Friday, February 24, 2017

ശ്രീകുമാറിന് ഒരു യാത്രാമൊഴി

മരണം ഒരിക്കൽക്കൂടി ആരും ക്ഷണിക്കാതെ വാതിൽപ്പഴുതിലൂടെ അകത്തുവന്നു. ടി. സി. ശ്രീകുമാറിനെ അവൻ ആവശ്യപ്പെട്ടു, കൊണ്ടുപോയി.

കാഴ്ചയിൽ ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൽ ശ്വാസകോശ അർബുദത്തിന്റെ കണികകൾ പെറ്റുപെരുകിയിരുന്നത് ആരും അറിഞ്ഞില്ല. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്! വെറും രണ്ടു ദിവസത്തെ ആശുപത്രിവാസം, മരണം...വിട്ടുമാറാത്ത ചുമയ്ക്ക് മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ ശ്രീകുമാർ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന സത്യം ആ കുടുംബത്തെ വേദനയിലാഴ്‌ത്തുന്നു.

പരിമിതമായ ചുറ്റുപാടുകളിൽ നിന്നുയർന്നുവന്ന അദ്ദേഹം ഒരിക്കലും തന്റെ കുടുംബത്തിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചിരുന്നില്ല. മരണത്തിലും ആ ഉൾക്കരുത്ത് ഒരു വടവൃക്ഷത്തിന്റെ തണലായി ആ അമ്മയ്ക്കും മക്കൾക്കും മുകളിൽ കുടവിരിച്ചുനിന്നു.

തന്റെ അച്ഛനും കമ്പനിത്തൊഴിലാളിയായിരുന്നതിനാൽ താനും തന്റെ മക്കളും കമ്പനിയുടെ ചോറാണ് ഉണ്ണുന്നതെന്ന് ശ്രീകുമാർ ഇടയ്ക്കിടെ അഭിമാനപൂർവം സ്മരിച്ചിരുന്നു. ജോലിയോട് നിതാന്തമായ അർപ്പണബോധം പുലർത്താൻ അദ്ദേഹത്തിനു സാധിച്ചത് ആ പൊക്കിൾക്കൊടി ബന്ധം ഉള്ളതുകൊണ്ടുകൂടിയാകാം. അൻപത്തിമൂന്നാം വയസ്സിലും പ്രമോഷനുവേണ്ടിയുള്ള ഇന്റർവ്യൂവിന് ചോദിക്കാനിടയുള്ള ചോദ്യങ്ങളും തേടിവന്ന ആ മനുഷ്യന്റെ ആകാംക്ഷ നിറഞ്ഞ മുഖം ഒരിക്കലും മറക്കാനാവില്ല. ഹൈസ്കൂളിനപ്പുറം വിദ്യാഭ്യാസം നേടാനാകാതിരുന്നതിന്റെ വിഷമം മക്കളെ നല്ലനിലയിൽ പഠിപ്പിച്ച് അദ്ദേഹം മാറ്റി.

വിരമിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കേ കുറെ സ്മരണകൾ മാത്രം ബാക്കിയാക്കി ശ്രീകുമാർ യാത്രയായി. ആ സ്ഥാനത്തേക്ക് ഇനിയും ആളുകൾ വന്നേക്കും, പക്ഷേ ആ ആത്മാർത്ഥമായ ചിരിയും വിനയാന്വിതമായ പെരുമാറ്റവും പകരം വെയ്ക്കുവാൻ സാധിക്കാത്ത വിധം തനിമയുള്ളതായിരുന്നു.

ആദരാഞ്ജലികൾ...

Thursday, February 16, 2017

നക്സൽ ദിനങ്ങൾ

രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഓരോരോ ആശയങ്ങൾ ഇന്നിന്റെ പകലുകളോടൊപ്പം ഉദിച്ചുയർന്ന് നാളെയുടെ ചക്രവാളങ്ങളിൽ അസ്തമിച്ചുതാഴും. 1970-കളിൽ കേരളസമൂഹത്തെ ഞെട്ടിച്ച ചുവന്ന താരകമായിരുന്നു നക്സലിസം. ഇല്ലാത്തവന്റെ പക്ഷത്തുനിന്ന് അവനുവേണ്ടി ശബ്ദമുയർത്തുന്ന ഉള്ളവൻ എന്ന പ്രതിച്ഛായ അവർക്ക് നിസ്വാർത്ഥരക്തസാക്ഷിത്വത്തിന്റെ പരിവേഷം നേടിക്കൊടുത്തു. നക്സലുകളുടെ ആശയങ്ങൾ കൊള്ളാം, എന്നാൽ അവരുടെ അക്രമാസക്തപ്രവർത്തനശൈലിയാണ് തെറ്റ് എന്നായിരുന്നു സാധാരണക്കാരുടെപോലും വിലയിരുത്തൽ. ജനാധിപത്യത്തോട് തെല്ലും കൂറില്ലാത്ത വിപ്ലവകാരികൾ നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി ഭരണകൂടത്തോട് കൊമ്പുകോർത്തു. സ്വാഭാവികമായി തിരിച്ചുകിട്ടിയ ആഘാതത്തിൽ പ്രസ്ഥാനവും പ്രവർത്തകരും തളർന്നു. കേരളത്തിലെ നക്സൽ - മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു സമ്പൂർണ്ണചിത്രമാണ് ആർ. കെ. ബിജുരാജ് രചിച്ച ഈ കൃതി.

