Friday, August 7, 2015

മുസ്ലിമിങ്ങളും കേരളസംസ്കാരവും

കേരളം വിഭിന്ന സംസ്കാരങ്ങളുടെ സമഞ്ജസമായ ലയനഭംഗി പ്രദർശിപ്പിക്കുന്ന ഒരു പ്രദേശമാണ്. ബലപ്രയോഗം ആധുനികകാലത്തല്ലാതെ മുൻപൊരിക്കലും മതപ്രചാരണത്തിന്റെ മാർഗമായിരുന്നില്ല. ഒരു യുദ്ധം ഇവിടെ നടന്നത് രണ്ടു നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു - ടിപ്പു സുൽത്താനുമായി. ഒരു മഹായുദ്ധമാവട്ടെ ഏതാണ്ട് 900 വർഷങ്ങൾക്കു മുൻപും - ചേര, ചോള രാജ്യങ്ങൾ തമ്മിൽ നടന്ന നൂറ്റാണ്ടു യുദ്ധം. ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ വിശേഷിപ്പിക്കുന്നത് ചുമ്മാതെയല്ല. ശ്രീ. പി. കെ. മുഹമ്മദ്‌ കുഞ്ഞിയുടെ പുസ്തകത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ജനിച്ച കാലം മുതലേ ഇസ്ലാം കേരളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്, അതിനു മുൻപുതന്നെ കേരളം അറബി നാടുകളുമായി വ്യാപാരം നടത്തിക്കൊണ്ടിരുന്നു. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ച് മെക്കയിലേക്ക് പോയതിനെതുടർന്നാണ്‌ കേരളത്തിൽ കേന്ദ്രീകൃത ഭരണവ്യവസ്ഥ അവസാനിച്ച് ചെറുരാജ്യങ്ങളായി തിരിഞ്ഞതെന്ന് ഒരു വിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ ഈ നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സൈനികമേഖലകളടക്കം സമസ്തഭൂമികകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ് ഇവിടത്തെ മുസ്ലിം സമൂഹം എന്നു വരുന്നു. ഈ ഇഴചേരലിന്റെ മനോജ്ഞമായ ഒരു വാങ്ങ്മയചിത്രമാണ് മുഹമ്മദ്‌ കുഞ്ഞി തന്റെ വിശാലമായ കാൻവാസിൽ വരച്ചുകാണിക്കുന്നത്.

മുസ്ലിം സമൂഹത്തിന്റെ സമസ്ത വ്യവഹാരമേഖലകളേയും ഗ്രന്ഥകാരൻ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുള്ള കേരളസമൂഹത്തെ പുതിയൊരു കണ്ണിലൂടെ അദ്ദേഹം നോക്കിക്കാണുമ്പോൾ ആ വീക്ഷണഗതിയോട് എതിർപ്പുള്ളവർക്കു പോലും പുതിയൊരു ആശയത്തിന്റെ ഉണർവുണ്ടാക്കുന്ന ശീതളിമ അനുഭവപ്പെടും. പ്രത്യേകിച്ചും അറബി മലയാളം എന്ന, പ്രത്യേകതകൾ നിറഞ്ഞ, മലയാളത്തിന്റെ സഹോദരീഭാഷയിലെ സാഹിത്യം കൈകാര്യം ചെയ്യുന്ന മേഖലകളിൽ. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ള രചയിതാവ് അറബി മലയാള സാഹിത്യത്തിന്റെ തെളിവുറ്റ ഒരു കാച്ചിക്കുറുക്കൽ ഏതാനും അധ്യായങ്ങളിലായി നല്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ലിപി വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയിൽ നിന്നുരുത്തിരിഞ്ഞുവരുന്നതിനു മുൻപുതന്നെ അറബി മലയാളം അറബി അക്ഷരങ്ങളിലൂടെ തന്റെ സാഹിത്യസ്വത്വം സാക്ഷാൽക്കരിച്ചു കഴിഞ്ഞിരുന്നു.

ടിപ്പു സുൽത്താൻ യഥാർത്ഥത്തിൽ ഹിന്ദുവിരോധിയായിരുന്നോ എന്ന ചോദ്യം ചരിത്രകാരന്മാരെ കുഴയ്ക്കുന്ന ഒന്നാണ്. അദ്ദേഹം നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്, അനവധി പേരെ ബലപ്രയോഗത്തിലൂടെ മുസ്ലീങ്ങളായി പരിവർത്തനം ചെയ്തിട്ടുമുണ്ട്. പക്ഷേ മറുവശത്ത് മൈസൂരിലെയും കേരളത്തിലെ തന്നെയും നിരവധി ക്ഷേത്രങ്ങളെ അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. ടിപ്പുവിന്റെ രാജധാനിയിൽ ഉണ്ടായിരുന്ന ശ്രീരംഗനാഥക്ഷേത്രം കേടുകൂടാതെ ഇന്നും നിലനില്ക്കുന്നുണ്ടല്ലോ. ടിപ്പുവിന്റെ ഭാഗം വിശദമാക്കാൻ ഗ്രന്ഥകർത്താവ് പ്രത്യേകം മനസ്സിരുത്തുന്നുണ്ട്. മാപ്പിളലഹള ദേശസ്നേഹത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു എന്ന് വാദിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ മനസ്സാക്ഷിക്കേറ്റ തീരാക്കളങ്കമായ ഒരു വർഗീയകലാപം മാത്രമായിരുന്നു എന്നൂഹിക്കാനാണ് സാധ്യത കാണുന്നത്. ഭാരതത്തിന്റെ ഭാവിയേക്കാൾ പ്രധാനം തുർക്കിയിലെ സുൽത്താന്റെ ഭരണമായിരുന്നു എന്ന വികലവും മതഭ്രാന്തിൽ അടിസ്ഥാനപ്പെടുത്തിയതുമായ ധാരണയായിരുന്നല്ലോ മാപ്പിളലഹളയുടെ ആന്തരികപ്രേരണ.

