Thursday, June 23, 2016

അനുഭവങ്ങൾ അനുഭാവങ്ങൾ

വിഖ്യാതനായ ശസ്ത്രക്രിയാവിദഗ്ദ്ധനും ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്ന ഡോ. പി.  കെ. ആർ. വാര്യരുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. പേരു സൂചിപ്പിക്കുന്നതുപോലെ ഇതിൽ രണ്ട് വ്യത്യസ്തസരണികൾ ചിലപ്പോഴൊക്കെ സമാന്തരമായും മറ്റു ചിലപ്പോൾ ഇടകലർന്നും ഒഴുകുന്നുണ്ട്. 'അനുഭവങ്ങൾ' എന്ന വിഭാഗം ദശാബ്ദങ്ങൾ നീണ്ട ഔദ്യോഗികജീവിതത്തിൽ ലേഖകൻ സമ്പാദിച്ച വൈദ്യശാസ്ത്രപരമായ സ്മരണകളാണ്. നന്നേ ചെറുപ്പം മുതലേ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള താല്പര്യവും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് താൻ നൽകിയ സംഭാവനകളുമാണ് 'അനുഭാവങ്ങൾ' എന്ന ശീർഷകത്തിനു താഴെ നാം വായിക്കുന്നത്. ജനകീയ ഡോക്ടറെന്നും ഉത്തമനായ കമ്യൂണിസ്റ്റ് എന്നും അറിയപ്പെട്ടിരുന്ന ലേഖകന്റെ സ്മരണകളിൽ അനുഭവങ്ങളും അനുഭാവങ്ങളും ഇടകലരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഊഹിക്കാവുന്നതുപോലെതന്നെ, ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. ഒ. എൻ. വി. കുറുപ്പിന്റെ അവതാരിക ഗ്രന്ഥത്തിന് ദീപ്തമായ ഒരു പ്രാരംഭം നൽകിയിരിക്കുന്നു.

ലേഖകന്റെ തീക്ഷ്ണമായ ഇടതുപക്ഷ അഭിനിവേശം പുസ്തകത്തെ പലയിടത്തും മലീമസമാക്കുന്നു എന്നു പറയാതെ യാതൊരു നിവൃത്തിയുമില്ല. എന്തിനുമേതിനും രാഷ്ട്രീയ ഉപമകൾ അവതരിപ്പിക്കുകയാണ് ഉടനീളം. ചെന്നൈയിലെ കേരള സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിൽ അവതരിപ്പിച്ച മാവേലിയെ കണ്ടപ്പോൾ ലേഖകൻ പറയുന്നതു കേൾക്കൂ..."സമ്പന്നവിഭാഗത്തിന്റെ പ്രതീകമായ കുടവയറൻ മാവേലിക്ക് ഓലക്കുട പിടിച്ചതുകൊണ്ട് മാനുഷരെ എല്ലാവരേയും ഒരുപോലെയാക്കാൻ കഴിയില്ല. സംഘടിത തൊഴിലാളിവർഗ്ഗത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ" (പേജ് 63). വായനക്കാർ ഞെട്ടിപ്പോകുന്നു ഈ രാഷ്ട്രീയ പുലമ്പൽ കേൾക്കുമ്പോൾ! വാര്യർ ഈ പുസ്തകമെഴുതുന്ന 2009-ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം റഷ്യയിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞുപോയ ഒരു വിദൂര പേടിസ്വപ്നം എന്ന നിലയിലേക്കു മാറിക്കഴിഞ്ഞിരുന്നു. ചൈനയിലും വടക്കൻ കൊറിയയിലും ക്യൂബയിലും നിലനിൽക്കുന്ന പാർട്ടിയ്ക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുമായി യാതൊരു ബന്ധവുമില്ല. എങ്കിലും പഴയ സഖാക്കളുടെ പ്രവർത്തനങ്ങൾ അയവിറക്കുമ്പോൾ വാര്യരുടെ രക്തം തിളച്ചുമറിയുന്നു. അദ്ദേഹം പറയുകയാണ്, "ആ സഖാക്കളൊന്നും ഇന്നില്ല. പക്ഷേ അവർ പടുത്തുയർത്തിയ രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിച്ച്, അന്തിമലക്ഷ്യമായ ആഗോള കമ്യൂണിസ്റ്റ് സമൂഹത്തിലേക്ക് മുന്നേറുകയാണ്, അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശനീക്കങ്ങളെ തകർത്തുകൊണ്ട്" (പേജ് 82). ഇത് 1960-കളിലോ, 1970-കളിലോ, എന്തിന് 1980-കളിൽ പോലുമോ എഴുതിയതായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ 2009-ൽ ഈ മണ്ടത്തരം വായിക്കുന്ന ആർക്കാണ് പൊട്ടിച്ചിരി അടക്കാൻ കഴിയുക? പ്രത്യയശാസ്ത്ര അന്ധത ബാധിച്ച ഡോ. വാര്യർ ഇടതുരാഷ്ട്രീയത്തോടുള്ള കൂറ് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന പരിഹാസ്യമായ ദാസ്യത്തിന്റെ കാഴ്ചയാണ് നാമിവിടെ കാണുന്നത്.