1967-ൽ നക്സൽബാരി കലാപത്തോടെയാണ് സായുധ ഇടതുപക്ഷ വിപ്ലവശ്രമങ്ങൾ ഇന്ത്യയിൽ വീണ്ടും സജീവമാകുന്നത്. സമരനേതാക്കളായിരുന്ന ചാരു മജൂംദാറും കനു സന്യാലും ജന്മികളെ ഉന്മൂലനം ചെയ്ത് വിപ്ലവം നടത്തുക എന്ന പരിപാടിയുടെ വക്താക്കളായിരുന്നു. കനു സന്യാലും കൂട്ടാളികളും രഹസ്യമാർഗങ്ങളിലൂടെ ചൈനയിലെത്തി മാവോ സേതുങ്ങിനെ സന്ദർശിച്ചു. അവരുടെ കൈകളിൽ എത്ര തോക്കുകൾ ഉണ്ടെന്ന് മാവോ ചോദിച്ചതിന് 21 തോക്കുകൾ എന്നായിരുന്നു മറുപടി. തങ്ങൾ വിപ്ലവം തുടങ്ങുമ്പോൾ 120 തോക്കുകളേ ഉണ്ടായിരുന്നുള്ളൂ എന്ന് മാവോ പ്രതികരിച്ചത് ഇന്ത്യൻ വിപ്ലവത്തിന്റെ ജയസാധ്യതക്കുള്ള അംഗീകാരമായിരുന്നു. ഇതിനെത്തുടർന്ന് 1968-ൽ തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചുകൊണ്ട് കേരളത്തിലെ നക്സലൈറ്റുകളും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. തലശ്ശേരിയിൽ ആക്രമണകാരികളെ കണ്ടു പേടിച്ചോടിയ കന്നുകാലികളുടെ കുളമ്പടിയൊച്ച പൊലീസ് ബൂട്ടുകളുടെ ശബ്ദമാണെന്നു തെറ്റിദ്ധരിച്ചത് നക്സലൈറ്റുകൾ തിരിഞ്ഞോടാൻ കാരണമായി. ആസൂത്രണത്തിൽ നിരന്തരം സംഭവിച്ച പിഴവുകൾ ബിജുരാജ് പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ആദ്യഘട്ട നക്സൽ പ്രവർത്തനങ്ങളുടെ ഭാഗമായ അക്രമവും ഉന്മൂലനങ്ങളും വിശദമായിത്തന്നെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. സംസ്ഥാനത്തെ അക്കാലത്ത് ഇളക്കിമറിച്ച രാജൻ സംഭവം ഒരു അദ്ധ്യായമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. സായുധസമരം, ജനകീയ സൈന്യത്തെ വളർത്തി പട്ടണങ്ങളെ വളയുകയും പിടിച്ചെടുക്കുകയും ചെയ്യുക, തൊഴിലാളിവർഗ്ഗ സർവാധിപത്യം, അങ്ങനെ സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ദേശീയ നേതൃത്വവുമായി ഭിന്നതകൾ ഉടലെടുത്തു. ചാരു മജൂംദാർ ഭൂവുടമകൾക്കെതിരെ കർഷകരെ അണിനിരത്തിയപ്പോൾ കേരളത്തിലെ ആദ്യകാലനേതാവായ കുന്നിക്കൽ നാരായണൻ ഭരണകൂടത്തിനെതിരെ നീങ്ങാനാണ് ശ്രമിച്ചത്. പെറ്റി ബൂർഷ്വാ വിപ്ലവം എന്ന പരിഹാസം കുന്നിക്കലിനെതിരെ ഉയർന്നുവെങ്കിലും പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങുന്നതിൽ അദ്ദേഹം വളരെ മുന്നോട്ടുപോയി. എന്നാൽ നക്സലൈറ്റുകളിൽ എല്ലാവരും നേതാക്കളായതിനാലും ആരും ആരുടെമുന്നിലും താഴാൻ തയ്യാറാകാതിരുന്നതിനാലും പാർട്ടിയിലെ ചിലർ ബദൽ ഗ്രൂപ്പുകൾ രൂപീകരിച്ചു. ജന്മിമാർക്കെതിരായ മജൂംദാർ ലൈൻ ആദ്യമായി നടപ്പിലായത് തൃശ്ശിലേരി വാസുദേവ അഡിഗയുടെ കൊലയോടെയാണ്. വയനാട്ടിലെ പ്രമുഖ നക്സൽ നേതാവായിരുന്ന വർഗ്ഗീസ് ആദ്യാവസാനം ആസൂത്രണം നടത്തിയ ഈ വധത്തിൽ ബന്ധനസ്ഥനാക്കിയ അഡിഗയുടെ നെഞ്ചിലേക്ക് നിറയൊഴിക്കാൻ നിർദ്ദേശം നൽകിയതും അദ്ദേഹം തന്നെയായിരുന്നുവെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. പിന്നീട് പോലീസ് വർഗ്ഗീസിനെ കണ്ടുപിടിക്കുന്നതും ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ അദ്ദേഹത്തെ വധിക്കുന്നതും കണ്ണുനനയിക്കുംവിധം ദൈന്യതയോടെ വിവരിക്കുന്നുണ്ട്! നക്സലുകൾക്കിടയിലെ ചക്കളത്തിപ്പോര് നിയന്ത്രണാതീതമാംവിധം വ്യാപിച്ചുകഴിഞ്ഞിരുന്നുവെന്നാണ് അവരുടെ ഔദ്യോഗിക പത്രം 'ലിബറേഷൻ' വർഗ്ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നുവെന്ന് അച്ചടിച്ചതുവഴി വെളിവായത്. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ കേരളത്തെ കോരിത്തരിപ്പിച്ചു എന്നൊക്കെയുള്ള പ്രചരണാത്മകമായ വാദങ്ങൾ ബിജുരാജ് ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് തിരുനെല്ലിയിൽ വെടിയൊച്ച മുഴങ്ങി അധികം വൈകാതെ വയനാട്ടിൽ ജന്മിത്വവും അടിമവേലയും അവസാനിച്ചു എന്ന അവകാശവാദം. അടിമവേല മുൻപേതന്നെ നിയമവിരുദ്ധമായിരുന്നു. അത് പുറത്തറിഞ്ഞതോടെ ജന്മികൾക്ക് അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു എന്നതല്ലേ സാമാന്യബുദ്ധിക്ക് നിരക്കുന്ന യാഥാർത്ഥ്യം?

