Sunday, June 21, 2015

നാം വിഷം ഭക്ഷിക്കുന്നുണ്ടോ?

വിഷം ഭക്ഷിക്കുന്നത് ആർക്കും ഹിതകരമായ കാര്യമല്ല. വിഷമാണെന്നറിഞ്ഞുകൊണ്ട് ഒരു പദാർത്ഥവും കഴിക്കാൻ ആരും തയ്യാറാവുകയില്ല.ജീവനല്ലേ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത്? അപ്പോൾ വിഷം കലർന്ന ഒരു വസ്തു വെറുതെ എന്തിനു നാം വിഴുങ്ങണം?

എന്നാൽ വിഷം അടങ്ങിയിരിക്കുന്നത് കീടനാശിനിയുടെ രൂപത്തിൽ നാം കഴിക്കുന്ന പച്ചക്കറികളിലാണെങ്കിലോ? കുറെ നാളുകളായി മുഖ്യധാരാമാധ്യമങ്ങൾ വലിയവായിൽ നിലവിളിക്കുന്നത് ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ്. കേരളത്തിൽ അഴിമതിയും വർഗീയവാദവും സംഘടിതതോന്ന്യാസവുമല്ലാതെ ഒരു കൃഷിയും വിലപ്പോവില്ലാത്തതുകൊണ്ടുതന്നെ ഇടതന്മാരുടെ ഒരു മുദ്രാവാക്യം കടമെടുത്തു പറഞ്ഞാൽ, തമിഴന്റെ അദ്ധ്വാനം ചൂഷണം ചെയ്തുകൊണ്ടാണ് നാം ജീവിച്ചുപോകുന്നത്. കീടനാശിനിയുടെ അമിതോപയോഗം നാം തമിഴ് കർഷകരിൽ ആരോപിക്കുന്നു. മാരകമായ രാസവസ്തുക്കളിൽ മുക്കിയെടുത്തുകൊണ്ടാണ് പച്ചക്കറികൾ കേരളത്തിൽ വില്പനയ്ക്കായി എത്തുന്നതെന്ന് മാധ്യമങ്ങൾ വാദിച്ചു സമർഥിക്കുന്നു. ശരാശരി മലയാളിയുടെ വികൃതമായ രാഷ്ട്രീയബോധത്തിനു ദഹിക്കാനാവാത്ത എന്തും - മൊബൈൽ ടവർ റേഡിയേഷൻ, മണ്ണിനടിയിൽ കിടക്കുന്ന വാതക പൈപ്പ് ലൈൻ, കരിമണൽ ഖനനം, സ്വകാര്യമേഖലയിലെ വിമാനത്താവളം മുതലായവ - കണ്ണുമടച്ച് എതിർക്കുന്ന തിരുമണ്ടന്മാർ ഉടനെ ഓർഗാനിക് കൃഷിയിലേക്കും തിരിഞ്ഞു. കുറച്ചുനാൾ കർണാടകയിൽ നിന്ന് പച്ചക്കറികൾ വരുത്തിയിരുന്നു. അവിടേയും കീടനാശിനി ഉപയോഗിക്കുന്നുണ്ട് എന്നു മനസ്സിലായതോടെ ആദ്യത്തെ ഉത്സാഹം ഒന്നടങ്ങി.

കീടനാശിനി ഉപയോഗം കേരളത്തിനെ പേടിപ്പെടുത്തുന്ന ഒരു സംഭവമായത് എന്തുകൊണ്ടാണ്? പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോടുള്ള കശുമാങ്ങാ തോട്ടങ്ങളിൽ ഹെലികോപ്ടർ ഉപയോഗിച്ച് എൻഡോസൾഫാൻ തളിച്ചതുമൂലം കീടനാശിനി തോടുകളിലെത്തുകയും ആ വെള്ളം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച അനേകം സമീപവാസികൾക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്തു. എൻഡോസൾഫാൻ ഇരകളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ കേരള മനസ്സാക്ഷിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. എൻഡോസൾഫാൻ നിരോധിക്കണമെന്ന ആവശ്യം ശക്തിമത്തായി ഉയർന്നു. അധികം താമസിയാതെ ആ കീടനാശിനി നിരോധിക്കപ്പെട്ടു. ഇതൊരു ഹിമാലയൻ മണ്ടത്തരമല്ലേ? വിഷമാണെന്നറിഞ്ഞുകൊണ്ട് അത് ആകാശമാർഗം സ്പ്രേ ചെയ്ത പ്ലാന്റേഷൻ കോർപറേഷനല്ലേ ഇതിലെ യഥാർത്ഥ കുറ്റവാളി? ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് മീതൈൽ ഐസോസയനേറ്റ് നിരോധിക്കുകയാണോ അതോ യൂണിയൻ കാർബൈഡ് അടച്ചുപൂട്ടുകയാണോ ചെയ്തത്? കാസർഗോഡ്‌ സംഭവത്തെത്തുടർന്ന് എൻഡോസൾഫാൻ വിലക്കിയ നടപടി ശരിയാണെങ്കിൽ മേലിൽ മാരുതി കാറുകൾ വരുത്തിവെക്കുന്ന അപകടങ്ങളുടെ ഉത്തരവാദി മാരുതി കാർ കമ്പനിയായിരിക്കണമല്ലോ? കാര്യകാരണബന്ധം തിരിച്ചറിയാതെ വികാരപരമായ നടപടികളുമായി ഇറങ്ങുന്ന സമൂഹത്തിന് ദിശാബോധം നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. ഐസ്ക്രീം വില്പന കൂടുന്ന വർഷങ്ങളിൽ കാട്ടുതീ കൂടുതലായി ഉണ്ടാകുന്നു എന്നു കേട്ടാൽ കേരളത്തിൽ ഒരുപക്ഷേ ഐസ്ക്രീം നിരോധിക്കാനും മതി.

