Thursday, January 22, 2026

സഞ്ചാരത്തിന്റെ സംഗീതം

 
ചലച്ചിത്രതാരങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ഒരു മലയാളി കാരണവരുടെ രൂപം വിഭാവനം ചെയ്യാനാവശ്യപ്പെട്ടാൽ ശ്രീ. കെ. ജയകുമാറിന്റെ ചിത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. സ്വന്തം പ്രയത്നത്തിലൂടെ കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങളുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ട്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ പരമോന്നത ശ്രേണിയിലുള്ള ചീഫ് സെക്രട്ടറി പദം തുടങ്ങി ചലച്ചിത്ര ഗാനരംഗത്തെ എണ്ണപ്പെട്ട ഗാനരചയിതാക്കളിൽ ഒന്നിലൂടെ കടന്നുപോയി കാവ്യസപര്യയിലും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 70 വയസ്സ് പിന്നിട്ട വേളയിൽ, പിന്നിട്ട വഴികളേക്കാൾ ഹൃസ്വമാണ് അനുവദിക്കപ്പെട്ട മുന്നിലെ വഴി എന്ന ബോധം തെളിഞ്ഞപ്പോൾ സ്വന്തം ജീവിതത്തിലെ ചില അധ്യായങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നു വെക്കുകയാണ് അദ്ദേഹം. വൈവിധ്യമാർന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകൾ ഇതിൽ കാണാം. വ്യക്തി, കുടുംബം, ഉദ്യോഗം, സാഹിത്യം, സിനിമ, ആത്മീയത, വൈകാരികത എന്നീ തുറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതമാണ് ഈ കൃതി എന്ന് പറയുമ്പോഴും ഇതിൽ ഔദ്യോഗിക കാര്യങ്ങൾ മാത്രമേയുള്ളൂ എന്ന പരിഭവം വായനക്കാരിൽ നിന്ന് അദ്ദേഹം സ്വീകരിച്ചേ പറ്റുകയുള്ളൂ. കോവിഡാനന്തരം സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ ജയകുമാർ പറഞ്ഞുപോയ കാര്യങ്ങൾ തന്നെയാണ് ഈ കൃതിയിലൂടെ സംഗ്രഹിച്ചിരിക്കുന്നതെന്നു തോന്നുന്നു. നിഷ്‌കല്മഷമായി പ്രതിപാദിക്കുന്നതിനാൽ ആരെയും ഈ കൃതി പിണക്കുന്നില്ലെങ്കിലും, എരിവും പുളിയും ഉപ്പുമൊന്നുമില്ലാത്ത ഒരു വിഭവം പോലെ ചിലയിടങ്ങളിലെങ്കിലും തോന്നിക്കുന്നു.
 
കഠിനവും സമർപ്പിതവുമായ സ്വപ്രയത്നത്തിലൂടെയാണ് ജയകുമാർ ഐ.എ.എസ്സിന്റെ പടവുകൾ കയറുന്നത്. സ്വന്തം വീടിന് ഏതാനും കിലോമീറ്റർ അകലെ ഹോട്ടൽ മുറിയിൽ ഒറ്റക്കിരുന്നു രാത്രിയും പകലും ഉറക്കമൊഴിഞ്ഞു പഠിച്ചു നേടിയെടുത്ത ആ അംഗീകാരം അദ്ദേഹത്തിന്റെ കയ്യിലെത്താൻ അല്പം വൈകിപ്പോയോ എന്ന സന്ദേഹമേയുള്ളൂ. കോഴിക്കോട് ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുത്ത അദ്ദേഹം വളരെ വൈകാരികമായാണ് ആ നഗരത്തെയും ജില്ലയെയും നമുക്കു പരിചയപ്പെടുത്തുന്നത്. കൊളോണിയൽ നുകം അനാവശ്യമായി കഴുത്തിലേറ്റിക്കൊണ്ട് നടക്കേണ്ടെന്ന് അദ്ദേഹം കരുതി. ഇംഗ്ലീഷുകാരുടെ പേരുകൾ പേറിയിരുന്ന റോഡുകൾക്ക് പുതിയ പേരുകൾ നൽകി. അങ്ങനെയാണ് ഇന്ദിരാഗാന്ധി റോഡും, പി. ടി. ഉഷ റോഡും, കെ. പി.  കേശവമേനോൻ റോഡും നിലവിൽ വരുന്നത്. ചിലപ്പോഴൊക്കെ ആദർശം പ്രായോഗികതയെ കടത്തിവെട്ടുന്ന ചില സംഭവങ്ങളും ഇതിൽ വർണ്ണിക്കുന്നുണ്ട്. സ്വന്തം ജില്ലയിൽ പോലീസ് സംരക്ഷണത്തോടെയല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് കളക്ടറുടെ പരാജയമായി കരുതിയതുകൊണ്ട് (പേജ് 95) ഒറ്റയ്ക്കാണ് യാത്രകൾ നടത്തിയതെന്ന അവകാശവാദം ശരിയാണെങ്കിൽ അത് തികച്ചും നിരുത്തരവാദപരമായ ഒരു നടപടിയായിരുന്നുവെന്നേ കരുതാനാകൂ.
 
