Friday, August 25, 2023

ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാൻ

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കാവ്യസപര്യ മഹാകവി കുമാരനാശാന്റേതായിരിക്കാം. ഇന്നും ആ പ്രക്രിയ അനുസ്യൂതം തുടരുകയാണല്ലോ. ആശാന്റെ നൂറ്റിഅൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷം സംഘടിക്കപ്പെട്ട പല ചടങ്ങുകളിലും ആശാന്റെ പുതിയ വായനകൾ പ്രത്യക്ഷപ്പെട്ടു എന്ന വസ്തുത വിരൽ ചൂണ്ടുന്നതും അതിലേക്കാണ്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലെ ജാതിമേധാവിത്വത്തിനെതിരായ മുറവിളി അദ്ദേഹത്തെ നവോത്ഥാനകവികളുടെ നിരയിലേക്കുമുയർത്തി. എന്നാൽ ഇത്തരം ലളിതവൽക്കരണങ്ങൾ മാറ്റിനിർത്തിക്കൊണ്ട് ആശാന്റെ ജീവിതവും മറ്റു കൃതികളും മറ്റു പലവിധ രചനകളും പരിശോധിച്ചാൽ ഏതൊരു മനുഷ്യനിലുമെന്നപോലെ പല വൈരുദ്ധ്യങ്ങളും കാണാൻ കഴിയും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടലാണ് സാഹിത്യപ്രവർത്തനത്തിന്റെ കേവല അടയാളം എന്ന ധാരണ നിലനിൽക്കുന്ന നാട്ടിൽ ഓട്ടുകമ്പനി നടത്തി വ്യവസായിയാകാൻ ശ്രമിച്ച ആശാനെ എങ്ങനെ വിപ്ലവകാരികളുടെ ഗണത്തിൽ പെടുത്തും? മാത്രവുമല്ല, കൃതികളിലെ വിമതശബ്ദം സമുദായ-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൂടി ഓർക്കണം. രാജാധികാരത്തോട് ചേർന്നുനിന്നുകൊണ്ട് സ്വന്തം സമുദായത്തിന്റെ നന്മക്കുവേണ്ടി ആശാൻ അക്ഷീണം പ്രയത്നിച്ചു. കവിത്വത്തിന്റെ അംഗീകാരമെന്ന നിലയിൽ രാജ്യം സന്ദർശിച്ച വെയിൽസ്‌ രാജകുമാരനിൽനിന്ന് പട്ടും വളയും സ്വീകരിച്ചതിനെ ബ്രിട്ടീഷുകാരുടെ പാദസേവയായി വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റ് വാഗ്മികളുടെ വിപ്ലവ അഹന്തയും നാം കണ്ടിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ആശാന്റെ സാമ്പ്രദായിക ചിത്രീകരണത്തിൽനിന്നു വിഭിന്നമായി അദ്ദേഹം ഹിന്ദുത്വം കേരളത്തിൽ ഉറപ്പിച്ചയാളാണ് എന്ന അവകാശവാദവുമായി ഈ കൃതി രംഗത്തെത്തുന്നതും ഈ ലഘുരചന വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഗ്രന്ഥകാരനായ ശ്രീ. രാമചന്ദ്രൻ തൃപ്പൂണിത്തുറ സ്വദേശിയാണ്. എഴുത്തുകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈന്ദവ മതകാര്യങ്ങളിലും തത്വചിന്തയിലും ആശാന്റെ അദ്വിതീയമായ പാടവം വിലയിരുത്തിക്കൊണ്ടാണ് ആദ്യഭാഗം കടന്നുപോകുന്നത്. ആദിശങ്കരനെക്കുറിച്ച് അളവറ്റ ബഹുമാനം പുലർത്തിയ മഹാകവി ലോകഗുരു എന്നാണ് ശങ്കരനെ വിശേഷിപ്പിക്കുന്നത്. അദ്വൈതത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാൻ 1908-ൽ വേദാന്തമതം എന്ന ശീർഷകത്തിൽ ഒരു പ്രബന്ധം എഴുതിയിരുന്നു. അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് അതിൽ സമർത്ഥിക്കുന്നു. ആശാൻ 1901-ൽ കവിതാരചനയിലേക്ക് ഗൗരവമായി പ്രവേശിക്കുന്നത് ശങ്കരന്റെ 'സൗന്ദര്യലഹരി' പരിഭാഷപ്പെടുത്തിക്കൊണ്ടാണ്. 1907-ൽ വീണപൂവ് എഴുതുന്നതുവരെ സ്തോത്രകൃതികളിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നത്. 'ഹാ, ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും' എന്ന് വീണപൂവിലും 'ഉത്തുംഗമാമുപനിഷത്തുകളോതിടുന്ന തത്വങ്ങളെ തടവകന്നനുചിന്ത ചെയ്തു' എന്ന് ശിവജ്ഞാനപഞ്ചകത്തിലും ആശാൻ കുറിച്ചത് യാദൃശ്ചികമായല്ല എന്നു സാരം. നാരായണഗുരു രചിച്ച ആത്മോപദേശ ശതകത്തിന് ആശാൻ രചിച്ച മുഖവുരയിൽ ലളിതമായി അദ്വൈതതത്വങ്ങൾ വിശദീകരിക്കുന്നത് വേദാന്തത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ജ്ഞാനത്തിന് തെളിവാണ്. എന്നാൽ സ്തോത്രകൃതികളിൽ നിന്ന് ഭക്തിവിചാരം മാത്രം ഏറിനിൽക്കുന്ന ഒട്ടനവധി ഉദ്ധരണികൾ ഇതിൽ എടുത്തുചേർത്തിരിക്കുന്നത് കല്ലുകടിയായും തോന്നി.

