Friday, August 19, 2016

ദേവഭൂമിയിലൂടെ

അറബിക്കഥകളിലെ നായകനായ സിൻബാദ് പ്രസിദ്ധനാണ്. വിശാലമായ കടലിലെ അറിയപ്പെടാത്ത തീരങ്ങളിലേക്ക് ഏഴു തവണ നീന്തിക്കയറിയ സിൻബാദ് അജ്ഞാതമായത് കണ്ടെത്താനുള്ള മനുഷ്യന്റെ അദമ്യമായ ത്വരയുടെ പ്രതീകമാണ്. ഹിമാലയത്തിലെ അധികമൊന്നും അറിയപ്പെടാത്ത ധാമങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലും ജീവൻ പണയം വെച്ചുകൊണ്ട് നടത്തുന്ന യാത്രകളിലൂടെ എത്തിപ്പെടുന്ന ശ്രീ. എം. കെ. രാമചന്ദ്രൻ മലയാളത്തിന്റെ സിൻബാദ് തന്നെയാണ്. തദ്ദേശീയർക്കുപോലും പരിചിതമല്ലാത്ത കേന്ദ്രങ്ങളിലേയ്ക്കുപോലും സാഹസികമായ യാത്രകൾ കാൽനടയായി നടത്തുന്ന രാമചന്ദ്രൻ സഞ്ചാരസാഹിത്യത്തിന് പുതിയ നിർവ്വചനങ്ങൾ കുറിക്കുന്നു. കൈലാസയാത്രയിലൂടെ മലയാളിയുടെ ഹൃദയത്തിൽ കയറിപ്പറ്റിയ ലേഖകൻ പിന്നീടുവന്ന പുസ്തകങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. തിബത്തിലെ കൈലാസ് - മാനസരോവരം, ഉത്തരാഖണ്ഡിലെ ആദികൈലാസം എന്നീ യാത്രകൾക്കുശേഷം ഹിമാചലിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ് മഹാദേവ് കൈലാസം എന്നിവകൂടി പൂർത്തിയാക്കുകയാണ് ഈ പുസ്തകത്തിൽ. ഇതോടെ പഞ്ചകൈലാസയാത്ര പൂർത്തിയാക്കുന്ന ആദ്യത്തെ മലയാളിയും ഗ്രന്ഥകാരൻ തന്നെയാവുന്നു. ഹിമാചലിലെ തന്നെ ചൂഡേശ്വർ മഹാദേവ്, സിക്കിമിലെ ചില യാത്രകൾ എന്നിവയും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

സിക്കിമിലെ യാത്രകൾക്കിടയിൽ ബുദ്ധന്റെ അഷ്ടമുദ്രകളെക്കുറിച്ചുള്ള നല്ലൊരു പരാമർശം കാണാം. കൈക്കുട, മത്സ്യമിഥുനങ്ങൾ, പുഷ്പകലശം, താമരപ്പൂവ്, വെൺശംഖ്, വെന്നിക്കൊടി, സനാതനബന്ധനം, ധർമചക്രം എന്നീ മുദ്രകൾ ബുദ്ധവിഗ്രഹങ്ങളോടനുബന്ധിച്ചു കാണാം. കേരളത്തിന്റെ സമ്പന്നമായ ബുദ്ധമതപാരമ്പര്യം മുൻനിർത്തി ആലോചിക്കുമ്പോൾ ഇതിന് വളരെ പ്രസക്തിയുണ്ടെന്നു മനസ്സിലാകും. എന്നാൽ, യുധിഷ്ഠിരനും യക്ഷനും സംവാദം നടത്തിയതെന്നു കരുതുന്ന കെച്ചയോപാൽറി തടാകം അധീനത്തിൽ വെച്ചിരിക്കുന്ന ബുദ്ധ ആശ്രമത്തിനെതിരെ ലേഖകൻ വാളെടുക്കുന്നുണ്ട്. ആശ്രമത്തിൽ രാത്രി തങ്ങിയ ലേഖകന്റെ മുറി പുറത്തുനിന്നു പൂട്ടി ലാമ സ്ഥലം വിട്ടതോടെ വല്ലവിധേനയും പുറത്തുകടന്ന ഗ്രന്ഥകാരൻ ആ രാത്രിയിൽ അതേ ലാമയെ ചുണ്ടുകളിൽ രക്തമൊഴുകുന്ന രീതിയിൽ കണ്ടെത്തി എന്നുകൂടി രേഖപ്പെടുത്തുന്നു. ആശ്രമത്തിലെ രാത്രി ഉദ്വേഗജനകമായ നിമിഷങ്ങൾ വായനക്കാർക്കു സമ്മാനിക്കുന്നു. എന്നാൽ, പിന്നീട് അതു തന്റെ തോന്നൽ മാത്രമായിരുന്നോ എന്ന് അദ്ദേഹം സംശയിക്കുന്നു.

