Friday, February 26, 2016

ശ്രേഷ്ഠഭാഷ മലയാളം

മലയാളത്തെ ശ്രേഷ്ഠഭാഷ (classical language) ആയി പ്രഖ്യാപിക്കുന്നതിനുവേണ്ടി നടത്തപ്പെട്ട പരിശ്രമങ്ങളും അതിലേക്കായി സമർപ്പിച്ച രേഖകളും വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. ഈ പദവി ലഭിച്ചാൽ ഭാഷാപരമായ പ്രവർത്തനങ്ങൾക്ക് നല്ലൊരു സംഖ്യ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുമെന്നുള്ളതിനാൽ കേരളം ഒറ്റക്കെട്ടായി അരങ്ങത്തിറങ്ങുകയും 2013-ൽ പദവി നേടുകയും ചെയ്തു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ശ്രേഷ്ഠഭാഷ എന്നൊരു വിവേചനം അംഗീകരിക്കുന്നില്ലെങ്കിലും 2004-ൽ ആരംഭിച്ച ഈ പദ്ധതിപ്രകാരം സംസ്കൃതം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളാണ് മലയാളത്തിനു മുൻപേ ശ്രേഷ്ഠഭാഷകളായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിനുശേഷം ഒഡിയ ഈ ശ്രേണിയിൽ സ്ഥാനം നേടി. പ്രമുഖ ഭാഷാപണ്ഡിതനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അദ്ധ്യാപകൻ, വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിനുള്ള കമ്മറ്റിയുടെ കൺവീനർ സ്ഥാനവും വഹിച്ചയാളാണ്.

പ്രധാനമായും നാലു വ്യവസ്ഥകളാണ് ഈ പദവി നേടുന്നതിനുള്ള മാനദണ്ഡം. ഒന്ന്, 1500-2000 വർഷത്തെ പഴക്കമുള്ള ചരിത്രരേഖകളോ സാഹിത്യകൃതികളോ ഉണ്ടായിരിക്കണം; രണ്ട്, ഈ ഭാഷ സംസാരിക്കുന്നവർക്ക് പാരമ്പര്യമായി ലഭിച്ച ഒരു കൂട്ടം അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം; മൂന്ന്, സാഹിത്യപാരമ്പര്യം മറ്റു ഭാഷകളിൽനിന്ന് കടം കൊണ്ടതാകാതെ സ്വന്തമായിട്ടുള്ളതാകണം; നാല്, ഭാഷയിൽനിന്ന് പരിവർത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടാകണം. ഈ നാലു കടമ്പകൾ മലയാളം എങ്ങനെ മറികടക്കുന്നു എന്നു കാണുന്നത് കൗതുകകരമാണ്.

ഒറ്റനോട്ടത്തിൽ നമ്മുടെ ഭാഷ ഈ നാലു നിബന്ധനകളും പാലിക്കുന്നില്ല എന്നു തോന്നാം. ഒൻപതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേടിലും പഴയ ഏതു രേഖയാണ് നമുക്കുള്ളത്? അവിടെയാണ് ഒ.എൻ.വി ഉൾപ്പെടെയുള്ള ഭാഷാപണ്ഡിതരുടെ കൗശലവും സാമർത്ഥ്യവും പ്രകടമാകുന്നത്. ബി.സി. അവസാനശതകങ്ങളിലും ഏ.ഡി ആദ്യശതകങ്ങളിലും കേരളമുൾപ്പെട്ട വിശാലതമിഴകത്ത് നിലനിന്നിരുന്ന ഭാഷ തമിഴല്ലെന്നും തമിഴ്-മലയാളം ഭാഷകളുടെ മുൻഗാമിയായ പൊതുഭാഷ ആയിരുന്നുവെന്നും സ്ഥാപിച്ചെടുക്കുന്നു. അങ്ങനെ വരുമ്പോൾ തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങളും സംഘകാല സാഹിത്യവും തമിഴിന്റേതു മാത്രമല്ല, മലയാളത്തിന്റെയും പൊതുസ്വത്താണെന്നു വരുന്നു. സംഘകൃതികളിലെ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളെ മലൈനാട്ടുവഴക്കങ്ങൾ എന്ന് തമിഴ് പണ്ഡിതർ വിളിക്കുന്നത് അവയുടെ മലയാളബാന്ധവം വ്യക്തമാക്കുന്നു. തൊൽകാപ്പിയത്തിലെ ചില വ്യാകരണനിയമങ്ങൾ മലയാളത്തിനുമാത്രമേ യോജിക്കൂ എന്നുകൂടി സ്ഥാപിച്ചെടുക്കുന്നു. ചെറിയൊരു പൊടിക്കൈയിലൂടെ ശ്രേഷ്ഠഭാഷാപദവി നേടിയെടുത്ത  പണ്ഡിതശ്രേഷ്ഠരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഒരേ ആശയങ്ങൾ തന്നെ നിരവധി അദ്ധ്യായങ്ങളിൽ കടന്നുവരുന്നത് അല്പം വൈരസ്യം ഉണ്ടാക്കുന്നുണ്ട്. എങ്കിലും പ്രാചീന ശാസനങ്ങളും ചെപ്പേടുകളും സമാഹരിച്ചിരിക്കുന്നത് വിജ്ഞാനപ്രദമാണ്. പക്ഷേ അവയുടെ വാക്യാർത്ഥം ആധുനിക ഭാഷയിൽ നല്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ ചിന്ത പബ്ലിഷേഴ്സ് ആണ് ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നതെങ്കിലും സങ്കുചിതമായ രാഷ്ട്രീയ സമവാക്യങ്ങൾക്കുമപ്പുറത്തുനിന്നുകൊണ്ട് മലയാളത്തിന്റെ പൊതുവായ ഒരാവശ്യം നേടിയെടുക്കുവാനുള്ള ഔത്സുക്യം പ്രസാധകർ പ്രദർശിപ്പിക്കുന്നു. ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പിൽ വരുത്തിയ കാര്യങ്ങളും പുസ്തകം പരാമർശിക്കുന്നു. കേരളസമൂഹത്തെ ഒന്നായി ബാധിക്കുന്ന ഒരു വിഷയത്തെ പാർട്ടി വീക്ഷണങ്ങൾക്കുപരിയായി പരിഗണിക്കുന്ന പക്വതയാർന്ന ചിന്താതലം നമുക്കുണർവേകുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Shreshta Bhasha Malayalam' by Naduvattom Gopalakrishnan'
ISBN: 9789383903449