ഔദ്യോഗിക രംഗത്തെ സംഭാവനകളും ഈ കൃതി പരാമർശിക്കുന്നു. കേരളത്തിന്റെ ടൂറിസം മുദ്രാവാക്യമായ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വാക്യത്തിലെ ആദ്യത്തെയും അവസാനത്തെയും പദങ്ങൾ ജയകുമാറിന്റെ സംഭാവനയാണ്. ദീർഘകാല പ്രസക്തിയും പ്രയോജനവുമുള്ള പദ്ധതികളെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടറായിരിക്കുമ്പോൾ നൂറു ആനകളെ അണിനിരത്തുന്ന ഗജമേള തൃശൂരിൽ സംഘടിപ്പിച്ചത് സ്മരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് ശേഷം അത് നിന്നുപോയി എന്നും പരിതപിക്കുന്നുണ്ട്. (ഇവിടെ വ്യക്തിപരമായ ഒരു സംഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഈയുള്ളവൻ വിദ്യാഭ്യാസത്തിനായി തൃശൂരിലായിരിക്കുമ്പോഴാണ് ഈ ഗജമേള നടന്നത്. വിദേശ വിനോദ സഞ്ചാരികൾക്കായി തൃശൂർ പൂരത്തിന്റെ അവിഭാജ്യഘടകമായ ആനയെഴുന്നള്ളത്ത് ജനുവരിയിൽ നടത്തുന്നതിനെതിരെ ഞങ്ങൾ കുറച്ചു ദേശസ്നേഹികളുടെ രക്തം തിളച്ചു. എങ്കിലും 101 ആനകൾ അണിനിരക്കുന്ന ഒരു ചടങ്ങ് കാണാതിരിക്കാൻ സാധിച്ചില്ല. പൂരത്തിന് 30 ആനകളാണല്ലോ പങ്കെടുക്കുക. വിദേശികളുടെ എണ്ണമൊക്കെ വളരെ കുറവായിരുന്നു. എങ്കിലും നാട്ടുകാർ വൻതോതിൽ ഇരച്ചുകയറി. തേക്കിൻകാട് മൈതാനത്തെ പ്രദർശനത്തിനു ശേഷം സമീപത്തുള്ള വിലങ്ങൻകുന്നിലേക്ക് വിദേശികളെ ആനപ്പുറത്ത് കൊണ്ടുപോയി. ശക്തമായ പൊലീസ് സന്നാഹം ആഘോഷങ്ങളുടെ കൊഴുപ്പ് കുറക്കട്ടെ എന്നുദ്ദേശിച്ചുകൊണ്ട് ഈ പ്രകടനത്തിന് നേരെ ഒളിഞ്ഞുനിന്ന് കല്ലേറുണ്ടാകുമെന്ന് ഒരാൾ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത് ലജ്ജയോടും ഖേദത്തോടും കൂടി ഇവിടെ ഓർമ്മിക്കുന്നു). രാഷ്ട്രീയമായ തണൽ - പ്രത്യേകിച്ചും മുഖ്യമന്ത്രി കെ. കരുണാകരന്റെ - ഗ്രന്ഥകാരനുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ചില പരാമർശങ്ങളും ഇതിൽ കാണാം. ആ പരിരക്ഷ ഇല്ലാതായപ്പോഴുള്ള തിക്തഫലങ്ങളും വിവരിക്കുന്നുണ്ട്. കരുണാകരൻ മാറി ആന്റണി വന്നപ്പോൾ ടൂറിസം - സാംസ്കാരിക - ഇൻഫർമേഷൻ വകുപ്പുകളുടെ ചുമതലയിൽ നിന്നും മാറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറാക്കി. സെക്രട്ടേറിയറ്റിൽ നിന്നു പുറത്തേക്ക് പോകേണ്ടി വരുമല്ലോ എന്നതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. മനോവിഷമം അധികമായപ്പോൾ അമേരിക്കയിൽ ചികിത്സക്കുപോയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ഇരന്നുവാങ്ങി വീണ്ടും സെക്രട്ടേറിയറ്റിൽ കയറിപ്പറ്റി. 