ഓർഗാനിക് കൃഷിയെക്കുറിച്ച് എന്തൊക്കെ ചപ്പടാച്ചികൾ പറഞ്ഞാലും സത്യസന്ധമായ രീതിയിൽ ഓർഗാനിക് കൃഷി നടത്തി കോടികൾ വരുന്ന ഒരു ജനതയുടെ വിശപ്പടക്കാൻ കഴിയില്ല എന്ന പരമാർഥം ടെറസിലും അഞ്ചുസെന്റിലുമൊക്കെ കൃഷി ചെയ്തു നോക്കിയിട്ടുള്ളവർക്കറിയാം. ഇന്ത്യയുടെ പട്ടിണി മാറിയതും മാറ്റിയതും ഇവിടെ ഹരിതവിപ്ലവം പൂത്തുലഞ്ഞതുമൊക്കെ രാസവളത്തിന്റേയും കീടനാശിനിയുടേയും ഉപയോഗം കൊണ്ടുതന്നെയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ചരിത്രസ്മരണകൾ മാഞ്ഞുപോകുന്നത്? സഹസ്രാബ്ദങ്ങളായി ഇവിടെ നിലനിന്നിരുന്നത് ജൈവകൃഷി മാത്രമായിരുന്നില്ലേ? വളരെ കുറഞ്ഞ വിളവ്‌ മാത്രം ലഭിച്ചിരുന്നതുകൊണ്ടാണല്ലോ നാം കാളുന്ന വിശപ്പടക്കാനായി മരച്ചീനിയും മക്രോണിയുമൊക്കെ പരീക്ഷിച്ചത്. അരി ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അവസ്ഥയിൽ നിന്ന് നാം സ്വയംപര്യാപ്തതയിലേക്ക് വളർന്നത് രാസവളവും കീടനാശിനിയും മേൽത്തരം വിത്തിനങ്ങളും ഉപയോഗിച്ചതു കൊണ്ടാണെന്ന് മറന്നുപോയാൽ വീണ്ടും പഴയ പരിവട്ടത്തിലേക്കെത്താൻ അധികം നാളുകൾ വേണ്ടിവരില്ല. ജൈവകൃഷി വിജയിച്ചാൽ തന്നെ അതിന്റെ വിളവ്‌ വളരെ കുറവാണ് (മൂന്നിലൊന്നു മാത്രം). അതായത് ഇന്ന് ലോകത്തിനുവേണ്ട ഭക്ഷ്യസാധനങ്ങൾ ജൈവകൃഷി ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭൗമോപരിതലം മുഴുവൻ കൃഷിക്കുവേണ്ടി ഉപയോഗിക്കേണ്ടി വരുമെന്ന് സാരം. അല്ലെങ്കിൽ ഭൂമിയുടെ അതേ പരിസ്ഥിതിയുള്ള രണ്ടു ഗ്രഹങ്ങൾ കൂടി വേണ്ടി വന്നേക്കും. ജൈവകൃഷി സമ്പന്നന്റെ ഒരു നേരമ്പോക്ക് മാത്രമാണ്. 'പൂത്ത കാശ്'കയ്യിലുള്ളവർ വിന്റേജ് കാറുകൾ വാങ്ങി ഓടിക്കാതെ ഷെഡ്ഢിലിടുന്നതുപോലെയുള്ള ഒരു ഭ്രമം. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയായാൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ഇവിടെ പട്ടിണിമരണം ഉണ്ടാവുകയും ചെയ്യും.

