Tuesday, December 1, 2015

വെള്ളാപ്പള്ളിയുടെ നൗഷാദ് പരാമർശം

ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിൽ
കൊലപ്പെടുത്തിയവരുടെ കണ്ണടകൾ കൂട്ടിയിട്ടിരിക്കുന്നു
രണ്ടാം ലോകയുദ്ധകാലത്തെ ജർമ്മനിയിലെ കുപ്രസിദ്ധമായ തടവറയായിരുന്നു ഓഷ്വിറ്റ്സ്. ഏകദേശം 11 ലക്ഷം ജൂതത്തടവുകാരാണ് ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ കാമ്പിലെ വിഷവാതക ചേമ്പറുകളിലും മരുന്നുപരീക്ഷണശാലകളിലുമൊക്കെയായി ഈയാംപാറ്റകളെപ്പോലെ മരിച്ചു വീണത്. യൂറോപ്പിലെ ജൂതപ്രശ്നത്തിന്റെ അവസാന പരിഹാരം എന്നു ഹിറ്റ്‌ലർ വിശേഷിപ്പിച്ച ആ തടവറ സാംസ്കാരികമായി മനുഷ്യവംശം എത്ര താഴെയാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്ന് ലോകത്തെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. യുദ്ധാനന്തരം ആത്മഹത്യ ചെയ്യാതെ അവശേഷിച്ച നാസി നേതാക്കളെല്ലാവർക്കും ന്യൂറംബർഗ് വിചാരണയെ നേരിടേണ്ടി വന്നു. യുദ്ധക്കുറ്റവാളികളെ നിർദാക്ഷിണ്യം നേരിട്ട യുദ്ധക്കോടതി നിരവധി പേരെ തൂക്കിലേറ്റി. ഒട്ടനവധി പേർ മരണം വരെ ജയിൽ ശിക്ഷ അനുഭവിച്ചു. ഭരണകൂടത്തിന്റെ തീരുമാനങ്ങളാണ് തങ്ങൾ നടപ്പാക്കിയതെന്ന വാദമൊന്നും കോടതി ചെവിക്കൊണ്ടില്ല. അന്ന് ഹിറ്റ്‌ലറുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്ന റുഡോൾഫ് ഹെസ്സ് പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമാണ് "ഓഷ്വിറ്റ്സ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേസ് കോടതിയിൽ അവതരിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു" എന്നത്.

എന്നാൽ സമാനമായ ഒരു ഘട്ടത്തിലാണ് സമത്വമുന്നേറ്റയാത്രയുമായി മുന്നേറുന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ നില്ക്കുന്നത്. പ്രകടമായിത്തന്നെ വർഗീയച്ചുവയുള്ള മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ നീങ്ങിയ വെള്ളാപ്പള്ളി ആലുവയിൽ നടത്തിയ പ്രസംഗത്തിൽ താൻ സാമാന്യനീതിയുടെ ലക്ഷ്മണരേഖ മറികടക്കുന്നത് ശ്രദ്ധിക്കാതെ പോയി. കോഴിക്കോട് കാന വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കവേ അതിൽ വീണുമരിച്ച നൗഷാദ് എന്ന മനുഷ്യസ്നേഹിക്കെതിരെ നടത്തിയ തരംതാണ പരാമർശങ്ങൾ ഒറ്റ ദിവസം കൊണ്ട് വെള്ളാപ്പള്ളിയുടെ വില ചേറിലേയ്ക്ക് താഴ്ത്തി. നൗഷാദിന്റെ കുടുംബത്തിന് സർക്കാർ പത്തു ലക്ഷം രൂപ സഹായധനം അനുവദിച്ചതും ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തതും അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്‌ എന്നാണ് വെള്ളാപ്പള്ളി ജല്പിച്ചത്.

കാനയിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ചായക്കടയിൽ നിന്നിറങ്ങിയോടിയ നൗഷാദ് അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് അന്വേഷിച്ചു കാണില്ല. അപകടത്തിൽ പെട്ടവർ ഹിന്ദുക്കളാണെന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞിരുന്നുവെങ്കിൽ പോലും നൗഷാദ് ആ കാരണം മൂലം തന്റെ ദൗത്യം ഉപേക്ഷിക്കുമായിരുന്നു എന്നും കരുതാൻ വയ്യ. അദ്ദേഹം എന്തായാലും വെള്ളാപ്പള്ളി അല്ലല്ലോ! തന്റെ ജീവൻ നഷ്ടപ്പെടുത്തിയും രണ്ടുപേരെ രക്ഷിക്കാൻ പരിശ്രമിച്ച ഈ യുവാവിന്റെ അർപ്പണബോധത്തിനു മുന്നിൽ, സമുദായപ്രവർത്തനം കൊണ്ട് ലാഭം മാത്രം നേടിയിട്ടുള്ള നടേശൻ എത്ര അല്പനും വിവരദോഷിയുമാണെന്ന് കേരളം തെല്ല് അവിശ്വസനീയതയോടെ കണ്ടു. വലിയ നേതാക്കൾ പൊതുമധ്യത്തിൽ ഒരു കാര്യം വിളിച്ചുപറയുന്നതിനുമുൻപ് തന്റെ വിശ്വസ്തരായ ഉപദേശകരുടെ വീക്ഷണങ്ങൾ പരിശോധിക്കാറുണ്ട്. താൻ മണ്ടത്തരമാണോ പറയാൻ പോകുന്നതെന്ന് കാര്യവിവരമുള്ള ആരെങ്കിലും പറഞ്ഞുതരണമല്ലോ. വെള്ളാപ്പള്ളിയ്ക്ക് അത്തരം ഉപദേശകർ ആരുമില്ലെന്നു തോന്നുന്നു - ശരിക്കും 'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ട്!

ഇത്തരത്തിലുള്ള ഹൃദയശൂന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ട് ഇദ്ദേഹം ഇനി എന്തിനാണ് യാത്ര തുടരുന്നത്? ഹിന്ദു സമുദായങ്ങൾ കേരളത്തിൽ അവഗണിക്കപ്പെടുന്നു എന്ന തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ യാത്ര ഈ വങ്കത്തരത്തോടെ പൊതുസമൂഹത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞില്ലേ? തന്റെ സമുദായത്തേയും യാത്രയെ പിന്താങ്ങുന്നവരേയും നടേശൻ ഒറ്റുകൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്. ഓഷ്വിറ്റ്സുമായുള്ള സാമ്യം നോക്കുകയാണെങ്കിൽ, നൗഷാദ് പരാമർശം ഇല്ലായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്ക് ജനമദ്ധ്യത്തിൽ അവതരിപ്പിക്കാവുന്ന ഒരു വാദമുഖമെങ്കിലും ഉണ്ടാകുമായിരുന്നു എന്നു പറയേണ്ടി വരും.

No comments:

Post a Comment