ആദിശങ്കരനോട് ആശാനുണ്ടായിരുന്നത്രയുമോ ഒരുപക്ഷേ അതില്കൂടുതലോ ആദരവ് അദ്ദേഹത്തിന് ശ്രീബുദ്ധനോടുണ്ടായിരുന്നതായി നമുക്കു കാണാൻ കഴിയും. എഡ്വിൻ ആർനോൾഡിന്റെ 'The Light of Asia' എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ പദ്യരൂപത്തിൽ തർജ്ജമ ചെയ്യാൻ ആശാൻ തന്റെ കഴിവും സമയവും വളരെയധികം ഉപയോഗിച്ചിരുന്നതാണ്.

'അനുപമകൃപാനിധി,
യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി
ചൊരിയും നാളിൽ' എന്നു കരുണയിലും

'എങ്ങുമൊരു ശാന്തി വീശി - ലോകം
മുങ്ങി നിർവാണത്തിൽ താനേ
എത്തി നിന്നൂ ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി' എന്നു ചണ്ഡാലഭിക്ഷുകിയിലും രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധദർശനങ്ങൾ പ്രാചീനഭാരതത്തിൽ നടപ്പിൽ വരുത്തിയ ഒരു സുവർണകാലത്തിന്റെ സ്‌മരണയായിട്ടുതന്നെയാണ്. എന്നാൽ ആ പേരുപറഞ്ഞ് ഇരുപതാം നൂറ്റാണ്ടിൽ ജാതിവിവേചനത്തെ ചെറുക്കാൻ ഈഴവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന വിതണ്ഡവാദത്തെ ആശാൻ ശക്തിയായി എതിർത്തു. എതിരാളികളുടെ വാദങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന 'മതപരിവർത്തനരസവാദം' എന്ന പേരിൽ ഒരു ലേഖനം പോലും രചിക്കുകയും ചെയ്തു. അതിലദ്ദേഹം ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, തന്റെ ഏതെങ്കിലും കൃതികളിൽ മതത്തെ ഉപലംഭിച്ചു താൻ ചെയ്യുന്ന നിർദ്ദേശങ്ങളെല്ലാം മതപരിഷ്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവർത്തനത്തെ മുൻനിർത്തിയല്ലെന്നും വായനക്കാർ ഗ്രഹിക്കണമെന്നഭ്യർത്ഥിച്ചു. തന്നെയുമല്ല, ധനവും വിദ്യയും കൊണ്ട് സമുദായശക്തി കൂട്ടിയാൽ അവകൊണ്ടുനേടുന്ന സ്വാതന്ത്ര്യം നിലനിൽക്കുമെന്നും അതിനുവേണ്ടി വേറൊരു മതത്തെ കടം വാങ്ങേണ്ടതില്ലെന്നും ഖണ്ഡിതമായി അഭിപ്രായപ്പെട്ടത് മിതവാദി. സി. കൃഷ്ണനെപ്പോലുള്ള ബുദ്ധമതവാദികളെ തളർത്തി. മതപരിവർത്തന സംവാദങ്ങൾക്കിടയിൽ ബുദ്ധമതത്തിന്റെ നല്ല വശങ്ങൾ മാത്രവും ഹിന്ദുമതത്തിലെ ദോഷവശങ്ങൾ മാത്രവും ചർച്ചയാക്കുന്നത് ആശാൻ പ്രത്യക്ഷത്തിൽത്തന്നെ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും ചെയ്തു.