പാർട്ടിയോടുള്ള മാനസികവിധേയത്വം തന്റെ ആദർശങ്ങളെ ചവറ്റുകുട്ടയിലെറിയാൻ വാര്യരെ ചിലപ്പോഴെങ്കിലും നിർബന്ധിതനാക്കുന്നു. വീട്ടിൽ രോഗികളെ പരിശോധിക്കുകയില്ല എന്ന നിഷ്ഠ കർശനമായി പാലിക്കുന്ന ഒരു ഡോക്ടറായിരുന്നു ലേഖകൻ. ചികിത്സക്കെത്തിയതാണെന്നു തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരനുനേരെ കയ്യോങ്ങുന്നതുപോലുമുണ്ട് (പേജ് 188). പിന്നൊരിക്കൽ പരിചയക്കാരായ ആളുകളെപ്പോലും ആശുപത്രിയിൽ വന്നുകാണാൻ നിർദേശിച്ച് തിരിച്ചയക്കുന്നതും നാം കാണുന്നു (പേജ് 163). എന്നാൽ ഒ.പി ദിവസമല്ലാത്തതിനാൽ കാണില്ല എന്നു ശഠിച്ച ഒരു രോഗിയെ അദ്ദേഹം തിരുവനന്തപുരത്തെ പാർട്ടി നേതാവിന്റെ കത്തുമായിട്ടാണ് വരുന്നത് എന്നറിയുമ്പോൾ വാലാട്ടിക്കൊണ്ട് പരിശോധിക്കുന്നതും നാം കാണുന്നു (പേജ് 245). ഒരു ഡോക്ടർ എന്ന നിലയിലുള്ള സ്വഭാവദാർഢ്യവും ആർജവവും പോലും വാര്യർ പാർട്ടി താൽപര്യങ്ങൾക്കായി അടിയറവെക്കുന്നതു കാണുമ്പോഴാണ് ഇത്തരം ആളുകൾ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് രാജ്യത്തിനുതന്നെ ശാപമാണെന്ന് നാം വായനക്കാർ മനസ്സിലാക്കുന്നത്. എയ്ഡ്‌സ് എന്ന മാരകരോഗം അമേരിക്കൻ പ്രതിരോധസ്ഥാപനമായ പെന്റഗൺ സൃഷ്ടിച്ചുവിട്ടതാണെന്നാണ് ഗ്രന്ഥകർത്താവിന്റെ 'കണ്ടുപിടുത്തം'! (പേജ് 274, 277). മാത്രവുമല്ല, എയ്ഡ്സിനെ പ്രതിരോധിക്കാനായി ഡിസ്പോസബിൾ സിറിഞ്ച് ഉപയോഗിക്കാൻ തുടങ്ങിയത് 'മുതലാളിത്ത ഭീമന്മാരായ' സിറിഞ്ച് ഉത്പാദകരെ സഹായിക്കാനാണത്രേ! (പേജ് 279). എയ്ഡ്‌സ് വൈറസ് എന്ന അല്പം സോപ്പുവെള്ളം തട്ടിയാൽ ചത്തുപോകുന്ന ഭീകരനെ നശിപ്പിക്കാൻ എന്തിനാണ് ഡിസ്പോസബിൾ സിറിഞ്ച്? പൊതുജനമദ്ധ്യത്തിൽ ഇത്തരം പൂരപ്പാട്ട് നടത്തുന്നവരെ എന്താണ് ചെയ്യേണ്ടത് എന്ന് ജനം ആലോചിക്കേണ്ടതാണ്.