പതിവുപോലെ, യോഗവിദ്യയെക്കുറിച്ചും അതിൽനിന്നുളവാകുന്നുവെന്ന് പറയപ്പെടുന്ന അഭൗമികസിദ്ധികളെക്കുറിച്ചും ലേഖകൻ വാചാലനാകുന്നു. "ഗഡ്‌വാൾ ഹിമാലയത്തിലെ ദിവ്യഋഷീശ്വരന്മാരാണ് ചൈനക്കാരെ ഭാരതമണ്ണിൽനിന്ന് തുരത്തിയോടിച്ചതെന്ന് ഇന്ന് ഏതാണ്ടെല്ലാവർക്കും അറിയാം" എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് (പേജ് 35). മനുഷ്യനെ തണുപ്പിച്ച് കൊല്ലാനും അഗ്നിയെ വ്യാപിപ്പിക്കുവാനുമുള്ള കഴിവ്, എരിയുന്ന തീയിൽകൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ഘടികാരം സ്തംഭിപ്പിക്കുക, ഒരാളുടെ ധമനികൾ പൊട്ടിച്ച് രക്തം ഒഴുക്കുക എന്നിവയൊക്കെ അഘോരി സന്യാസികൾക്ക് സാധിക്കുമത്രേ (പേജ് 481). ഈ കഴിവുകളുള്ള ഒരു ലക്ഷം അഘോരികളെ ബ്രിട്ടീഷുകാർ കൂട്ടക്കൊല ചെയ്തു എന്നുകൂടി ലേഖകൻ പറയുന്നത് (പേജ് 474) സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഇത്തരം വൈരുദ്ധ്യങ്ങൾ പുസ്തകത്തിലുടനീളം കാണാം. ചിലപ്പോഴൊക്കെ സാമാന്യബുദ്ധി എന്നത് തീർത്തും ഉപേക്ഷിച്ചാൽ മാത്രമേ ഗ്രന്ഥകർത്താവ് അടിച്ചുവിടുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻ സാധിക്കുകയുള്ളൂ. സരോൾ തടാകത്തിലെ ഹിന്ദി ഭാഷ മനസ്സിലാകുന്ന പട്ടി, ഭാരതീയ ഋഷിദർശനങ്ങളെ മുൻനിർത്തിയതുകൊണ്ടാണ് ചാൾസ് ബാബേജിന് കമ്പ്യൂട്ടർ കണ്ടുപിടിക്കാനായത് എന്നീ മട്ടിലുള്ള പരാമർശങ്ങളെ ഈ ഗണത്തിൽ പെടുത്താം. അടിസ്ഥാനപരമായ ചില വാക്കുകളൊക്കെ നായ്ക്കൾ മനസ്സിലാക്കിയേക്കാം. എന്നാൽ "ആണുങ്ങൾ കുളിക്കുന്ന കടവിൽ പെണ്ണായ നിനക്കെന്തുസ്ഥാനം" എന്നു ചോദിക്കുന്നതോടെ നാണത്തോടെ മടങ്ങിപ്പോവുന്ന പെൺപട്ടിയുടെ കഥ വിശ്വസിക്കണമെങ്കിൽ നമ്മുടെ അപ്‌സ്റ്റെയർ വേക്കന്റാണെങ്കിലേ പറ്റൂ. നായയുടെ പെരുമാറ്റത്തിനും ശാസ്ത്രീയ വിശദീകരണം പുസ്തകത്തിൽ കാണാം. പെല്ലിങ്ങിലെ ശിവക്ഷേത്രത്തിലെ ശിവലിംഗത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നിരവധി നടത്തിയിട്ടുണ്ടെങ്കിലും ലിംഗത്തിൽ നിന്നുത്ഭവിക്കുന്ന ഊർജത്തിന്റെ ശക്തി യന്ത്രസഹായത്താൽ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് ശാസ്ത്രത്തിന്റെ കഴിവുകേടായാണ് രാമചന്ദ്രൻ കണക്കെഴുതുന്നത്. ഇല്ലാത്ത വസ്തുവിനെ കണ്ടെത്താൻ കഴിയാതെ വരുന്നത് ഉപകരണത്തിന്റെ കഴിവില്ലായ്മയാണോ?

