Wednesday, February 14, 2024

ജീവിതം ഒരു പെൻഡുലം

ഗാനരചയിതാവ്, കവി, കഥാകാരൻ, തിരക്കഥാകൃത്ത്, സംഗീതകാരൻ, ചലച്ചിത്രസംവിധായകൻ എന്നിങ്ങനെ ശ്രീകുമാരൻ തമ്പി കൈവെക്കാത്ത മേഖലകളില്ല. അതിൽത്തന്നെ ഗാനരചനയിൽ അദ്ദേഹത്തിന്റെ സ്ഥാനം അത്യുന്നതങ്ങളിലുമാണ്. കാവ്യസിദ്ധിയെ ശ്രേണികളിലാക്കിത്തിരിക്കുന്നത് ഉചിതമല്ല എന്നതുകൊണ്ടാണ് തമ്പി വയലാറിനുശേഷം കേരളം കണ്ട ഏറ്റവും നല്ല ഗാനരചയിതാവാണെന്നു പറയാൻ ഞാൻ മടിക്കുന്നത്. എൺപതിലധികം വർഷങ്ങൾക്കുമുമ്പ് ഹരിപ്പാട് എന്ന ഗ്രാമത്തിൽ തകർന്നുകൊണ്ടിരുന്ന ഒരു കൂട്ടുകുടുംബത്തിൽ ജനിച്ച്, മാതാപിതാക്കൾക്കവകാശപ്പെട്ട സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കുന്നതുകണ്ടുകൊണ്ട് വളർന്ന്, അഹങ്കാരത്തോടു തൊട്ടുനിൽക്കുന്ന ആത്മവിശ്വാസവുമായി ചലച്ചിത്രരംഗത്തെ ചവിട്ടുപടികളെല്ലാം കയറി മുകളിലെത്തിയതിനുശേഷം ഓരോ പടിയായി താഴേക്കിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ് ആയിരം പേജ് വരുന്ന ഈ കൂറ്റൻ പുസ്തകം. 2022-ലെ വയലാർ അവാർഡ് ഈ കൃതി നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തവണകളായി പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളാണ് ഇവ. പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ നല്ലൊരവതാരികയും പുസ്തകത്തിലുണ്ട്.
 