ഭാരതത്തിലെത്തന്നെ ഏറ്റവും ഭീകരമായ ഏകപക്ഷീയ വർഗ്ഗീയകലാപങ്ങളിലൊന്നാണ് ഹിന്ദു വംശഹത്യയോളം എത്തിയ 1921-ലെ മാപ്പിള ലഹള. അവിടെ നടമാടിയ കൊടിയ അക്രമത്തെക്കുറിച്ച് നേരിട്ടറിഞ്ഞ സവർണ്ണകവികൾ പോലും ഒരക്ഷരം ഉരിയാടാൻ ധൈര്യപ്പെടാതെ മൗനമവലംബിച്ചപ്പോൾ 'ദുരവസ്ഥ' എന്ന കാവ്യത്തിലൂടെ ലഹളയിലെ പൈശാചികത ആശാൻ വെളിപ്പെടുത്തി. 1921-ൽ ടി. കെ. നാരായണൻ എന്ന സുഹൃത്തിനോടൊപ്പം മലബാർ സന്ദർശിച്ച് ലഹളയുടെ കെടുതികൾ നേരിട്ടു മനസ്സിലാക്കിയതിനുശേഷമാണ് ആശാൻ ദുരവസ്ഥക്കുവേണ്ടി തൂലിക കയ്യിലെടുത്തത്. മുസ്ലീങ്ങൾ വ്യാപകമായി കാവ്യത്തിനെതിരെ രംഗത്തുവന്നു. ആലപ്പുഴയിലെ മുസ്‌ലിം യുവജനസംഘം കൃതിക്കെതിരെ പ്രമേയം പാസ്സാക്കി. തൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെക്കുറിച്ചാണെന്നും മതഭ്രാന്തിനെ മുൻനിർത്തിയുള്ള അവരുടെ ക്രൂരപ്രവൃത്തികൾ തൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മഹാകവി ധീരമായി മറുപടി നൽകി. അതിനുശേഷം മുസ്‌ലിം ബുദ്ധിജീവികൾ തിരുവനന്തപുരത്തു യോഗം ചേർന്ന് കവിത പിൻവലിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. മതേതര നേതാക്കളെന്ന് പിൽക്കാലത്ത് അറിയപ്പെട്ട വക്കം അബ്ദുൽ ഖാദർ മൗലവിയും കെ. എം. സീതിസാഹിബ്ബും ആ സംഘത്തിലുണ്ടായിരുന്നുവെന്നതാണ് വിരോധാഭാസം! എന്നാൽ ആശാൻ ആ ആവശ്യവും നിരാകരിച്ചു. നിർബന്ധമായി മതം മാറ്റപ്പെട്ട 2600 പേരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആര്യസമാജവുമായും ആശാൻ അടുത്ത ബന്ധം പുലർത്തി. പണ്ഡിറ്റ് ഋഷിറാം എന്ന ആര്യസമാജനേതാവ് 1924-ൽ ആലുവയിൽ കൂടിയ സർവ്വമതസമ്മേളനത്തിൽ സമാജത്തെ പ്രതിനിധീകരിച്ചു. ഈ സത്യത്തെ മുഴുവൻ മറികടന്ന് ദുരവസ്ഥയിലെ ജാതിവ്യവസ്ഥക്കെതിരായ അമർഷവും മിശ്രവിവാഹത്തോടുള്ള പ്രോത്സാഹനവും ദ്യോതിപ്പിക്കുന്ന വരികൾ അടർത്തിയെടുത്ത് ആ കൃതി പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണെന്നുള്ള ഇ.എം.എസ്സിന്റെ നിരീക്ഷണത്തെ ലേഖകൻ നിശിതമായി എതിർക്കുന്നു. നമ്പൂതിരിയായ സാവിത്രി പുലയനായ ചാത്തനെ വിവാഹം ചെയ്ത് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി എന്ന മട്ടിലാണ് വിശകലനങ്ങളുടെ പോക്ക് എന്നു പരിഹസിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ മതപരിവർത്തനത്തിനും ഇസ്ലാമികഭീകരവാദത്തിനുമെതിരായ ആദ്യ മലയാളിഗർജ്ജനമാണ് ദുരവസ്ഥയെന്ന് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

