് ഒരു അടിക്കുറിപ്പെന്ന മട്ടിൽ തൃശൂരിനടുത്തുള്ള ചിറ്റിലപ്പള്ളിയിൽ ബ്രാഹ്മണശ്രേഷ്ഠനായ വരകപ്പള്ളി നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെ സമ്പന്നസവർണ്ണ സമൂഹത്തിലെ പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരുന്നതിനൊപ്പം 'മാന്യത' എന്നു നമ്മളെണ്ണുന്ന പെരുമാറ്റം പോലും കാലാനുസൃതം മാറുന്ന ഒന്നാണെന്നും ഈ കൃതി കാട്ടിത്തരുന്നു. സാന്മാർഗിക അധഃപതനത്തിന്റെ നെല്ലിപ്പലകയെന്ന് ഇളംകുളം ചൂണ്ടിക്കാട്ടുന്ന ലൈംഗിക അരാജകത്വം ഇപ്പോഴത്തെ വോക്ക് (woke) ആക്ടിവിസ്റ്റുകളുടെ നിരന്തരപ്രവർത്തനം നിമിത്തം ഭാവിയിൽ ഇതുപോലെയോ കൂടുതൽ തീവ്രമായോ തിരികെയെത്താനുള്ള സാദ്ധ്യതയും വിദൂരമല്ല. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് പാതിരാത്രിയിലും ചുറ്റിക്കറങ്ങാൻ സ്വാതന്ത്ര്യം വേണമെന്ന നിലവിളികൾ ഈ തന്ത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായി നോക്കിയാൽ സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും അതിന്റെ സമ്പൂർണ്ണതയിലെത്തിയത് ദേവദാസികളിലാണെന്നു കാണാം. മലയാളഭാഷയുടെ വികാസവും ഈ കൃതിയിൽ ദർശിക്കാം. നവീനഭാഷാകൃതി എന്നാണ് കവി 'ചന്ദ്രോത്സവ'ത്തെ വിശേഷിപ്പിക്കുന്നത് - ലോകത്തിൽ അതുല്യമെന്നും! പേരറിയാത്ത അയാൾ ആത്മവിശ്വാസത്തിലും സമ്പൂർണത നേടിയിരുന്നിരിക്കാം. ഇന്നും നിലവിലുള്ള പെരുവനം, ചോകിരം (ചൊവ്വര) ഗ്രാമക്കാരും വേദപണ്ഡിതരുമായ നമ്പൂതിരിമാർ ചന്ദ്രോത്സവത്തിൽ ആദ്യന്തം പങ്കെടുക്കുന്നതായി കാണുന്നു. വേദങ്ങൾ മുഴുവൻ കുടിച്ചുവറ്റിച്ചവരാണെങ്കിലും വേശ്യാഗൃഹങ്ങളിലാണ് താമസമെന്ന് ഇളംകുളം രോഷത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചരിച്ചിരുന്ന 'അഷ്‌റഫി' എന്ന പേർഷ്യൻ സ്വർണ്ണനാണയത്തെ 'അശറവി' എന്ന പേരിൽ പരാമർശിക്കുന്നത് ചരിത്രവിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.

നാമിന്നു ശിരസ്സിലേറ്റുന്ന സദാചാരനീതികളെ ചന്ദ്രോത്സവകാരൻ തരിമ്പും വിലമതിക്കുന്നില്ല. 'നീർക്കുമിള പോലെ വളരിന്റ ദേഹം / പൊയ്‌പോകിലാകാ പഴുതേ വധൂനാം' (III - 72) എന്ന ശ്ലോകം സ്ത്രീകളെ ഉപദേശിക്കുന്നത് 'നീർക്കുമിള പോലെ വളർന്ന് അല്പകാലം മാത്രം ശേഷിക്കുന്ന ദേഹം പാഴാക്കിക്കളയാൻ പാടില്ല' എന്നാണ്. മാത്രവുമല്ല,

വേശാംഗനാവൃത്തിരിയം വിശുദ്ധാ
വിരാജതേ സംപ്രതി കേരളേഷു
വായ്‌ക്കിന്റ സൽക്കർമ്മ സഹസ്രസിക്തം
ഭാഗ്യം തസ്യോഃ പരമാർത്ഥസാരം (III - 76)