ഈ കൃതിയിലെ കേന്ദ്രകഥാപാത്രം ഗ്രന്ഥകാരനാണ് എന്നു പറയുന്നതിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയും കൂടിയാണ് എന്നു പറയുന്നതാവും ശരി. ആയിരത്തിൽ ആദ്യത്തെ 400 പേജുകൾ അമ്മയിൽത്തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. തുടർന്ന് തമ്പിയുടെ വിദ്യാഭ്യാസ-തൊഴിൽ-സിനിമാ മേഖലകളിലെ അനുഭവവിവരണത്തിനുശേഷം വീണ്ടും തന്റെ കുടുംബത്തിലേക്കൊതുങ്ങുന്നു. അമ്മയുടെ മരണം പേജ് 940-ലാണ്. തന്നെക്കുറിച്ച് കഥയെഴുതണമെന്ന അമ്മയുടെ ചെറുപ്പത്തിലേയുള്ള അഭ്യർത്ഥനയാണ് ഇതിന്റെ കാരണം. മാത്രമല്ല, കാര്യങ്ങൾ കഥാപ്രസംഗകയുടെ ഭാവചേഷ്ടകളോടെ അവതരിപ്പിക്കാനുള്ള കഴിവും ആ സംഭവങ്ങളെല്ലാം മകന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സഹായിച്ചു. നല്ലൊരു കഥാകൃത്ത് കൂടിയായ തമ്പി ബാക്കിയെല്ലാം തന്റെ കയ്യിൽനിന്നും ഇട്ട് ആവർത്തനവിരസതയോ സ്ഥൂലത കൊണ്ടുള്ള മുഷിപ്പോ ഇല്ലാതെ പറഞ്ഞൊപ്പിക്കുന്നു. മാതൃത്വത്തെ ഇത്രയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങൾ മലയാളത്തിലെന്നല്ല, മറ്റുഭാഷകളിലും ഏറെക്കാണില്ല. തമ്പിയുടെ മാതാവ് ഭവാനിയമ്മ തങ്കച്ചി പത്തുമക്കളെ പ്രസവിച്ചെങ്കിലും അവരിൽ അഞ്ചുപേരും നന്നേ ചെറുപ്പത്തിലേ മൃതിയടഞ്ഞു. ലേഖകന്റെ ജനനം 'ശ്രീകുമാരസംഭവം' എന്ന പേരിലൊരു അദ്ധ്യായത്തിൽ നൂറ്റിമുപ്പതാം പേജിൽ നടക്കുന്നു. അക്കാലത്ത് കുടുംബാംഗങ്ങൾ ഭാഗം വാങ്ങി പോയിരുന്നതുകൊണ്ട് കൂട്ടുകുടുംബങ്ങൾ തകർന്നുതുടങ്ങിയിരുന്നു. കൂട്ടത്തിൽ ഇളയ സഹോദരിയായിരുന്ന ഭവാനിയമ്മ ആരുടേയും പരിഗണനകളിൽ പെട്ടതുമില്ല. ഭാര്യയേയും മക്കളേയുംകാൾ തന്റെ കുടുംബത്തിനേയും അനന്തരവളേയും സ്നേഹിച്ച, ഇടയ്ക്കിടെ മനോരോഗം വരുന്ന ഭർത്താവ് അവരെ ദുരിതക്കയത്തിലാഴ്ത്തി. അമ്മയും മൂന്നാണ്മക്കളും പിന്നെയങ്ങ് ജീവിക്കുകയാണ് ചെയ്തത്. മനസ്സിന്റെ താളം ഇടയ്ക്കെല്ലാം നഷ്ടപ്പെടുന്ന ഭർത്താവിനെ സ്വത്തുപരിഗണനകളൊന്നുമില്ലാതെ വീണ്ടും കൂടെക്കൂട്ടിയപ്പോഴാണ് ഏറെക്കാലത്തിനുശേഷം രണ്ടു മക്കൾ കൂടി ജനിക്കുന്നത്. മക്കളുടെ തെറ്റുകളെ നിർദ്ദയം ശിക്ഷിക്കുമായിരുന്നുവെങ്കിലും ആ സ്നേഹസ്രോതസ്സ് അവർ തിരിച്ചറിഞ്ഞിരുന്നു.തികഞ്ഞ ഭാരവും പൂവായി കാണുകയും നിറഞ്ഞ നോവിലും നിർവൃതി കൊള്ളുകയും ചെയ്യുന്നവൾ എന്നാണ് തമ്പി സ്വന്തം മാതാവിനെ നിർവചിച്ചിരിക്കുന്നത്. 

