Monday, December 12, 2022

പത്രക്കാർ പറയാത്ത കഥകൾ

ജനാധിപത്യത്തിന്റെ നാലാം തൂണാണ് പത്ര-മാദ്ധ്യമങ്ങൾ. ദൃശ്യമാദ്ധ്യമങ്ങളുടെ ഉയർന്ന തോതിലുള്ള വളർച്ച കേരളത്തിലെ പത്രങ്ങളെ തളർത്തിയില്ല. പല പ്രമുഖപത്രങ്ങളും ദൃശ്യമാദ്ധ്യമരംഗത്തേക്കും കടന്നുചെല്ലുകയാണുണ്ടായത്. ഒപ്പംതന്നെ പത്രപ്രവർത്തകർ എന്ന വിഭാഗം ദൃശ്യമാദ്ധ്യമപ്രവർത്തകരെക്കൂടി ഉൾക്കൊണ്ടുകൊണ്ട് വളർന്നു. പക്ഷേ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ രാഷ്ട്രീയതാല്പര്യങ്ങൾക്കനുസരിച്ച് വാർത്തകളെ ഇല്ലാതാക്കിയോ വളച്ചൊടിച്ചോ അവതരിപ്പിക്കുന്നതിൽ അവർ വ്യാപൃതരായപ്പോൾ പ്രേക്ഷകർ ഇന്റർനെറ്റ് മുതലായ നവമാദ്ധ്യമങ്ങളെ ആശ്രയിക്കാൻ തുടങ്ങി. നാലോ അഞ്ചോ സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ വായിച്ച് അവയിൽനിന്ന് പലതും ഒഴിവാക്കി ഏതാണ് കൂടുതൽ സംഭവ്യമായത് എന്നു വിശകലനം ചെയ്‌താൽ മാത്രമേ സത്യം എന്തെന്ന് ധരിക്കാനാകൂ എന്ന സ്ഥിതിയിലാണ് നമ്മളിപ്പോൾ. ഒരാൾക്ക് ബൗദ്ധികമായ പ്രായപൂർത്തിയാകുന്നത് മാദ്ധ്യമവാർത്തകളെ ലേശം സംശയദൃഷ്ടിയോടെ മാത്രം കാണുന്ന ഘട്ടത്തിലാണ്. എന്നാൽ ഭൗതികമായ സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന ഒരു കാലഘട്ടം കടന്നാണ് പത്രപ്രവർത്തനം ഇന്നത്തെ തലത്തിലേക്കെത്തിയത്. എറണാകുളം പ്രസ് ക്ലബ് മന്ദിരത്തിന്റെ നിർമ്മാണത്തിനിടയാക്കിയ സാഹചര്യം തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം. ഇന്ത്യയിലാദ്യമായി പത്രപ്രവർത്തകസംഘടന സ്വന്തമായി നിർമ്മിച്ച പ്രസ് ക്ലബ്ബിന്റെ ചരിത്രമാണ് ഈ പേജുകളിൽ നിറയുന്നത്. ആലുവയിലെ ഒരു പത്രപ്രവർത്തക കുടുംബാംഗമായ പി. ഏ. മെഹബൂബ് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും 'ചന്ദ്രിക' പത്രത്തിന്റെ വാർത്താ എഡിറ്ററുമായും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.