'വേശ്യാത്തൊഴിൽ ഇപ്പോൾ കേരളത്തിൽ തഴച്ചുവളരുന്നു. പലപ്രകാരത്തിലുള്ള പുണ്യകർമ്മങ്ങൾ കൊണ്ടു സിദ്ധിക്കാവുന്ന മഹാഭാഗ്യമാണ് അത്' എന്നാണ് മറ്റൊരുപദേശം. ദേവദാസികൾ മനുഷ്യവിഭവവികസനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. പെൺകുട്ടികൾ ജനിക്കുന്നത് മഹാഭാഗ്യമായി അവർ എണ്ണി. കഴിയുന്നതും നേരത്തേ അവരെ തൊഴിലിൽ പ്രവേശിപ്പിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. 'ധാത്രീകരാംബുജധൃതാ കമനീയലീലാ..' എന്നു തുടങ്ങുന്ന ശ്ലോകം (II - 34) ഒരു ശിശുവിനെയാണോ വർണ്ണിക്കുന്നതെന്ന് നാം സംശയിച്ചുപോകും. 'ഭാവിയിൽ കാമലീലയിൽ പാടവം സമ്പാദിക്കുന്നതിനുവേണ്ടി തേടുന്ന ഒരു ചെറിയ പരിശീലനമെന്നപോലെ കമനീയലീലയായ മേദിനീവെണ്ണിലാവ് ആയയുടെ കയ്യിലിരുന്ന് കൈകാലുകൾ എല്ലായ്പ്പോഴും കുടഞ്ഞുകൊണ്ടിരുന്നു' എന്നാണതിന്റെ അർത്ഥം. 'നാലഞ്ചുപത്തു ദിവസേഷു..' എന്ന ശ്ലോകം (II - 41) പറയുന്നത് 'ജനിച്ച് ഒരാഴ്ചപോലും കഴിയുന്നതിനുമുമ്പേ യുവാക്കന്മാരുടെ നേത്രങ്ങൾക്ക് അവൾ ഭ്രമം ഉണ്ടാക്കി' എന്നാണ്!

ഇളംകുളം കുഞ്ഞൻപിള്ളയുടെ വ്യാഖ്യാനശൈലി സഭ്യതയുടെ അതിർവരമ്പുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ളതായതിനാൽ ചില ഭാഗങ്ങളിൽ ശ്ലോകത്തിന്റെ മുഴുവനായ അർത്ഥം ഗ്രഹിക്കാൻ വായനക്കാർ ബുദ്ധിമുട്ടും. എങ്കിലും അതിന്റെ ഫലമായി ജനസാമാന്യത്തിന്റെ മുന്നിൽ സങ്കോചമില്ലാതെ ഒരു മണിപ്രവാളകൃതി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. ഗൗരവക്കാരനായ ഒരു കോളേജ് അദ്ധ്യാപകൻ എന്ന പ്രതിച്ഛായയെ മറികടന്ന് നർമ്മരസം തുളുമ്പുന്ന നിരവധി നിരീക്ഷണങ്ങൾ അദ്ദേഹം ഈ കൃതിയിൽ നടത്തുന്നു. 'അറിവുടയ ജരൽപ്രവ്രാജികാഭിഃ സമേതാ..' എന്നാരംഭിക്കുന്ന ശ്ലോകം എടുക്കുക. 'അറിവുള്ള വൃദ്ധസന്യാസിനികളോടു ചേർന്ന് പെൺകുട്ടി ജനിക്കാൻ കർമ്മങ്ങൾ ചെയ്യുന്നു' എന്നാണ് വാച്യാർത്ഥം. വൃദ്ധസന്യാസിനികൾ എന്നുദ്ദേശിക്കുന്നത് 'പെൻഷൻ പറ്റിയ ദേവദാസികളായിരിക്കണം' എന്നാണ് ഇളംകുളം ഊഹിക്കുന്നത്. മറ്റൊന്ന് 'ഭൂലോകപാലസഹിതാ വിജഹാരബാലാ / നാനാവിധാസു രതിതന്ത്രപരമ്പരാസു..' (II - 103) എന്ന ശ്ലോകം. കെട്ടുകല്യാണം കഴിഞ്ഞ അന്നുതന്നെ ആഘോഷങ്ങൾ അവസാനിച്ചപ്പോൾ 'അവിടെ കൂട്ടംകൂടി നിന്നിരുന്ന മഹാജനങ്ങളിൽനിന്ന് രാജാക്കന്മാരെയെല്ലാം അവൾ അകത്തേക്കുവിളിച്ചു' എന്ന് അർത്ഥം. ശ്ലോകവുമായി തട്ടിച്ചുനോക്കിയാൽ സെൻസർ ചെയ്ത അർത്ഥമാണിതെന്നു കാണാൻ കഴിയും.  അതിനുപുറമേ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: 'മറ്റുള്ളവരുടെ കാര്യം പറയുന്നില്ല. പിറകേ അവരേയും വിളിച്ചിരിക്കാം'. 'ഇതരജനമശേഷം മേദിനീചന്ദ്രികേ നീ / ജയ ജയ! പുനരിത്ഥം വാദിഷു പ്രീതിപൂർവം' എന്ന ഭാഗം വ്യാഖ്യാനിക്കുന്നത് 'പാടാനും കവിതയുണ്ടാക്കാനും അറിഞ്ഞുകൂടാത്തവർ സന്തോഷംകൊണ്ടു മതിമറന്ന് ചിയേഴ്‌സ് വിളിച്ചുകൊണ്ടിരിക്കവേ' എന്നാണ്.