നിരവധി സംഘടനകളായി പിണങ്ങിനിന്നിരുന്ന നക്സലുകൾ കേന്ദ്രനേതൃത്വത്തിൽ മതിപ്പുളവാക്കുന്നതിനും കൊലപാതകങ്ങൾ സംഘടിപ്പിച്ചു. കോങ്ങാട് നാരായണൻകുട്ടി നായരെ കൊന്നുകൊണ്ട് മുണ്ടൂർ രാവുണ്ണിയും, ഇരുട്ടുകാനം ജോസഫിനെ വധിച്ച് വെള്ളത്തൂവൽ സ്റ്റീഫനും, താവം കൃഷ്ണൻ നമ്പ്യാരെ ഇല്ലാതാക്കി അമ്പാടി ശങ്കരൻകുട്ടി മേനോനും തങ്ങളുടെ ശക്തി തെളിയിച്ചു! മരണഭയമില്ലാത്ത അണികളെ നയിച്ച വെള്ളത്തൂവൽ സ്റ്റീഫൻ പക്ഷേ കയ്യിൽ തോക്കുണ്ടായിരുന്നിട്ടും പോലീസിനുമുന്നിൽ എതിരിടാൻ ശ്രമിക്കാതെ വാലുംചുരുട്ടി കീഴടങ്ങിക്കൊടുത്തു. ബൂർഷ്വാ കോടതികൾക്കെതിരെ അലമുറയിട്ടിരുന്ന നക്സലുകൾ ജയിലിൽ എത്തിയപ്പോൾ പ്രത്യേക അവകാശങ്ങൾക്കുവേണ്ടി ഗാന്ധിയൻ നിരാഹാരസമരത്തിലേർപ്പെട്ടു. CPI-യുടെ രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് 1969-ൽ മന്ത്രിസഭ തലശ്ശേരി - പുൽപ്പള്ളി പ്രതികൾക്കുവേണ്ടി ജയിൽനിയമം ഭേദഗതി ചെയ്ത് രാഷ്ട്രീയത്തടവുകാരാക്കി. 1971 വരെ നക്സലുകൾ 39 ആക്രമണങ്ങൾ നടത്തി പത്തുപേരെ കൊലപ്പെടുത്തിയ കൂട്ടത്തിൽ തങ്ങളുടെ ആറു പ്രവർത്തകരേയും നഷ്ടപ്പെടുത്തി. നക്സലുകളുടെ അടിമമനോഭാവത്തോളമെത്തുന്ന പ്രത്യയശാസ്ത്രദാസ്യം വ്യക്തമാക്കുന്നതാണ് അവരിലൊരാളായ മധുമാഷ് എഴുതി, ജനകീയ സാംസ്കാരികവേദിയിലൂടെ അവതരിപ്പിക്കപ്പെട്ട 'പടയണി' എന്ന നാടകത്തിനോടുള്ള പാർട്ടിയുടെ നിലപാട്. ഇതിലെ നായകൻ വർഗ്ഗപരമായി പെറ്റിബൂർഷ്വാ ആയതിനാൽ അതിനുപകരം തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധിയെ ചിത്രീകരിക്കണമെന്ന് പാർട്ടി നാടകകൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു. ഇക്കൂട്ടരാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വായിട്ടലക്കുന്നത് നാം ഇടയ്ക്കിടെ കാണാറുള്ളത്!

