Thursday, September 17, 2015

മൂന്നാറിലെ ഭൂതം

പണ്ട് ബാഗ്ദാദിൽ ഒരു വയസ്സൻ മുക്കുവനുണ്ടായിരുന്നു. ദിവസവും നാലു വട്ടം അയാൾ വല വീശും. വല്ലതും കിട്ടിയാലുമില്ലെങ്കിലും പരമ ദരിദ്രനാണെങ്കിലും അഞ്ചാമതൊരു വട്ടം കൂടി വലയെറിയുന്ന പതിവില്ല. ഒരു ദിവസം മൂന്നു വട്ടം വീശിയെങ്കിലും ഒന്നും ലഭിച്ചില്ല. പ്രാർത്ഥനയോടെ അവസാനവട്ടം എറിഞ്ഞ അയാൾക്ക് ഒരു ചെമ്പുകുടമാണ് ലഭിച്ചത്. കേടുപാടുകളൊന്നുമില്ലാത്ത നല്ല കുടം. അകത്തു വല്ലതുമുണ്ടെങ്കിൽ എടുത്തു മാറ്റിയിട്ട് കുടം വിൽക്കാമെന്നു കരുതി സന്തോഷത്തോടെ മുക്കുവൻ കത്തിയെടുത്ത് അടപ്പു തുറന്നു. കുടം ശൂന്യമായിരുന്നു. പക്ഷേ അതിൽനിന്ന് പുക ഉയരാൻ തുടങ്ങി. അയാൾ അമ്പരന്നുനിൽക്കേ പുക കട്ടിയായി ഒരു വൻതൂണു പോലെ മേലോട്ടു പൊങ്ങി. അടുത്ത ക്ഷണം മാനം മുട്ടുന്ന ഭീമാകാരനായ ഭൂതമായി അതുമാറി.

'മുക്കുവനും ഭൂതവും' എന്ന വിഖ്യാതമായ ഈ അറബിക്കഥ ഓർമയില്ലേ? നൂറ്റാണ്ടുകളായി കുടത്തിനുള്ളിൽ കഴിഞ്ഞിരുന്ന ഭൂതത്തിനെ തുറന്നുവിട്ട മുക്കുവനെ ഇല്ലാതാക്കാനായിരുന്നു ഭൂതത്തിന്റെ അടുത്ത ശ്രമം. പേടിച്ചു വിറച്ചുപോയ മുക്കുവൻ തന്ത്രമുപയോഗിച്ച് ഒരുവിധത്തിൽ ഭൂതത്തിനെ വീണ്ടും കുടത്തിനുള്ളിലാക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഈ കഥയെ ഓർമിപ്പിക്കുന്ന ഒരു പ്രഹസനനാടകത്തിന് ഈയാഴ്ച മൂന്നാറിൽ തിരശ്ശീല വീണതേയുള്ളൂ.

കണ്ണൻ ദേവൻ കമ്പനിയിൽ കൊളുന്തുനുള്ളുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ കൂട്ടത്തോടെ സമരമുഖത്തിറങ്ങിയാണ് പ്രക്ഷോഭം തുടങ്ങിയത്. 20% ബോണസ്, പ്രതിദിനം 500 രൂപ വേതനം എന്നിവയായിരുന്നു ആവശ്യങ്ങൾ. കൗതുകകരമായ കാര്യം തൊഴിലാളി സംഘടനകളെ തൃണവൽഗണിച്ചുകൊണ്ടായിരുന്നു സമരം എന്നതാണ്. പണിമുടക്കിയ സ്ത്രീകൾ കമ്പനി സ്തംഭിപ്പിച്ചു എന്നു മാത്രമല്ല, മൂന്നാർ മേഖലയെ ഒന്നടങ്കം വരിഞ്ഞുമുറുക്കിക്കളഞ്ഞു. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ പോലും ഒരാഴ്ച മൂന്നാറിലേക്ക് കടത്തിവിട്ടില്ല എന്നു പറയപ്പെടുന്നു.

