Thursday, February 16, 2017

നക്സൽ ദിനങ്ങൾ

രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഓരോരോ ആശയങ്ങൾ ഇന്നിന്റെ പകലുകളോടൊപ്പം ഉദിച്ചുയർന്ന് നാളെയുടെ ചക്രവാളങ്ങളിൽ അസ്തമിച്ചുതാഴും. 1970-കളിൽ കേരളസമൂഹത്തെ ഞെട്ടിച്ച ചുവന്ന താരകമായിരുന്നു നക്സലിസം. ഇല്ലാത്തവന്റെ പക്ഷത്തുനിന്ന് അവനുവേണ്ടി ശബ്ദമുയർത്തുന്ന ഉള്ളവൻ എന്ന പ്രതിച്ഛായ അവർക്ക് നിസ്വാർത്ഥരക്തസാക്ഷിത്വത്തിന്റെ പരിവേഷം നേടിക്കൊടുത്തു. നക്സലുകളുടെ ആശയങ്ങൾ കൊള്ളാം, എന്നാൽ അവരുടെ അക്രമാസക്തപ്രവർത്തനശൈലിയാണ് തെറ്റ് എന്നായിരുന്നു സാധാരണക്കാരുടെപോലും വിലയിരുത്തൽ. ജനാധിപത്യത്തോട് തെല്ലും കൂറില്ലാത്ത വിപ്ലവകാരികൾ നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി ഭരണകൂടത്തോട് കൊമ്പുകോർത്തു. സ്വാഭാവികമായി തിരിച്ചുകിട്ടിയ ആഘാതത്തിൽ പ്രസ്ഥാനവും പ്രവർത്തകരും തളർന്നു. കേരളത്തിലെ നക്സൽ - മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു സമ്പൂർണ്ണചിത്രമാണ് ആർ. കെ. ബിജുരാജ് രചിച്ച ഈ കൃതി.