1967 മുതൽ 1971 വരെ നീളുന്ന ആദ്യഘട്ടവും 1977-92 ലെ രണ്ടാം ഘട്ടവും സാമാന്യം നന്നായി ബിജുരാജ് കൈകാര്യം ചെയ്തുവെങ്കിലും അതിനുശേഷമുള്ള മൂന്നാം ഘട്ടമായപ്പോഴേക്കും ദിശാബോധം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ജ്യോമട്രിക് പ്രോഗ്രഷനിൽ വർദ്ധിച്ചുവന്ന സംഘടനകളുടെ എണ്ണമാകാം ഒരു കാരണം. ചില അടിസ്ഥാനവ്യത്യാസങ്ങളും നമുക്കു കാണാനാകും. 1981-ഓടെ സവർണ്ണ-ഇടത്തരം കുടുംബങ്ങളിലെ കലാലയ വിദ്യാഭ്യാസം നേടിയ യുവാക്കൾ നേതൃത്വം ഏറ്റെടുത്തു. കെ. വേണു, കെ. എൻ. രാമചന്ദ്രൻ എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. 1980 കളുടെ അന്ത്യത്തോടെ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആഞ്ഞടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ കൊടുങ്കാറ്റ് അവിടത്തെ പാർട്ടികളേയും നേതാക്കളേയും കടപുഴക്കി. സാധാരണജനങ്ങൾക്കുമേൽ ഏകാധിപത്യത്തിന്റെ നുകം കയറ്റിയ കമ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ റഷ്യൻ ജനത നക്സലുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കെ. വേണു രചിച്ച 'കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം' എന്ന പുസ്തകം തങ്ങളുടെ രാഷ്ട്രീയസിദ്ധാന്തം അറുപിന്തിരിപ്പനാണെന്നു തുറന്നുസമ്മതിച്ചു, തുടർന്ന് വേണു 1992-ൽ രാജിവെച്ച് പാർട്ടിയുമായി അകന്നു. ആശയപരമായ അടിത്തറ നഷ്ടപ്പെട്ട സംഘടന പിന്നീട് പ്രാദേശിക ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് സാമൂഹ്യപ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലായി. ദളിത് - ആദിവാസി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, സ്ത്രീപീഡനങ്ങൾക്കെതിരെ - തമ്മനത്തെ ഗുണ്ടാസംഘത്തിനെതിരെ - എന്തിന്, അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കെതിരെ പോലും സമരം നടത്തി മാധ്യമശ്രദ്ധ നേടിയെടുക്കാൻ ദയനീയ ശ്രമങ്ങൾ നടത്തി. ഈ ഘട്ടത്തിൽ പൊലീസിനെ ആക്രമിക്കുന്നത് ബോധപൂർവം ഒഴിവാക്കി. പൊലീസുകാരെ നോവിച്ചാൽ തിരിച്ചുകിട്ടുമെന്നുറപ്പായ കടുത്ത മർദ്ദനം നക്സലുകളെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചതുകൊണ്ടായിരിക്കണം ഈ ചുവടുമാറ്റം. പോരാട്ടം, അയ്യങ്കാളിപ്പട, ആദിവാസി സമരസംഘം എന്നിങ്ങനെ നിരവധി സംഘടനകൾ കൊള്ളിമീനുകളെപ്പോലെ കേരളരാഷ്ട്രീയനഭസ്സിൽ മിന്നിമറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും അറസ്റ്റോടെ സമാപിക്കുന്ന പുസ്തകം ചരിത്രം അവസാനിക്കുന്നില്ല എന്ന മുന്നറിയിപ്പും പുറപ്പെടുവിക്കുന്നു.

കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ആദ്യ അദ്ധ്യായങ്ങൾക്കുശേഷം പുസ്തകം ഒരു ലഘുലേഖയുടെ നിലവാരത്തിലേക്കു താഴുന്നു. പ്രതിപ്പട്ടികകളും, പാർട്ടി കമ്മറ്റികളിലെ ഭാരവാഹികളുടെ മുഴുവൻ പേരുകളും അതേപടി പകർത്തിവെച്ചിരിക്കുന്നത് വായനയ്ക്കു തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം ഒരു ചലച്ചിത്രത്തിന്റെ ടൈറ്റിൽ സീനുകളെ ഓർമപ്പെടുത്തുന്നു. ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലും മാവോയുടെ തിരുവചനങ്ങൾ ചേർത്തിരിക്കുന്നത് ആശയപരമായ അടിമത്തം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ്. ഗ്രന്ഥകാരൻ പാർട്ടിയുടെ പ്രവർത്തനങ്ങൾ രോമാഞ്ചദായകമായ വിധത്തിൽ വിവരിക്കുന്നത് അണികളെ ഉത്തേജിപ്പിക്കാനായിരിക്കണം! ഇരുളിന്റെ മറവിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നതുപോലും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണെന്ന മട്ടിലാണ് തട്ടിവിടുന്നത്. കേരളരാഷ്ട്രീയവുമായി നേരിട്ടു ബന്ധമില്ലാത്ത വായനക്കാർ കരുത്തുറ്റ ഏതോ പാർട്ടിയുടെ നടത്തിപ്പിനെക്കുറിച്ചാണ് പുസ്തകം പരാമർശിക്കുന്നതെന്നു തെറ്റിദ്ധരിച്ചുപോകത്തക്ക വിധത്തിൽ ഉടനീളം അതിശയോക്തി നിറഞ്ഞിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Naxal Dinangal - Keralathile Naxalite Maoist Prasthanathinte Samagra Charithram by R K Bijuraj
ISBN: 9788126464623

Monday, February 13, 2017

കനയ്യയുടെ ഒരു വർഷം

പഴഞ്ചൊല്ലിൽ പതിരില്ലെന്നു പറയുന്നത് എത്ര ശരിയാണ്!