'മനുഷ്യമനസ്സിന്റെ കൊച്ചു വാശികളും അർത്ഥമില്ലാത്ത നിർബന്ധങ്ങളും' എന്നാണ് ലേഖകൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. 2001-ൽ വീണ്ടും ആന്റണി അധികാരത്തിലെത്തിയപ്പോൾ അഞ്ചുവർഷത്തേക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതുവരെയുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 
സിംഹഭാഗവും ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളു എങ്കിലും ഐ.എ.എസ് ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് സ്വാഭാവികമായും വ്യക്തിപരമായ സംഭവങ്ങളും വിവരിക്കുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കാൻ അദ്ദേഹം ഗൗരവശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെങ്കിലും അത് വായനക്കാരുടെ മനസ്സിൽ പതിയുന്നില്ല. യഥാർത്ഥമായ ആഗ്രഹമില്ലാതെ, ഒരു ചടങ്ങ് പോലെയാണ് പ്രണയത്തിലേക്കുള്ള ഗ്രന്ഥകാരന്റെ നടപ്പ്. അതിനാൽത്തന്നെ ഒരിക്കലും പ്രണയം മുള പൊട്ടുന്നതായി കാണുന്നില്ല. ഓർമ്മക്കുറിപ്പുകൾക്ക് നിറം പകരാൻ ഭാവനയിൽ സൃഷ്ടിച്ചതാണോ അവയെന്നു പോലും സംശയം ഉണ്ടായേക്കാം. പ്രത്യേകിച്ചും 'വിജയിച്ച പ്രണയങ്ങൾക്ക് നിറപ്പകിട്ട് നിലനിർത്താൻ സാധിച്ചെന്നു വരില്ല, എന്നാൽ പരാജയപ്പെട്ട പ്രണയത്തെ ഓർമ്മയിൽ നമുക്ക് ഉയിർപ്പിക്കാൻ സാധിക്കും' എന്ന് ഒരിടത്ത് രേഖപ്പെടുത്തിയിട്ടുള്ളതു കാണുമ്പോൾ. ജയകുമാർ എന്ന ബ്യൂറോക്രാറ്റിനേക്കാൾ മലയാളിയോട് അടുത്തു നിൽക്കുന്നത് അദ്ദേഹത്തിലെ ഗാനരചയിതാവാണെങ്കിലും ഗാനരചനയെക്കുറിച്ച് ഈ കൃതി തീർത്തും നിശ്ശബ്ദമാണെന്നത് അതിശയകരമാണ്.
 
യാതൊരു തട്ടുമുട്ടുകളുമില്ലാതെ വായിച്ചുപോകാമെന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു.
 
Book review of ‘Sancharathinte Sangeetham’
Author: K Jayakumar
Publisher: Mathrubhumi Books, 2024 (First)
ISBN: 9789359628226
Pages: 166

No comments:

Post a Comment