Thursday, June 23, 2016

അനുഭവങ്ങൾ അനുഭാവങ്ങൾ

വിഖ്യാതനായ ശസ്ത്രക്രിയാവിദഗ്ദ്ധനും ഉറച്ച കമ്യൂണിസ്റ്റ് അനുഭാവിയുമായിരുന്ന ഡോ. പി.  കെ. ആർ. വാര്യരുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. പേരു സൂചിപ്പിക്കുന്നതുപോലെ ഇതിൽ രണ്ട് വ്യത്യസ്തസരണികൾ ചിലപ്പോഴൊക്കെ സമാന്തരമായും മറ്റു ചിലപ്പോൾ ഇടകലർന്നും ഒഴുകുന്നുണ്ട്. 'അനുഭവങ്ങൾ' എന്ന വിഭാഗം ദശാബ്ദങ്ങൾ നീണ്ട ഔദ്യോഗികജീവിതത്തിൽ ലേഖകൻ സമ്പാദിച്ച വൈദ്യശാസ്ത്രപരമായ സ്മരണകളാണ്. നന്നേ ചെറുപ്പം മുതലേ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള താല്പര്യവും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് താൻ നൽകിയ സംഭാവനകളുമാണ് 'അനുഭാവങ്ങൾ' എന്ന ശീർഷകത്തിനു താഴെ നാം വായിക്കുന്നത്. ജനകീയ ഡോക്ടറെന്നും ഉത്തമനായ കമ്യൂണിസ്റ്റ് എന്നും അറിയപ്പെട്ടിരുന്ന ലേഖകന്റെ സ്മരണകളിൽ അനുഭവങ്ങളും അനുഭാവങ്ങളും ഇടകലരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഊഹിക്കാവുന്നതുപോലെതന്നെ, ചിന്ത പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. ഒ. എൻ. വി. കുറുപ്പിന്റെ അവതാരിക ഗ്രന്ഥത്തിന് ദീപ്തമായ ഒരു പ്രാരംഭം നൽകിയിരിക്കുന്നു.

ലേഖകന്റെ തീക്ഷ്ണമായ ഇടതുപക്ഷ അഭിനിവേശം പുസ്തകത്തെ പലയിടത്തും മലീമസമാക്കുന്നു എന്നു പറയാതെ യാതൊരു നിവൃത്തിയുമില്ല. എന്തിനുമേതിനും രാഷ്ട്രീയ ഉപമകൾ അവതരിപ്പിക്കുകയാണ് ഉടനീളം. ചെന്നൈയിലെ കേരള സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിൽ അവതരിപ്പിച്ച മാവേലിയെ കണ്ടപ്പോൾ ലേഖകൻ പറയുന്നതു കേൾക്കൂ..."സമ്പന്നവിഭാഗത്തിന്റെ പ്രതീകമായ കുടവയറൻ മാവേലിക്ക് ഓലക്കുട പിടിച്ചതുകൊണ്ട് മാനുഷരെ എല്ലാവരേയും ഒരുപോലെയാക്കാൻ കഴിയില്ല. സംഘടിത തൊഴിലാളിവർഗ്ഗത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ" (പേജ് 63). വായനക്കാർ ഞെട്ടിപ്പോകുന്നു ഈ രാഷ്ട്രീയ പുലമ്പൽ കേൾക്കുമ്പോൾ! വാര്യർ ഈ പുസ്തകമെഴുതുന്ന 2009-ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം റഷ്യയിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞുപോയ ഒരു വിദൂര പേടിസ്വപ്നം എന്ന നിലയിലേക്കു മാറിക്കഴിഞ്ഞിരുന്നു. ചൈനയിലും വടക്കൻ കൊറിയയിലും ക്യൂബയിലും നിലനിൽക്കുന്ന പാർട്ടിയ്ക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുമായി യാതൊരു ബന്ധവുമില്ല. എങ്കിലും പഴയ സഖാക്കളുടെ പ്രവർത്തനങ്ങൾ അയവിറക്കുമ്പോൾ വാര്യരുടെ രക്തം തിളച്ചുമറിയുന്നു. അദ്ദേഹം പറയുകയാണ്, "ആ സഖാക്കളൊന്നും ഇന്നില്ല. പക്ഷേ അവർ പടുത്തുയർത്തിയ രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിച്ച്, അന്തിമലക്ഷ്യമായ ആഗോള കമ്യൂണിസ്റ്റ് സമൂഹത്തിലേക്ക് മുന്നേറുകയാണ്, അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശനീക്കങ്ങളെ തകർത്തുകൊണ്ട്" (പേജ് 82). ഇത് 1960-കളിലോ, 1970-കളിലോ, എന്തിന് 1980-കളിൽ പോലുമോ എഴുതിയതായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ 2009-ൽ ഈ മണ്ടത്തരം വായിക്കുന്ന ആർക്കാണ് പൊട്ടിച്ചിരി അടക്കാൻ കഴിയുക? പ്രത്യയശാസ്ത്ര അന്ധത ബാധിച്ച ഡോ. വാര്യർ ഇടതുരാഷ്ട്രീയത്തോടുള്ള കൂറ് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന പരിഹാസ്യമായ ദാസ്യത്തിന്റെ കാഴ്ചയാണ് നാമിവിടെ കാണുന്നത്.

