പ്രശസ്ത അഭിഭാഷകനും രാജഭരണകാലത്തെ ശ്രീമൂലം, ശ്രീചിത്രാ നിയമസഭാംഗവും, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചേർത്തല സ്വദേശിയായ ശ്രീ. എൻ. ആർ. കൃഷ്ണൻ (1891 - 1977) തത്വചിന്ത, സാമൂഹ്യപരിഷ്കരണം, ചരിത്രം എന്നീ പ്രസ്ഥാനങ്ങളിലുൾപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല കാലങ്ങളിലായി എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ സപ്തതി ആഘോഷത്തിനിടെ പ്രസിദ്ധീകരിച്ച ഈ കൃതി അദ്ദേഹം തന്നെ എഡിറ്റ് ചെയ്ത് 1967-ൽ വീണ്ടും പ്രസിദ്ധീകരിച്ചു. അതിന്റെ പുനഃപ്രസാധനമാണ് 55 വർഷങ്ങൾക്കുശേഷം വെളിച്ചം കണ്ട ഈ പുസ്തകം. കേരളത്തിലെ പ്രമുഖ സമുദായമായ ഈഴവരുടെ സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതി വെളിവാക്കുന്നതാണ് ഈ കൃതി. അതിനെല്ലാം നാന്ദി കുറിച്ച 1890-കൾ ഗ്രന്ഥകാരന്റെ ബാല്യകാലവും കൂടിയായിരുന്നു. തുടർന്നുള്ള 70 വർഷങ്ങളിൽ താനുൾപ്പെടുന്ന ഈഴവസമുദായം നേടിയ അഭിവൃദ്ധിയുടെ ഗാഥയാണ് ഈ ലഘുഗ്രന്ഥം. സമുദായത്തിന്റെ ചരിത്രപരമായ ഉത്ഭവവും അത് എങ്ങനെ പിന്നോക്കസമുദായമായി പുറംതള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണവും ഇതിലുണ്ട്.
1960-കളിൽ രചിച്ചതായതിനാൽ ഈ കൃതി ആര്യൻ എന്ന ശബ്ദത്തെ ഭാഷാഗോത്രം എന്നതിനുപകരം മനുഷ്യവംശമായാണ് തെറ്റിദ്ധരിക്കുന്നത്. ആര്യന്മാരുടെ അധിനിവേശം ആദ്യം ഭാരതത്തിലേക്കും പിന്നീട് കേരളത്തിലേക്കും വ്യാപിച്ചുവെന്നാണ് ലേഖകൻ വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ജാതിവ്യത്യാസങ്ങളില്ലാതിരുന്ന ഒരു സംഘകാലസമൂഹം ആയിരുന്നത്രേ അന്നുണ്ടായിരുന്നത്. ആര്യന്മാരുടെ ചാതുർവർണ്യത്തിലും ക്ഷേത്രോപാസനയിലും വിശ്വസിച്ച കുറെ നാട്ടുകാർ അവരുടെ ഭൃത്യന്മാരായി പരിണമിച്ചു. ഇവർ 'ചേർന്നവർ' അഥവാ 'ശാർന്നവർ' എന്ന അർത്ഥത്തിൽ ശൂദ്രരായിത്തീർന്നു. എന്നാൽ ആര്യന്മാരുടെ ആഗമനകാലം വ്യംഗ്യമായി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നതല്ലാതെ അക്കാലത്ത് ആരാണിവിടെ ഭരിച്ചിരുന്നതെന്നോ ഏതു രാജാവിനുമേലാണ് അവർ ആധിപത്യം നേടിയതെന്നോ സൂചിപ്പിക്കുന്നില്ല. അക്കാലത്ത് പടർന്നുപന്തലിച്ചിരുന്ന ബുദ്ധമതത്തെ തർക്കത്തിലൂടെ തകർത്തു തരിപ്പണമാക്കി ഹിന്ദുമതം ഇവിടെ സ്ഥാപിച്ചുവെന്നാണ് കൃഷ്ണന്റെ വാദം. കേരളം പരശുരാമൻ സൃഷ്ടിച്ച് ബ്രാഹ്മണർക്ക് കൈമാറി എന്ന കേരളോല്പത്തിയിലെ കെട്ടുകഥ പോലെത്തന്നെയാണ് ആര്യന്മാരുടെ അധിനിവേശം എന്ന മിഥ്യാസങ്കല്പവും. രണ്ടിനും ചരിത്രപരമായ തെളിവുകളില്ല. രണ്ടും ഓരോ കാലത്തെ ആധിപത്യസമൂഹങ്ങൾ തങ്ങളുടെ അധികാരത്തെ ന്യായീകരിക്കാനായി നിർമ്മിച്ചതുമാണ് - യഥാക്രമം ബ്രാഹ്മണരും ബ്രിട്ടീഷുകാരും. എല്ലാ ആധുനിക കേരളസമുദായങ്ങളും പ്രാചീനകാലത്ത് ഒറ്റ സമുദായമായിരുന്നു എന്നു ചൂണ്ടിക്കാട്ടുമ്പോഴും ചില അദ്ധ്യായങ്ങളിൽ അക്കാലത്തെ ഈഴവർ നാട്ടുപ്രമാണിമാരും ഭരണാധികാരികളുമായിരുന്നു എന്നും വാദമുണ്ട്. പതിക്രമങ്ങൾ എന്നറിയപ്പെട്ടിരുന്ന 'റിപ്പബ്ലിക്കുകൾ' ഭരിച്ചിരുന്നത് ചാന്നാന്മാരായിരുന്നുവത്രേ.