ഇതുപോലൊരാവശ്യത്തിനുവേണ്ടി രചിച്ചതാണെങ്കിലും ആ കൂരിരുട്ടിലും ഏതാനും ചില പ്രകാശസ്രോതസ്സുകൾ കാണാം. 'കളത്രദ്വയമഖിലജനാനാമാത്മതാപായ നൂനം' (രണ്ടു ഭാര്യമാർ ആർക്കും മനോവേദനയുണ്ടാക്കുന്നു) എന്നും ചന്ദ്രോത്സവകാരൻ മനസ്സിലാക്കുന്നു. ഈ കൃതിയിൽ പ്രകടമായും കാണപ്പെടുന്ന അതിശയോക്തി വ്യാഖ്യാനകാരൻ വേണ്ടത്ര കണക്കിലെടുക്കാതെ 'സർവത്ര കുഴപ്പമായിരുന്നു' എന്നു വാദിക്കുന്നത് സൂക്ഷ്മതക്കുറവാണ്. എന്നാലും സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിരുന്ന ധാർമികച്യുതി ഒരു യാഥാർഥ്യം തന്നെയായിരുന്നു. വ്യാപകമായ അസാന്മാർഗികത മറ്റു സമുദായങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയ ഘട്ടത്തിലാണ് തുഞ്ചത്തെഴുത്തച്ഛന്റെ രംഗപ്രവേശം. മണിപ്രവാളകാവ്യങ്ങൾ ഉരുവിട്ടുകൊണ്ടുനടക്കുകയല്ല ജീവിതലക്ഷ്യമെന്നൊരു തോന്നൽ നമ്പൂതിരിമാരിൽപ്പോലും ഉളവാക്കാൻ അദ്ദേഹത്തിനായി. അഗാധമായ നാശഗർത്തത്തിൽ പതിക്കാൻ പോയ കേരളസമുദായത്തെ രക്ഷിച്ച ആ മാന്ത്രികശക്തി അത്ഭുതാവഹമാണെന്ന് ഇളംകുളം രേഖപ്പെടുത്തുന്നു.

അല്പം പുച്ഛം കലർന്ന പരിഹാസമാണ് ഇളംകുളം കൃതിയിലുടനീളം പുലർത്തുന്നത്. ദേവദാസികളുടെ ചൊല്പടിയിലും രക്ഷാകർത്തൃത്വത്തിലും കഴിഞ്ഞിരുന്ന അജ്ഞാതനായ ഒരു കവിയാണല്ലോ ഇതിന്റെ നിർമാതാവ്. സർവ്വകലാശാലകൾ ഉണ്ടാകുന്നതിനും അതിൽ പ്രൊഫസർമാർക്ക് ജോലി ലഭിക്കുന്നതിനുംമുമ്പ് പണ്ഡിതരേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിച്ചിരുന്നത് സമൂഹത്തിലെ ധനികർ മാത്രമായിരുന്നു. ഒരുപക്ഷേ ഇളംകുളം അന്നാണ് ജീവിച്ചിരുന്നതെങ്കിൽ ഇതിലെ പ്രതിപാദ്യവിഷയത്തെ പ്രശംസിച്ചും പ്രകീർത്തിച്ചും എഴുതുമായിരുന്നേനെ. ദേവദാസി എന്നതിനുപകരം ഒട്ടുമിക്കയിടങ്ങളിലും വേശ്യ എന്നാണദ്ദേഹം ഉപയോഗിക്കുന്നത്. ഇതൊരല്പം ക്രൂരമാണെന്നു പറയാതെ വയ്യ. പ്രത്യേകിച്ചും വൈശികതന്ത്രം എന്ന മറ്റൊരു മണിപ്രവാളകൃതിയിൽ മുതിർന്ന ഒരു ഗണികസ്ത്രീ ഇളമുറക്കാരിക്ക് നൽകുന്ന ഉപദേശം വായിക്കുമ്പോൾ. അതിങ്ങനെ:
 
താരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാർജ്ജിതേന മുതൽകൊണ്ടു കടക്കവേണ്ടും
വാർദ്ധക്യമെന്മതൊരു വൻകടലുണ്ടു മുമ്പിൽ
     
ശ്ലോകങ്ങളുടെ പൂർണ്ണമായ അർത്ഥം ചിലയിടങ്ങളിൽ നൽകാത്തതുമൂലം ഒരുവിധം നല്ല ഭാഷാവ്യുല്പത്തി ഉള്ളവർക്കേ ഇതു മുഴുവനായി ആസ്വദിക്കാനാവൂ. കൃതിക്ക് നൽകിയിരിക്കുന്ന മുഖവുര തീരെ ഹൃസ്വവും ആഖ്യാനവിഷയം വിശദീകരിക്കാത്തതുമാണ്. ശ്ലോകങ്ങൾ വായിച്ച് അർത്ഥം ഗ്രഹിച്ചുവേണം വായനക്കാർ പ്രതിപാദ്യവിഷയം മനസ്സിലാക്കേണ്ടത്. നിരവധി നല്ല പദ്യങ്ങൾ ഇതിൽ കാണാം, ഒപ്പം തന്നെ കൗതുകമാർന്നതും. രണ്ടാംഭാഗത്തിലെ 104 മുതൽ 109 വരെയുള്ള ശ്ലോകങ്ങളിൽ ആറ് ഋതുക്കളിലും ദേവദാസികൾ എങ്ങനെ തങ്ങളുടെ തൊഴിലിൽ ഏർപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഭാഗം അത്തരത്തിൽ ഒന്നാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Chandrothsavam'
Interpreter: Elamkulam P. N. Kunjan Pillai
Publisher: SPCS, 2016 (First published 1962)
ISBN: 978000030632
Pages: 176
 
 

Monday, December 12, 2022

പത്രക്കാർ പറയാത്ത കഥകൾ

ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്ര-മാദ്ധ്യമങ്ങൾ. ദൃശ്യമാദ്ധ്യമങ്ങളുടെ ഉയർന്ന തോതിലുള്ള വളർച്ച കേരളത്തിലെ പത്രങ്ങളെ തളർത്തിയില്ല. പല പ്രമുഖപത്രങ്ങളും ദൃശ്യമാദ്ധ്യമരംഗത്തേക്കും കടന്നുചെല്ലുകയാണുണ്ടായത്. ഒപ്പംതന്നെ പത്രപ്രവർത്തകർ എന്ന വിഭാഗം ദൃശ്യമാദ്ധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊണ്ടുകൊണ്ട് വളർന്നു. പക്ഷേ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങൾക്കനുസരിച്ച് വാർത്തകളെ ഇല്ലാതാക്കിയോ വളച്ചൊടിച്ചോ അവതരിപ്പിക്കുന്നതിൽ അവർ വ്യാപൃതരായപ്പോൾ പ്രേക്ഷകർ ഇന്റർനെറ്റ് മുതലായ നവമാദ്ധ്യമങ്ങളെ ആശ്രയിക്കാൻ തുടങ്ങി. നാലോ അഞ്ചോ സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ വായിച്ച് അവയിൽനിന്ന് പലതും ഒഴിവാക്കി ഏതാണ് കൂടുതൽ സംഭവ്യമായത് എന്നു വിശകലനം ചെയ്‌താൽ മാത്രമേ സത്യം എന്തെന്ന് ധരിക്കാനാകൂ എന്ന സ്ഥിതിയിലാണ് നമ്മളിപ്പോൾ. ഒരാൾക്ക് ബൗദ്ധികമായ പ്രായപൂർത്തിയാകുന്നത് മാദ്ധ്യമവാർത്തകളെ ലേശം സംശയദൃഷ്ടിയോടെ മാത്രം കാണുന്ന ഘട്ടത്തിലാണ്. എന്നാൽ ഭൗതികമായ സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഒരു കാലഘട്ടം കടന്നാണ് പത്രപ്രവർത്തനം ഇന്നത്തെ തലത്തിലേക്കെത്തിയത്. എറണാകുളം പ്രസ് ക്ലബ് മന്ദിരത്തിന്റെ നിർമ്മാണത്തിനിടയാക്കിയ സാഹചര്യം തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം. ഇന്ത്യയിലാദ്യമായി പത്രപ്രവർത്തകസംഘടന സ്വന്തമായി നിർമ്മിച്ച പ്രസ് ക്ലബ്ബിന്റെ ചരിത്രമാണ് ഈ പേജുകളിൽ നിറയുന്നത്. ആലുവയിലെ ഒരു പത്രപ്രവർത്തക കുടുംബാംഗമായ പി. ഏ. മെഹബൂബ് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും 'ചന്ദ്രിക' പത്രത്തിന്റെ വാർത്താ എഡിറ്ററുമായും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.