തിരു-കൊച്ചി സംയോജനത്തോടെ അതുവരെ രാജ്യതലസ്ഥാനമായിരുന്ന എറണാകുളം വെറുമൊരു താലൂക്ക് ആസ്ഥാനം മാത്രമായി തരംതാഴ്‌ന്നു (കണയന്നൂർ). നഗരം തൃശൂർ ജില്ലയുടെ ഭാഗമായിരുന്നു. വ്യവസായ-വാണിജ്യ താല്പര്യങ്ങളുടെ ഉയർച്ചയാണ് പിന്നീട് തൃശൂർ ജില്ലയെ വിഭജിച്ച് എറണാകുളം ജില്ല രൂപീകരിക്കാനിടയാക്കിയത്. പത്രപ്രവർത്തകർ ഇതിനാവശ്യമായ പൊതുജനാഭിപ്രായം കരുപ്പിടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 60-കളുടെ അവസാനത്തോടെ നിരവധി പത്രങ്ങളുടെ പ്രതിനിധികളായ പത്രപ്രവർത്തകർക്ക് പരസ്പരം ആശയങ്ങൾ കൈമാറുന്നതിനും വാർത്തകൾ പങ്കുവെയ്ക്കുന്നതിനും വിശ്രമത്തിനും മറ്റുമായി ഒരു സ്ഥിരം സംവിധാനം വേണമെന്ന ആഗ്രഹം ജനിച്ചു. കേരളം രാഷ്ട്രപതിഭരണത്തിലായിരുന്ന ആ ഘട്ടത്തിൽ ഗവർണർ ഭഗവൻ സഹായ് എറണാകുളത്തെ പി.ഡബ്ള്യു.ഡി അതിഥിമന്ദിരത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ കാർഷെഡ് നിന്നിരുന്ന മൂന്നു സെന്റ് സ്ഥലം ആദ്യം പാട്ടത്തിനും പിന്നീട് തീറായും പത്രപ്രവർത്തകയൂണിയന് അനുവദിച്ചുകൊടുത്തു. മന്ദിരം നിർമ്മിക്കുന്നതിന് ധനശേഖരണാർത്ഥം ഒരു രൂപാ ലോട്ടറി തുടങ്ങാനും അനുവാദം കിട്ടി. സർക്കാർ സഹായമില്ലാതെയാണ് മന്ദിരം പണിതതെന്ന് പലതവണ വീമ്പുപറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്വാധീനഫലമായി പോലീസ് സഹായം പത്രക്കാർക്ക് നിർലോഭം ലഭിച്ചിരുന്നു. സുഹൃത്തായ ജില്ലാ പോലീസ് മേധാവിയുടെ സ്വകാര്യവാഹനത്തിൽ ചുറ്റിക്കറങ്ങി ലോട്ടറി ടിക്കറ്റ് വിറ്റിരുന്ന പ്രവർത്തകരും ഉണ്ടായിരുന്നു.