നട്ടാൽ കിളിർക്കാത്ത സിദ്ധാന്തജടിലതകളെപ്പോലും വിശ്വാസ്യമെന്നു തോന്നിപ്പിക്കണമെങ്കിൽ കപടശാസ്ത്രീയ വിശദീകരണങ്ങൾ നൽകിയാൽ മതി എന്ന് ലേഖകന് നന്നായറിയാം. കിന്നർ കൈലാസത്തിലെ 50 അടിയോളം ഉയരമുള്ള ശിവലിംഗത്തിൽ മഞ്ഞു പറ്റിപ്പിടിക്കുന്നില്ല. "ശിവലിംഗങ്ങൾ അപാരമായ ഊർജവാഹികളായതുകൊണ്ടാണ് മഞ്ഞ് ഒഴിഞ്ഞുനിൽക്കുന്നത്" എന്നാണ് ഇതിനുകാരണമായി സ്ഥാപിക്കുന്നത് (പേജ് 195). അപ്പോൾ അമർനാഥ് ഗുഹയിലെ മഞ്ഞിൽ വിരചിതമായ ശിവലിംഗത്തെക്കുറിച്ച് ലേഖകൻ എന്തുപറയും? ഊർജം എന്ന കല്പനയുടെ ശാസ്ത്രീയതലങ്ങൾ മനസ്സിലാക്കാതെ ആ പദത്തെ ഗ്രന്ഥത്തിലുടനീളം ആശയപരമായി വ്യഭിചരിക്കുന്നുണ്ട്. പലപ്പോഴും താപോർജ്ജത്തെ മാത്രമാണ് ലേഖകൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. പക്ഷേ കത്തുന്ന ഒരു തീപ്പന്തത്തേക്കാളും ആയിരമോ ലക്ഷമോ മടങ്ങ് അളവിൽ ഊർജം പ്രസരിക്കുന്ന വൈദ്യുതകമ്പികളിലും മഞ്ഞ് അടിഞ്ഞുകൂടാറുണ്ട്. ഹിമവൽസാനുക്കളിൽ രാമചന്ദ്രൻ കണ്ടെത്തുന്ന മറ്റൊരു സവിശേഷതയാണ് മറ്റുള്ളവർക്ക് ഇടിമിന്നലേൽക്കാതിരിക്കുന്നതിനായി അതിനെ ആകർഷിച്ച് സ്വയം നശിക്കുന്ന ദേവദാരു വൃക്ഷങ്ങൾ (പേജ് 322)! ഇത്തരം വൃക്ഷങ്ങളുടെ ഉയരക്കൂടുതലാകാം ഇതിനുകാരണമെന്ന് ലേഖകനു തോന്നുന്നേയില്ല. തെറ്റായ ശാസ്ത്ര ഉദ്ധരണികൾ നാഴികയ്ക്കു നാല്പതുവട്ടം നിരത്തുമ്പോഴും യഥാർത്ഥശാസ്ത്രത്തോടുള്ള രാമചന്ദ്രന്റെ അലർജി "സൂര്യന്റെ ഏഴയലത്തുപോലും എത്താൻ ശാസ്ത്രം എന്ന അഹങ്കാരം കൊണ്ടുനടക്കുന്ന മനുഷ്യനു സാദ്ധ്യമല്ല" എന്ന നിന്ദാവചനത്തിലൂടെ വ്യക്തമാകുന്നുണ്ട്. വായനക്കാരന്റെ ഓർമശക്തിയെ പരിഹസിക്കുന്ന ഒരുദാഹരണം കൂടി ചേർത്തിട്ട് ഞാൻ നിർത്തിക്കൊള്ളാം. "ത്രേതായുഗത്തിൽ മനുഷ്യർ സത്യത്തിൽ മാത്രം പ്രവർത്തിക്കുന്നവരായിരുന്നുവത്രേ". അങ്ങനെയെങ്കിൽ ത്രേതായുഗത്തിലെ ശ്രീരാമന് വനവാസം നടത്തേണ്ടി വരുമായിരുന്നില്ലല്ലോ? കൈകേയി, മന്ഥര തുടങ്ങിയവർ സത്യം മാത്രം പ്രവർത്തിക്കുന്നവരായിരുന്നോ? ഒരു രാജ്യത്തിൽ സംഭവിക്കാനിടയുള്ള ദുഷ്പ്രവർത്തികളെല്ലാം അയോദ്ധ്യയിലും നടന്നിരുന്നു എന്നല്ലേ രാമായണത്തിൽ നമുക്കു കാണാനാകുന്നത്?

