Saturday, August 29, 2015

വല്ലാത്തൊരു ഭീഷണി തന്നെ

മാതൃഭൂമി, 2015 ആഗസ്ത് 28
പത്രങ്ങൾക്ക് സ്വന്തമായൊരു നയം വേണം, പക്ഷേ സ്വന്തം അജണ്ട പാടില്ല. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പത്രങ്ങൾക്ക് അജണ്ടയാകാം, പക്ഷേ അതിന് അവർ നൽകേണ്ടി വരുന്ന വില സ്വന്തം ക്രെഡിബിലിറ്റിയാണ്. ദേശാഭിമാനിയിൽ അച്ചടിച്ചു വരുന്നത് വാദത്തിനുവേണ്ടി സത്യമാണെന്നു സങ്കല്പിച്ചാൽ പോലും, സാമാന്യബുദ്ധിയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ക്രെഡിബിലിറ്റി നഷ്ടപ്പെട്ട ഒരു പത്രം തുടർന്നു നടത്തുന്നത് മുതലാളിക്കു വേണ്ടി മാത്രമായിരിക്കും.

മാതൃഭൂമി അതു പോലൊരു ചുറ്റുപാടിലാണിപ്പോൾ. ഇത്തവണ ഈ പത്രത്തിന്റെ അജണ്ട തമിഴ് നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളാണ്. മുൻപൊരിക്കൽ ഈ ബ്ലോഗിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ദീർഘമായി വിസ്തരിക്കുന്നില്ല, എങ്കിലും പറഞ്ഞുകൊള്ളട്ടെ. രാസവളവും കീടനാശിനിയും ഇല്ലാതെ കൃഷി ചെയ്യാമെന്നു വിചാരിക്കുന്നത് നെഗളിപ്പല്ലേ? പട്ടിണി കൊണ്ട് വീർപ്പുമുട്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ കൊന്നു തിന്നുന്നവർ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഈ നാട്ടിൽ ഇപ്പോൾ ഒരു രൂപയ്ക്ക് സുഭിക്ഷമായി അരി കിട്ടുന്നത് ഹരിതവിപ്ലവത്തിന്റെ ഫലമായിട്ടല്ലേ? ജൈവവളവും ഓർഗാനിക് കൃഷിയുമൊക്കെ വ്യാവസായിക അളവിൽ പയറ്റുന്നവർ വിശപ്പിന്റെ വിളി അറിയാത്തവരാണ്. സ്വന്തം ആവശ്യത്തിനായി ടെറസിലും അടുക്കളയുടെ പുറകിലുമൊക്കെ കൃഷി ചെയ്യുന്നവരുടെ കാര്യമല്ല പറയുന്നത്. നൂറ്റാണ്ടുകളായി ജൈവകൃഷി സങ്കേതങ്ങളെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നു, എങ്കിലും ജനത്തിന്റെ പട്ടിണി മാറ്റാൻ അതിനു കഴിഞ്ഞില്ല. സംശയമുള്ള ജൈവകർഷകൻ അവന്റെ തന്തയോടു ചോദിച്ചാൽ മൈദമാവിനും മക്രോണിക്കും ക്യൂ നിന്ന കഥ അദ്ദേഹം പറഞ്ഞുതരും.

കീടനാശിനി ഉപയോഗിക്കാതെ വലിയ അളവിൽ കൃഷി ചെയ്യാൻ സാധ്യമല്ല. ജൈവക്കോമരങ്ങൾ പോലും ഇത് രഹസ്യമായി സമ്മതിച്ചു തരും. വെള്ളത്തിൽ ലയിച്ചുചേരണം എന്നതാണ് കീടനാശിനിയുടെ അടിസ്ഥാന യോഗ്യത. അപ്പോൾ കഴുകിക്കളഞ്ഞാൽ പോകാത്ത ഒരു കീടനാശിനിയും ഉണ്ടാവുകയില്ല. പിന്നെ വേരിലൂടെ ഉത്പന്നത്തിൽ എത്തിച്ചേരുന്ന കീടനാശിനി എന്തായാലും നമ്മൾ ഭക്ഷിക്കാതെ നിവൃത്തിയില്ല. പക്ഷേ അതിന്റെ അളവ് എത്രയോ ചെറുതാണ്! ദശലക്ഷത്തിലോ ദശകോടിയിലോ ഏതാനും അംശം മാത്രം ഉള്ള ഒരു വസ്തുവിനെപ്പേടിച്ചോടുന്നത് ഉൽക്ക തലയിൽ വീഴുമെന്നു കരുതി വീടിനു പുറത്തിറങ്ങാതിരിക്കുന്നതു പോലെയുള്ള ഭോഷത്തമായിരിക്കും.