തിരു-കൊച്ചി സംയോജനത്തോടെ അതുവരെ രാജ്യതലസ്ഥാനമായിരുന്ന എറണാകുളം വെറുമൊരു താലൂക്ക് ആസ്ഥാനം മാത്രമായി തരംതാഴ്‌ന്നു (കണയന്നൂർ). നഗരം തൃശൂർ ജില്ലയുടെ ഭാഗമായിരുന്നു. വ്യവസായ-വാണിജ്യ താല്പര്യങ്ങളുടെ ഉയർച്ചയാണ് പിന്നീട് തൃശൂർ ജില്ലയെ വിഭജിച്ച് എറണാകുളം ജില്ല രൂപീകരിക്കാനിടയാക്കിയത്. പത്രപ്രവർത്തകർ ഇതിനാവശ്യമായ പൊതുജനാഭിപ്രായം കരുപ്പിടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 60-കളുടെ അവസാനത്തോടെ നിരവധി പത്രങ്ങളുടെ പ്രതിനിധികളായ പത്രപ്രവർത്തകർക്ക് പരസ്പരം ആശയങ്ങൾ കൈമാറുന്നതിനും വാർത്തകൾ പങ്കുവെയ്ക്കുന്നതിനും വിശ്രമത്തിനും മറ്റുമായി ഒരു സ്ഥിരം സംവിധാനം വേണമെന്ന ആഗ്രഹം ജനിച്ചു. കേരളം രാഷ്ട്രപതിഭരണത്തിലായിരുന്ന ആ ഘട്ടത്തിൽ ഗവർണർ ഭഗവൻ സഹായ് എറണാകുളത്തെ പി.ഡബ്ള്യു.ഡി അതിഥിമന്ദിരത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ കാർഷെഡ് നിന്നിരുന്ന മൂന്നു സെന്റ് സ്ഥലം ആദ്യം പാട്ടത്തിനും പിന്നീട് തീറായും പത്രപ്രവർത്തകയൂണിയന് അനുവദിച്ചുകൊടുത്തു. മന്ദിരം നിർമ്മിക്കുന്നതിന് ധനശേഖരണാർത്ഥം ഒരു രൂപാ ലോട്ടറി തുടങ്ങാനും അനുവാദം കിട്ടി. സർക്കാർ സഹായമില്ലാതെയാണ് മന്ദിരം പണിതതെന്ന് പലതവണ വീമ്പുപറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്വാധീനഫലമായി പോലീസ് സഹായം പത്രക്കാർക്ക് നിർലോഭം ലഭിച്ചിരുന്നു. സുഹൃത്തായ ജില്ലാ പോലീസ് മേധാവിയുടെ സ്വകാര്യവാഹനത്തിൽ ചുറ്റിക്കറങ്ങി ലോട്ടറി ടിക്കറ്റ് വിറ്റിരുന്ന പ്രവർത്തകരും ഉണ്ടായിരുന്നു.