'Spare the rod and spoil the child' എന്ന് ഇംഗ്ലീഷിലും 'അടിയോളം ഒക്കുമോ അണ്ണൻ തമ്പി' എന്ന് മലയാളത്തിലും ഉള്ള മൊഴിമുത്തുകളുടെ അർത്ഥം ഒന്നുതന്നെയാണ്. അടി കൊടുക്കേണ്ടിടത്ത് അതു സമയത്തിന് കൊടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. JNU -വിലെ കഴിഞ്ഞ വർഷത്തെ പുകിലുകൾ ഓർമ്മയുള്ളവർക്കറിയാം ദേശവിരുദ്ധപ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും എത്രമാത്രം നിയന്ത്രണാതീതമായിപ്പോയിരുന്നു എന്ന്. പാർലമെന്റ് ആക്രമണം നടത്തിയ അഫ്‌സൽ ഗുരു എന്ന തീവ്രവാദിയെ തൂക്കിക്കൊന്ന ഫെബ്രു. 9-ന് JNU-വിൽ കഴിഞ്ഞ വർഷം വ്യാപകമായ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കാശ്മീരിനും കേരളത്തിനും സ്വാതന്ത്ര്യം വേണമെന്ന മട്ടിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടു. ഇതൊക്കെ മുമ്പും JNU-വിൽ സംഭവിക്കാറുള്ളതായിരുന്നു. എന്നാൽ കാമ്പസ്സിന് നാം സ്വമേധയാ അനുവദിച്ചുകൊടുക്കുന്ന ചില സ്വാതന്ത്ര്യങ്ങളിൽ ഇതും ഉൾപ്പെട്ടുപോയി. കാര്യങ്ങൾ പിടിവിട്ടുപോകുമെന്ന ഘട്ടമായപ്പോൾ 2016-ൽ കർശനമായ നടപടികൾ എടുത്തു. രാജ്യദ്രോഹക്കുറ്റം തന്നെ ഒന്നോ രണ്ടോ പേരുടെ മേൽ ചാർത്തി.

കനയ്യകുമാർ എന്നൊരു നേതാവിനെ വളർത്തിയെടുക്കുകയാണ് അതുവഴി സംഭവിച്ചത് എന്നു വാദിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യാതൊരു താല്പര്യവുമില്ലാത്ത ദേശവിരുദ്ധവികാരങ്ങളുമായി നടക്കുന്ന ഒരുത്തന് എന്തു ചലനമാണ് ഉണ്ടാക്കാൻ കഴിയുക? കുറേനാൾ CPI രാജ്യമെങ്ങും കെട്ടിയെഴുന്നള്ളിച്ചു നടത്തിയെങ്കിലും ഇപ്പോൾ ചങ്ങാതി ഷെഡ്‌ഡിൽ കിടന്നു തുരുമ്പിക്കുന്നു. കനയ്യകുമാർ നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കുട്ട!

ഈ വർഷത്തെ ഫെബ്രു. 9 വളരെ ശാന്തമായാണ് JNU-വിൽ കടന്നുപോയത് എന്നു റിപ്പോർട്ടുകൾ പറയുന്നു. ഇത് മുമ്പേ ചെയ്തിരുന്നെങ്കിൽ കഴിഞ്ഞവർഷത്തെ പൊല്ലാപ്പുകൾ ഒഴിവാക്കാമായിരുന്നു. 'A stitch in time saves nine' എന്നൊക്കെ പറയുന്നത് ചുമ്മാതാണോ?

Monday, February 6, 2017

സർ സി. പി. തിരുവിതാംകൂർ ചരിത്രത്തിൽ

1956-ൽ ഐക്യകേരളം രൂപമെടുക്കുന്നതുവരെ തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തെക്കൻ ഭാഗങ്ങൾ നൂറ്റാണ്ടുകളായി രാജഭരണത്തിൻകീഴിലായിരുന്നു. ശക്തരും സമർത്ഥരുമായ ഭരണാധികാരികൾ വളരെ വിരളമായേ കണ്ടുകിട്ടിയിരുന്നുള്ളൂ. തിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റിയവരിൽ പ്രഥമഗണനീയൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തന്നെയായിരുന്നു. രാമയ്യൻ ദളവ, രാജാ കേശവദാസ് എന്നിങ്ങനെ അപൂർവം മിടുക്കരും ഭരണം കയ്യാളിയിരുന്നു. എന്നാൽ കൗശലം, ബുദ്ധിശക്തി, ദീർഘവീക്ഷണം എന്നിവയിലെല്ലാം ദിവാൻ പദവിയിൽ വിരാജിച്ച സർ സി. പി. രാമസ്വാമി അയ്യരെ വെല്ലുന്ന ഒരു ഭരണാധികാരി കേരളചരിത്രത്തിൽ അതിനുമുൻപോ പിൻപോ ഉണ്ടായിട്ടില്ല (ദിവാനായിരുന്നത് 1936 മുതൽ 1947 വരെ, ജീവിതം 1879 മുതൽ 1966 വരെ). തിരുവിതാംകൂർ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമായി പ്രതിപാദിക്കുന്നതാണ് പ്രമുഖ ചരിത്രകാരനായ പ്രൊഫ. ഏ. ശ്രീധരമേനോൻ തയ്യാറാക്കിയ ഈ പുസ്തകം.