പ്രാചീന കേരളത്തിൽ ഈഴവർ പടയാളികളായിരുന്നുവെങ്കിലും എപ്പോഴാണ് ആ അവകാശങ്ങളെല്ലാം നഷ്ടപ്പെട്ട് അധികാരസ്ഥാനങ്ങളിൽനിന്നെല്ലാം അകറ്റപ്പെട്ട് അവർ ഒരു തീണ്ടൽജാതിയായി താണുപോയത് എന്നതിനെപ്പറ്റി ഒരന്വേഷണം ഇതിൽ നടത്തുന്നുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടേ അതിനുവേണ്ടിവന്നുള്ളൂ എന്നതാണ് കണ്ടെത്തുന്ന ഉത്തരം. ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമ്മയുടെ ദളവയായിരുന്ന അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയാണ് ഭരണസിരാകേന്ദ്രം നായന്മാർക്കുവേണ്ടി മാത്രമായി ഒതുക്കിക്കളഞ്ഞത്. പിന്നീട് ദളവയായ വേലുത്തമ്പിയും ഈ അനീതി തുടർന്നു. വേലുത്തമ്പി ദളവക്കെതിരെ പരസ്ത്രീസംസർഗ്ഗം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഇതിനിടയിലാണ് മിഷനറിമാർ തിരുവിതാംകൂറിൽ എത്തുന്നതും നായർ ഉദ്യോഗസ്ഥവൃന്ദത്തിൽനിന്ന് ശക്തമായ എതിർപ്പുകൾ നേരിട്ടുതുടങ്ങുന്നതും. അവരുടെ മുറവിളികളെത്തുടർന്നാണ് ബ്രിട്ടീഷുകാർ ഇടപെട്ടതും മറുനാട്ടുകാരായ ബ്രാഹ്മണർ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങൾ കുത്തകയാക്കാൻ തുടങ്ങിയതും. കാലചക്രം ഒന്നുകൂടി തിരിഞ്ഞപ്പോൾ മലയാളികൾക്ക് ജോലി നൽകണമെന്ന മലയാളി മെമ്മോറിയൽ നിവേദനത്തിന്റെ മറവിൽ നായന്മാർ വീണ്ടും അധികാര സോപാനങ്ങളിൽ കയറിപ്പറ്റി. എന്നാൽ ഇത്തരം നിഗമനങ്ങളിൽ കൃഷ്ണൻ എത്തിച്ചേരുന്നത് പലപ്പോഴും ഉറച്ച ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഒന്നോ രണ്ടോ പുസ്തകങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന പ്രധാനപ്പെട്ട പല അവകാശവാദങ്ങളും ഇതിൽ കാണാവുന്നതാണ്.
രാജ്യത്തിനും മനുഷ്യകുലത്തിനുതന്നെയും അപമാനകരമായ രീതിയിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേരളത്തിൽ നിലനിന്നിരുന്നുവെങ്കിലും ആ കൂരിരുട്ടിൽ ബഹിർജാതിസാഹോദര്യത്തിന്റെ ചില ചെറുതിരികൾ അവിടവിടെയായി ജ്വലിക്കുന്നുണ്ടായിരുന്നു എന്നത് ചാരിതാർഥ്യജനകമാണ്. വ്യക്തികൾ തങ്ങളുടേതായ കാരണങ്ങളാൽ മതം മാറിക്കൊണ്ടിരുന്നപ്പോഴും ഒരു സമുദായം ഒന്നടങ്കം അതിനു തയ്യാറാകാതിരുന്നതിന്റെ പിന്നിൽ സാഹോദര്യത്തിന്റെ ഈ ധന്യമാതൃകകളായിരുന്നിരിക്കാം കാരണം. ചില നായർ-നമ്പൂതിരി-ഈഴവ കുടുംബങ്ങൾ പരസ്പരം പുല ആചരിച്ചിരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്. ആദിയിൽ ഇവരെല്ലാം ഒരു സമൂഹമായിരുന്നു എന്നതിന്റെ തെളിവായിരിക്കാം അത്. തീയരുടെ അലക്കുകാരിയായിരുന്ന വണ്ണാത്തിയുടെ കയ്യിൽനിന്ന് ഒരു കഷ്ണം തുണി (മാറ്റ്) വാങ്ങിയാൽ മാത്രമേ അന്തർജനങ്ങളുടേയും നായർ സ്ത്രീകളുടേയും ഋതുസ്നാനശുദ്ധി സാധൂകരിക്കപ്പെട്ടിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവരുടെ അശുദ്ധി മാറുന്നതല്ല. തീയരുടെ ഹിതത്തിനു വിരുദ്ധമായി നിൽക്കുന്ന ഉന്നതജാതിക്കാർക്ക് അവർ മാറ്റു വിലക്കും. മാറ്റില്ലാതെ സ്ത്രീകൾ കുളിച്ചാൽ അവർ ഭൃഷ്ടരാകും. ഇതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ഒരു