സമരത്തിന്‌ അഭൂതപൂർവമായ പിന്തുണയാണ് കേരളത്തിലുണ്ടായത്. മലയാളം സംസാരിക്കാൻ പോലും അറിയാത്ത തമിഴ് സ്ത്രീകളായിരുന്നു സമരസൈനികർ എങ്കിലും തൊഴിലാളികളല്ലേ, തളർന്നു കിടക്കുന്ന മലയാളി പോലും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുപോകും. കേരളത്തിൽ കാശുമുടക്കി വ്യവസായം തുടങ്ങുന്നവൻ മനുഷ്യരാശിക്കെതിരായ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന രീതിയിലാണ് മലയാളി സമൂഹത്തിന്റെ പ്രതികരണം. തൊഴിലാളിയുടെ അദ്ധ്വാനം ചൂഷണം ചെയ്യുന്ന രക്തദാഹികളായാണ് അവരെ നാം കാണുന്നത്. വികലവും അപ്രസക്തവുമായിക്കഴിഞ്ഞ മാർക്സിയൻ പ്രത്യയശാസ്ത്രത്തിന് സ്വന്തം ധിഷണ അടിയറ വെച്ചതിന്റെ സ്വാഭാവിക പരിണാമം! പല വ്യവസായങ്ങളുടെയും നയപരമായ തീരുമാനങ്ങളിൽ പോലും തൊഴിലാളി യൂണിയനുകൾ കൈ കടത്തുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് പന്തവും കൊളുത്തിപ്പട എന്നു പറഞ്ഞതുപോലെ യൂണിയനുകൾക്ക് നട്ടെല്ലു പോരാ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം സ്ത്രീ തൊഴിലാളികൾ രംഗത്തിറങ്ങിയത്. ആരോടും കണക്കുപറയേണ്ടാത്ത ആൾക്കൂട്ടത്തിന്റെ മനശാസ്ത്രമാണ് ഇവർ പ്രദർശിപ്പിക്കുന്നത്. ഒരു കമ്പനിയിൽ സമരം നടക്കുന്നതിന്റെ പേരിൽ സമൂഹത്തിന്റെ മൊത്തം സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന് എന്തു ന്യായീകരണമാണുള്ളത്? സമരക്കാരോട് സംസാരിക്കുവാൻ വന്ന മന്ത്രി ജയലക്ഷ്മിയെ തടഞ്ഞുവെച്ചിട്ട് സമരം തീർത്തിട്ടുപോയാൽ മതി എന്നു തട്ടിക്കയറിയത്‌ പോക്രിത്തരമല്ലേ? അവർ അവിടെ നിന്ന് പൊട്ടിക്കരയാഞ്ഞത് ഭാഗ്യം! അങ്ങനെ മന്ത്രിയെ തടഞ്ഞുവെച്ചതുകൊണ്ടല്ലേ, കൊച്ചിയിൽ നടന്ന ചർച്ചയിൽ സർക്കാർ കമ്പനിയുടെ മേൽ അതീവസമ്മർദം ചെലുത്തി തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനിടയാക്കിയത്? അതായത് ബ്ലാക്ക്‌മെയിൽ എന്ന സുകുമാരകല മൂന്നാറിലെ പെമ്പിളകൾ വിജയകരമായി നടപ്പാക്കിയതിനെയാണ് കേരളം ആർത്തുവിളിച്ച് കൊണ്ടാടുന്നത്! ഇതിനിടയിൽ കണ്ണൻ ദേവന് പ്രവർത്തിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാർ കണ്ടഭാവം പോലും വെച്ചില്ല.