സർ സി. പി. രാജാവിന്റെ വിശ്വസ്തനായിരുന്നെങ്കിലും അദ്ദേഹം എങ്ങിനെ കൊട്ടാരത്തിന്റെ വാത്സല്യഭാജനമായി മാറി എന്നത് അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഇക്കാര്യത്തിൽ നല്ലൊരു വിശദീകരണം ലേഖകൻ നൽകുന്നുണ്ട്. രാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1924-ൽ നാടുനീങ്ങി. കിരീടാവകാശിയായ ചിത്തിര തിരുനാൾ ബാലനായിരുന്നതിനാൽ അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മി ബായി റീജന്റായി അധികാരമേറ്റു. റീജന്റിന്റെ ഇളയ സഹോദരിയും കിരീടാവകാശിയുടെ മാതാവുമായിരുന്ന സേതുപാർവതി ബായിയും റീജന്റ് റാണിയും തമ്മിൽ പെട്ടെന്നുതന്നെ അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. ചിത്തിര തിരുനാളിന് പത്തൊമ്പതര വയസ്സാകുന്ന 1932 ആഗസ്റ്റിലേ ഭരണം കൈമാറാനാവൂ എന്നൊരു നിലപാട് ബ്രിട്ടീഷ് സർക്കാരും കൈക്കൊണ്ടു. ഏതുവിധേനയും ഭരണം കൈപ്പിടിയിലൊതുക്കാൻ അമ്മമഹാറാണി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായിരുന്ന സർ സി. പി. യുടെ സഹായം ലഭ്യമായി. സി. പി. ചിത്തിര തിരുനാളിനെ സിംലയിൽ കൊണ്ടുപോയി വൈസ്രോയി വില്ലിങ്ടൺ പ്രഭുവുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി. വൈസ്രോയിയിൽ മതിപ്പുളവാക്കുന്നതിൽ യുവരാജാവ് വിജയിച്ചതിനാൽ 1931 നവംബറിൽതന്നെ അദ്ദേഹത്തെ വാഴിച്ചു. ഇതിനു പ്രത്യുപകാരമെന്നോണം സി. പി.യെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യുഷണൽ അഡ്വൈസർ ആയി നിയമിച്ചു. ഒരു സൂപ്പർ ദിവാൻ എന്ന നിലയിലാണ് അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നത്. ദിവാനെക്കാൾ ഇരട്ടി ശമ്പളം, താമസം വെള്ളയമ്പലം കൊട്ടാരത്തിൽ - അങ്ങനെ സി. പി.യുടെ അവകാശങ്ങൾ ചട്ടങ്ങളിൽനിന്നു പുറത്തേക്കുനീണ്ടു. അഞ്ചുവർഷങ്ങൾക്കുശേഷം ദിവാൻ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു.

ഒട്ടനവധി പുരോഗമനപ്രവർത്തനങ്ങൾ സി. പി. നടപ്പിലാക്കി. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം, 1937-ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്, 1944-ൽ വധശിക്ഷ നിർത്തലാക്കിയത്, 1937-ൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ രൂപീകരണം, 1938-ൽ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിച്ചത്, 1945-ൽ പിന്നീട് SBT ആയി രൂപാന്തരപ്പെട്ട ട്രാവൻകൂർ ബാങ്ക് തുടങ്ങിയത്, ഭരണകൂടത്തിന്റെ ആധുനികീകരണം എന്നിങ്ങനെ ദിവാന്റെ നേട്ടങ്ങൾ നിരവധിയാണ്. എന്നാൽ അധികാരങ്ങളെല്ലാം ദിവാനിൽ കേന്ദ്രീകരിച്ചിരിക്കുക, അദ്ദേഹത്തിന് തന്റെ ഇച്‌ഛാനുസരണം നന്മക്കോ തിന്മക്കോ വേണ്ടി അത് ഉപയോഗിക്കാൻ കഴിയുക, ദുർബലവും വിധേയവുമായ ജുഡീഷ്യറിക്കും നിയമസഭയ്ക്കും അദ്ദേഹത്തെ നിയന്ത്രിക്കാൻ സാധിക്കായ്ക - ഇതെല്ലാം ഉത്തരവാദഭരണം ആഗ്രഹിക്കുന്ന ജനങ്ങളും ദിവാനും തമ്മിൽ നേരിട്ടൊരു ഏറ്റുമുട്ടലിൽ എത്തിച്ചു. സ്വജനപക്ഷപാതം എന്ന ആരോപണവും ഒറ്റയ്ക്കും തെറ്റക്കും സി. പി. യെ തേടിയെത്തി. തീർത്തും പിന്തിരിപ്പനായ ഏതാനും നടപടികളും അദ്ദേഹം നടപ്പിൽ വരുത്തി. 1938-ലെ നിയമഭേദഗതി മൂലം രാജ്യദ്രോഹകരമായ കുറ്റങ്ങൾക്ക് ശിക്ഷയുടെ ഭാഗമായി ചാട്ടയടി ഏർപ്പെടുത്തി. ദിവസക്കൂലിക്ക് പൊലീസിലേക്ക് ആളെ എടുക്കുക എന്ന വിചിത്രമായ നയം സി. പി. കൈക്കൊണ്ടതാണ്. അഞ്ചുരൂപാ പോലീസ് എന്നറിയപ്പെട്ടിരുന്ന സർക്കാരിന്റെ ഈ ഗുണ്ടാസംഘത്തിലേക്ക് NSS വൻതോതിൽ സേവകരെ സംഭാവന ചെയ്തിരുന്നു എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു. ശ്രീമൂലം പ്രജാസഭ സമൂഹത്തിലെ ഉന്നതജാതിക്കാർക്കുമാത്രം പ്രാപ്യമായ നിയമസഭയായിരുന്നു. സഭയിൽ നായന്മാർ മഹാഭൂരിപക്ഷമായിരുന്നത് ഭൂനികുതി നല്കുന്നവർക്കുമാത്രം വോട്ടവകാശം അനുവദിച്ചിരുന്നതുകൊണ്ടാണ്. സംസ്ഥാനവരുമാനത്തിന്റെ 17% മാത്രമേ ഭൂനികുതിയായി ലഭിച്ചിരുന്നുള്ളൂ. മൊത്തവരുമാനത്തിന്റെ 34.7% വരുന്ന എക്സൈസ്, കസ്റ്റംസ് തീരുവകൾ വോട്ടവകാശത്തിന്റെ മാനദണ്ഡമായിരുന്നില്ല. ഈ തീരുവകൾ നല്കിയിരുന്നവരിൽ മഹാഭൂരിപക്ഷവും ഈഴവരും കൃസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നു. 1938-ൽ കൊച്ചിയിൽ ഉത്തരവാദഭരണം നിലവിൽ വന്നപ്പോൾ തിരുവിതാംകൂറിന് പത്തുവർഷം കൂടി അതിനായി കാത്തിരിക്കേണ്ടിവന്നു.