സത്യത്തിൽ എന്തിനാണ് ഡോ. വാര്യർ ഈ നാണംകെട്ട രാഷ്ട്രീയകുഴലൂത്ത് നടത്തുന്നത്? പാലക്കാട്ടെ അതിസമ്പന്നമായ ഒരു ജന്മികുടുംബത്തിൽ ജനിച്ച ലേഖകൻ തുടക്കം മുതലേ ഇടതുപക്ഷ അനുഭാവിയായിരുന്നു എന്നാണ് അവകാശവാദം. ശരിയായിരിക്കാം, അല്ലെങ്കിൽ ഇന്റർമീഡിയറ്റിന് ഒരു തവണ തോറ്റിട്ടും മദ്രാസ് മെഡിക്കൽ കോളേജിൽ എങ്ങനെ പ്രവേശനം ലഭിക്കാനാണ്? 1957-ൽ ഇ.എം.എസ് മന്ത്രിസഭ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമിച്ചു. (അതേ, മന്ത്രിസഭ എന്നു തന്നെയാണ് അദ്ദേഹം പേജ് 255-ൽ പറയുന്നത്). അടുത്തൂൺ പിരിയുന്നതുവരെ അവിടെ കുശാൽ. അതിനിടയിൽ ഉപരിപഠനത്തിനവസരം കൈവന്നപ്പോൾ പ്രത്യയശാസ്ത്രചപ്പടാച്ചികളൊക്കെ മാറ്റിവെച്ച് മുതലാളിത്തത്തിന്റെ കൂത്തരങ്ങായ ഇംഗ്ലണ്ടിൽ നാലു വർഷം. റഷ്യയിൽ പോയി പഠിക്കണമെന്നദ്ദേഹത്തിന് തോന്നിയതേയില്ല. വിരമിച്ചതിനുശേഷം മണിപ്പാലിലെ വിഖ്യാതമായ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങൾ സേവനമനുഷ്ഠിച്ചു. തിരിച്ചു നാട്ടിലെത്തിയതിനുശേഷം പാർട്ടി നിയന്ത്രണത്തിലുള്ള ഏ.കെ.ജി ആശുപത്രിയിൽ ജോലി നോക്കി. അങ്ങനെ, ഒരിക്കലും പാർട്ടിക്കു വേണ്ടി മേലുനൊന്തിട്ടില്ലെങ്കിലും കിട്ടാവുന്ന സൗഭാഗ്യങ്ങളൊക്കെ കൃത്യമായി കൈപ്പറ്റിയ ഒരു സവർണകുലജാതന്റെ ഉപകാരസ്മരണകളാണ് ഈ പുസ്തകം നിറയെ. പാർട്ടി അധികാരത്തിലിരുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം ഇത്തിക്കണ്ണികളെ നാം കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രപരമായ സ്മരണകൾ പൊതുവെ വിരസവും അർദ്ധമനസ്സോടെ എഴുതപ്പെട്ടിട്ടുള്ളതുമാണ്. ഡോ. വാര്യർ സമയം കിട്ടുമെങ്കിൽ ഡോ. വി. പി. ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം വായിച്ചുനോക്കേണ്ടതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Anubhavangal Anubhaavangal' by Dr. P K R Warrier
ISBN 9788126202607