ഒരു വ്യവസായത്തിലെ തൊഴിലാളികൾക്ക് അവിടത്തെ മാനേജ്മെന്റുമായി സംഘടിതമായി വിലപേശുന്നതിനുള്ള അവകാശം നമ്മുടെ ഭരണവ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ്. തൊഴിലാളി പ്രതിനിധികൾ എന്ന നിലയിൽ ട്രേഡ് യൂണിയനുകൾ വഴിയാണ് അങ്ങനെ ചെയ്യേണ്ടത്. വിലപേശുമ്പോൾ സ്വാഭാവികമായും ഇരുപക്ഷത്തും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതിനെ യൂണിയനുകളുടെ കഴിവില്ലായ്മയായി ചിത്രീകരിച്ച് നിയമം കയ്യിലെടുക്കുന്നതിനെ തീവ്രവാദം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? അതു പറഞ്ഞതിനല്ലേ മൂന്നാർ എം.എൽ.എയെ സമരക്കാർ അടിച്ചോടിച്ചത്? ഇപ്പോൾ 310 രൂപ പ്രതിദിനവേതനം വാങ്ങുന്ന സ്ത്രീകൾ  500 രൂപയാണ് ആവശ്യപ്പെടുന്നത്, അതായത് 61% വർദ്ധന. പ്രത്യേകനൈപുണ്യം വേണ്ടാത്ത ഒരു ജോലിക്ക് 61% വർദ്ധന ഒറ്റയടിക്ക് ആവശ്യപ്പെടുന്നത് ന്യായമാണോ? പിന്നെ ബോണസ് എന്നത് ലാഭവിഹിതമാണല്ലോ. കമ്പനിയുടെ പ്രവർത്തനലാഭവുമായി ബന്ധിപ്പിച്ചു ചിന്തിക്കേണ്ട ബോണസിനെ അവകാശമായി ചിത്രീകരിച്ച് പിടിച്ചുവാങ്ങിക്കുന്നത് ഗുണ്ടാപ്പിരിവിനു തുല്യമാണ്.

ആർക്കെതിരെയാണ് പെമ്പിളകളുടെ സമരം എന്നുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. കേരളം വിചാരിച്ചിരിക്കുന്നത് 'ടാറ്റാ ടീ'യാണ് ഇപ്പോഴും കമ്പനിയുടെ ഉടമ എന്നാണ്. അവർ 2005-ൽ തന്നെ ജീവനും കൊണ്ടോടി എന്ന വസ്തുത അധികം പേരും അറിഞ്ഞിട്ടില്ല. ഇപ്പോഴത്തെ Kanan Devan Hills Plantation Company Pvt Ltd (KDHPC) എന്ന കമ്പനി തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. 68% ഓഹരികളും തൊഴിലാളികളുടെ കയ്യിലാണ്. തൊഴിലാളി ഡയരക്ടർമാർ കമ്പനിയുടെ ബോർഡിലുണ്ട്. പിന്നെ, ദൈനംദിന മാനേജ്മെന്റിന്റെ ചുമതല വിദഗ്ദ്ധരെ ഏൽപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അപ്പോൾ സ്വന്തം കമ്പനിയുടെ ഉദകക്രിയ നടത്താനാണ് പെമ്പിളകൾ ചേലയും മുറുക്കി തെരുവിലിറങ്ങിയിരിക്കുന്നത്. ഒരല്പം കണക്കു പറഞ്ഞോട്ടെ? ഇപ്പോൾ 310 രൂപ വാങ്ങുന്നവർക്ക് 500 രൂപ കൊടുക്കണമെങ്കിൽ പ്രതിദിനം ഒരു തൊഴിലാളിക്കു വേണ്ടിവരുന്നത് 190 രൂപയാണല്ലോ. അതായത് ഒരു വർഷം ഒരാൾക്കു നൽകേണ്ടി വരുന്നത് 69,350 രൂപ (=190 x 365). കമ്പനിയിൽ 11000-ത്തോളം തൊഴിലാളികൾ ഉണ്ടെന്നാണ് നെറ്റിൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. അപ്പോൾ ഒരു വർഷം കൂടുതലായി വേണ്ടിവരുന്നത് 76 കോടി രൂപ (=69,350 x 11,000). 2014-15ലെ KDHPയുടെ നികുതിക്കു ശേഷമുള്ള ലാഭം വെറും 5 കോടി രൂപയാണ് (ബാലൻസ് ഷീറ്റ് പേജ് 13). ഈ 76 കോടി രൂപ കണ്ടെത്തണമെങ്കിൽ അത് തേയിലയുടെ വില കൂട്ടിയല്ലേ സാധിക്കൂ? 2014-15-ൽ കമ്പനി ഉത്പാദിപ്പിച്ചത് 24,120 ടണ്‍ തേയിലയാണ് (ബാലൻസ് ഷീറ്റ് പേജ് 14). ഒരു കിലോ ചായപ്പൊടിക്ക് 32 രൂപ വില കൂട്ടിയാൽ മാത്രമേ ഇതു സാധിക്കൂ (=76 കോടി / 24120 ടണ്‍). ഇത്രയും വില കൂടുതൽ കൊടുത്ത് കണ്ണൻ ദേവൻ തേയില വാങ്ങിക്കുവാൻ സമരക്കാരുടെ കൂടെ കൂടി കയ്യടി വാങ്ങുന്നവർ മിനക്കെടുമോ? തൊഴിൽ മന്ത്രി ഷിബു ബേബി ജോണ്‍ തോട്ടം മേഖല സ്തംഭിക്കുമെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായോ?