നായർ സമാജം യോഗം ചേർന്ന് 'വല്ല കാരണവശാലും തീയർ മാറ്റു വിലക്കുന്നപക്ഷം അതു വേണ്ടെന്നുവെക്കണമെന്നും മാറ്റില്ലാത്ത കാരണത്താൽ ആരെയും ഭൃഷ്ടരായി കാണുവാൻ പാടില്ലെന്നും' വ്യവസ്ഥ ചെയ്തതായി ഗ്രന്ഥകാരൻ പറയുന്നു. കോഴിക്കോട് പ്രദേശങ്ങളിൽ തീയർ വിവാഹത്തിനുപോകുമ്പോൾ നായർ 'ചങ്ങാതം' പോകുന്ന സമ്പ്രദായം ഇന്നും നിലനിന്നുപോരുന്നുവെന്ന് രേഖപ്പെടുത്തുന്നു. വടക്കേ മലബാറിൽ നായർ തീയരെ അഭിസംബോധന ചെയ്യുമ്പോൾ 'നാൽപാടി' എന്ന ബഹുമതിപദം ചേർത്താണ് വിളിച്ചിരുന്നത്. തിരുവിതാംകൂറിലും പ്രമാണികളായ ഈഴവർ ഉണ്ടായിരുന്നു. വിഷു ദിവസം അമ്പനാട്ട് പണിക്കർ എന്ന ഈഴവപ്രമാണിക്ക് കണി കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായ അമ്പനാട്ടു കോട്ടയുടെ മുറ്റത്ത് കൊണ്ടുപോയി നിർത്താറുണ്ടായിരുന്നു (പേജ് 67). ഒരു സമൂഹത്തിലെ ഒരാൾക്കുവേണ്ടി മാത്രം ദേവൻ അയാളുടെ വീട്ടുമുറ്റത്തെത്തുമ്പോൾ അതേ സമൂഹത്തിലെ അനേകരെ ക്ഷേത്രമുറ്റത്തുപോലും കയറ്റാതിരിക്കുന്നതിലെ വിരോധാഭാസം ഈ പ്രസ്താവനകളിലെ സത്യത്തിന്റെ അളവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ഏതെങ്കിലും ഒന്നുമാത്രമല്ലേ ശരിയാകാൻ വഴിയുള്ളൂ? അല്ലെങ്കിൽ ഗ്രന്ഥകാരൻ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്യുകയാണെന്ന് വായനക്കാർ ധരിച്ചേക്കാം.
തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും ആയിരുന്നെങ്കിലും കൃഷ്ണന്റെ താല്പര്യമേഖലകൾ വളരെ വിപുലമായിരുന്നു. സമുദായോദ്ധാരണ പ്രവർത്തനങ്ങളിൽ നിരന്തരം വ്യാപൃതനായിരുന്ന അദ്ദേഹത്തിന് കുമാരനാശാൻ പോലെയുള്ളവരേയും നേരിട്ട് പരിചയമുണ്ടായിരുന്നു. മഹാകവിയോടൊപ്പം ദിവാനായിരുന്ന പി. രാജഗോപാലാചാരിയെ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട്. ചരിത്രപരമായോ വിഷയപരമായോ കൃത്യമായ ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങാത്ത കുറെ ലേഖനങ്ങളാണ് ഇതിലുള്ളത്. മാതാമഹന്റേയും മറ്റും സ്മരണകളും തലമുറകളായി പകർന്നുകിട്ടിയ അറിവുകളും ചരിത്രവസ്തുതകളും തെളിവുകളുമായി അവതരിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന ന്യൂനത. ആ ഓർമ്മകളിൽ പലതും സമ്പന്നതയുടേയും പ്രഭുത്വത്തിന്റേയും മടിത്തട്ടിലുള്ളതുമാണ്. പാറയിൽ എന്ന അദ്ദേഹത്തിന്റെ പിതൃകുടുംബത്തിൽ അമാലന്മാർ ചുമക്കുന്ന പല്ലക്ക് അടുത്തകാലം വരെ ഉണ്ടായിരുന്നുവെന്നും അതിൽ സഞ്ചരിച്ചിരുന്നതായും അതു ചുമന്നുകൊണ്ടുപോകുമ്പോൾ ചുമക്കുന്നവർ ഓഹും ഓഹും എന്നൊരു ഗംഭീരശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 38). ഇത്തരത്തിലൊരു കുടുംബത്തിൽ ജനിച്ചവർക്ക് തീണ്ടലിന്റെ ഇരകളാവാൻ എപ്പോഴാണ് സമയം ലഭിച്ചിരുന്നതെന്നറിയാതെ വായനക്കാർ കുഴങ്ങും.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book review of 'Ezhavar - Annum Innum'
Author: N R Krishnan
Publisher: Open Door Media, 2022 (First published 1960)
ISBN: 9788195068029
Pages: 146
No comments:
Post a Comment