ഗ്രന്ഥകാരന്റെ കുട്ടിക്കാലത്തുതന്നെ മരുമക്കത്തായം നിയമം മൂലം നിർത്തലാക്കിയിരുന്നെങ്കിലും മിക്ക തറവാടുകളിൽനിന്നും അത് പൂർണമായി അരങ്ങൊഴിഞ്ഞിരുന്നില്ല. അമ്മാവൻ അപ്പോഴും ആചാരപരമായി തലപ്പത്തുതന്നെ നിന്നു. എങ്കിലും തറവാടുകളുടെ വിഭജനം ഉറപ്പായിക്കഴിഞ്ഞിരുന്നു. ലേഖകന്റെ പുന്നൂർ തറവാട്ടിൽത്തന്നെ പരമ്പരാഗതമായി സൗജന്യമായി ചെയ്തുവന്നിരുന്ന വിഷചികിത്സ പണം വാങ്ങിയാകുന്നു. കുടുംബക്ഷേത്രം പൊളിച്ച് അതിലെ വിഗ്രഹം നഗരത്തിലെ വ്യാപാരികൾക്ക് വിൽക്കുന്നു. എന്നാൽ തമ്പിയുടെ അച്ഛന്റെ തറവാട് പിന്നെയും വളരെക്കാലം ഭാഗം വെയ്ക്കാതെ പിടിച്ചുനിന്നു. പക്ഷേ മനുഷ്യബന്ധങ്ങൾ വളരെ മോശമാവുകയാണിവിടെ. കുടുംബാംഗങ്ങൾ എത്ര ഭക്ഷണം കഴിക്കണമെന്നുപോലും കാരണവർ നിശ്ചയിച്ച് അതിനുമാത്രമുള്ള നെല്ല് അളന്നുകൊടുക്കുന്ന അവസ്ഥയുണ്ടായി. മരുമക്കത്തായം സ്ത്രീകൾ വഴിക്കുള്ള ദായക്രമമായിരുന്നു. ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയുടെ ഏറ്റവും മൂത്ത സഹോദരനാണ് കാരണവർ ആയിത്തീരുന്നത്. ആ സ്ത്രീയുടെ ഏറ്റവും മൂത്ത പുരുഷസന്തതി അടുത്ത കാരണവർ ആവുകയും ചെയ്യും (ഇതൊരു ലളിതവൽക്കരിച്ച ചിത്രമാണ്. ആദ്യം മകനുണ്ടാകുന്നത് അനിയത്തിക്കാണെങ്കിൽ കാരണവർ അവനാകും). എന്നാൽ സ്ത്രീകൾക്ക് കാര്യമായ അധികാരങ്ങളൊന്നും ഈ ഘടന അനുവദിച്ചിരുന്നില്ല എന്നു കാണാം. കരുത്തുറ്റ സ്ത്രീകളും അല്ലാത്തവരും ഈ പുസ്തകത്തിലുണ്ട്. വിവാഹബന്ധം ഉറപ്പുള്ളതായിരുന്നില്ല. ഭർത്താവ് പൊതുവെ ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. അവിടത്തെ കാരണവരോ അമ്മായിയമ്മ പോലുമോ ആവശ്യപ്പെട്ടാൽ അയാൾക്ക് ബന്ധം ഒഴിയേണ്ടിയിരുന്നു. പിതാവിന്റെ സ്വത്തിൽ മക്കൾക്കുള്ള അവകാശം പോലും സുനിശ്ചിതമല്ലാതിരുന്നതായിരുന്നു തമ്പിയുടെ കുടുംബം നേരിട്ട പല ദുർദ്ദശകളുടേയും മൂലകാരണം.

വളരെ വലിയ ഒരു രംഗവേദിയിലാണ് ഗ്രന്ഥകർത്താവ് തന്റെ കുടുംബത്തെ അവതരിപ്പിക്കുന്നത്. ഒരു വംശവൃക്ഷം കൂടി ചേർക്കുന്നത് നല്ലതായിരുന്നു. സഹോദരന്മാർ തമ്മിലുണ്ടായിരുന്ന ഉറച്ച സ്നേഹബന്ധം തമ്പി പല ചലച്ചിത്രങ്ങൾക്കും തിരക്കഥയാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഹരിപ്പാട്ടെ ഗ്രാമ്യഭാഷയിൽ നൽകിയിരിക്കുന്നു. അനേകം കുടുംബചിത്രങ്ങളും ഉണ്ട്. അതിൽ ഗ്രന്ഥകാരൻ വയലാർ, പി. ഭാസ്കരൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം വളരെ അപൂർവ്വമാണ്. മലയാളഗാനരംഗത്തെ 'മൂവേന്തർ' ഒന്നിക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടില്ല. പല അദ്ധ്യായങ്ങളും അവസാനിക്കുന്നത് തമ്പിയുടെ ഗാന-കവിതാ ശകലങ്ങളിലാണ്. തന്റെ മനസ്സ് തൃപ്തമല്ലാത്തയിടങ്ങളിൽ സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ദാരിദ്ര്യം അനുഭവിക്കുമ്പോൾപോലും മേലധികാരിയുടെ ഇഷ്ടമില്ലാത്ത കല്പനകളെ ധിക്കരിച്ചുകൊണ്ട് കവി രാജിയെഴുതിനൽകുന്നു. സിനിമാരംഗത്തും അദ്ദേഹം വ്യത്യസ്തനായിരുന്നു. ജീവസന്ധാരണത്തിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യുമ്പോഴും തന്റെ സിനിമയിലെ കലാമൂല്യം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. സാമ്പത്തികവിജയം നേടാൻ കഴിയില്ല എന്നുറപ്പുള്ളപ്പോഴും കലാമേന്മയുള്ള 'ഗാനം' പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിരുന്നത് ഒരു ശരാശരി ആസ്വാദകന് എളുപ്പത്തിൽ പിടികിട്ടുകയില്ല. ആദ്യകാലത്ത് സ്വയം കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച 'ചന്ദ്രകാന്തം' (1974) എന്ന ചിത്രം കലാമൂല്യമുള്ളതെങ്കിലും ഹിറ്റാകാതെ പോയതിന്റെ നിരാശ ഇടയ്ക്കെല്ലാം പ്രകടിപ്പിക്കുന്നു. പക്ഷേ 'ചട്ടമ്പിക്കല്യാണി' പോലുള്ള വാണിജ്യചിത്രങ്ങളും ടെലിവിഷൻ സീരിയലുകളും തമ്പി നിർമ്മിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനും അതേ പാത തന്നെ പിന്തുടർന്നു. മകനായ രാജകുമാരൻ തമ്പിയുടെ ആകസ്മികനിര്യാണത്തിൽ രക്തം കിനിയുന്ന ഗ്രന്ഥകാരന്റെ ഹൃദയം ഈ താളുകളിൽ വരച്ചുവെച്ചിട്ടുണ്ട്. ആ ദുരന്തവും അദ്ദേഹം അതിജീവിച്ചുവെന്നതാണ് വിസ്മയകരവും അവസാനം വരെ പ്രത്യാശ നിലനിർത്തുന്നതുമായ സംഗതി. ഈ പുസ്തകത്തിന്റെ അവസാനവാചകം വരെ ജീവിതത്തോടുള്ള സ്നേഹം നിറഞ്ഞുകവിയുന്നു. കാലമിനിയുമുരുളും, ഈ വന്മരവും ഒരിക്കൽ വീഴും. എങ്കിലും ഈ പുസ്തകത്തെ മലയാളിയുടെ മനസ്സിൽ എന്നും നിലനിർത്താൻ പോകുന്നത് ഈ ജീവിതാഭിനിവേശം തന്നെയാണ്.