മുല്ലപ്പൂ വിപ്ലവം വിജയിച്ചതുകൊണ്ട് രോമാഞ്ചം കൊണ്ടിരിക്കുകയാണ് മലയാളി ഇപ്പോൾ. കണ്ണൻ ദേവനെ മുട്ടുകുത്തിച്ചതു പോലെ എല്ലാ സ്വകാര്യകമ്പനികളേയും സംഘടിത തൊഴിലാളി ശക്തിക്കുമുൻപിൽ അടിയറവു പറയിപ്പിക്കാം എന്നവർ മനപ്പായസമുണ്ണുന്നു. നശിപ്പിച്ചു നശിപ്പിച്ച് അവസാനം കമ്പനികളൊന്നും തന്നെ ഇവിടെ ബാക്കിയാകാത്ത കാലം അധികം അകലെയല്ല. മറ്റൊരു തോട്ടമുടമയായ ഹാരിസണ്‍ മലയാളം കമ്പനിയിൽ സമരം തുടങ്ങിക്കഴിഞ്ഞു. ആറളം ഫാമിലും പണിമുടക്ക്. ഒരു കാര്യം മലയാളി ഓർമ്മിക്കേണ്ടതുണ്ട്. മുല്ലപ്പൂ വിപ്ലവം വിജയിച്ച രാജ്യങ്ങളിലെല്ലാം പിന്നീടു വന്നത് അരാജകത്വവും തീവ്രവാദവുമാണ്. ടുണീഷ്യ, അൾജീരിയ, ലിബിയ, ഈജിപ്റ്റ്‌ അങ്ങനെ പല ഉദാഹരണങ്ങൾ. ജനാധിപത്യം എന്നത് ജനങ്ങൾക്കു വേണ്ടി ജനപ്രതിനിധികൾ നടത്തുന്ന ഭരണമാണെങ്കിൽ, അതു നാം അംഗീകരിക്കുമ്പോൾ, തൊഴിലാളികൾ വിലപേശുന്നത് യൂണിയനുകൾ വഴി മാത്രമായിരിക്കണം. അല്ലാതെ വഴി തടഞ്ഞു നടത്തുന്ന മൂന്നാർ സമരം പോലെയുള്ളവ നിയമം വഴി നേരിടേണ്ടതായിരുന്നു. സ്വാഭാവികമായും ഇനി കേരളത്തിലെവിടെയും ട്രേഡ് യൂണിയനുകൾ കൂടുതൽ കടുംപിടിത്തം നടത്തും, അല്ലെങ്കിൽ അവരുടെ നിലനിൽപ്പ്‌ പോലും അപകടത്തിലായേക്കുമല്ലോ.

കുടത്തിൽ നിന്ന് ഭൂതത്തിനെ തുറന്നുവിട്ടുകഴിഞ്ഞു. ഇനി എന്ത്?

No comments:

Post a Comment