വെറും 91 പേജുകൾ മാത്രമുള്ള ഈ ഹൃസ്വകൃതി എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നതാണ്. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ പുരോഗമന-നവോത്ഥാന ജാഡയുടെ പുറംതോടു പൊളിച്ച് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും പുസ്തകത്തിന്റെ ശീർഷകത്തെക്കുറിച്ച് വായനക്കാർക്ക് തോന്നാവുന്ന നിർമമത അതു വായിച്ചുകഴിഞ്ഞതിനുശേഷവും മാറ്റിക്കളയാൻ ഗ്രന്ഥകാരനായിട്ടില്ല. 'ഹിന്ദുത്വം' എന്ന പദത്തിന് അദ്ദേഹം എന്തെല്ലാം വാച്യാർത്ഥങ്ങൾ പരിഗണിച്ചിട്ടുണ്ടെങ്കിലും ആധുനികകാലത്ത് ഭാരതത്തിലെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഉയർന്നുവന്നിട്ടുള്ള ഹൈന്ദവദേശീയതയെയാണ് നാം ഇന്ന് ഹിന്ദുത്വം എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഹിന്ദുദേശീയത എന്ന ആശയം ആശാനെ സ്വാധീനിച്ചതായി തെളിയിക്കാൻ ഈ ഗ്രന്ഥത്തിനായിട്ടില്ല. ഹിന്ദുമതത്തിന്റെ ധാർമിക-ആദ്ധ്യാത്മിക തലങ്ങളിലാണ് മഹാകവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ അർത്ഥത്തിൽ 'ഹൈന്ദവത ഉറപ്പിച്ച കുമാരനാശാൻ' എന്ന തലക്കെട്ടായിരുന്നു കൂടുതൽ ഉചിതം എന്നു പറയേണ്ടിവരും. കൃത്യമായ ഒരു കുറിപ്പ് ഇതിനെക്കുറിച്ച് രാമചന്ദ്രൻ നൽകേണ്ടതായിരുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Hindutvam Urappicha Kumaranasan'
Author: Ramachandran
Publisher: Indus Scrolls Bhasha, 2023 (First)
ISBN: 9789390981847
Pages: 91