Saturday, June 11, 2016

ഞാനെന്ന ഭാരതീയൻ

കോഴിക്കോടിനടുത്ത കൊടുവള്ളിക്കാരനായ കെ.കെ.മുഹമ്മദ്‌ ഏതാനും വർഷങ്ങൾക്കു മുൻപുവരെ മലയാളികളെ സംബന്ധിച്ചിടത്തോളം ജോലിതേടി നാടുവിട്ട അനേകായിരങ്ങളിൽ ഒരുവൻ മാത്രമായിരുന്നു. എന്നാൽ ആർക്കിയോളജി വകുപ്പിലെ ഡയരക്ടർ തസ്തികയിലേക്കുയർന്ന് ഭാരതീയ ചരിത്രസ്മാരകങ്ങളെ വിദേശരാഷ്ട്രത്തലവൻമാർക്ക് വിശദീകരിച്ചു കൊടുക്കാനായി നിയോഗിക്കപ്പെട്ടപ്പോഴാണ് ഈ മനുഷ്യൻ നമ്മളിലൊരാളാണെന്നും കേരളക്കരയുടെ യശസ്സ് ഇദ്ദേഹത്തിലൂടെ വാനോളമുയർന്നു എന്നും നാം മനസ്സിലാക്കിയത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പഠനത്തിനുശേഷം ആർക്കിയോളജി പഠനം വിജയകരമായി പൂർത്തിയാക്കി 1988-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി നേടിയതിനുശേഷം 24 വർഷം കഴിഞ്ഞ് വിരമിക്കുന്നതുവരെ സ്തുത്യർഹമായ പ്രവർത്തനമാണ് ലേഖകൻ കാഴ്ച വെച്ചത്. ഈ സംഭവപരമ്പരയുടെ വസ്തുതാപരമായ നേർക്കാഴ്ചയാണ് ആത്മകഥാരൂപേണ ഈ പുസ്തകം നല്കുന്നത്.

അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനും, പ്രമുഖ ചരിത്രപണ്ഡിതനുമായ ഇർഫാൻ ഹബീബ് നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരു വിവാദനായകനാണ്. ഈ കള്ളനാണയത്തിന്റെ യഥാർത്ഥമാറ്റ് പുറത്താക്കുന്നതാണ് മുഹമ്മദിന്റെ അലിഗഡ് സർവകലാശാലയിലെ അനുഭവക്കുറിപ്പുകൾ. കമ്യൂണിസ്റ്റ് സഹയാത്രികനായ ഹബീബ് നേരായതും അല്ലാത്തതുമായ മാർഗങ്ങളിലൂടെ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും മേൽ കുതിര കയറുന്നതിന്റെ പച്ചയായ വിവരണം നാം കാണുന്നു. തന്നെ എതിർക്കുന്നവരെ - അവർ ഹിന്ദുവാണെങ്കിൽ ആർ. എസ്സ്. എസ്സുകാരനെന്നും മുസ്ലിമാണെങ്കിൽ ജമാ അത്തുകാരനാണെന്നും - ആക്ഷേപിച്ച് നിലംപരിശാക്കുന്നതിൽ ഇർഫാൻ ഹബീബ് അഗ്രഗണ്യനായിരുന്നു. അത്തരക്കാരെ ഒതുക്കാൻ എത്ര തരംതാണ നടപടികളും അദ്ദേഹം അവലംബിച്ചിരുന്നു. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ കൈകളിലാണ് മിക്ക ചരിത്രഗവേഷണസ്ഥാപനങ്ങളുമെന്നതിനാൽ തന്റെ എതിരാളികളെ ഒരു സ്ഥാപനത്തിലും പ്രവേശിപ്പിക്കാത്ത വിധത്തിൽ തകർത്തുകളയാൻ ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഈ മാഫിയക്ക് സാധിക്കുമായിരുന്നു.