അധികാരസ്ഥാനങ്ങളെ മുഖം നോക്കാതെ വിമർശിക്കേണ്ടവരാണ് പത്രപ്രവർത്തകർ. നീതിദേവതയുടെ നേത്രങ്ങളെ മൂടുന്ന കറുത്ത തുണി പത്രങ്ങൾക്കും ഒരു പരിധിവരെ ബാധകമാണ്. എന്നാൽ മന്ത്രിമാരുമായും രാഷ്ട്രീയനേതാക്കളുമായും അടുത്ത സൗഹൃദം എല്ലാവരും സൂക്ഷിക്കുന്നുവെന്നുമാത്രമല്ല, ആ ബന്ധം ഉപയോഗിച്ച് യൂണിയനും പ്രസ്സ് ക്ലബ്ബിനും പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കാനും ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ കൃതിയിലുണ്ട്. അതു സ്വകാര്യലാഭത്തിനല്ലല്ലോ എന്നു വാദിച്ചേക്കാമെങ്കിലും സ്വകാര്യലാഭമുണ്ടാക്കിയവർ അതു പുറത്തുപറയില്ലല്ലോ എന്ന മറുവാദത്തിനുമുന്നിൽ അത് നിഷ്പ്രഭമാകും. പ്രസ് ക്ലബ് ഗ്രന്ഥശാലയ്ക്ക് സർക്കാർ ഗ്രാന്റ് ലഭിക്കുന്നു. ക്ലബ് നിരവധി വാർഷികങ്ങൾ മന്ത്രിമാരെ വരുത്തി ആഘോഷിച്ചിട്ടുണ്ട്. സാധാരണയായി ആരും കൊണ്ടാടാത്ത നാല്പതാം വാർഷികം പോലും റൂബി ജൂബിലി എന്ന പേരിൽ ഒരു വർഷത്തെ ചടങ്ങുകളോടെ പ്രസ് ക്ലബ് ആഘോഷിച്ചു. എന്തിന്, തറക്കല്ലിട്ടതിന്റെ അൻപതാം വാർഷികം പോലും സമുചിതമായി ആഘോഷിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുപോലും പത്രക്കാർ തങ്ങളുടെ കാര്യം നടത്തിയിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റായിരുന്ന ഏ. പി. വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസ്സിന്റെ മാനേജരായപ്പോൾ മലബാറിലേക്കുള്ള പത്രങ്ങൾ അന്ന് കൊച്ചി ഹാർബറിൽനിന്ന് പുറപ്പെട്ടിരുന്ന മലബാർ എക്സ്പ്രസ് തീവണ്ടിയിലാണ് അയച്ചിരുന്നത്. ഓരോരോ കാരണത്താൽ അച്ചടി വൈകിയാൽ തീവണ്ടിയുടെ പുറപ്പെടലും വൈകിപ്പിക്കുമായിരുന്നത്രേ! ആദ്യം ടെർമിനസിൽനിന്ന് പുറപ്പെടുന്നതു വൈകിക്കും. പിന്നീട് ഓരോ സ്റ്റേഷനിലും പിടിച്ചിടുവിക്കും. ഒടുവിൽ പത്രക്കെട്ടുകളുമായി വാഹനം എത്തിയാൽ മാത്രമേ തീവണ്ടി തടസ്സമില്ലാതെ ഓടുകയുള്ളൂ. ഇതൊരഭിമാനകരമായ കൃത്യം പോലെയാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

ജനാധിപത്യത്തിൽ പത്രങ്ങളുടെ കടമ വളരെ മഹത്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. എന്നിരുന്നാലും ആ കൃത്യം നിർവഹിക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം പത്രമുടമയായ മുതലാളിക്കാണോ അതോ ആ പത്രത്തിൽ വേതനം പറ്റി ജോലിചെയ്യുന്ന പത്രപ്രവർത്തകർക്കാണോ എന്ന സംശയം ഈ പുസ്തകം വായിക്കുന്നവർക്ക് തോന്നും. പത്രമാനേജ്‌മെന്റിനെതിരെ സ്ഥാപനം അടച്ചിട്ടുപോലും നടത്തുന്ന സമരങ്ങൾ അക്കാലങ്ങളിൽ (1960-70) സുലഭമായിരുന്നുവെന്നു തോന്നുന്നു. അടിയന്തരാവസ്ഥ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിർത്തലാക്കി, പത്രങ്ങൾ കർശനമായ സെൻസറിംഗിന് വിധേയമായി. ഭരണകൂടത്തെ പ്രശംസിച്ചുള്ള വാർത്തകൾ മാത്രം അനുവദിക്കപ്പെട്ടിരുന്ന കാലം. എന്നാൽ അപ്പോൾപ്പോലും കേരളത്തിലെ പത്രപ്രവർത്തകസംഘടനയായ KUWJ മന്ത്രിമാർക്ക് നൽകിയ നിവേദനത്തിലൂടെ പത്രമുതലാളിമാർക്ക് വീണ്ടും മൂക്കുകയറിടാനുള്ള ശ്രമമായിരുന്നു നടത്തിയത്. അടിയന്തരാവസ്ഥയുടെ സവിശേഷ അധികാരങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെ ഉടമാവകാശം വികേന്ദ്രീകരിക്കണമെന്നും പത്രങ്ങളും മറ്റു വ്യവസായങ്ങളുമായുള്ള ബന്ധം വേർപെടുത്തണമെന്നും അവർ സർക്കാരിനോട് യാചിച്ചു. എങ്കിലും ആദർശനിരതരായ പ്രവർത്തകരേയും ഇതിൽ കാണാം. 1968-ൽ പ്രസ് ക്ലബ് മന്ദിരം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഉത്‌ഘാടനം ചെയ്യാനെത്തിയപ്പോൾ അവരെ സ്വീകരിച്ച പ്രസ് ക്ലബ് സെക്രട്ടറി പി. രാജൻ അടിയന്തരാവസ്ഥയെ എതിർത്തതിന് തടവിലാക്കപ്പെട്ടു. 'ഇന്ദിരയുടെ അടിയന്തിരം' എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതിനായിരുന്നു അത്.