കമ്യൂണിസ്റ്റുകളെ അടിച്ചമർത്താൻ സി. പി. കൈക്കൊണ്ട നടപടികളാണ് ചരിത്രത്തിൽ അദ്ദേഹത്തിന് പ്രതിനായകസ്ഥാനം നേടിക്കൊടുത്തത്. ഉത്തരവാദഭരണപ്രക്ഷോഭം അക്രമാസക്തമായപ്പോൾ 1938-ൽ വാരിക്കുന്തങ്ങളുമായി ആലപ്പുഴയിൽ പോലീസിനെ നേരിട്ട പ്രക്ഷോഭകർക്കു നേരെയുണ്ടായ വെടിവെപ്പിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അസ്വാരസ്യം തുടങ്ങുന്നത്. രണ്ടുപേരേ കൊല്ലപ്പെട്ടുള്ളൂ എങ്കിലും ആ നടപടി കഠിനഹൃദയനാണ് ദിവാൻ എന്ന തോന്നലുളവാക്കി. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് റഷ്യയുടെ ആജ്ഞാനുസരണം കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരെ സഹായിച്ചത് ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചു. 'കമ്യൂണിസ്റ്റ് പാർട്ടിയിൽ 50 ശതമാനമെങ്കിലും ഗവണ്മെന്റിന്റെ പക്ഷത്തുണ്ടെന്നതാണ് ഏറ്റവും ആശ്വാസദായകം' എന്ന് സി. പി. രേഖപ്പെടുത്തുന്നുണ്ട് (പേജ് 273). കാര്യങ്ങൾ പിടിവിട്ടുപോയത് യുദ്ധാനന്തരം 1946-ലെ പുന്നപ്ര-വയലാർ സമരത്തോടെയാണ്. സ്വാതന്ത്ര്യം ലഭ്യമാകും എന്ന നില വന്നതോടെ അതുവരെ ബ്രിട്ടീഷ് ഭരണത്തെ സഹായിച്ചിരുന്ന കമ്യൂണിസ്റ്റുകൾ സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ശൈശവസർക്കാരിനെ മറിച്ചിട്ട് സോവിയറ്റ് മോഡൽ സർവാധിപത്യം നടപ്പാക്കാമെന്ന് കിനാവുകണ്ടു. 1946 സെപ്റ്റംബർ 2-ന് ജവഹർലാൽ നെഹ്രു ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇടതുപക്ഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യൻ ചിയാങ് കൈഷക്ക്' എന്നാണ്. തെലങ്കാന സമരം, ബംഗാളിലെ തേഭാഗ പ്രസ്ഥാനം എന്നിവയൊക്കെ സർക്കാരിനെ മുട്ടുകുത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഉത്തരവാദഭരണം സ്ഥാപിക്കാനെന്ന വ്യാജേന പുന്നപ്രയിലും വയലാറിലും നൂറുകണക്കിനാളുകളെ കമ്യൂണിസ്റ്റുകൾ സംഘടിപ്പിച്ചു. സ്ഫോടനാത്മകമായ സ്ഥിതി മയപ്പെടുത്താൻ SNDP യോഗം നേതാവായിരുന്ന ആർ. ശങ്കർ ദിവാന്റെ അനുമതിയോടെ ഒരു സമാധാനശ്രമം നടത്തിനോക്കിയെങ്കിലും നേതാക്കളായിരുന്ന ടി. വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, കെ. സി. ജോർജ്ജ്, സി. കെ. കുമാരപ്പണിക്കർ, കെ. വി. പത്രോസ്, എം. എൻ. ഗോവിന്ദൻ നായർ എന്നിവരുടെ കടുംപിടിത്തം മൂലം അതു വിജയിച്ചില്ല. 1946 ഒക്ടോബർ 24-27 തീയതികളിൽ നടന്ന സായുധവിപ്ലവത്തിൽ നൂറുകണക്കിനാളുകൾ രക്തസാക്ഷികളായെങ്കിലും നേതാക്കളെല്ലാവരും വിദഗ്ദ്ധമായി മുങ്ങിക്കൊണ്ട് ഒരു പോറൽ പോലും ഏൽക്കാതെ സ്വന്തം തടി രക്ഷപ്പെടുത്തി. പുന്നപ്ര-വയലാറിന്റെ സമരോർജ്ജം അവരിൽ ചിലരെ ഭാവിയിൽ മന്ത്രിമാരുമാക്കി. സർക്കാർ നിയോഗിച്ച മധ്യസ്ഥരോട് തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാതെ ദിവാൻ ഭരണം അവസാനിപ്പിക്കണം, ഉത്തരവാദഭരണം അനുവദിക്കണം എന്നിങ്ങനെ മധ്യസ്ഥർക്ക് ഇടപെടാൻ പറ്റാത്ത വിഷയങ്ങളാണ് നേതാക്കൾ ഉയർത്തിയത്. പോലീസിന്റെ തോക്കിൽ ഉണ്ടയുണ്ടാവില്ല എന്ന് അണികളെ തെറ്റിദ്ധരിപ്പിച്ചുനടത്തിയ പ്രക്ഷോഭത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിന് വിശ്വസനീയമായ കണക്കുകളില്ല. 190 മുതൽ 7000 വരെയുള്ള സംഖ്യകൾ ഉള്ളപ്പോൾ ആയിരമാകാം എന്ന ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നു.