ചെന്നൈ, ഗോവ, ബീഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്‌, ഡൽഹി എന്നിവിടങ്ങളിൽ മുഹമ്മദ്‌ സേവനമനുഷ്ടിച്ചിട്ടുണ്ട്. അക്ബർ ചക്രവർത്തിയുടെ ഇബാദത്ത് ഖാനയുടെ സ്ഥാനം കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. നക്സലൈറ്റുകളോടും ചമ്പൽ കൊള്ളക്കാരോടും അല്പം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും തന്റെ ജോലി ഭംഗിയായി പൂർത്തീകരിക്കുന്നതിൽ ലേഖകൻ വിജയിച്ചു. നിരവധി ക്ഷേത്രങ്ങളും ഗോവൻ പള്ളികളും ഇസ്ലാമികദേവാലയങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചതുകൂടാതെ അനവധി സ്മാരകങ്ങൾ യാതൊരു കേടുംകൂടാതെ കിലോമീറ്ററുകൾ ദൂരത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമുന്നിൽ മുഹമ്മദ്‌ മുട്ടുമടക്കിയില്ല. അത്തരം അനധികൃത അവകാശവാദങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നിയമപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതും, എന്നാൽ സമാധാനപരവുമായ മാർഗങ്ങൾ അവലംബിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും ചരിത്രസ്മാരകങ്ങൾക്കു ഭീഷണിയായ നിർമാണപ്രവർത്തനങ്ങൾ തടയാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥവൃന്ദം ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ മടി കാണിച്ചപ്പോൾ ആർ. എസ്സ്. എസ്സ് മേധാവിയായ സുദർശന് കത്തെഴുതി ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിച്ചു എന്നത് മുഹമ്മദിന്റെ ഇച്ഛാശക്തിയുടെ സൂചകമാണ്. മാറിവരുന്ന സർക്കാരുകൾ ഉപനിഷത്തുകളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്ത്, അതിർത്തി നിർണയിച്ച് സർക്കാർ ഭൂമിയാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലേഖകൻ ചൂണ്ടിക്കാട്ടുന്നു.

