Thursday, August 3, 2023

കനൽവഴികളിലൂടെ

പ്രമുഖ സി.പി.ഐ നേതാവായ ശ്രീ. സി. ദിവാകരൻ തൊഴിലാളിനേതാവായും, എം.എൽ.ഏ ആയും, മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ്. ദരിദ്രമായ കുടുംബചുറ്റുപാടുകളിലൂടെ വളർന്നുവന്ന പാതകളെയാണ് കനൽവഴികൾ എന്ന സംജ്ഞയിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്. പിതൃ-മാതൃകുടുംബങ്ങളെല്ലാം സമ്പന്നവും ഔദ്യോഗികമായി ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരാണെങ്കിലും പിതാവിന്റെ മദ്യപാനാസക്തി ദിവാകരന്റെ ബാല്യകൗമാരങ്ങളെ ഇല്ലായ്മയുടെ കയ്പുനീരിലേക്ക് തള്ളിവിട്ടു. പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിനുശേഷം പിന്നിട്ട നാളുകളെക്കുറിച്ചുള്ള അനുസ്മരണമാണ് ഈ കൃതി. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന ഗ്രന്ഥകാരൻ അരിവില കൂടുന്നതിനെക്കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി അരിയ്ക്കു വിലകൂടിയാൽ ജനങ്ങൾ കോഴിയിറച്ചി കഴിക്കട്ടെ എന്നു മറുപടി പറഞ്ഞത് ഫ്രഞ്ച് വിപ്ലവകാലത്ത് 'അപ്പമില്ലെങ്കിൽ ജനങ്ങൾ കേക്ക് കഴിക്കട്ടെ' എന്നു മൊഴിഞ്ഞ മേരി അന്റോയ്‌നെറ്റ് രാജ്ഞിയോട് താരതമ്യപ്പെടുത്തിയിരുന്നെങ്കിലും താൻ അങ്ങനെ പറയാനുണ്ടായ സാഹചര്യം ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ ഭരണപരിചയത്തെ അടിസ്ഥാനമാക്കി സെക്രട്ടേറിയറ്റ് എന്നാൽ ബ്യുറോക്രസിയുടെ ഉരുക്കുകോട്ടയാണെന്ന പൊതുധാരണയെ ദിവാകരൻ കടപുഴക്കുന്നു. രാജ്യതാല്പര്യത്തിനാണ് മന്ത്രി പ്രഥമപരിഗണന നൽകുന്നതെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചാൽ ഉദ്യോഗസ്ഥർ അയാൾക്കൊപ്പം നിൽക്കും. തൊഴിലാളിനേതാവെന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നയിച്ചതിൽ ഗ്രന്ഥകർത്താവ് അഭിമാനം കൊള്ളുന്നു. എന്നാൽ നിരന്തരസമരങ്ങളിലൂടെ കേരളത്തിലെ വ്യവസായരംഗം തകർന്നതിനെക്കുറിച്ചും സംരംഭകരെ തുരത്തിയോടിച്ചതിനെക്കുറിച്ചും തൽഫലമായി കേരളീയർ ജോലി തെണ്ടി അന്യനാടുകളിലേക്ക് കുടിയേറേണ്ടി വന്നതിനെക്കുറിച്ചും യാതൊരഭിപ്രായവും പുറപ്പെടുവിക്കുന്നില്ല. വിഭാഗീയപ്രവർത്തനത്തെത്തുടർന്ന് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലേഖകനെ പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ ദേശീയനേതൃത്വം ഈയവസരത്തിൽ അദ്ദേഹത്തെ ഒരു വർഷം നീണ്ടുനിൽക്കുന്ന പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് അയക്കുകയാണുണ്ടായത്. മാത്രവുമല്ല, ഇന്ത്യയിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമായി നിരവധി പരിശീലനപരിപാടികളിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ചോ, ഇന്ത്യയിൽ അതിനു വേരുപിടിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചോ ആഴത്തിലുള്ളതുപോകട്ടെ, പ്രാഥമികമായ ഒരു അവലോകനം പോലും ഈ കൃതിയിലെങ്ങും കാണുന്നില്ല.