പാർട്ടിയോടുള്ള മാനസികവിധേയത്വം തന്റെ ആദർശങ്ങളെ ചവറ്റുകുട്ടയിലെറിയാൻ വാര്യരെ ചിലപ്പോഴെങ്കിലും നിർബന്ധിതനാക്കുന്നു. വീട്ടിൽ രോഗികളെ പരിശോധിക്കുകയില്ല എന്ന നിഷ്ഠ കർശനമായി പാലിക്കുന്ന ഒരു ഡോക്ടറായിരുന്നു ലേഖകൻ. ചികിത്സക്കെത്തിയതാണെന്നു തെറ്റിദ്ധരിച്ച ഒരു ചെറുപ്പക്കാരനുനേരെ കയ്യോങ്ങുന്നതുപോലുമുണ്ട് (പേജ് 188). പിന്നൊരിക്കൽ പരിചയക്കാരായ ആളുകളെപ്പോലും ആശുപത്രിയിൽ വന്നുകാണാൻ നിർദേശിച്ച് തിരിച്ചയക്കുന്നതും നാം കാണുന്നു (പേജ് 163). എന്നാൽ ഒ.പി ദിവസമല്ലാത്തതിനാൽ കാണില്ല എന്നു ശഠിച്ച ഒരു രോഗിയെ അദ്ദേഹം തിരുവനന്തപുരത്തെ പാർട്ടി നേതാവിന്റെ കത്തുമായിട്ടാണ് വരുന്നത് എന്നറിയുമ്പോൾ വാലാട്ടിക്കൊണ്ട് പരിശോധിക്കുന്നതും നാം കാണുന്നു (പേജ് 245). ഒരു ഡോക്ടർ എന്ന നിലയിലുള്ള സ്വഭാവദാർഢ്യവും ആർജവവും പോലും വാര്യർ പാർട്ടി താൽപര്യങ്ങൾക്കായി അടിയറവെക്കുന്നതു കാണുമ്പോഴാണ് ഇത്തരം ആളുകൾ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് രാജ്യത്തിനുതന്നെ ശാപമാണെന്ന് നാം വായനക്കാർ മനസ്സിലാക്കുന്നത്. എയ്ഡ്‌സ് എന്ന മാരകരോഗം അമേരിക്കൻ പ്രതിരോധസ്ഥാപനമായ പെന്റഗൺ സൃഷ്ടിച്ചുവിട്ടതാണെന്നാണ് ഗ്രന്ഥകർത്താവിന്റെ 'കണ്ടുപിടുത്തം'! (പേജ് 274, 277). മാത്രവുമല്ല, എയ്ഡ്സിനെ പ്രതിരോധിക്കാനായി ഡിസ്പോസബിൾ സിറിഞ്ച് ഉപയോഗിക്കാൻ തുടങ്ങിയത് 'മുതലാളിത്ത ഭീമന്മാരായ' സിറിഞ്ച് ഉത്പാദകരെ സഹായിക്കാനാണത്രേ! (പേജ് 279). എയ്ഡ്‌സ് വൈറസ് എന്ന അല്പം സോപ്പുവെള്ളം തട്ടിയാൽ ചത്തുപോകുന്ന ഭീകരനെ നശിപ്പിക്കാൻ എന്തിനാണ് ഡിസ്പോസബിൾ സിറിഞ്ച്? പൊതുജനമദ്ധ്യത്തിൽ ഇത്തരം പൂരപ്പാട്ട് നടത്തുന്നവരെ എന്താണ് ചെയ്യേണ്ടത് എന്ന് ജനം ആലോചിക്കേണ്ടതാണ്.