പത്രക്കാർ നിർലോപം സർക്കാർ സഹായം സ്വീകരിക്കുന്നതിന്റെ ഉദാഹരണങ്ങളാൽ സമൃദ്ധമാണ് ഈ ഗ്രന്ഥം. അതെല്ലാം നിർലജ്ജം സ്വീകരിച്ചതുവഴി ഇവർ പത്രധർമ്മത്തെ വാനോളമുയർത്തുകയാണോ ചെയ്യുന്നത്? പ്രസ് ക്ലബ് മന്ദിരത്തിന്റെ ഭൂമി ഗവർണർ അനുവദിച്ചത് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൂടാതെ കേരള പ്രസ് അക്കാദമി മന്ദിരം കാക്കനാട്ട് നിർമ്മിക്കുന്നതിന് സർക്കാർ വക മൂന്നേക്കർ ഭൂമി നല്കിയതുകൂടാതെ 51 ലക്ഷം രൂപയും അനുവദിച്ചുകൊടുത്തു. പ്രസ് ക്ലബ്ബിനോട് ചേർന്നുകിടന്ന മൂന്നര സെന്റ് സ്ഥലം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ 2011-ൽ അനുവദിച്ചുനൽകി. മാത്രവുമല്ല, 1980-ൽ അഖിലേന്ത്യാ പത്രപ്രവർത്തക ഫെഡറേഷന്റെ പ്ലീനറി സമ്മേളനം കൊച്ചിയിൽ നടത്തിയപ്പോൾ ഒരു ലക്ഷം രൂപയാണ് മന്ത്രിസഭ പ്രത്യേകതീരുമാനമെടുത്തു നൽകിയത്. പത്രക്കാർ ചോദിക്കുമ്പോൾ 'ഇല്ല' എന്നു പറയാനുള്ള ധൈര്യം ഏതു രാഷ്ട്രീയക്കാരനാണുള്ളത്? കുഞ്ഞാലിക്കുട്ടി ഐസ് ക്രീം പാർലർ വിഷയത്തിൽ പ്രതിഷേധം നേരിട്ടുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ പാർട്ടിക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ ചില മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയുണ്ടായി. ഇതിനു പ്രതികാരമെന്നോണം എറണാകുളത്തെ മാദ്ധ്യമപ്രവർത്തകർ ലെ മെറിഡിയൻ ഹോട്ടലിൽ താമസിച്ചിരുന്ന കുഞ്ഞാലിക്കുട്ടി പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ തലയിൽ ഒരു കറുത്ത തൂവാല അണിയിച്ചു. എന്നാൽ അതിനുശേഷം കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായപ്പോൾ പ്രസ് ക്ലബ് മീഡിയ ഹാൾ നവീകരണത്തിനുള്ള സർക്കാർ സഹായം അദ്ദേഹത്തിന്റെ കയ്യിൽനിന്ന് യാതൊരു ജാള്യവും കൂടാതെ പത്രക്കാർ സ്വീകരിച്ചു.