രാമചന്ദ്രന്റെ യാത്രകൾ മണ്ണിന്റെ മണമുള്ളതാണ് - യാതൊരുവിധ ആഡംബരങ്ങളോ സവിശേഷസൗകര്യങ്ങളോ തൊട്ടുതീണ്ടിയിട്ടില്ലാത്തവ. വെറും തറയിൽ കിടന്നുറങ്ങുന്നതിനോ, വഴിവക്കിലെ ഢാബയിൽ നിന്നുകിട്ടുന്ന ലളിതമായ ഭക്ഷണം കഴിച്ചു വിശപ്പടക്കുന്നതിനോ, ദിവസങ്ങളോളം നടക്കുന്നതിനോ ഒന്നും അദ്ദേഹം മടി കാണിക്കുന്നില്ല. പ്രകൃതിയോട് തീർത്തും ഇണങ്ങിച്ചേർന്നുകൊണ്ട് നടത്തുന്നു എന്നതാണ് രാമചന്ദ്രന്റെ യാത്രകളുടെ സവിശേഷത. ഹിമാലയം ഓരോ ഭാരതീയന്റെയും മനസ്സിലെ അഭിനിവേശം തന്നെയാണ്. അതിനെ ഉണർത്തി വായനക്കാരനെ തന്നോടൊപ്പം നടത്തിക്കുന്നതാണ് ഈ പുസ്തകത്തിന്റെ വിജയം - ആവർത്തനവിരസത ചിലപ്പോഴൊക്കെ തല പൊക്കുന്നുണ്ടെങ്കിലും. യാത്രകൾ കൊണ്ട് എന്തുലഭിക്കുന്നു എന്നുകൂടി പരിശോധിക്കുന്നു. തീർത്ഥയാത്രയും വിനോദസഞ്ചാരവുമാണ് യാത്രയുടെ രണ്ടു വകഭേദങ്ങൾ. വിനോദസഞ്ചാരം വഴി മാനസികോല്ലാസം ലഭിക്കുമ്പോൾ ഏതു മഹാശക്തിയിൽ നിന്നാണോ ഉത്‌ഭവിച്ചത്, അതിലേക്കു തിരിച്ചെത്താനുള്ള ആത്മീയാന്വേഷണമാണ് തീർത്ഥാടനം. ഹിമാലയത്തിലെ സന്യാസിമാരും അവിടേക്കുള്ള യാത്രികരും സ്ഥിരമായി ഉപയോഗിക്കുന്ന കഞ്ചാവ്, മറ്റു മയക്കുമരുന്നുകൾ എന്നിവയെ ലേഖകൻ നഖശിഖാന്തം എതിർക്കുന്നു എന്നതാണ് എടുത്തുപറയേണ്ടതായ ഒരു കാര്യം. സഹയാത്രികർ ഇവയുപയോഗിക്കുമ്പോഴും ആശയപരമായ നിശ്ചയദാർഢ്യത്തിന്റെ പേരിൽ അദ്ദേഹം ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യുന്നത്. ഭാരതത്തിലെ എക്കാലത്തേയും മികച്ച കവി, നാടകകൃത്ത് എന്നീ നിലകളിൽ അഗ്രേസരനായ കാളിദാസന്റെ കാവ്യശകലങ്ങൾ ഗ്രന്ഥത്തിലുടനീളം ഉപയോഗിക്കുന്നത് വായനക്കാരെ ആ വിശ്വപ്രതിഭയുടെ വാഗ്വിലാസം പരിചയപ്പെടുത്താനുപകരിക്കുന്നു.