സിനിമാപ്രവർത്തകരിൽ മാത്രമല്ല, സാഹിത്യകാരന്മാരിലും ശ്രീകുമാരൻ തമ്പി വ്യത്യസ്തനാണ്. ഇടതുപക്ഷത്തോടൊപ്പം ചേർന്നു നടക്കാതിരുന്നത് എല്ലാ മേഖലകളിലും രാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കേരളത്തിൽ അദ്ദേഹത്തിനൊരു ബാധ്യതയായി. ഒട്ടുമിക്ക അവാർഡുകളും രാഷ്ട്രീയമായി വീതം വെക്കുന്ന നാട്ടിൽ അദ്ദേഹം അവർക്കെല്ലാം അനഭിമതനായി. ഏറ്റവും ഒടുവിലുണ്ടായ കേരളഗാനവിവാദവും ഓർക്കുക. ശാസ്ത്രം പഠിച്ചയാൾ എന്ന പ്രത്യേകതയും അങ്ങനെയല്ലാത്ത ബഹുഭൂരിപക്ഷത്തിന് അദ്ദേഹത്തെ അകറ്റിനിർത്താൻ പ്രേരണ നൽകി. കലയോടൊപ്പം നടക്കുമ്പോഴും ശാസ്ത്രത്തെ തമ്പി ചേർത്തുനിർത്തി. സിനിമാ പ്രവർത്തനങ്ങളോടൊപ്പം സിവിൽ എൻജിനീയറായ അദ്ദേഹം കരാറടിസ്ഥാനത്തിലുള്ള ഒരു നിർമ്മാണ കമ്പനിയും വിജയകരമായി നടത്തി. ഗണിതം മഹനീയമായ കലയാണെന്നും ഏതു കലാസൃഷ്ടിക്കും പൂർണ്ണത കൈവരണമെങ്കിൽ കണക്കിന്റെ പിൻബലം വേണമെന്നുമാണ് അതിനദ്ദേഹം കണ്ടെത്തിയ ന്യായീകരണം. കവിതയും ഗാനവും എഴുതുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി 'ഒരു പാലമോ അണയോ വാട്ടർ ടാങ്കോ ഡിസൈൻ ചെയ്ത് അതിന്റെ ഡ്രോയിങ്ങും ബാർ ബെൻഡിങ് ഷെഡ്യൂളും' തയ്യാറാക്കിക്കഴിയുമ്പോഴും അദ്ദേഹം അനുഭവിച്ചിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ കൃത്യമായി കണക്കുപറയുന്നതിന് ഈ ഗണിതവിജ്ഞാനം ഉപകാരപ്പെട്ടതുമില്ല.