കീടനാശിനിയുടെ അമിതോപയോഗമാണ് മറ്റൊരു സ്ഥിരം ആരോപണം. ഇതിൽ എത്ര വാസ്തവമുണ്ട്? കീടനാശിനി വെറുതെ കിട്ടുന്ന ഒരു വസ്തുവല്ല. നല്ല വില കൊടുത്ത് ഇതു വാങ്ങുന്ന കർഷകർ അത്ര തന്നെ പ്രയോജനവും കാണുന്നുണ്ടാകുമല്ലോ! വിളവെടുപ്പിനു മുൻപ് തളിക്കുന്ന വിഷം പോരാതെ വിളകളിലും കേടുവരാതിരിക്കാനെന്ന പേരിൽ കീടനാശിനിയിൽ മുക്കിയെടുക്കുന്ന സമ്പ്രദായമുണ്ടെന്നു കേൾക്കുന്നു. അത് എന്തായാലും ഇടനിലക്കാരൻ ചെയ്യുന്നതാകാനേ വഴിയുള്ളൂ. കീടനാശിനിയുടെ സാന്നിധ്യമുണ്ടെങ്കിൽ തന്നെ നല്ലപോലെ കഴുകിയാൽ അത് പൂർണമായി നീക്കിക്കളയാൻ സാധിക്കില്ലേ? പ്രയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ് കർഷകൻ നേരിടുന്ന ഒരു പ്രധാനപ്രശ്നം. വെള്ളത്തിലും നീങ്ങിപ്പോകാത്ത കീടനാശിനിയാണെങ്കിൽ ഇത്രയും പണം മുടക്കി പത്തും പതിനഞ്ചും തവണയൊക്കെ ഇവ തളിക്കുന്നതെന്തിനാണ്?

ചുരുക്കിപ്പറഞ്ഞാൽ, നാം കഴിക്കുന്നത് വിഷമാണെന്ന മട്ടിൽ പ്രചാരണം അഴിച്ചുവിടുന്നത് ഒരു രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കീടനാശിനി പ്രയോഗത്തെ എതിർക്കുന്നവർ പുതിയ കാലത്തിന്റെ പ്രതീകങ്ങളായ എല്ലാ ഭക്ഷ്യവസ്തുക്കളേയും എതിർക്കുന്നവരായിരിക്കും. നൂഡിൽസ്, പിസ്സ, ഫ്രൈഡ് ചിക്കൻ അങ്ങനെ എന്തിനേയും അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കും. മാഗി നൂഡിൽസ് പിൻവലിച്ചത് ഇക്കൂട്ടരെ ആഹ്ലാദഭരിതരാക്കിയിരിക്കുന്നു. കേവലം 3 പി.പി.എം (പത്തുലക്ഷത്തിൽ ഒരംശം) ലെഡ് അടങ്ങിയിരിക്കുന്നു എന്നതാണ് പ്രസ്ഥാവിക്കപ്പെടുന്ന കാരണം. ലെഡ് മാരകമായ വിഷവസ്തു തന്നെയാണ്, അതിന്റെ ഉപയോഗം തടയേണ്ടതുമാണ്. എന്നാൽ പിന്നെ ആയുർവേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്ന ലെഡിന്റെ അളവിനെക്കുറിച്ച് ആരും മിണ്ടാത്തത് എന്തുകൊണ്ടാണ്? പതിനായിരക്കണക്കിന് പി.പി.എം. ലെഡ് ഉൾക്കൊള്ളുന്ന പുഷ്പധന്വരസം, സുന്ദരീകല്പം, ഗുഗ്ഗുലു, ജംബ്രൂലിൻ മുതലായ ആയുർവേദ മരുന്നുകളുടെ വില്പന തടയേണ്ടതല്ലേ? ലെഡ് മാത്രമോ, രസം, കാഡ്മിയം, ആർസെനിക് എന്നീ ഭാരലോഹങ്ങൾ അടങ്ങിയ നിരവധി മരുന്നുകൾ ആയുർവേദത്തിൽ ഇല്ലേ? സൈഡ് ഇഫക്ടുകൾ ഇല്ലാത്ത മരുന്നുകൾ തേടിപ്പോകുന്നവർ കഴിക്കുന്നത് ജീവിതം തന്നെ നശിപ്പിക്കുന്ന ഇത്തരം വിഷക്കൂട്ടുകളല്ലേ? എന്നിട്ടാണ് കീടനാശിനിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള മൈതാനപ്രസംഗം!

No comments:

Post a Comment