Friday, February 26, 2016

ശ്രേഷ്ഠഭാഷ മലയാളം

മലയാളത്തെ ശ്രേഷ്ഠഭാഷ (classical language) ആയി പ്രഖ്യാപിക്കുന്നതിനുവേണ്ടി നടത്തപ്പെട്ട പരിശ്രമങ്ങളും അതിലേക്കായി സമർപ്പിച്ച രേഖകളും വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. ഈ പദവി ലഭിച്ചാൽ ഭാഷാപരമായ പ്രവർത്തനങ്ങൾക്ക് നല്ലൊരു സംഖ്യ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുമെന്നുള്ളതിനാൽ കേരളം ഒറ്റക്കെട്ടായി അരങ്ങത്തിറങ്ങുകയും 2013-ൽ പദവി നേടുകയും ചെയ്തു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ശ്രേഷ്ഠഭാഷ എന്നൊരു വിവേചനം അംഗീകരിക്കുന്നില്ലെങ്കിലും 2004-ൽ ആരംഭിച്ച ഈ പദ്ധതിപ്രകാരം സംസ്കൃതം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളാണ് മലയാളത്തിനു മുൻപേ ശ്രേഷ്ഠഭാഷകളായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിനുശേഷം ഒഡിയ ഈ ശ്രേണിയിൽ സ്ഥാനം നേടി. പ്രമുഖ ഭാഷാപണ്ഡിതനായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അദ്ധ്യാപകൻ, വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചതിനു ശേഷം ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിനുള്ള കമ്മറ്റിയുടെ കൺവീനർ സ്ഥാനവും വഹിച്ചയാളാണ്.

പ്രധാനമായും നാലു വ്യവസ്ഥകളാണ് ഈ പദവി നേടുന്നതിനുള്ള മാനദണ്ഡം. ഒന്ന്, 1500-2000 വർഷത്തെ പഴക്കമുള്ള ചരിത്രരേഖകളോ സാഹിത്യകൃതികളോ ഉണ്ടായിരിക്കണം; രണ്ട്, ഈ ഭാഷ സംസാരിക്കുന്നവർക്ക് പാരമ്പര്യമായി ലഭിച്ച ഒരു കൂട്ടം അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടാകണം; മൂന്ന്, സാഹിത്യപാരമ്പര്യം മറ്റു ഭാഷകളിൽനിന്ന് കടം കൊണ്ടതാകാതെ സ്വന്തമായിട്ടുള്ളതാകണം; നാല്, ഭാഷയിൽനിന്ന് പരിവർത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതന ഭാഷയിൽനിന്ന് പ്രകടമായ വ്യത്യാസമുണ്ടാകണം. ഈ നാലു കടമ്പകൾ മലയാളം എങ്ങനെ മറികടക്കുന്നു എന്നു കാണുന്നത് കൗതുകകരമാണ്.

ഒറ്റനോട്ടത്തിൽ നമ്മുടെ ഭാഷ ഈ നാലു നിബന്ധനകളും പാലിക്കുന്നില്ല എന്നു തോന്നാം. ഒൻപതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേടിലും പഴയ ഏതു രേഖയാണ് നമുക്കുള്ളത്? അവിടെയാണ് ഒ.എൻ.വി ഉൾപ്പെടെയുള്ള ഭാഷാപണ്ഡിതരുടെ കൗശലവും സാമർത്ഥ്യവും പ്രകടമാകുന്നത്. ബി.സി. അവസാനശതകങ്ങളിലും ഏ.ഡി ആദ്യശതകങ്ങളിലും കേരളമുൾപ്പെട്ട വിശാലതമിഴകത്ത് നിലനിന്നിരുന്ന ഭാഷ തമിഴല്ലെന്നും തമിഴ്-മലയാളം ഭാഷകളുടെ മുൻഗാമിയായ പൊതുഭാഷ ആയിരുന്നുവെന്നും സ്ഥാപിച്ചെടുക്കുന്നു. അങ്ങനെ വരുമ്പോൾ തൊൽകാപ്പിയം മുതലായ ഗ്രന്ഥങ്ങളും സംഘകാല സാഹിത്യവും തമിഴിന്റേതു മാത്രമല്ല, മലയാളത്തിന്റെയും പൊതുസ്വത്താണെന്നു വരുന്നു. സംഘകൃതികളിലെ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളെ മലൈനാട്ടുവഴക്കങ്ങൾ എന്ന് തമിഴ് പണ്ഡിതർ വിളിക്കുന്നത് അവയുടെ മലയാളബാന്ധവം വ്യക്തമാക്കുന്നു. തൊൽകാപ്പിയത്തിലെ ചില വ്യാകരണനിയമങ്ങൾ മലയാളത്തിനുമാത്രമേ യോജിക്കൂ എന്നുകൂടി സ്ഥാപിച്ചെടുക്കുന്നു. ചെറിയൊരു പൊടിക്കൈയിലൂടെ ശ്രേഷ്ഠഭാഷാപദവി നേടിയെടുത്ത  പണ്ഡിതശ്രേഷ്ഠരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഒരേ ആശയങ്ങൾ തന്നെ നിരവധി അദ്ധ്യായങ്ങളിൽ കടന്നുവരുന്നത് അല്പം വൈരസ്യം ഉണ്ടാക്കുന്നുണ്ട്. എങ്കിലും പ്രാചീന ശാസനങ്ങളും ചെപ്പേടുകളും സമാഹരിച്ചിരിക്കുന്നത് വിജ്ഞാനപ്രദമാണ്. പക്ഷേ അവയുടെ വാക്യാർത്ഥം ആധുനിക ഭാഷയിൽ നല്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ ചിന്ത പബ്ലിഷേഴ്സ് ആണ് ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നതെങ്കിലും സങ്കുചിതമായ രാഷ്ട്രീയ സമവാക്യങ്ങൾക്കുമപ്പുറത്തുനിന്നുകൊണ്ട് മലയാളത്തിന്റെ പൊതുവായ ഒരാവശ്യം നേടിയെടുക്കുവാനുള്ള ഔത്സുക്യം പ്രസാധകർ പ്രദർശിപ്പിക്കുന്നു. ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതിൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പിൽ വരുത്തിയ കാര്യങ്ങളും പുസ്തകം പരാമർശിക്കുന്നു. കേരളസമൂഹത്തെ ഒന്നായി ബാധിക്കുന്ന ഒരു വിഷയത്തെ പാർട്ടി വീക്ഷണങ്ങൾക്കുപരിയായി പരിഗണിക്കുന്ന പക്വതയാർന്ന ചിന്താതലം നമുക്കുണർവേകുന്നതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Shreshta Bhasha Malayalam' by Naduvattom Gopalakrishnan'
ISBN: 9789383903449

No comments:

Post a Comment