പ്രസിദ്ധസാഹിത്യകാരിയായ മാധവിക്കുട്ടി കമലാ സുരയ്യ എന്ന പേരു സ്വീകരിച്ച് ഇസ്ളാമിലേക്ക് മതം മാറിയത് 1999-ൽ ജനശ്രദ്ധയാർജ്ജിച്ച ഒരു സംഭവമായിരുന്നു. ഈ മതം മാറ്റം ഇസ്ളാമിന്റെ വിജയമാണെന്ന മട്ടിൽ മതമൗലികവാദികൾ സുരയ്യയെ ഒരു ട്രോഫിയെന്ന പോലെ നാടെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ലേഖകനായ ഗ്രന്ഥകാരനായിരുന്നു സുരയ്യയുടെ യാത്രകളുടെ ഏകോപനച്ചുമതല. അത്തരമൊരു കോഴിക്കോട് യാത്രയെക്കുറിച്ചും അവിടെ ലീഗിന്റെ വനിതാപ്രവർത്തകരെ അവർ അഭിസംബോധന ചെയ്തതും മെഹബൂബ് ആവേശപൂർവ്വം പ്രത്യേകം പരാമർശിക്കുന്നുണ്ട്. യാത്രയിൽ മെർലിൻ എന്ന കനേഡിയൻ എഴുത്തുകാരിയും കൂടെ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, മെറിലി വെയ്‌സ്‌ബോഡ് (Merrily Weisbord) എന്ന ആ എഴുത്തുകാരിയുടെ 'The Love Queen of Malabar' എന്ന സുരയ്യയുടെ സ്മരണകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിലും ഈ യാത്രയുടെ സൂചനകളുണ്ട്. മെഹബൂബിനെ അബ്ദുൽ ഖാദർ എന്ന പത്രപ്രവർത്തകനായിട്ടാണ് അതിൽ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, സുരയ്യ അർദ്ധമനസ്സോടെയാണ് അതിൽ സംബന്ധിച്ചതെന്നും പറയുന്നു. ഒടുവിൽ കാസർകോട്ട് ഒരു യോഗത്തിൽ കൂടി പങ്കെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അവർ കർക്കശമായിത്തന്നെ പറ്റില്ലെന്നു പറഞ്ഞു മടങ്ങി. ഇസ്ലാമിന്റെ മഹത്തായ ആശയങ്ങളിൽ മയങ്ങിയാണ് സുരയ്യ ഇസ്ലാം സ്വീകരിച്ചതെന്ന് മെഹബൂബ് അവകാശപ്പെടുമ്പോൾ വെയ്‌സ്‌ബോഡ് രേഖപ്പെടുത്തുന്നത് ലീഗിന്റെ ഒരു ഉന്നത നേതാവ് പ്രേമം നടിച്ച് വിവാഹത്തിന്റെ മുന്നുപാധി എന്ന നിലയിൽ അവരെ മതം മാറ്റുകയായിരുന്നുവെന്നാണ്.

ഗ്രന്ഥകാരൻ സ്വയം രചിച്ച ഏതാനും ചില അദ്ധ്യായങ്ങളേ ഈ പുസ്തകത്തിലുള്ളൂ. ബാക്കിയെല്ലാം പ്രസ് ക്ലബ്ബിന്റെ പഴയ സുവനീറുകളിൽനിന്ന് എടുത്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ധ്യായങ്ങൾ തമ്മിൽ തുടർച്ചയോ പരസ്പരബന്ധമോ ഒരിടത്തും ഇല്ല. ഒപ്പം തന്നെ ഒരേ കാര്യം നിരന്തരമായി ആവർത്തിച്ചിരിക്കുന്നതും കാണാം. ചില ഭാഗങ്ങളിലെങ്കിലും തങ്ങൾ പ്രകടിപ്പിക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ അർത്ഥസംശയമില്ലാതെ അവതരിപ്പിക്കുന്നതിനു പറ്റിയ വാചകഘടന നടത്താൻപോലും സാധിക്കാതെ ചില 'പ്രമുഖ' പത്രപ്രവർത്തകർ ബുദ്ധിമുട്ടുന്നതും കാണാം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Pathrakkar Parayatha Kathakal' by P. A. Mehboob
Publisher: Pranatha Books, 2021 (First)
ISBN: 9788194793182
Pages: 370

 

No comments:

Post a Comment