പിന്നീട് അമേരിക്കൻ മോഡൽ എന്നറിയപ്പെട്ട പ്രസിഡൻഷ്യൽ സമ്പ്രദായം സി. പി. യുടെ സ്വന്തം അഭിപ്രായമായിരുന്നു എന്നതിന് അദ്ദേഹം 1928-ൽ നടത്തിയ ഒരു പ്രഭാഷണം തെളിവായി സമർത്ഥിക്കപ്പെടുന്നു. പാർലമെന്ററി സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം 1939-ൽ തന്റെ മകനെഴുതിയ കത്തിൽ പ്രകടവും രസകരവുമാണ്. അദ്ദേഹം പറയുന്നു, "പാർലമെന്ററി ഗവൺമെന്റെന്ന പേരിലറിയപ്പെടുന്ന ഈ സംവിധാനം ഒരു കുരുക്കും മിഥ്യാബോധവുമാണെന്നു കാലം ചെല്ലുംതോറും എനിക്കു വ്യക്തമായിവരുന്നു. ഇംഗ്ലണ്ടിൽ ഇതു വിജയിച്ചത് അവിടത്തെ ജനസമൂഹത്തിന്റെ മുതലാളിത്തസ്വഭാവം കൊണ്ടും ജനങ്ങളുടെ കപടനാട്യം കാരണവും ആംഗ്ലോ-സാക്സൺ സമുദായത്തിന്റെ സർവ്വവ്യാപിയായ രാഷ്ട്രീയപിത്തലാട്ടവും മുകൾത്തട്ടിലുള്ളവരേക്കാൾ യാഥാസ്ഥിതികരായ താഴേക്കിടയിലുള്ളവരുടെ പൊങ്ങച്ചവും കൊണ്ടുമാണ്" (പേജ് 281). ദിവാൻ നടപ്പാക്കാനുദ്ദേശിച്ച എല്ലാ ജനദ്രോഹനടപടികളും രാജാവിന്റെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണെന്ന വസ്തുത ഗ്രന്ഥകാരൻ പലതവണ ആവർത്തിച്ചു സ്ഥാപിക്കുന്നുണ്ട്. രാജാവിന്റെ വിശ്വസ്ത ദാസനായിരുന്നു സർ സി.പി. കേരളരാഷ്ട്രീയത്തിലെ വർഗീയതയുടെ അതിപ്രസരത്തിനുകാരണം ഇവിടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത് ജാതി, മത സംഘടനകളുടെ മേൽനോട്ടത്തിൽ ആയിരുന്നതുകൊണ്ടാണെന്ന് നമുക്കു കാണാൻ കഴിയും. നിവർത്തനപ്രക്ഷോഭണവും ഈഴവ-കൃസ്ത്യൻ-മുസ്ലിം സംഘടനകൾ യോജിച്ചുണ്ടാക്കിയ സംയുക്ത രാഷ്ട്രീയ കോൺഗ്രസ്സും ഉദാഹരണങ്ങൾ. മുല്ലപ്പെരിയാർ പ്രശ്നം, അമേരിക്കൻ മോഡൽ, ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കിന്റെ തകർച്ച ഇവയിലൊക്കെ സി. പി വഹിച്ച പങ്ക് വിശദമായിത്തന്നെ ലേഖനത്തിൽ കാണാം. ബാങ്കിന്റെ തകർച്ചയിലേക്കു നയിച്ചത് ദിവാന്റെ കൃസ്ത്യൻ വിരോധമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയായി 1939-ൽ സി. പി.യുടെ ഷഷ്ടിപൂർത്തി പ്രമാണിച്ച് സിറിയൻ കൃസ്ത്യൻ സമുദായം 3000 രൂപ വിലമതിക്കുന്ന സ്വർണപ്പേടകം സമ്മാനിച്ചതാണ് ചൂണ്ടിക്കാണിക്കാനുള്ളത്. സി. പി. അത് നന്ദിപൂർവ്വം മ്യൂസിയത്തിലേക്ക് നൽകി.

ആഖ്യാനസൂക്ഷ്മത, വിവരസമ്പന്നത എന്നിവയിലൊക്കെ ഉന്നതനിലവാരം സൂക്ഷിക്കുന്ന ശ്രീധരമേനോന്റെ പാണ്ഡിത്യം ഈ പുസ്തകത്തിലും തെളിഞ്ഞുകാണാം. 23 അനുബന്ധങ്ങളിലായി ആ സൂക്ഷ്മത ദൃശ്യമാണ്. സി. പി.യുടെ വ്യക്തിജീവിതത്തിന്റെ ഒരു ഭാഗികചിത്രം മാത്രമേ പുസ്തകം നല്കുന്നുള്ളൂവെങ്കിലും അദ്ദേഹത്തെ സന്ധിച്ച വൈസ്രോയിയുടെ മിലിറ്ററി അഡ്വൈസർ സർ. ഫ്രാൻസിസ് വൈലിയുടെ കണ്ടെത്തൽ നൂറുശതമാനവും ശരിയാണെന്നു കരുതേണ്ടിവരും. അദ്ദേഹം എഴുതി, "എല്ലാ ഗുണങ്ങളുമുള്ള സർ സി. പി. ഇത്രത്തോളം സൂത്രശാലിയാകാതിരുന്നെങ്കിൽ വളരെ വലിയൊരു മഹാനായേനെ!".

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sir C P Thiruvithamkoor Charithrathil' by Prof. A Sreedhara Menon
ISBN: 9788124012420