Sunday, November 15, 2015

കേരള സംസ്കാരം

പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോൻ രചിച്ച ഈ പുസ്തകം കേരള സംസ്കാരത്തിന്റെ ഒരു സംക്ഷിപ്തരൂപം ചിത്രീകരിക്കുന്നു. 1978-ൽ പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും സാംഗത്യം നഷ്ടപ്പെടാത്ത ആശയങ്ങളും വിവരണങ്ങളുമാണ് മേനോൻ കാഴ്ചവെയ്ക്കുന്നത്. മതം, ആരാധനാരൂപങ്ങൾ, ഉത്സവാഘോഷങ്ങൾ, കലകൾ, കരകൌശലങ്ങൾ, ഭാഷ, സാഹിത്യം, സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നിങ്ങനെ നാനാവിധമായ മേഖലകൾ ഈ പുസ്തകം പരാമർശവിധേയമാക്കുന്നുണ്ട്. ആഴത്തേക്കാളേറെ വ്യാപ്തിക്കാണ് പ്രാമുഖ്യം നല്കിയിരിക്കുന്നത് എന്നതിനാൽ ഏതൊരു വിഷയത്തിനും ഒരു നല്ല തുടക്കം നല്കുക എന്നതിൽ കവിഞ്ഞ് ഗൗരവമായ വായനയ്ക്ക് ഈ ഗ്രന്ഥം ഉപയോഗിക്കാനാവില്ല. ഹാൻഡ്‌ ബുക്ക്‌ എന്ന ഗണത്തിൽ പെടുത്താവുന്ന ഏതൊരു പുസ്തകവും അങ്ങനെയായിരിക്കുമല്ലോ.

കേരളത്തിലെ പരമ്പരാഗതകലകൾക്ക് ആധുനിക പ്രസക്തി നഷ്ടപ്പെടുന്നു എന്ന വാദം പ്രസക്തമാണെങ്കിലും അതിന്റെ പിന്നിലെ കാരണങ്ങൾ വേണ്ടത്ര അവലോകനം ചെയ്യപ്പെട്ടിട്ടില്ല. കലകൾ പ്രത്യേക സമുദായങ്ങളും കുടുംബങ്ങളും പങ്കിട്ടനുഭവിക്കുമ്പോൾ സാമാന്യ ജനത്തിന് അവയിൽ താല്പര്യം നഷ്ടപ്പെടുന്നു. കൂത്തും കൂടിയാട്ടവും ചാക്യാർ സമുദായത്തിന്റെ കലകളായിരിക്കേ, അഭിനയിക്കപ്പെടുന്ന നാടകങ്ങൾ ഇന്നയിന്ന കുടുംബങ്ങൾക്ക് എന്ന അലിഖിതധാരണ പോലും നിലനിന്നിരുന്നുവത്രേ (p.96)

വസ്തുതാപരമായ ചില പിശകുകൾ ചിലയിടങ്ങളിൽ കാണുന്നുണ്ട്. കേരളത്തിന്റെ മതപരമായ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതിനായി 'മണ്ഡലക്കാലത്തിനു ശേഷം ക്രിസ്തുമസ്സും മുഹറവും വരുന്നു' എന്ന് ചരിത്രകാരൻ പ്രഖ്യാപിക്കുമ്പോൾ (p.78) ചന്ദ്രനെ അടിസ്ഥാനമാക്കിയ ഇസ്ലാമിക കലണ്ടറിൽ മുഹറം ഓരോ വർഷവും 11 ദിവസം മുന്നോട്ടു നീങ്ങുന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. കലകളെക്കുറിച്ചുള്ള സാമാന്യം ദീർഘമായ അധ്യായത്തിൽ ലേഖകൻ എന്തുകൊണ്ടോ കഥാപ്രസംഗം, ഒപ്പന, മാർഗം കളി എന്നിവ ഉൾപ്പെടുത്തിക്കാണുന്നില്ല. ചരിത്രപരമായ വിശകലനം ഉൾപ്പെടുത്താത്തതിനാൽ പുസ്തകം പലപ്പോഴും വെറും വിവരണമായി തരം താഴുന്നു. വിദ്യാഭ്യാസത്തിന്റെ വളർച്ച വിശദീകരിക്കുമ്പോഴും അത് മുൻകാലങ്ങളിൽ സവർണരിൽ ഒതുങ്ങാനിടയായതിന്റെ ചരിത്രപശ്ചാത്തലം മേനോൻ പ്രതിപാദിക്കുന്നില്ല. തെളിവിന്റെ പിൻബലമില്ലാത്ത പ്രസ്താവങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നതിന്റെ ഉദാഹരണങ്ങളാണ് 'ഹിന്ദുക്കളുടെ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ജാതിചിന്ത ഇന്നു ദുർബലമാണ്' (p.216) എന്ന മട്ടിലുള്ള പ്രസ്താവനകൾ.

വായിച്ചിരിക്കേണ്ട ഒരു ടെക്സ്റ്റ്‌ ബുക്ക്‌ എന്നു മാത്രം പറഞ്ഞു നിർത്താം.

Review of 'Kerala Samskaaram' by A. Sreedhara Menon
ISBN: 9788126415854

No comments:

Post a Comment