Thursday, February 18, 2016

വികലഗണിതം

മാതൃഭൂമി പത്രത്തിൽ പ്രസിദ്ധപ്പെടുത്തുന്ന വാർത്തകൾക്കു പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്ന വസ്തുത പരസ്യമായ രഹസ്യമാണല്ലോ. അത്തരത്തിലൊന്നാണ് ഇവിടെ കാണിച്ചിരിക്കുന്ന പേപ്പർ കട്ടിംഗ് (മാതൃഭൂമി, 18.02.2016). ജനതാദൾ എസ്സിന് കർണാടകയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശു നഷ്ടമായി എന്ന് വായനക്കാരെ ഓർമ്മിപ്പിക്കുകയാണ് വാർത്താശകലം. കർണാടക ജനതാദളിലെ പടലപ്പിണക്കങ്ങളിൽ കേരളത്തിലെ പത്രവായനക്കാർക്ക് എന്തു താല്പര്യമുണ്ടാകാനാണ് എന്നാണു കരുതുന്നതെങ്കിൽ തെറ്റി. വർഗീയവിഷം തുപ്പി കേരളത്തിലെ ചില മുസ്ലിം വോട്ടുകളെങ്കിലും തങ്ങളുടെ പെട്ടിയിൽ വീഴിക്കാനുള്ള കള്ളലാക്കാണ് ഇവിടെ കാണുന്നത്.

വാർത്ത ശ്രദ്ധിക്കുക. ഹെബ്ബാൾ മണ്ഡലത്തിൽ ജനതാദൾ ഒരു മുസ്ലിം സ്ഥാനാർഥിയെ നിർത്തിയിരുന്നു. കോൺഗ്രസും ഒരു മുസ്ലിം സ്ഥാനാർഥിയെ മത്സരിപ്പിച്ചതിനാൽ ആ സമുദായത്തിന്റെ വോട്ടുകൾ ഭിന്നിച്ചുപോകുമെന്ന് തുടക്കത്തിലേ ജനതാദളിൽ ആശങ്കയുണ്ടായിരുന്നത്രേ. ഇവനൊക്കെയാണ് ഇവിടെ മതേതരത്വം പ്രസംഗിക്കുന്നത്! ആ കണക്കു ശ്രദ്ധിച്ചോ? രണ്ടു ലക്ഷത്തോളം വോട്ടർമാരുള്ള ഹെബ്ബാളിൽ 65,000 വോട്ടുള്ള മുസ്ലിം സമുദായം നിർണായക ശക്തിയാണുപോലും! അതായത് 32.5% വോട്ടർമാർ തങ്ങളുടെ സമുദായത്തിനുമാത്രം കുത്താൻ തീരുമാനിച്ചാൽ അയാൾ ജയിക്കുമെന്ന്! ഭൂരിപക്ഷം വരുന്ന 67.5% മതേതരത്വത്തിന് പോസ്റ്ററൊട്ടിക്കാനും വെള്ളം കോരാനും വിറകുവെട്ടാനും നടക്കുമ്പോൾ ഇതിൽ അത്ഭുതമില്ല.