Thursday, August 3, 2023

കനൽവഴികളിലൂടെ

പ്രമുഖ സി.പി.ഐ നേതാവായ ശ്രീ. സി. ദിവാകരൻ തൊഴിലാളിനേതാവായും, എം.എൽ.ഏ ആയും, മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. ദരിദ്രമായ കുടുംബചുറ്റുപാടുകളിലൂടെ വളർന്നുവന്ന പാതകളെയാണ് കനൽവഴികൾ എന്ന സംജ്ഞയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്. പിതൃ-മാതൃകുടുംബങ്ങളെല്ലാം സമ്പന്നവും ഔദ്യോഗികമായി ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരാണെങ്കിലും പിതാവിന്റെ മദ്യപാനാസക്തി ദിവാകരന്റെ ബാല്യകൗമാരങ്ങളെ ഇല്ലായ്മയുടെ കയ്പുനീരിലേക്ക് തള്ളിവിട്ടു. പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിനുശേഷം പിന്നിട്ട നാളുകളെക്കുറിച്ചുള്ള അനുസ്മരണമാണ് ഈ കൃതി. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഗ്രന്ഥകാരൻ അരിവില കൂടുന്നതിനെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി അരിയ്ക്കു വിലകൂടിയാൽ ജനങ്ങൾ കോഴിയിറച്ചി കഴിക്കട്ടെ എന്നു മറുപടി പറഞ്ഞത് ഫ്രഞ്ച് വിപ്ലവകാലത്ത് 'അപ്പമില്ലെങ്കിൽ ജനങ്ങൾ കേക്ക് കഴിക്കട്ടെ' എന്നു മൊഴിഞ്ഞ മേരി അന്റോയ്‌നെറ്റ് രാജ്ഞിയോട് താരതമ്യപ്പെടുത്തിയിരുന്നെങ്കിലും താൻ അങ്ങനെ പറയാനുണ്ടായ സാഹചര്യം ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ ഭരണപരിചയത്തെ അടിസ്ഥാനമാക്കി സെക്രട്ടേറിയറ്റ് എന്നാൽ ബ്യുറോക്രസിയുടെ ഉരുക്കുകോട്ടയാണെന്ന പൊതുധാരണയെ ദിവാകരൻ കടപുഴക്കുന്നു. രാജ്യതാല്പര്യത്തിനാണ് മന്ത്രി പ്രഥമപരിഗണന നൽകുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചാൽ ഉദ്യോഗസ്ഥർ അയാൾക്കൊപ്പം നിൽക്കും. തൊഴിലാളിനേതാവെന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നയിച്ചതിൽ ഗ്രന്ഥകർത്താവ് അഭിമാനം കൊള്ളുന്നു. എന്നാൽ നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ വ്യവസായരംഗം തകർന്നതിനെക്കുറിച്ചും സംരംഭകരെ തുരത്തിയോടിച്ചതിനെക്കുറിച്ചും തൽഫലമായി കേരളീയർ ജോലി തെണ്ടി അന്യനാടുകളിലേക്ക് കുടിയേറേണ്ടി വന്നതിനെക്കുറിച്ചും യാതൊരഭിപ്രായവും പുറപ്പെടുവിക്കുന്നില്ല. വിഭാഗീയപ്രവർത്തനത്തെത്തുടർന്ന് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലേഖകനെ പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ ദേശീയനേതൃത്വം ഈയവസരത്തിൽ അദ്ദേഹത്തെ ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് അയക്കുകയാണുണ്ടായത്. മാത്രവുമല്ല, ഇന്ത്യയിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമായി നിരവധി പരിശീലനപരിപാടികളിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ചോ, ഇന്ത്യയിൽ അതിനു വേരുപിടിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചോ ആഴത്തിലുള്ളതുപോകട്ടെ, പ്രാഥമികമായ ഒരു അവലോകനം പോലും ഈ കൃതിയിലെങ്ങും കാണുന്നില്ല.