എല്ലാം തുറന്നെഴുതിയാൽ അത് പ്രസ്ഥാനത്തോട് കാണിക്കുന്ന നന്ദികേടാവും എന്ന മുൻ‌കൂർ ജാമ്യം കൃതിയുടെ സത്യസന്ധതയെക്കുറിച്ച് വായനക്കാർക്ക് തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നു. തന്റെ രാഷ്ട്രീയമോഹങ്ങൾക്ക് അറുതി വന്നിട്ടില്ല എന്ന ഒരു ധ്വനിയുമുണ്ടിതിൽ. ലേഖകന്റെ കലാലയരാഷ്ട്രീയ പ്രവർത്തനങ്ങൾ നൽകുന്ന സൂചന വിദ്യാർത്ഥിരാഷ്ട്രീയം അന്നേ വഴിപിഴച്ചുതുടങ്ങിയിരുന്നു എന്നുതന്നെയാണ്. ഹാജർ കുറവുള്ള യൂണിയൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ പരീക്ഷ എഴുതുന്നതിൽനിന്ന് ഡീബാർ ചെയ്തതോടെ സമരമായി. ഈ സമരാഭാസത്തിന് സാമ്പത്തികസമാഹരണത്തിനായി വിദ്യാർത്ഥി യൂണിയൻ KPAC-യുടെ 'മുടിയനായ പുത്രൻ' എന്ന നാടകം അവതരിപ്പിക്കുകപോലും ചെയ്തു. നിരവധി വിദ്യാർത്ഥികളെ നരകതുല്യമായ ജീവിതത്തിലേക്കു തള്ളിവിട്ട ഉത്തരവാദിത്വബോധമില്ലാത്ത വിദ്യാർത്ഥിരാഷ്ട്രീയം അതിന്റെ തേറ്റകൾ പുറത്തുകാണിച്ചുതുടങ്ങിയത് ഇത്തരം വൃഥാ സമരങ്ങളിലൂടെയാണ്. ഇത്രയൊക്കെ പ്രതിബദ്ധത പ്രസ്ഥാനത്തിനുവേണ്ടി കാഴ്ചവെച്ചുവെങ്കിലും ദശകങ്ങൾക്കുശേഷം ദിവാകരൻ സ്വന്തം മകനെ സ്കോട്ലൻഡിലയച്ചു പഠിപ്പിക്കുന്നതും തുടർന്ന് അയാൾ ഒരു എണ്ണക്കമ്പനിയിൽ ഉയർന്ന ഉദ്യോഗം നേടുന്നതുമാണ് കാണുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് മറ്റുരാജ്യങ്ങളിലെ പാർട്ടി പ്രതിനിധികളെ പരിശീലിപ്പിക്കാനെന്ന പേരിൽ വാരിയെറിഞ്ഞ സമ്പത്ത് അവിടങ്ങളിലെ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കിയതെങ്ങനെയെന്നും ഇതിൽ വായിക്കാം. ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ഒരുതരത്തിൽ സുഖചികിത്സ തന്നെയായിരുന്നു. രാവിലെ 7 മുതൽ 11 വരെ പഠനം, വായന, സിനിമ. കൂടാതെ നഗരത്തിൽ സായാഹ്നയാത്രകൾ, പഞ്ചനക്ഷത്രസമാനമായ ഹോട്ടലിൽ താമസസൗകര്യം, സ്വകാര്യ ആവശ്യങ്ങൾക്കായി ആവശ്യാനുസരണം റൂബിൾ. തങ്ങൾ അമ്പരന്നുപോയെന്നും ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലുള്ള ജീവിതമെന്ന് ധരിച്ചുവെന്നും ഗ്രന്ഥകാരൻ എഴുതുന്നു. എന്നാൽ റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കുമാത്രമായിരുന്നു ഈ ജീവിതമെന്നും ഗ്രാമങ്ങളിലെ സാധാരണക്കാർ കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അറിയാൻ മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും പരിതപിക്കുകയും ചെയ്യുന്നു (പേജ് 216).