അധികാരസ്ഥാനങ്ങളെ മുഖം നോക്കാതെ വിമർശിക്കേണ്ടവരാണ് പത്രപ്രവർത്തകർ. നീതിദേവതയുടെ നേത്രങ്ങളെ മൂടുന്ന കറുത്ത തുണി പത്രങ്ങൾക്കും ഒരു പരിധിവരെ ബാധകമാണ്. എന്നാൽ മന്ത്രിമാരുമായും രാഷ്ട്രീയനേതാക്കളുമായും അടുത്ത സൗഹൃദം എല്ലാവരും സൂക്ഷിക്കുന്നുവെന്നുമാത്രമല്ല, ആ ബന്ധം ഉപയോഗിച്ച് യൂണിയനും പ്രസ്സ് ക്ലബ്ബിനും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനും ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ കൃതിയിലുണ്ട്. അതു സ്വകാര്യലാഭത്തിനല്ലല്ലോ എന്നു വാദിച്ചേക്കാമെങ്കിലും സ്വകാര്യലാഭമുണ്ടാക്കിയവർ അതു പുറത്തുപറയില്ലല്ലോ എന്ന മറുവാദത്തിനുമുന്നിൽ അത് നിഷ്പ്രഭമാകും. പ്രസ് ക്ലബ് ഗ്രന്ഥശാലയ്ക്ക് സർക്കാർ ഗ്രാന്റ് ലഭിക്കുന്നു. ക്ലബ് നിരവധി വാർഷികങ്ങൾ മന്ത്രിമാരെ വരുത്തി ആഘോഷിച്ചിട്ടുണ്ട്. സാധാരണയായി ആരും കൊണ്ടാടാത്ത നാല്പതാം വാർഷികം പോലും റൂബി ജൂബിലി എന്ന പേരിൽ ഒരു വർഷത്തെ ചടങ്ങുകളോടെ പ്രസ് ക്ലബ് ആഘോഷിച്ചു. എന്തിന്, തറക്കല്ലിട്ടതിന്റെ അൻപതാം വാർഷികം പോലും സമുചിതമായി ആഘോഷിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുപോലും പത്രക്കാർ തങ്ങളുടെ കാര്യം നടത്തിയിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റായിരുന്ന ഏ. പി. വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസ്സിന്റെ മാനേജരായപ്പോൾ മലബാറിലേക്കുള്ള പത്രങ്ങൾ അന്ന് കൊച്ചി ഹാർബറിൽനിന്ന് പുറപ്പെട്ടിരുന്ന മലബാർ എക്സ്പ്രസ് തീവണ്ടിയിലാണ് അയച്ചിരുന്നത്. ഓരോരോ കാരണത്താൽ അച്ചടി വൈകിയാൽ തീവണ്ടിയുടെ പുറപ്പെടലും വൈകിപ്പിക്കുമായിരുന്നത്രേ! ആദ്യം ടെർമിനസിൽനിന്ന് പുറപ്പെടുന്നതു വൈകിക്കും. പിന്നീട് ഓരോ സ്റ്റേഷനിലും പിടിച്ചിടുവിക്കും. ഒടുവിൽ പത്രക്കെട്ടുകളുമായി വാഹനം എത്തിയാൽ മാത്രമേ തീവണ്ടി തടസ്സമില്ലാതെ ഓടുകയുള്ളൂ. ഇതൊരഭിമാനകരമായ കൃത്യം പോലെയാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