ഗ്രന്ഥത്തിലെ പ്രധാനയാത്രാമാർഗമായിരുന്ന ഹിമാചലിന്റെ പ്രമുഖ തീർത്ഥാടനകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഭൂപടങ്ങൾ ചേർത്തിട്ടില്ല എന്നുള്ളത് ഒരു കുറവായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ഗ്രന്ഥകാരന്റെ സംസ്കൃതപാണ്ഡിത്യം തർക്കമറ്റതായിരിക്കാമെങ്കിലും പ്രത്യക്ഷത്തിൽ തന്നെ തെറ്റെന്നു വ്യക്തമായ ചില വസ്തുതകളും കാണുന്നുണ്ട്. 'അഘോരികളിലെ വലതുപക്ഷക്കാർ (വാമമാർഗ്ഗികൾ) ആണ് യഥാർത്ഥ അഘോരികൾ' എന്ന് ലേഖകൻ പ്രഖ്യാപിക്കുമ്പോൾ നാം ചിന്താക്കുഴപ്പത്തിലാകുന്നു. 'വാമം' എന്ന സംസ്കൃതപദത്തിന് ഇടത് എന്നല്ലേ അർത്ഥം? ഇത് രണ്ടുതവണ (പേജ് 479-ലും 481-ലും) ആവർത്തിക്കുന്നുമുണ്ട്. അഞ്ഞൂറോളം പേജുകളുള്ള ഈ പുസ്തകത്തിന് ഒരു സൂചിക കൂടി ചേർക്കേണ്ടതാണ്. ആഷാ മേനോന്റെ അവതാരിക സാധാരണ വായനക്കാരുടെ തലയ്ക്കുമുകളിലൂടെയാണ് പോകുന്നത്. "ഒരു നിയാമകത്വത്തിന്റെ ചാപം അതിൽ ഊൾച്ചേർന്നിരിക്കുന്നു' എന്നദ്ദേഹം പറയുമ്പോൾ അത് അക്ഷരത്തെറ്റാണോ അതോ അങ്ങനെയൊരു പദമുണ്ടോ എന്നുപോലും തീർച്ചയാക്കാനാകാതെ നാം പകച്ചുപോകുന്നു. 'വന്നുചേരാവുന്ന ഗത്യന്തരങ്ങൾ ചിലപ്പോൾ പര്യഹാരമാവുകയില്ല' എന്നത് വേറൊരെണ്ണം. മലയാളവാക്കുകളുടെ അർത്ഥവ്യത്യാസം സൂചിപ്പിക്കാൻ അവയുടെ ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിക്കുന്ന ആഷാ മേനോന്റെ ശൈലി കടം കയറിമുടിഞ്ഞ പ്രഭുകുടുംബങ്ങളുടെ പ്രദർശനപരത പോലെ പരിതാപകരമായിത്തോന്നി. രാമചന്ദ്രൻ അനുബന്ധമായി നൽകിയിരിക്കുന്ന 'ആർഷജ്ഞാനത്തിലേക്ക് ഒരു ചുവട്' എന്ന അദ്ധ്യായത്തിന്റെ പ്രസക്തി വ്യക്തമാകുന്നില്ല. കൊടും ഫിലോസഫി വാരിവിതറുന്ന ഈ ഭാഗം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഒന്നല്ല. മനസ്സിലാകുന്നവർ ഈ പുസ്തകം വായിക്കുമെന്നും തോന്നുന്നില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

എം. കെ. രാമചന്ദ്രന്റെ 'ആദികൈലാസയാത്ര' എന്ന പുസ്തകത്തിന്റെ നിരൂപണം ഇവിടെ വായിക്കുക

Book Review of 'Devabhoomiyiloode' by M K Ramachandran
ISBN: 9788122610208
 

No comments:

Post a Comment