സിനിമാജീവിതാനുഭവങ്ങൾ മറ്റൊരു പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ ഇതിലുമുണ്ട്. എന്നാൽ ഈയൊരു ഒഴിവാക്കൽ മൂലം 1980-നു ശേഷം കാര്യമായൊന്നും സ്പർശിക്കുന്നില്ല. പക്ഷേ സിനിമയിൽ വന്നതിനുശേഷമുള്ള കൗതുകവും താല്പര്യവും ഉണർത്തുന്ന ചില ചെറിയ അദ്ധ്യായങ്ങൾ തുടർന്നു വരാനിരിക്കുന്ന പുസ്തകത്തിലേക്കുകൂടി ഉറ്റുനോക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പൊടിക്കൈകൾ അടങ്ങിയതാണ്. കച്ചവടബോധം ഗ്രന്ഥകാരനെ തീർത്തും ഉപേക്ഷിച്ചിട്ടില്ല. ഇതിൽ വിവരിച്ചിരിക്കുന്ന ചില ആകസ്മിക സംഭവങ്ങൾ ഗാനപ്രേമികളിൽ ഉദ്വേഗമുണർത്തുന്നതാണ്. ഏതോ ഒരു ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് യേശുദാസും വിശ്രുത സംഗീതസംവിധായകൻ എം. എസ്. വിശ്വനാഥനും സ്വരച്ചേർച്ചയിലല്ലാതാകുന്നു. അതിനെത്തുടർന്നാണ് വിശ്വനാഥൻ ചിട്ടപ്പെടുത്തിയ 'നീലഗിരിയുടെ സഖികളേ' എന്ന ഗാനം യേശുദാസ് പാടാതിരുന്നത് ! എന്നാൽ തമ്പി സംവിധാനം ചെയ്ത 'ചന്ദ്രകാന്തം' എന്ന ചിത്രത്തിൽ രണ്ടു പ്രതിഭകളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എങ്കിലും യേശുദാസ് വഴങ്ങാൻ തയാറായിരുന്നില്ല. ഒടുവിൽ ദാസിന്റെ അമ്മയെ ഇടപെടുവിച്ചുകൊണ്ട് ഒരു താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായി. വീണ്ടും ഒന്നിച്ചപ്പോൾ വിശ്വനാഥൻ ആദ്യമായി യേശുദാസിനെ പഠിപ്പിച്ച പാട്ടാണ് 'ആ നിമിഷത്തിന്റെ നിർവൃതിയിൽ'. പിണക്കം തീർന്ന സന്തോഷത്തിൽ പിന്നീട് നൽകിയതാണ് 'ദിവ്യദർശനം' എന്ന ചിത്രത്തിലെ 'ആകാശരൂപിണി അന്നപൂർണേശ്വരി' എന്ന ഗാനം. ഇത് രണ്ടും യേശുദാസല്ലാതെ മറ്റൊരു ഗായകൻ പാടുന്നതിനെക്കുറിച്ച് ആസ്വാദകർക്ക് ചിന്തിക്കാൻ പോലും പറ്റാത്തവിധത്തിൽ മാസ്മരങ്ങളാണല്ലോ.