2015 ആഗസ്ത് 28-ലെ മാതൃഭൂമി പത്രത്തിൽ വന്ന ഒരു വാർത്താശകലമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ അടവുകളും ഉപയോഗിക്കുന്നതു ശ്രദ്ധിക്കൂ. കീടനാശിനിക്കമ്പനിക്കാർ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണത്രേ! അതും ടി.വി. അനുപമ, ഐ.എ.എസ് എന്ന സ്ത്രീയെ. എന്താണാവോ മാഫിയ എന്നു പ്രയോഗിക്കാതിരുന്നത്! ഇതു കേട്ടാൽ നാം എന്താണു വിചാരിക്കുക? കമ്പനിക്കാർ കമ്മീഷണറെ നേരിട്ടോ ഫോണിലോ വിളിച്ച് മര്യാദയ്ക്കു നടന്നില്ലെങ്കിൽ നിന്നെ തട്ടിക്കളയുമെന്നോ മറ്റോ ആയിരിക്കും എന്നല്ലേ? തലക്കെട്ട് മാത്രം വായിച്ച ആയിരക്കണക്കിന് വായനക്കാർ അങ്ങനെതന്നെ കരുതിയിട്ടുണ്ടാവണം. അതു തന്നെയാണ് ഈ പത്രത്തിന്റെ ലക്ഷ്യവും - വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അജണ്ട നടപ്പാക്കുക. ഒരു നിമിഷം ആ വാർത്ത‍ വിശദമായി വായിക്കുക, എങ്ങനെയാണ് ഭീഷണിപ്പെടുത്തിയത് എന്നറിയാൻ വേണ്ടി.

ദാ കിടക്കുന്നു കള്ളി വെളിച്ചത്ത്! കമ്പനിക്കാരുടെ സംഘടന കമ്മീഷണരുടെ പേരിൽ ഒരു വക്കീൽ നോട്ടീസ് അയച്ചുവത്രേ! അതാണ്‌ ഭീഷണി. അതു കൂടാതെ നോട്ടീസിന്റെ കോപ്പി കേന്ദ്രസർക്കാരിന്റെ പേർസണൽ ആൻഡ്‌ ട്രെയിനിംഗ് ഡിപ്പാർട്ടുമെന്റിനും അയച്ചു കൊടുത്തതാണ് വിരട്ടലായി പത്രത്തിന്റെ ലേഖകന് തോന്നിയത്. ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനത്തിൽ അതൃപ്തി തോന്നുന്ന ആർക്കു വേണമെങ്കിലും ചെയ്യാവുന്ന തീർത്തും നിയമവിധേയമായ, ഒരു സാധാരണ കാര്യം മാത്രമാണിത്. സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ പേരു വെയ്ക്കാത്ത പ്രത്യേക ലേഖകൻ ഉദ്ദേശിക്കുന്നത്? സ്വന്തം അധികാരപരിധി എത്രയാണെന്നു മനസ്സിലാകാത്ത ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനാണ് സർക്കാർ തന്നെ ഇത്തരം വഴികൾ തുറന്നു വെയ്ക്കുന്നത്. ടി. സോമൻ എന്ന ഒരു ലേഖകൻ എഴുതിവിട്ട ശുദ്ധഭോഷ്ക് ഇതിനു മുൻപൊരു പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. സോമൻ സാർ തന്നെയാണോ ഇതിനും പുറകിൽ?

ടി.വി.അനുപമ ഐ.എ.എസ് കീടനാശിനിക്കമ്പനിക്കാർക്കെതിരെ എന്താണു ചെയ്തത് എന്നെനിക്കറിയില്ല. സ്വന്തം കമ്പനി പൂട്ടിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കമ്പനിയും തൊഴിലാളികളും തിരിയുന്നത് സ്വാഭാവികം മാത്രമാണ്. ഇനി അങ്ങനെയുള്ള ഒരു ശ്രമവും ഉണ്ടായില്ലെങ്കിൽ പോലും സ്വന്തം പേരിൽ ഒരു വക്കീൽ നോട്ടീസ് വന്നാൽ ഇത്രയൊക്കെ ബേജാറാവേണ്ട കാര്യമുണ്ടോ? ഭാരിച്ച ശമ്പളവും, സർക്കാർ വാഹനവും, പരന്ന അധികാരവും കയ്യാളുമ്പോൾ ഇതുമൊക്കെ ആ ജോലിയുടെ ഭാഗമാണെന്നു കരുതുന്നതല്ലേ ഭംഗി? വയനാട് ജില്ലയിൽ മൂന്നു നിലയിൽ കൂടുതലുള്ള ഒരു കെട്ടിടവും പാടില്ല എന്ന് ഉത്തരവിട്ട ഒരു മഹാനെ നമ്മൾ ഏതാനും മാസങ്ങൾക്കു മുൻപ് കണ്ടതല്ലേ? അങ്ങനെയൊക്കെ ഉത്തരവിടാനുള്ള അധികാരമൊക്കെ ഇവർക്ക് ആരാണാവോ ചാർത്തിക്കൊടുത്തത്! പൊതുജന സേവകർ തങ്ങളെ ചോദ്യം ചെയ്യാൻ പാടില്ല എന്നൊക്കെ ശഠിച്ചാൽ ഈ രാജ്യം ആരുടേയും കുടുംബസ്വത്തല്ല എന്ന് ഓർമ്മിപ്പിക്കാനും ആരെങ്കിലും വേണ്ടേ?

എങ്കിലും മാതൃഭൂമീ, ഇത് വല്ലാത്ത ഒരു ഭീഷണി തന്നെ!

No comments:

Post a Comment