എല്ലാം തുറന്നെഴുതിയാൽ അത് പ്രസ്ഥാനത്തോട് കാണിക്കുന്ന നന്ദികേടാവും എന്ന മുൻ‌കൂർ ജാമ്യം കൃതിയുടെ സത്യസന്ധതയെക്കുറിച്ച് വായനക്കാർക്ക് തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നു. തന്റെ രാഷ്ട്രീയമോഹങ്ങൾക്ക് അറുതി വന്നിട്ടില്ല എന്ന ഒരു ധ്വനിയുമുണ്ടിതിൽ. ലേഖകന്റെ കലാലയരാഷ്ട്രീയ പ്രവർത്തനങ്ങൾ നൽകുന്ന സൂചന വിദ്യാർത്ഥിരാഷ്ട്രീയം അന്നേ വഴിപിഴച്ചുതുടങ്ങിയിരുന്നു എന്നുതന്നെയാണ്. ഹാജർ കുറവുള്ള യൂണിയൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് ഡീബാർ ചെയ്തതോടെ സമരമായി. ഈ സമരാഭാസത്തിന് സാമ്പത്തികസമാഹരണത്തിനായി വിദ്യാർത്ഥി യൂണിയൻ KPAC-യുടെ 'മുടിയനായ പുത്രൻ' എന്ന നാടകം അവതരിപ്പിക്കുകപോലും ചെയ്തു. നിരവധി വിദ്യാർത്ഥികളെ നരകതുല്യമായ ജീവിതത്തിലേക്കു തള്ളിവിട്ട ഉത്തരവാദിത്വബോധമില്ലാത്ത വിദ്യാർത്ഥിരാഷ്ട്രീയം അതിന്റെ തേറ്റകൾ പുറത്തുകാണിച്ചുതുടങ്ങിയത് ഇത്തരം വൃഥാ സമരങ്ങളിലൂടെയാണ്. ഇത്രയൊക്കെ പ്രതിബദ്ധത പ്രസ്ഥാനത്തിനുവേണ്ടി കാഴ്ചവെച്ചുവെങ്കിലും ദശകങ്ങൾക്കുശേഷം ദിവാകരൻ സ്വന്തം മകനെ സ്കോട്ലൻഡിലയച്ചു പഠിപ്പിക്കുന്നതും തുടർന്ന് അയാൾ ഒരു എണ്ണക്കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടുന്നതുമാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് മറ്റുരാജ്യങ്ങളിലെ പാർട്ടി പ്രതിനിധികളെ പരിശീലിപ്പിക്കാനെന്ന പേരിൽ വാരിയെറിഞ്ഞ സമ്പത്ത് അവിടങ്ങളിലെ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കിയതെങ്ങനെയെന്നും ഇതിൽ വായിക്കാം. ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ഒരുതരത്തിൽ സുഖചികിത്സ തന്നെയായിരുന്നു. രാവിലെ 7 മുതൽ 11 വരെ പഠനം, വായന, സിനിമ. കൂടാതെ നഗരത്തിൽ സായാഹ്നയാത്രകൾ, പഞ്ചനക്ഷത്രസമാനമായ ഹോട്ടലിൽ താമസസൗകര്യം, സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം റൂബിൾ. തങ്ങൾ അമ്പരന്നുപോയെന്നും ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ജീവിതമെന്ന് ധരിച്ചുവെന്നും ഗ്രന്ഥകാരൻ എഴുതുന്നു. എന്നാൽ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കുമാത്രമായിരുന്നു ഈ ജീവിതമെന്നും ഗ്രാമങ്ങളിലെ സാധാരണക്കാർ കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അറിയാൻ മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും പരിതപിക്കുകയും ചെയ്യുന്നു (പേജ് 216).