മദ്ധ്യകാലഘട്ടത്തിലെ മുസ്ലിം ആക്രമണങ്ങൾ ഭാരതചരിത്രത്തിലേയും അതിനോട് ഇഴപിരിയാനാവാത്തവിധം അടുത്തിരിക്കുന്ന ആധുനിക സാമൂഹ്യജീവിതത്തിലേയും ഇനിയും ഉണങ്ങാത്ത മുറിവുകളാണ്. വ്യാപകമായ വിധത്തിൽ ക്ഷേത്രധ്വംസനം നടത്തിയ മതവെറി പൂണ്ട സുൽത്താന്മാർ സമ്പത്തു കൈക്കലാക്കാനാണ് അങ്ങനെ ചെയ്തത് എന്ന രീതിയിൽ വെള്ളപൂശി, സാധാരണ മുസ്ലിം ജനസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇടതു ചരിത്രകാരന്മാരുടെ നിന്ദ്യമായ രാഷ്ട്രീയതാല്പര്യങ്ങൾ ലേഖകൻ നിർദാക്ഷിണ്യം തുറന്നുകാണിക്കുന്നു. മദ്ധ്യഭരണകാലത്തെ മുസ്ലിം രാജാക്കന്മാർക്ക് തെറ്റുപറ്റി എന്നു പറയാൻ മുസ്ലീങ്ങളും ചരിത്രത്തിൽ പിണഞ്ഞ തെറ്റുകൾ പൊറുക്കാൻ ഹിന്ദുക്കളും തയ്യാറായാൽ മാത്രമേ രാഷ്ട്രവികസനം സുഗമമാവുകയുള്ളൂ എന്ന് ഗ്രന്ഥം വിലയിരുത്തുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് പ്രശ്നം കത്തിനിൽക്കുമ്പോൾ മുസ്ലിം നിലപാട് തെറ്റാണെന്നു വെളിപ്പെടുത്താൻ ലേഖകൻ ധൈര്യപ്പെട്ടു. 1976-77ൽ അയോദ്ധ്യയിൽ ഗവേഷണപഠനത്തിന്റെ ഭാഗമായി ലേഖകൻ ഉൾപ്പെടുന്ന സംഘം തർക്കഭൂമിയിൽ നിന്ന് കണ്ടെടുത്ത അവിതർക്കിതമായ ക്ഷേത്രാവശിഷ്ടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായി അയോദ്ധ്യയിലെ വിവാദമന്ദിരം ഹിന്ദുക്കൾക്കായി വിട്ടുനല്കാൻ മുസ്ലിം സമൂഹം ഏതാണ്ട് തയാറായിരുന്നുവെന്നും, ഇടതുപക്ഷ ചരിത്രകാരന്മാരുടെ കുടിലതന്ത്രങ്ങളാണ് അത് വിഫലമാക്കിയതെന്നും ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നു. കോടതികൾക്കു പുറത്ത് ഇരുകൂട്ടർക്കും തുല്യമായി സ്വീകാര്യമായ രീതിയിൽ ഈ പ്രശ്നം അവസാനിക്കുകയാണെങ്കിൽ രാഷ്ട്രപുരോഗതിക്ക് എത്ര ശക്തമായ അടിത്തറയായിത്തീരുമായിരുന്നു അത്! ഹിന്ദു-മുസ്ലിം വർഗീയതകളെ അവയുടെ ആന്തരികാർത്ഥത്തിൽ തന്നെ ഈ ഘട്ടത്തിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. ഹിന്ദുവർഗീയത മൗലികരൂപത്തിലുള്ളതല്ല. മറ്റു സംഭവങ്ങളുടെ തിരിച്ചടി എന്ന നിലയിലാണ് പലപ്പോഴും അത് പത്തി വിടർത്തുന്നത് (പേജ് 124). മുസ്ലിം തീവ്രവാദസംഘടനകളിൽ അംഗമായിരുന്നുകൊണ്ട് ഇന്ത്യയിലെ മതേതരത്വത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്നവരോട് ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ മതേതരത്വം അനുവദിച്ചു കൊടുക്കുമായിരുന്നോ എന്നും ലേഖകൻ ചോദിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചരിത്രകാരനുവേണ്ടതായ ദേശീയതക്കുപരിയായ ലോകവീക്ഷണം ഈ പുസ്തകത്തിൽ പ്രകടമായി കാണുന്നില്ല. സമർപ്പണത്തിന്റെ കാര്യത്തിൽ ജപ്പാൻകാരെ മാതൃകയാക്കാമെന്നും അവിടെ രാജ്യത്തിനായി സ്വയം ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടാൽ ആയിരം പേർ തയ്യാറായി വരുമെന്നും പറയുമ്പോൾ മുഹമ്മദ്‌ രണ്ടാം ലോകയുദ്ധത്തിലെ കമികസെ പോരാളികളെ ന്യായീകരിക്കുകയാണോ എന്നും ദേശീയതയുടെ ആധുനികനാട്യങ്ങളിൽ വീണുപോയോ എന്നും സംശയിക്കേണ്ടിവരും.

പുസ്തകം ശക്തിയായി ശുപാർശ ചെയ്യുന്നു.