സത്യത്തിൽ എന്തിനാണ് ഡോ. വാര്യർ ഈ നാണംകെട്ട രാഷ്ട്രീയകുഴലൂത്ത് നടത്തുന്നത്? പാലക്കാട്ടെ അതിസമ്പന്നമായ ഒരു ജന്മികുടുംബത്തിൽ ജനിച്ച ലേഖകൻ തുടക്കം മുതലേ ഇടതുപക്ഷ അനുഭാവിയായിരുന്നു എന്നാണ് അവകാശവാദം. ശരിയായിരിക്കാം, അല്ലെങ്കിൽ ഇന്റർമീഡിയറ്റിന് ഒരു തവണ തോറ്റിട്ടും മദ്രാസ് മെഡിക്കൽ കോളേജിൽ എങ്ങനെ പ്രവേശനം ലഭിക്കാനാണ്? 1957-ൽ ഇ.എം.എസ് മന്ത്രിസഭ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമിച്ചു. (അതേ, മന്ത്രിസഭ എന്നു തന്നെയാണ് അദ്ദേഹം പേജ് 255-ൽ പറയുന്നത്). അടുത്തൂൺ പിരിയുന്നതുവരെ അവിടെ കുശാൽ. അതിനിടയിൽ ഉപരിപഠനത്തിനവസരം കൈവന്നപ്പോൾ പ്രത്യയശാസ്ത്രചപ്പടാച്ചികളൊക്കെ മാറ്റിവെച്ച് മുതലാളിത്തത്തിന്റെ കൂത്തരങ്ങായ ഇംഗ്ലണ്ടിൽ നാലു വർഷം. റഷ്യയിൽ പോയി പഠിക്കണമെന്നദ്ദേഹത്തിന് തോന്നിയതേയില്ല. വിരമിച്ചതിനുശേഷം മണിപ്പാലിലെ വിഖ്യാതമായ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങൾ സേവനമനുഷ്ഠിച്ചു. തിരിച്ചു നാട്ടിലെത്തിയതിനുശേഷം പാർട്ടി നിയന്ത്രണത്തിലുള്ള ഏ.കെ.ജി ആശുപത്രിയിൽ ജോലി നോക്കി. അങ്ങനെ, ഒരിക്കലും പാർട്ടിക്കു വേണ്ടി മേലുനൊന്തിട്ടില്ലെങ്കിലും കിട്ടാവുന്ന സൗഭാഗ്യങ്ങളൊക്കെ കൃത്യമായി കൈപ്പറ്റിയ ഒരു സവർണകുലജാതന്റെ ഉപകാരസ്മരണകളാണ് ഈ പുസ്തകം നിറയെ. പാർട്ടി അധികാരത്തിലിരുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം ഇത്തിക്കണ്ണികളെ നാം കണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രപരമായ സ്മരണകൾ പൊതുവെ വിരസവും അർദ്ധമനസ്സോടെ എഴുതപ്പെട്ടിട്ടുള്ളതുമാണ്. ഡോ. വാര്യർ സമയം കിട്ടുമെങ്കിൽ ഡോ. വി. പി. ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം വായിച്ചുനോക്കേണ്ടതാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Anubhavangal Anubhaavangal' by Dr. P K R Warrier
ISBN 9788126202607


No comments:

Post a Comment