ജനാധിപത്യത്തിൽ പത്രങ്ങളുടെ കടമ വളരെ മഹത്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. എന്നിരുന്നാലും ആ കൃത്യം നിർവഹിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം പത്രമുടമയായ മുതലാളിക്കാണോ അതോ ആ പത്രത്തിൽ വേതനം പറ്റി ജോലിചെയ്യുന്ന പത്രപ്രവർത്തകർക്കാണോ എന്ന സംശയം ഈ പുസ്തകം വായിക്കുന്നവർക്ക് തോന്നും. പത്രമാനേജ്‌മെന്റിനെതിരെ സ്ഥാപനം അടച്ചിട്ടുപോലും നടത്തുന്ന സമരങ്ങൾ അക്കാലങ്ങളിൽ (1960-70) സുലഭമായിരുന്നുവെന്നു തോന്നുന്നു. അടിയന്തരാവസ്ഥ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിർത്തലാക്കി, പത്രങ്ങൾ കർശനമായ സെൻസറിംഗിന് വിധേയമായി. ഭരണകൂടത്തെ പ്രശംസിച്ചുള്ള വാർത്തകൾ മാത്രം അനുവദിക്കപ്പെട്ടിരുന്ന കാലം. എന്നാൽ അപ്പോൾപ്പോലും കേരളത്തിലെ പത്രപ്രവർത്തകസംഘടനയായ KUWJ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിലൂടെ പത്രമുതലാളിമാർക്ക് വീണ്ടും മൂക്കുകയറിടാനുള്ള ശ്രമമായിരുന്നു നടത്തിയത്. അടിയന്തരാവസ്ഥയുടെ സവിശേഷ അധികാരങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെ ഉടമാവകാശം വികേന്ദ്രീകരിക്കണമെന്നും പത്രങ്ങളും മറ്റു വ്യവസായങ്ങളുമായുള്ള ബന്ധം വേർപെടുത്തണമെന്നും അവർ സർക്കാരിനോട് യാചിച്ചു. എങ്കിലും ആദർശനിരതരായ പ്രവർത്തകരേയും ഇതിൽ കാണാം. 1968-ൽ പ്രസ് ക്ലബ് മന്ദിരം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉത്‌ഘാടനം ചെയ്യാനെത്തിയപ്പോൾ അവരെ സ്വീകരിച്ച പ്രസ് ക്ലബ് സെക്രട്ടറി പി. രാജൻ അടിയന്തരാവസ്ഥയെ എതിർത്തതിന് തടവിലാക്കപ്പെട്ടു. 'ഇന്ദിരയുടെ അടിയന്തിരം' എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതിനായിരുന്നു അത്.

പത്രക്കാർ നിർലോപം സർക്കാർ സഹായം സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാൽ സമൃദ്ധമാണ് ഈ ഗ്രന്ഥം. അതെല്ലാം നിർലജ്ജം സ്വീകരിച്ചതുവഴി ഇവർ പത്രധർമ്മത്തെ വാനോളമുയർത്തുകയാണോ ചെയ്യുന്നത്? പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി ഗവർണർ അനുവദിച്ചത് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൂടാതെ കേരള പ്രസ് അക്കാദമി മന്ദിരം കാക്കനാട്ട് നിർമ്മിക്കുന്നതിന് സർക്കാർ വക മൂന്നേക്കർ ഭൂമി നല്കിയതുകൂടാതെ 51 ലക്ഷം രൂപയും അനുവദിച്ചുകൊടുത്തു. പ്രസ് ക്ലബ്ബിനോട് ചേർന്നുകിടന്ന മൂന്നര സെന്റ് സ്ഥലം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ 2011-ൽ അനുവദിച്ചുനൽകി. മാത്രവുമല്ല, 1980-ൽ അഖിലേന്ത്യാ പത്രപ്രവർത്തക ഫെഡറേഷന്റെ പ്ലീനറി സമ്മേളനം കൊച്ചിയിൽ നടത്തിയപ്പോൾ ഒരു ലക്ഷം രൂപയാണ് മന്ത്രിസഭ പ്രത്യേകതീരുമാനമെടുത്തു നൽകിയത്. പത്രക്കാർ ചോദിക്കുമ്പോൾ 'ഇല്ല' എന്നു പറയാനുള്ള ധൈര്യം ഏതു രാഷ്ട്രീയക്കാരനാണുള്ളത്? കുഞ്ഞാലിക്കുട്ടി ഐസ് ക്രീം പാർലർ വിഷയത്തിൽ പ്രതിഷേധം നേരിട്ടുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ പാർട്ടിക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ ചില മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുണ്ടായി. ഇതിനു പ്രതികാരമെന്നോണം എറണാകുളത്തെ മാദ്ധ്യമപ്രവർത്തകർ ലെ മെറിഡിയൻ ഹോട്ടലിൽ താമസിച്ചിരുന്ന കുഞ്ഞാലിക്കുട്ടി പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ തലയിൽ ഒരു കറുത്ത തൂവാല അണിയിച്ചു. എന്നാൽ അതിനുശേഷം കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായപ്പോൾ പ്രസ് ക്ലബ് മീഡിയ ഹാൾ നവീകരണത്തിനുള്ള സർക്കാർ സഹായം അദ്ദേഹത്തിന്റെ കയ്യിൽനിന്ന് യാതൊരു ജാള്യവും കൂടാതെ പത്രക്കാർ സ്വീകരിച്ചു.