1967-ൽ നക്സൽബാരി കലാപത്തോടെയാണ് സായുധ ഇടതുപക്ഷ വിപ്ലവശ്രമങ്ങൾ ഇന്ത്യയിൽ വീണ്ടും സജീവമാകുന്നത്. സമരനേതാക്കളായിരുന്ന ചാരു മജൂംദാറും കനു സന്യാലും ജന്മികളെ ഉന്മൂലനം ചെയ്ത് വിപ്ലവം നടത്തുക എന്ന പരിപാടിയുടെ വക്താക്കളായിരുന്നു. കനു സന്യാലും കൂട്ടാളികളും രഹസ്യമാർഗങ്ങളിലൂടെ ചൈനയിലെത്തി മാവോ സേതുങ്ങിനെ സന്ദർശിച്ചു. അവരുടെ കൈകളിൽ എത്ര തോക്കുകൾ ഉണ്ടെന്ന് മാവോ ചോദിച്ചതിന് 21 തോക്കുകൾ എന്നായിരുന്നു മറുപടി. തങ്ങൾ വിപ്ലവം തുടങ്ങുമ്പോൾ 120 തോക്കുകളേ ഉണ്ടായിരുന്നുള്ളൂ എന്ന് മാവോ പ്രതികരിച്ചത് ഇന്ത്യൻ വിപ്ലവത്തിന്റെ ജയസാധ്യതക്കുള്ള അംഗീകാരമായിരുന്നു. ഇതിനെത്തുടർന്ന് 1968-ൽ തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചുകൊണ്ട് കേരളത്തിലെ നക്സലൈറ്റുകളും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. തലശ്ശേരിയിൽ ആക്രമണകാരികളെ കണ്ടു പേടിച്ചോടിയ കന്നുകാലികളുടെ കുളമ്പടിയൊച്ച പൊലീസ് ബൂട്ടുകളുടെ ശബ്ദമാണെന്നു തെറ്റിദ്ധരിച്ചത് നക്സലൈറ്റുകൾ തിരിഞ്ഞോടാൻ കാരണമായി. ആസൂത്രണത്തിൽ നിരന്തരം സംഭവിച്ച പിഴവുകൾ ബിജുരാജ് പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ആദ്യഘട്ട നക്സൽ പ്രവർത്തനങ്ങളുടെ ഭാഗമായ അക്രമവും ഉന്മൂലനങ്ങളും വിശദമായിത്തന്നെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. സംസ്ഥാനത്തെ അക്കാലത്ത് ഇളക്കിമറിച്ച രാജൻ സംഭവം ഒരു അദ്ധ്യായമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. സായുധസമരം, ജനകീയ സൈന്യത്തെ വളർത്തി പട്ടണങ്ങളെ വളയുകയും പിടിച്ചെടുക്കുകയും ചെയ്യുക, തൊഴിലാളിവർഗ്ഗ സർവാധിപത്യം, അങ്ങനെ സോഷ്യലിസം സ്ഥാപിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ദേശീയ നേതൃത്വവുമായി ഭിന്നതകൾ ഉടലെടുത്തു. ചാരു മജൂംദാർ ഭൂവുടമകൾക്കെതിരെ കർഷകരെ അണിനിരത്തിയപ്പോൾ കേരളത്തിലെ ആദ്യകാലനേതാവായ കുന്നിക്കൽ നാരായണൻ ഭരണകൂടത്തിനെതിരെ നീങ്ങാനാണ് ശ്രമിച്ചത്. പെറ്റി ബൂർഷ്വാ വിപ്ലവം എന്ന പരിഹാസം കുന്നിക്കലിനെതിരെ ഉയർന്നുവെങ്കിലും പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങുന്നതിൽ അദ്ദേഹം വളരെ മുന്നോട്ടുപോയി. എന്നാൽ നക്സലൈറ്റുകളിൽ എല്ലാവരും നേതാക്കളായതിനാലും ആരും ആരുടെമുന്നിലും താഴാൻ തയ്യാറാകാതിരുന്നതിനാലും പാർട്ടിയിലെ ചിലർ ബദൽ ഗ്രൂപ്പുകൾ രൂപീകരിച്ചു. ജന്മിമാർക്കെതിരായ മജൂംദാർ ലൈൻ ആദ്യമായി നടപ്പിലായത് തൃശ്ശിലേരി വാസുദേവ അഡിഗയുടെ കൊലയോടെയാണ്. വയനാട്ടിലെ പ്രമുഖ നക്സൽ നേതാവായിരുന്ന വർഗ്ഗീസ് ആദ്യാവസാനം ആസൂത്രണം നടത്തിയ ഈ വധത്തിൽ ബന്ധനസ്ഥനാക്കിയ അഡിഗയുടെ നെഞ്ചിലേക്ക് നിറയൊഴിക്കാൻ നിർദ്ദേശം നൽകിയതും അദ്ദേഹം തന്നെയായിരുന്നുവെന്ന് ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. പിന്നീട് പോലീസ് വർഗ്ഗീസിനെ കണ്ടുപിടിക്കുന്നതും ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ അദ്ദേഹത്തെ വധിക്കുന്നതും കണ്ണുനനയിക്കുംവിധം ദൈന്യതയോടെ വിവരിക്കുന്നുണ്ട്! നക്സലുകൾക്കിടയിലെ ചക്കളത്തിപ്പോര് നിയന്ത്രണാതീതമാംവിധം വ്യാപിച്ചുകഴിഞ്ഞിരുന്നുവെന്നാണ് അവരുടെ ഔദ്യോഗിക പത്രം 'ലിബറേഷൻ' വർഗ്ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നുവെന്ന് അച്ചടിച്ചതുവഴി വെളിവായത്. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ കേരളത്തെ കോരിത്തരിപ്പിച്ചു എന്നൊക്കെയുള്ള പ്രചരണാത്മകമായ വാദങ്ങൾ ബിജുരാജ് ഉന്നയിക്കുന്നുണ്ട്. അതിലൊന്നാണ് തിരുനെല്ലിയിൽ വെടിയൊച്ച മുഴങ്ങി അധികം വൈകാതെ വയനാട്ടിൽ ജന്മിത്വവും അടിമവേലയും അവസാനിച്ചു എന്ന അവകാശവാദം. അടിമവേല മുൻപേതന്നെ നിയമവിരുദ്ധമായിരുന്നു. അത് പുറത്തറിഞ്ഞതോടെ ജന്മികൾക്ക് അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു എന്നതല്ലേ സാമാന്യബുദ്ധിക്ക് നിരക്കുന്ന യാഥാർത്ഥ്യം?