Book Review of 'Njanenna Bharatheeyan' by K K Muhammad.
ISBN 9788182666382


Friday, June 3, 2016

ഒളിവിലെ ഓർമ്മകൾ

രണ്ടാം ലോകയുദ്ധത്തിനുശേഷം കോളനി രാജ്യങ്ങൾ പൊതുവേയും ഇന്ത്യ വിശേഷിച്ചും സ്വാതന്ത്ര്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടി ഗുരുതരമായ ഒരു അസ്തിത്വപ്രതിസന്ധിയെ നേരിട്ടു. യുദ്ധാരംഭത്തിൽ ഹിറ്റലർക്കൊപ്പമായിരുന്നെങ്കിലും അദ്ദേഹം സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ ബ്രിട്ടീഷ് പക്ഷത്തുചേർന്ന് കോൺഗ്രസ്‌ നേതാക്കളെ ജയിലിലടപ്പിക്കാൻ സഖാക്കൾ നിസ്സാര ആവേശമൊന്നുമല്ല കാണിച്ചത്. എന്നാൽ സ്വാതന്ത്ര്യം അടുത്തെത്തിയതോടെ കാര്യമായ ജനപിന്തുണയൊന്നുമില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി അധികാരം ബലാൽക്കാരമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയായിരുന്നല്ലോ ലോകത്തെല്ലായിടത്തും പാർട്ടി അധികാരത്തിൽ വന്നുകൊണ്ടിരുന്നത്!1948-ലെ കൽക്കത്ത തീസിസ് ഇന്ത്യയ്ക്ക് ഭാഗിക സ്വാതന്ത്ര്യമേ ലഭിച്ചിട്ടുള്ളൂ എന്നും പൂർണസ്വാതന്ത്ര്യം നേടാൻ പാർട്ടി സായുധവിപ്ലവത്തിലൂടെ അധികാരം നേടേണ്ടതുണ്ട് എന്നും ആഹ്വാനം ചെയ്തു. തെലങ്കാന, കേരളം എന്നിവടങ്ങളിൽ നിരവധി അക്രമസംഭവങ്ങൾ അരങ്ങേറി. പുതുതായി രൂപമെടുത്ത സർക്കാരിന് ശക്തമായ പ്രതിരോധം സംഘടിപ്പിക്കാൻ കഴിയില്ലെന്നും, ആ തക്കം മുതലാക്കി കഴിയുന്നത്ര പ്രദേശങ്ങൾ പിടിച്ചെടുത്താൽ സോവിയറ്റ്‌ യൂണിയനിൽ നിന്ന് ആളും അർത്ഥവും എത്തിച്ച് ഇന്ത്യ മുഴുവൻ കാല്ക്കീഴിലാക്കാം എന്നായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ മനക്കോട്ട. എന്നാൽ നെഹ്രുവിന്റെ സൈന്യം അപ്രതീക്ഷിതമായ സമരവീര്യം പ്രദർശിപ്പിച്ചതോടെ വിപ്ലവപ്പട എല്ലായിടത്തും തോറ്റോടാൻ തുടങ്ങി. ഒളിപ്പോരുകളിലൂടെ പിടിച്ചുനില്ക്കാൻ നടത്തിയ ശ്രമം പക്ഷേ വിഫലമാവുകയും ചെയ്തു. മുഖം രക്ഷിക്കാൻ ഒരു മാർഗം എന്ന നിലയിൽ ഒരുകൂട്ടം നേതാക്കൾ പാർട്ടിലൈനിനെ ചോദ്യം ചെയ്തു. ഇതുതന്നെ അവസരം എന്ന മട്ടിൽ നേതാക്കൾ സായുധവിപ്ലവത്തിനുള്ള ആഹ്വാനം പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു. ആ കാലഘട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തന്റേയും മറ്റു സഖാക്കളുടെയും സാഹസികകഥകളാണ് തോപ്പിൽ ഭാസി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ മികച്ച നാടകകൃത്തുക്കളിൽ ഒരാളാണ് ശ്രീ. തോപ്പിൽ ഭാസി. അദ്ദേഹം രചിച്ച പതിനെട്ടു നാടകങ്ങൾ മലയാളകലാരംഗത്തെ നാഴികക്കല്ലുകളാണ്.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഈ കൃതികൾ ഒരു നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌. 1948 മുതൽ 1952 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യഭൂമികകളിലെ മൃദുചലനങ്ങൾ വരെ ഈ കൃതി നമുക്കു കാണിച്ചുതരുന്നു. സകലനിയമങ്ങളേയും കാറ്റിൽ പറത്തി പോലീസും ഭരണാധികാരികളും നടത്തിയ മനുഷ്യവേട്ട ഏതൊരു പരിഷ്കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്നതാണ്. പിടിക്കപ്പെടുന്നവരെ മൃഗീയമായി പീഡിപ്പിച്ചു, നിരവധി പേർ കൊടുംപീഡനങ്ങൾക്കൊടുവിൽ ലോക്കപ്പിൽ മൃതിയടഞ്ഞു. കമ്യൂണിസ്റ്റുകാരെ സഹായിച്ചു എന്ന ഒറ്റക്കാരണത്താൽ പല കുടുംബങ്ങളേയും ഭരണകൂടം വഴിയാധാരമാക്കി. എങ്കിലും സമർത്ഥമായ നീക്കങ്ങളിലൂടെയും അചഞ്ചലമായ അർപ്പണബോധമുള്ള പ്രവർത്തകരിലൂടെയും കമ്യൂണിസ്റ്റ് പാർട്ടി ഈ പരീക്ഷണഘട്ടത്തെ വിജയകരമായി തരണം ചെയ്യുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തുകയും ചെയ്തു.