'നാൽപതു വർഷം മുമ്പ് മരിച്ചിരുന്നെങ്കിൽ നിങ്ങളെന്നെ ഒരു ലെജണ്ടായി വാഴ്ത്തിയേനെ' എന്ന തമ്പിയുടെ വാചകം സുഭാഷ് ചന്ദ്രന്റെ അവതാരികയിൽ ഓർത്തെടുക്കുന്നുണ്ട്. അതിൽ പ്രതിഫലിക്കുന്ന നിരാശയും മടുപ്പും വായനക്കാരിൽ ഉടനീളം വേദനയുടെ പശ്ചാത്തലസംഗീതമൊരുക്കുന്നു. വീണ്ടുമൊന്നാലോചിച്ചാൽ, സത്യത്തിന്റെ മുഖത്തുനോക്കി ഇത്ര ധീരമായി തുറന്നടിച്ചുപറയാൻ എത്രപേർ തയ്യാറാകും? കൃത്രിമവിനയം ശ്രീകുമാരൻ തമ്പിയുടെ ജന്മവാസനയല്ല. നിശ്ചിത അളവിൽ വിനയം പാലിക്കാതിരുന്നതുകൊണ്ട് കിട്ടുമായിരുന്ന ജോലികളും അവസരങ്ങളും അദ്ദേഹത്തെ കയ്യൊഴിഞ്ഞിട്ടുണ്ട്. 'നോക്കാത്ത ദൈവത്തെ കുമ്പിടുന്നതെന്തിന്?' എന്ന് അദ്ദേഹം രോഷത്തോടെ ചോദിക്കുന്നുമുണ്ട്. ജ്യോതിഷത്തിലും അമാനുഷശക്തികളിലുമെല്ലാം അല്പം ഭംഗിയായിത്തന്നെ അദ്ദേഹം വിശ്വസിക്കുന്നു. കുടുംബത്തിന്റെ ശത്രുവായിരുന്ന വല്യമ്മാവൻ കുമാരൻ തമ്പി പോലും 'എല്ലാ പാമ്പുകടിച്ചവരേയും ചികിത്സയ്‌ക്കില്ല, പക്ഷേ അദ്ദേഹം തൊട്ടവരെല്ലാം രക്ഷപ്പെടും' എന്ന് അഭിപ്രായപ്പെടുന്നതും ഇതുകൊണ്ടാണ്. വളരെ വലുതും അത്രത്തോളം ജീവിതഗന്ധിയായതുകൊണ്ടും ഈ പുസ്തകം വായിച്ചുതീർത്ത് അവസാനമായി അടച്ചുവെക്കുമ്പോൾ ഒരു ദീർഘകാലസുഹൃത്തിനെ പിരിയുമ്പോഴുള്ള നഷ്ടബോധത്തിന്റേതായ ഒരു നൊമ്പരം വായനക്കാരിൽ അവശേഷിക്കും. ഒരുപക്ഷേ ഇത്ര വലിയ കുടുംബപശ്ചാത്തലത്തിൽ ഇതുപോലൊരു കൃതി ഇനിയൊരിക്കലും മലയാളത്തിൽ ഉണ്ടായില്ലെന്നും വരും. മറഞ്ഞുകഴിഞ്ഞ ഒരു കാലത്തെ ഇതിലും നിറപ്പകിട്ടിൽ ആർക്കും പകർത്താനുമാവില്ല. അതുകൊണ്ടാണ് ചിലയിടങ്ങളിൽ അല്പമൊക്കെ വലിച്ചുനീട്ടുന്നതുപോലെ തോന്നുമെങ്കിലും സമാനജനിതകമുള്ള ഗ്രന്ഥങ്ങളിൽ ഈ കൃതി തന്റെ ഉന്നതസ്ഥാനം വ്യക്തമായി ഉറപ്പിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഹൃദയമാണ് അദ്ദേഹം ഈ താളുകളിൽ തുറന്നുവെച്ചിരിക്കുന്നത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

പിൻകുറിപ്പ് : ഒട്ടുവളരെ തവണ ഗ്രന്ഥകാരൻ 1974-ൽ പുറത്തിറങ്ങിയ തന്റെ 'ചന്ദ്രകാന്തം' എന്ന ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ച് ചെറുതായി നിരാശപ്പെടുന്നുണ്ട്. അതിനാൽ ആ ചിത്രം യൂട്യൂബിൽ ഒന്നു കണ്ടുനോക്കി. അതിലെ ഏതാണ്ടെല്ലാ പാട്ടുകളും എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണെങ്കിലും (ആ നിമിഷത്തിന്റെ നിർവൃതിയിൽ, രാജീവനയനേ നീയുറങ്ങൂ, പുഷ്പാഭരണം, ഹൃദയവാഹിനീ, സ്വർഗ്ഗമെന്ന കാനനത്തിൽ) കഥയും തിരക്കഥയുമൊക്കെ വളരെ പരിതാപകരമാണെന്നു പറയാതെ തരമില്ല. തമ്പി ഗാനരചനയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു നല്ലത് എന്നും തോന്നി.

Book review of 'Jeevitham Oru Pendulum' by Sreekumaran Thampi
Publisher: Mathrubhumi Books, 2023 (First)
ISBN: 9789359627403
Pages: 1000

Tuesday, February 6, 2024

ഈഴവർ - അന്നും ഇന്നും

പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.

1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.

പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.

രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.

തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146