ലേഖകന്റെ ചരിത്രപരമായ അവലംബങ്ങൾ പക്ഷേ അപ്രമാദിതമായതല്ല. പെരുമാളുടെ മാർക്കം കൂടൽ ഒരു ചരിത്രസത്യമായി അവതരിപ്പിക്കുന്ന കുഞ്ഞി ആ വസ്തുതയെ ആധാരമാക്കുന്നത് ഐതിഹ്യങ്ങളും കഥകളും കുത്തിനിറച്ചിരിക്കുന്ന 'കേരളോൽപ്പത്തി' എന്ന ഗ്രന്ഥമാണ്. പരശുരാമന്റെ മഴുവെറിയലിൽ നിന്നാണ് അതു തുടങ്ങുന്നതു തന്നെ. ഏഴാം നൂറ്റാണ്ടിനുശേഷം കേരളത്തിൽ നടന്ന പുരോഗമനപരമായ എല്ലാ സംഭവങ്ങളും അറബികളുടേയും മുസ്ലീങ്ങളുടേയും സ്വാധീനഫലമായാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പുസ്തകത്തിലുടനീളം കാണുന്നുണ്ട്. പ്രതിപാദ്യവിഷയത്തിന്റെ സ്വഭാവം മനസ്സിലാക്കിയാൽ ഗ്രന്ഥകാരൻ കുറ്റവിമുക്തനാവുന്നുണ്ടെന്ന് നമുക്കു കാണാം. എങ്കിലും കേരളത്തിലെ മുസ്ലീങ്ങളുടെ ബഹുഭാര്യാത്വസമ്പ്രദായം നമ്പൂതിരിമാരെ അനുകരിച്ചു തുടങ്ങിയതാണെന്നും, കേരളം എന്ന പദം ദൈവത്തിന്റെ അനുഗ്രഹം എന്നർത്ഥം വരുന്ന 'ഖൈറുള്ള' എന്ന അറബി വാക്കിൽ നിന്നാണ് വന്നതെന്നും, കഥകളിയിലെ വസ്ത്രവിതാനം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണരീതിയെ പിൻപറ്റിയാണ് വികസിച്ചതെന്നുമുള്ള പ്രസ്താവനകൾ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നു. മുസ്ലീങ്ങളിൽ വിവിധ ഇല്ലങ്ങളിൽ പെടുന്നവർ ഉള്ളതുകൊണ്ട് അവർ നമ്പൂതിരിമാർ മതം മാറിയതാണെന്ന പാടേ അബദ്ധമായ സിദ്ധാന്തവും കുഞ്ഞി മുന്നോട്ടുവെക്കുന്നുണ്ട്. ഈഴവരുൾപ്പെടെയുള്ള പിന്നോക്കസമുദായക്കാർക്കും ഇല്ലങ്ങൾ ഉണ്ട് എന്നദ്ദേഹത്തിന് അറിയില്ലായിരിക്കാം. മുസ്ലീങ്ങളും പിന്നോക്കസമുദായങ്ങളും മരുമക്കത്തായം പിന്തുടർന്നപ്പോൾ നമ്പൂതിരിമാർ മക്കത്തായമാണ് പുലർത്തിയിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

അറബിയിൽ നിന്ന് മലയാളത്തിലേക്ക് കടന്നുവന്ന വാക്കുകൾ അനുബന്ധമായി കൊടുത്തിട്ടുണ്ട്‌ എന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആ അനുബന്ധം കാണാൻ കഴിഞ്ഞില്ല. അടുത്ത പതിപ്പിൽ പ്രസാധകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിയുടെ പുസ്തകം മറ്റൊരു സ്തോഭജനകമായ വസ്തുത കൂടി വായനക്കാരുടെ മുന്നിൽ വെയ്ക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ അകന്നുനിൽക്കലിൽ നിന്ന് മുക്തരായി മുസ്ലിം ജനസമൂഹം കേരളജനതയുടെ പൊതുധാരയിൽ ലയിച്ചു ചേരുന്ന ഒരു കാഴ്ചയാണ് ഈ ഗ്രന്ഥം നമുക്കു കാണിച്ചുതരുന്നത്. "വസ്ത്രം, സാമൂഹികമര്യാദകൾ തുടങ്ങിയ എല്ലാ തുറകളിലും ഇതര കേരളീയരുമായി വേർതിരിക്കുന്ന രേഖ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം" (പേജ് 160) എന്ന് ഗ്രന്ഥകാരൻ പറയുന്നത് 1980-കളിലെ കാര്യമാണ്. ഇന്നോ? പർദയും തൊപ്പിയും വീണ്ടും രംഗപ്രവേശം ചെയ്യുന്ന ഒരു ഘട്ടത്തിലല്ലേ നമ്മളിപ്പോൾ? വീണ്ടും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടാനുള്ള വഴിയല്ലേ ഇതെന്ന് മുസ്ലിം സമൂഹം ആത്മാർഥമായും അവലോകനം നടത്തേണ്ടതാണ്.

കേരളീയസമൂഹത്തിന്റെ തുടക്കവും വളർച്ചയും വികാസവുമൊക്കെ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാൻ എല്ലാ മലയാളിയും വായിച്ചിരിക്കേണ്ട അവശ്യ പുസ്തകം.

Book review of 'Muslimingalum Kerala Samskaravum' by P K Muhammed Kunji
ISBN 8176901733

No comments:

Post a Comment