പക്ഷേ സത്യം യഥാർത്ഥത്തിൽ എന്താണെന്നു പരിശോധിക്കുമ്പോഴാണ് ഈ വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നു മനസ്സിലാകുന്നത്. ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ ലഭ്യമായ ഫലം ചുവടെ ചേർക്കുന്നു.

നിയോജകമണ്ഡലം: 158 ഹെബ്ബാൾ
ആകെ വോട്ട്: 2,43,703
പോൾ ചെയ്തത്: 1,08,337 (44.4%)
വൈ.ഏ. നാരായണസ്വാമി (ബി.ജെ.പി): 60,367
സി.കെ. അബ്ദുൽ റഹ്മാൻ ഷെരീഫ്(കോൺ): 41,218
ഇസ്മയിൽ ഷരീഫ് നാനാ (ജനതാദൾ): 3,666
മറ്റൊരു സ്ഥാനാർഥിയും ആയിരത്തിലധികം വോട്ടു നേടാത്ത മണ്ഡലത്തിൽ അങ്ങനെ ബി.ജെ.പി 19,149 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇതിൽ മുസ്ലിം വോട്ട് വിഭജിച്ചതുകൊണ്ടാണ് ബി.ജെ.പി ജയിച്ചത് എന്നു പറയുന്നത് വങ്കത്തരമല്ലേ? ജനതാദൾ സ്ഥാനാർഥിയെ നിർത്താതെ മുഴുവൻ വോട്ടും കോൺഗ്രസിനു മറിച്ചുകൊടുത്തിരുന്നെങ്കിലും ബി.ജെ.പി 15,483 വോട്ടിന് ജയിക്കുമായിരുന്നല്ലോ?

ഒരു കാര്യം വ്യക്തമാണ്. മുഴുവൻ മുസ്ലിം വോട്ടും മുസ്ലിം സ്ഥാനാർഥികൾക്കു മാത്രമായിരിക്കില്ല വീണിട്ടുണ്ടാവുക. സത്യത്തിൽ മതേതരത്വത്തെ വേരുറപ്പിച്ചു നിർത്തുന്നതും ഇതൊക്കെതന്നെയാണ്!

Wednesday, February 17, 2016

ആദ്യത്തെ സ്വജനപക്ഷപാതം

സ്വർഗാരോഹണ പർവത്തിൽ നിന്ന്
പാണ്ഡവരുടെ സ്വർഗാരോഹണം മഹാഭാരതത്തിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ്. ധർമം എന്നും തങ്ങളുടെ കൂടെയായിരുന്നു എന്ന അഹംഭാവത്തോളമെത്തുന്ന വിശ്വാസം ധർമപുത്രരൊഴികെയുള്ള നാലു സഹോദരന്മാരെയും ദ്രൗപദിയേയും പാതിവഴിയിൽ വീഴ്ത്തി. തന്റെ സഹചാരിയായി കൂടിയ ഒരു നായയുടെ അകമ്പടിയോടെ യുധിഷ്ഠിരൻ മാത്രം ഉടലോടെ സുമേരു പർവതത്തിലെത്തി.

ഉടൻ ദേവേന്ദ്രൻ പ്രത്യക്ഷനായി തന്റെ രഥത്തിൽ സ്വർഗത്തിലേക്ക് ഒരു 'ലിഫ്റ്റ്‌' വാഗ്ദാനം ചെയ്തു. പക്ഷേ സഹയാത്രികനായ നായയെ കൂടി കയറ്റാതെ താൻ മാത്രം വരുന്നില്ലെന്നായി യുധിഷ്ഠിരൻ.

നായയുടെ പൂർവചരിത്രമൊന്നും അറിയാത്ത അദ്ദേഹത്തിന് ആ ജന്തുവിന് സ്വർഗത്തിൽ പ്രവേശിക്കാൻ അർഹതയുണ്ടോ എന്ന് എങ്ങനെ വിലയിരുത്താൻ സാധിക്കും?

ഇതൊന്നും നോക്കാതെ തന്റെ കൂടെ നടന്നു എന്ന ഒറ്റക്കാരണത്താൽ നായയ്ക്കും പ്രവേശനം നല്കണം എന്ന വാദം സത്യത്തിൽ സ്വജനപക്ഷപാതമല്ലേ?

ഒരുപക്ഷേ, ഇതായിരിക്കില്ലേ ഭാരതത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സ്വജനപക്ഷപാതം?