AITUC എന്ന പ്രമുഖ തൊഴിലാളി യൂണിയനെ ദേശീയ, സംസ്ഥാന നേതൃതലങ്ങളിൽ ദിവാകരൻ നയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം നേരിട്ടുനയിച്ച പരിപാടികളും സമരങ്ങളും വളരെ തുച്ഛമായിട്ടാണ് കാണുന്നത്. അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാമെങ്കിലും നിരവധി ആളുകളുമായുള്ള സൗഹൃദവും അവരെക്കുറിച്ചുള്ള സ്മരണകളും മാത്രമേ പുസ്തകത്തിലുള്ളൂ. ഭാരവാഹിത്വം വഹിച്ച സംഘടനകളുടെ പട്ടിക (21 എണ്ണം), വിവിധ സംഘടനകളിൽ സഹകരിക്കാൻ കഴിഞ്ഞ നേതാക്കന്മാരുടെ പട്ടിക (96 പേർ) എന്നിവ നൽകിയിരിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പല സംസ്ഥാന, ദേശീയ സംഭവങ്ങളും പരാമർശിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥയെക്കുറിച്ച് ഈ കൃതി സമ്പൂർണമൗനം അവലംബിക്കുന്നു.ലേഖകന്റെ പാർട്ടി അക്കാലത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം കേരളത്തിൽ അധികാരം പങ്കിട്ടിരുന്നതാകാം കാരണം. പൊതുവെ വിരസവും വിവാദരഹിതവുമായ ഈ കൃതിയെ അൽപ്പമെങ്കിലും കൗതുകമുണർത്തുന്നതാക്കുന്നത് ദിവാകരൻ മന്ത്രിയായിരിക്കേ തന്റെ വകുപ്പിലേക്കു ലഭിക്കേണ്ട പല ധനസ്രോതസ്സുകളും അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് പലഘട്ടങ്ങളിലും ഇടപെട്ടു മുടക്കിയിരുന്നു എന്ന ആരോപണമുയർത്തുമ്പോഴാണ്. എന്നാലിത് എവിടത്തേയും ധനകാര്യവകുപ്പ് സ്വാഭാവികമായി ഉയർത്തുന്ന തടസ്സവാദങ്ങൾ മാത്രമല്ലേ എന്ന സംശയമുണ്ടാകാം. ഐസക്കിന് മുൻവൈരാഗ്യമുണ്ടാകാനിടയുള്ള യാതൊരു കാരണവും ദിവാകരൻ ചൂണ്ടിക്കാട്ടുന്നുമില്ല.

എന്തൊക്കെ ആക്ഷേപങ്ങൾ പുസ്തകത്തിനെതിരെ ഉയർത്താമെങ്കിലും വ്യക്തിപരമായി ഗ്രന്ഥകാരൻ വളരെ തുറന്നുതന്നെ എഴുതിയിട്ടുണ്ട് എന്നുകാണാം. കുറെ നല്ല രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രകാരന്റെ പേര് നൽകിയിട്ടില്ല. അഹങ്കാരിയെന്നും തലക്കനക്കാരനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒട്ടുവളരെ നേതാക്കളൊന്നും നമുക്കില്ല. എന്നാലും ചിലതൊക്കെ അല്പം അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. കോളജിൽ കന്യാസ്ത്രീയായിരുന്ന സഹപാഠിയോട് പ്രേമാഭ്യർത്ഥന നടത്തുന്നതും അത് ഗൗരവമായിട്ടാണെങ്കിൽ താൻ സഭാവസ്ത്രമുപേക്ഷിക്കാമെന്നു പറയുമ്പോൾ ഭീരുവിനെപ്പോലെ ഒഴിഞ്ഞുമാറിക്കളയുന്നത് വായനക്കാർ ഒരിക്കലും മറക്കാനിടയില്ല. ഗ്രന്ഥകാരന്റെ വിവാഹത്തിനുശേഷം ഉടനെത്തന്നെ അദ്ദേഹത്തിന് മോസ്കോയിലെ പരിശീലനപരിപാടിയിൽ പങ്കെടുക്കേണ്ടതായിവന്നു. അതിന്റെ ഭാഗമായി ദില്ലി വരെ നവവധുവിനോടൊപ്പം യാത്ര ചെയ്തതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: "നവവധുവിനേയും കൂട്ടി എന്റെ ആദ്യ യാത്ര, അതും നല്ല നിറമുള്ള സുന്ദരിയായ യുവതി" (പേജ് 54). തൊലിവെളുപ്പ് തൊഴിലാളിവർഗ്ഗ നേതാക്കൾക്കുപോലും ഒരു ദൗർബല്യമാണെന്നാണോ ഇതിന്റെ വിവക്ഷ?

ആഴമുള്ള ഒന്നുംതന്നെയില്ലാത്ത ഈ കൃതി ലഘുവായനക്കായി ശുപാർശ ചെയ്യുന്നു.

Book Review of 'Kanalvazhikaliloode'
Author: C. Divakaran
Publisher: Prabhath Book House, 2023
ISBN: 9789393657916
Pages: 232