വളരെയധികം നർമ്മത്തിൽ ചാലിച്ചാണ് ലേഖകൻ സംഭവങ്ങളെ വിവരിച്ചുകാണിക്കുന്നത്. അത്യാവശ്യം പൊടിപ്പും തൊങ്ങലും കലയുടെ പൂർണതയ്ക്കായി സ്വീകരിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതവും അദ്ദേഹം നടത്തുന്നു. ഒരു യഥാർത്ഥ റൊമാന്റിക്കായ തോപ്പിൽ ഭാസി ആ വിഷയത്തിൽ താൻ നേരിട്ട 'പരീക്ഷണ'ഘട്ടങ്ങളെയും ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.ഒളിവിൽ കഴിയുന്നവരെ അതാതു മേഖലകളിൽ നിന്ന് പുറത്തുകടന്ന് രക്ഷപ്പെടാൻ പാർട്ടി അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, ആ മേഖലയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ മേൽഘടകങ്ങളെ അറിയിക്കുകയും വേണമായിരുന്നു. ഇത്തരം റിപ്പോർട്ടുകളിൽ 'വമ്പിച്ച ബഹുജനമുന്നേറ്റം', 'മർദ്ദകർ', 'ഉണർന്നു വരുന്നു', 'ആവേശം', 'രക്തസാക്ഷി' എന്നീ വാക്കുകൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമാണ്‌. ഇല്ലെങ്കിൽ മുന്നേറ്റം കാണാൻ കഴിയാത്തതിന് വിമർശനം വരും (പേജ് 150). ഇത്തരം സ്വയം ഹിപ്നോട്ടിസത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവന് ഒരുവിധം മർദ്ദനമൊക്കെ സഹിക്കാനുള്ള കഴിവ് താല്ക്കാലികമായി ഉണ്ടാകുമല്ലോ. പിന്നെ, പാർട്ടി സമാധാനപരമായ മാർഗങ്ങളിലൂടെയൊന്നുമല്ല നീങ്ങിയിരുന്നത്. പോലീസുകാരെ കൊന്നൊടുക്കുന്നതിന്റെയും രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ ഒതുക്കുന്നതിന്റെയും നിരവധി കഥകൾ ഗ്രന്ഥകർത്താവു തന്നെ സ്മരിക്കുന്നുണ്ട്.

ഏറെ വിവാദം സൃഷ്ടിച്ചതും, എന്നാൽ കലാമേന്മയുള്ളതുമായ ഒരു പുസ്തകമാണിത്. കേരളത്തിന്റെ ഭാവിഭാഗധേയം നിർണയിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിലും ഈ ഗ്രന്ഥം സാഹിത്യകുതുകികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്.

Book Review of 'Olivile Ormakal' by Thoppil Bhasi