പ്രസിദ്ധസാഹിത്യകാരിയായ മാധവിക്കുട്ടി കമലാ സുരയ്യ എന്ന പേരു സ്വീകരിച്ച് ഇസ്ളാമിലേക്ക് മതം മാറിയത് 1999-ൽ ജനശ്രദ്ധയാർജ്ജിച്ച ഒരു സംഭവമായിരുന്നു. ഈ മതം മാറ്റം ഇസ്ളാമിന്റെ വിജയമാണെന്ന മട്ടിൽ മതമൗലികവാദികൾ സുരയ്യയെ ഒരു ട്രോഫിയെന്ന പോലെ നാടെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ലേഖകനായ ഗ്രന്ഥകാരനായിരുന്നു സുരയ്യയുടെ യാത്രകളുടെ ഏകോപനച്ചുമതല. അത്തരമൊരു കോഴിക്കോട് യാത്രയെക്കുറിച്ചും അവിടെ ലീഗിന്റെ വനിതാപ്രവർത്തകരെ അവർ അഭിസംബോധന ചെയ്തതും മെഹബൂബ് ആവേശപൂർവ്വം പ്രത്യേകം പരാമർശിക്കുന്നുണ്ട്. യാത്രയിൽ മെർലിൻ എന്ന കനേഡിയൻ എഴുത്തുകാരിയും കൂടെ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, മെറിലി വെയ്‌സ്‌ബോഡ് (Merrily Weisbord) എന്ന ആ എഴുത്തുകാരിയുടെ 'The Love Queen of Malabar' എന്ന സുരയ്യയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിലും ഈ യാത്രയുടെ സൂചനകളുണ്ട്. മെഹബൂബിനെ അബ്ദുൽ ഖാദർ എന്ന പത്രപ്രവർത്തകനായിട്ടാണ് അതിൽ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, സുരയ്യ അർദ്ധമനസ്സോടെയാണ് അതിൽ സംബന്ധിച്ചതെന്നും പറയുന്നു. ഒടുവിൽ കാസർകോട്ട് ഒരു യോഗത്തിൽ കൂടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അവർ കർക്കശമായിത്തന്നെ പറ്റില്ലെന്നു പറഞ്ഞു മടങ്ങി. ഇസ്ലാമിന്റെ മഹത്തായ ആശയങ്ങളിൽ മയങ്ങിയാണ് സുരയ്യ ഇസ്ലാം സ്വീകരിച്ചതെന്ന് മെഹബൂബ് അവകാശപ്പെടുമ്പോൾ വെയ്‌സ്‌ബോഡ് രേഖപ്പെടുത്തുന്നത് ലീഗിന്റെ ഒരു ഉന്നത നേതാവ് പ്രേമം നടിച്ച് വിവാഹത്തിന്റെ മുന്നുപാധി എന്ന നിലയിൽ അവരെ മതം മാറ്റുകയായിരുന്നുവെന്നാണ്.

ഗ്രന്ഥകാരൻ സ്വയം രചിച്ച ഏതാനും ചില അദ്ധ്യായങ്ങളേ ഈ പുസ്തകത്തിലുള്ളൂ. ബാക്കിയെല്ലാം പ്രസ് ക്ലബ്ബിന്റെ പഴയ സുവനീറുകളിൽനിന്ന് എടുത്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ധ്യായങ്ങൾ തമ്മിൽ തുടർച്ചയോ പരസ്പരബന്ധമോ ഒരിടത്തും ഇല്ല. ഒപ്പം തന്നെ ഒരേ കാര്യം നിരന്തരമായി ആവർത്തിച്ചിരിക്കുന്നതും കാണാം. ചില ഭാഗങ്ങളിലെങ്കിലും തങ്ങൾ പ്രകടിപ്പിക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ അർത്ഥസംശയമില്ലാതെ അവതരിപ്പിക്കുന്നതിനു പറ്റിയ വാചകഘടന നടത്താൻപോലും സാധിക്കാതെ ചില 'പ്രമുഖ' പത്രപ്രവർത്തകർ ബുദ്ധിമുട്ടുന്നതും കാണാം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pathrakkar Parayatha Kathakal' by P. A. Mehboob
Publisher: Pranatha Books, 2021 (First)
ISBN: 9788194793182
Pages: 370