ഹെസ്സ് സ്പാൻഡോയിലെ തോട്ടത്തിൽ |
വർഷങ്ങൾ കൊഴിഞ്ഞുവീണു. കാലാവധി പൂർത്തിയാക്കിയവർ ഓരോരുത്തരായി സ്വതന്ത്രരായി. തങ്ങളെ വരിഞ്ഞുമുറുക്കുന്ന മതിലുകൾക്കുമപ്പുറം ജർമനി വീണ്ടും സമ്പന്നതയിലേക്ക് ചുവടുവെച്ചുതുടങ്ങി. പക്ഷേ സ്പിയറും കൂട്ടാളിയായിരുന്ന റുഡോൾഫ് ഹെസ്സും അതൊന്നുമറിയാതെ കഴിഞ്ഞുപോയ കാലം തന്നെ അയവിറക്കി കഴിഞ്ഞുകൂടി. കാലം അവരെ സംബന്ധിച്ചിടത്തോളം നിലച്ചുപോയ ഒരു ക്ലോക്ക് ആയി മാറിയിരുന്നു.
20 വർഷങ്ങൾ ഇഴഞ്ഞുനീങ്ങി - സന്ദർശകരൊന്നുമില്ലാതെ. സ്പിയറിനെ മോചിപ്പിക്കുന്ന തീയതിയും അടുത്തെത്തി. 1966 സെപ്റ്റംബർ 29 - മോചിതനാകുന്നതിന്റെ തലേദിവസം. സ്പിയറും ഹെസ്സും തടവറയ്ക്കുള്ളിൽ അല്പം നടക്കാനിറങ്ങി. ഹെസ്സിന് വിധിച്ചിരുന്നത് ജീവപര്യന്തം തടവാണ് - അദ്ദേഹത്തിന് മോചനമില്ല. ജയിൽ മുറികൾ ചൂടാക്കാൻ കൊണ്ടുവന്ന കൽക്കരി ലോറിയിൽ നിന്നിറക്കുന്നത് അവർ അല്പസമയം നോക്കിനിന്നു. ഹെസ്സ് മെല്ലെ പറഞ്ഞു.
"എത്രയധികം കൽക്കരി! നാളെ മുതൽ എനിക്കായി മാത്രം... (So much coal! Tomorrow onwards, only for me..."
പതിറ്റാണ്ടുകളുടെ അസ്വാതന്ത്ര്യത്തിൽ ഊറിവന്ന വ്യഥയുടേയും നിരാശയുടേയും പ്രതിധ്വനി കേൾക്കുന്നില്ലേ?വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റെല്ലാം മറന്നാലും ആ പുസ്തകത്തിലെ ഈയൊരു വരി ആരും മറക്കില്ല.
കഥ അവിടെ തീരുന്നില്ല. സ്പിയർ പോയതിനുശേഷം 72 കാരനായ ഹെസ്സിനു വേണ്ടിമാത്രം സ്പാൻഡോ നിലനിർത്തി. വർഷങ്ങൾ വീണ്ടും കടന്നുപോയി. ഹെസ്സ് ക്രൂരനായ യുദ്ധക്കുറ്റവാളിയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും പതിറ്റാണ്ടുകളുടെ തടവ് മതിയായ ശിക്ഷയായി കണക്കാക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്നപ്പൊഴെല്ലാം സോവിയറ്റ് യൂണിയൻ അതിനെ ശക്തിയായി എതിർത്തു. 1980-കളിൽ ഹെസ്സിന്റെ ഉറ്റ സുഹൃത്തായിക്കഴിഞ്ഞിരുന്ന ജയിലർ 'ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
കല്ലിനേയും അമ്പരപ്പിക്കുന്ന കാഠിന്യത്തോടെ ലോകമനസ്സാക്ഷി നിൽക്കേ, 1987-ൽ 93-കാരനായ ഹെസ്സ് സ്വന്തം സെല്ലിൽ ആത്മഹത്യ ചെയ്തു, 37 വർഷം ചെലവിട്ട അതേ സെല്ലിൽ.
പുതുനാസികളുടെ ഒരു തീർഥാടനകേന്ദ്രമാകരുതെന്ന ഉദ്ദേശത്തോടെ അധികൃതർ സ്പാൻഡോ ഇടിച്ചുനിരത്തി അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ കടലിൽ ഒഴുക്കി.
കടുത്ത ഏകാന്തതയുടെ നിശ്വാസങ്ങൾ ഉയർന്നിരുന്ന സ്പാൻഡോ നിന്ന സ്ഥലം ഇന്ന് ഒരു ഷോപ്പിംഗ് കോംപ്ലക്സാണ്.
No comments:
Post a Comment