AITUC എന്ന പ്രമുഖ തൊഴിലാളി യൂണിയനെ ദേശീയ, സംസ്ഥാന നേതൃതലങ്ങളിൽ ദിവാകരൻ നയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം നേരിട്ടുനയിച്ച പരിപാടികളും സമരങ്ങളും വളരെ തുച്ഛമായിട്ടാണ് കാണുന്നത്. അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാമെങ്കിലും നിരവധി ആളുകളുമായുള്ള സൗഹൃദവും അവരെക്കുറിച്ചുള്ള സ്മരണകളും മാത്രമേ പുസ്തകത്തിലുള്ളൂ. ഭാരവാഹിത്വം വഹിച്ച സംഘടനകളുടെ പട്ടിക (21 എണ്ണം), വിവിധ സംഘടനകളിൽ സഹകരിക്കാൻ കഴിഞ്ഞ നേതാക്കന്മാരുടെ പട്ടിക (96 പേർ) എന്നിവ നൽകിയിരിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പല സംസ്ഥാന, ദേശീയ സംഭവങ്ങളും പരാമർശിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥയെക്കുറിച്ച് ഈ കൃതി സമ്പൂർണമൗനം അവലംബിക്കുന്നു.ലേഖകന്റെ പാർട്ടി അക്കാലത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം കേരളത്തിൽ അധികാരം പങ്കിട്ടിരുന്നതാകാം കാരണം. പൊതുവെ വിരസവും വിവാദരഹിതവുമായ ഈ കൃതിയെ അൽപ്പമെങ്കിലും കൗതുകമുണർത്തുന്നതാക്കുന്നത് ദിവാകരൻ മന്ത്രിയായിരിക്കേ തന്റെ വകുപ്പിലേക്കു ലഭിക്കേണ്ട പല ധനസ്രോതസ്സുകളും അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് പലഘട്ടങ്ങളിലും ഇടപെട്ടു മുടക്കിയിരുന്നു എന്ന ആരോപണമുയർത്തുമ്പോഴാണ്. എന്നാലിത് എവിടത്തേയും ധനകാര്യവകുപ്പ് സ്വാഭാവികമായി ഉയർത്തുന്ന തടസ്സവാദങ്ങൾ മാത്രമല്ലേ എന്ന സംശയമുണ്ടാകാം. ഐസക്കിന് മുൻവൈരാഗ്യമുണ്ടാകാനിടയുള്ള യാതൊരു കാരണവും ദിവാകരൻ ചൂണ്ടിക്കാട്ടുന്നുമില്ല.

എന്തൊക്കെ ആക്ഷേപങ്ങൾ പുസ്തകത്തിനെതിരെ ഉയർത്താമെങ്കിലും വ്യക്തിപരമായി ഗ്രന്ഥകാരൻ വളരെ തുറന്നുതന്നെ എഴുതിയിട്ടുണ്ട് എന്നുകാണാം. കുറെ നല്ല രേഖാചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിത്രകാരന്റെ പേര് നൽകിയിട്ടില്ല. അഹങ്കാരിയെന്നും തലക്കനക്കാരനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഒട്ടുവളരെ നേതാക്കളൊന്നും നമുക്കില്ല. എന്നാലും ചിലതൊക്കെ അല്പം അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നുണ്ട്. കോളജിൽ കന്യാസ്ത്രീയായിരുന്ന സഹപാഠിയോട് പ്രേമാഭ്യർത്ഥന നടത്തുന്നതും അത് ഗൗരവമായിട്ടാണെങ്കിൽ താൻ സഭാവസ്ത്രമുപേക്ഷിക്കാമെന്നു പറയുമ്പോൾ ഭീരുവിനെപ്പോലെ ഒഴിഞ്ഞുമാറിക്കളയുന്നത് വായനക്കാർ ഒരിക്കലും മറക്കാനിടയില്ല. ഗ്രന്ഥകാരന്റെ വിവാഹത്തിനുശേഷം ഉടനെത്തന്നെ അദ്ദേഹത്തിന് മോസ്കോയിലെ പരിശീലനപരിപാടിയിൽ പങ്കെടുക്കേണ്ടതായിവന്നു. അതിന്റെ ഭാഗമായി ദില്ലി വരെ നവവധുവിനോടൊപ്പം യാത്ര ചെയ്തതിനെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: "നവവധുവിനേയും കൂട്ടി എന്റെ ആദ്യ യാത്ര, അതും നല്ല നിറമുള്ള സുന്ദരിയായ യുവതി" (പേജ് 54). തൊലിവെളുപ്പ് തൊഴിലാളിവർഗ്ഗ നേതാക്കൾക്കുപോലും ഒരു ദൗർബല്യമാണെന്നാണോ ഇതിന്റെ വിവക്ഷ?

ആഴമുള്ള ഒന്നുംതന്നെയില്ലാത്ത ഈ കൃതി ലഘുവായനക്കായി ശുപാർശ ചെയ്യുന്നു.

Book Review of 'Kanalvazhikaliloode'
Author: C. Divakaran
Publisher: Prabhath Book House, 2023
ISBN: 9789393657916
Pages: 232

No comments:

Post a Comment