Friday, February 12, 2016

തൃപ്പൂണിത്തുറയുടെ ചരിത്രസാംസ്കാരിക പാരമ്പര്യം

ഐക്യകേരളം നിലവിൽ വരുന്ന സമയത്ത് കേരളത്തിൽ നിലനിന്നിരുന്ന രണ്ടു രാജ്യങ്ങളിൽ ഒന്നായിരുന്നു കൊച്ചി എങ്കിലും രാഷ്ട്രീയസ്വാധീനത്തിൽ മുന്നിലായിരുന്ന തിരുവിതാംകൂർ നേട്ടങ്ങളെല്ലാം കവർന്നെടുക്കുകയാണുണ്ടായത്. ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ എന്ന പേരിൽ അധികാരം നിലനിർത്തിയപ്പോൾ കൊച്ചിയിലെ പരീക്ഷിത്ത് രാജാവ് സർക്കാർ പഞ്ചാംഗവും വാങ്ങി വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞു. രാജനഗരിയായിരുന്ന തിരുവനന്തപുരം സംസ്ഥാന തലസ്ഥാനമായതോടെ പ്രതാപം പൂർവാധികം നേടിയപ്പോൾ രണ്ടാമത്തെ രാജനഗരിയായ തൃപ്പൂണിത്തുറ ഇന്ന് ഒരു ചേരിപ്രദേശത്തിന്റെ ലക്ഷണങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം തിരുവനന്തപുരത്തിന്റെ രാജവീഥികളെ ആധുനികവല്ക്കരിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ ഇന്നും രണ്ടുവാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. അല്പം ചരിത്രത്തോടൊപ്പം  മൺമറഞ്ഞ ഒരു സുവർണകാലത്തിന്റെ കത്തിയമർന്ന പട്ടടയിൽ ചാരമാകാതെ അവശേഷിക്കുന്ന ചില അസ്ഥിശലാകകളെ വായനക്കാർക്കു മുന്നിൽ നിരത്തുകയാണ് ഡോ. അംബികാ നായർ.

തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ മലയാളം അധ്യാപികയായ ലേഖിക സാമാന്യം വസ്തുനിഷ്ഠമായ ഒരു അവലോകനം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ അദ്ധ്യാപനജീവിതത്തിന്റെ ഭാഗമായ യു.ജി.സിയുടെ മൈനർ റിസർച്ച് പ്രോജക്ടായി രചിക്കപ്പെട്ടതാണെങ്കിലും ഈ പുസ്തകത്തിന്‌ സ്വന്തമായി ഒരു അസ്തിത്വം ഉണ്ട്, അതോടൊപ്പം തന്നെ വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയം ഗവേഷണത്തിന് തിരഞ്ഞെടുക്കുക വഴി ലേഖിക തന്റെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കുന്നു. രാജഭരണകാലത്ത് തേനും പാലും ഒഴുകിയിരുന്നു എന്ന ലൈൻ തീർത്തും ഉപേക്ഷിച്ചുകൊണ്ട് അക്കാലത്തെ പ്രജകളുടെ നിസ്സഹായാവസ്ഥയും പുസ്തകത്തിൽ അവിടവിടെയായി നാം കാണുന്നുണ്ട്. വ്യാപ്തിയിൽ അല്പം ചെറുതാണെങ്കിലും പ്രധാന വസ്തുതകളും പരിതസ്ഥിതികളുമൊക്കെ ഇതിൽ തെളിഞ്ഞുകാണുന്നു. ഏറ്റവും ചുരുങ്ങിയത് തൃപ്പൂണിത്തുറക്കാരെങ്കിലും ഈ പുസ്തകം കയ്യിൽ സൂക്ഷിക്കേണ്ടതാണ്.

തൃപ്പൂണിത്തുറയുടെ സംസ്കാരം എന്നു പേരിട്ടിരിക്കുന്ന അവസാന അദ്ധ്യായം പട്ടണത്തിലെ ക്ഷേത്രങ്ങളുടെ കണക്കെടുപ്പ് മാത്രമായി മാറിപ്പോകുന്നു എന്നതാണ് ഒരു ന്യൂനത ചൂണ്ടിക്കാണിക്കാവുന്നത്. സന്തുലിതാവസ്ഥ നിലനിർത്താനായി പ്രധാന പള്ളികളും മോസ്കുകളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണങ്ങൾ തീരെ ജീവനറ്റവയാണെന്നു മാത്രമല്ല, ഏതോ ഹാൻഡ്‌ബുക്കിൽ നിന്ന് പകർത്തിവെച്ചിരിക്കുന്നതുപോലെ കാണപ്പെട്ടു. ചിത്രങ്ങൾക്ക് മിഴിവില്ല എന്നതുകൂടാതെ ആവശ്യത്തിനുപോലും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമില്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Thrippunithurayude Charithra Samskarika Parambaryam' by Dr. Ambika A Nair
ISBN: 9789385301162