നിരവധി സംഘടനകളായി പിണങ്ങിനിന്നിരുന്ന നക്സലുകൾ കേന്ദ്രനേതൃത്വത്തിൽ മതിപ്പുളവാക്കുന്നതിനും കൊലപാതകങ്ങൾ സംഘടിപ്പിച്ചു. കോങ്ങാട് നാരായണൻകുട്ടി നായരെ കൊന്നുകൊണ്ട് മുണ്ടൂർ രാവുണ്ണിയും, ഇരുട്ടുകാനം ജോസഫിനെ വധിച്ച് വെള്ളത്തൂവൽ സ്റ്റീഫനും, താവം കൃഷ്ണൻ നമ്പ്യാരെ ഇല്ലാതാക്കി അമ്പാടി ശങ്കരൻകുട്ടി മേനോനും തങ്ങളുടെ ശക്തി തെളിയിച്ചു! മരണഭയമില്ലാത്ത അണികളെ നയിച്ച വെള്ളത്തൂവൽ സ്റ്റീഫൻ പക്ഷേ കയ്യിൽ തോക്കുണ്ടായിരുന്നിട്ടും പോലീസിനുമുന്നിൽ എതിരിടാൻ ശ്രമിക്കാതെ വാലുംചുരുട്ടി കീഴടങ്ങിക്കൊടുത്തു. ബൂർഷ്വാ കോടതികൾക്കെതിരെ അലമുറയിട്ടിരുന്ന നക്സലുകൾ ജയിലിൽ എത്തിയപ്പോൾ പ്രത്യേക അവകാശങ്ങൾക്കുവേണ്ടി ഗാന്ധിയൻ നിരാഹാരസമരത്തിലേർപ്പെട്ടു. CPI-യുടെ രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് 1969-ൽ മന്ത്രിസഭ തലശ്ശേരി - പുൽപ്പള്ളി പ്രതികൾക്കുവേണ്ടി ജയിൽനിയമം ഭേദഗതി ചെയ്ത് രാഷ്ട്രീയത്തടവുകാരാക്കി. 1971 വരെ നക്സലുകൾ 39 ആക്രമണങ്ങൾ നടത്തി പത്തുപേരെ കൊലപ്പെടുത്തിയ കൂട്ടത്തിൽ തങ്ങളുടെ ആറു പ്രവർത്തകരേയും നഷ്ടപ്പെടുത്തി. നക്സലുകളുടെ അടിമമനോഭാവത്തോളമെത്തുന്ന പ്രത്യയശാസ്ത്രദാസ്യം വ്യക്തമാക്കുന്നതാണ് അവരിലൊരാളായ മധുമാഷ് എഴുതി, ജനകീയ സാംസ്കാരികവേദിയിലൂടെ അവതരിപ്പിക്കപ്പെട്ട 'പടയണി' എന്ന നാടകത്തിനോടുള്ള പാർട്ടിയുടെ നിലപാട്. ഇതിലെ നായകൻ വർഗ്ഗപരമായി പെറ്റിബൂർഷ്വാ ആയതിനാൽ അതിനുപകരം തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധിയെ ചിത്രീകരിക്കണമെന്ന് പാർട്ടി നാടകകൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു. ഇക്കൂട്ടരാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വായിട്ടലക്കുന്നത് നാം ഇടയ്ക്കിടെ കാണാറുള്ളത്!

1967 മുതൽ 1971 വരെ നീളുന്ന ആദ്യഘട്ടവും 1977-92 ലെ രണ്ടാം ഘട്ടവും സാമാന്യം നന്നായി ബിജുരാജ് കൈകാര്യം ചെയ്തുവെങ്കിലും അതിനുശേഷമുള്ള മൂന്നാം ഘട്ടമായപ്പോഴേക്കും ദിശാബോധം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ജ്യോമട്രിക് പ്രോഗ്രഷനിൽ വർദ്ധിച്ചുവന്ന സംഘടനകളുടെ എണ്ണമാകാം ഒരു കാരണം. ചില അടിസ്ഥാനവ്യത്യാസങ്ങളും നമുക്കു കാണാനാകും. 1981-ഓടെ സവർണ്ണ-ഇടത്തരം കുടുംബങ്ങളിലെ കലാലയ വിദ്യാഭ്യാസം നേടിയ യുവാക്കൾ നേതൃത്വം ഏറ്റെടുത്തു. കെ. വേണു, കെ. എൻ. രാമചന്ദ്രൻ എന്നിവരാണ് ഇക്കൂട്ടത്തിലെ പ്രമുഖർ. 1980 കളുടെ അന്ത്യത്തോടെ സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ആഞ്ഞടിച്ച കമ്യൂണിസ്റ്റ് വിരുദ്ധ കൊടുങ്കാറ്റ് അവിടത്തെ പാർട്ടികളേയും നേതാക്കളേയും കടപുഴക്കി. സാധാരണജനങ്ങൾക്കുമേൽ ഏകാധിപത്യത്തിന്റെ നുകം കയറ്റിയ കമ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ റഷ്യൻ ജനത നക്സലുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കെ. വേണു രചിച്ച 'കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം' എന്ന പുസ്തകം തങ്ങളുടെ രാഷ്ട്രീയസിദ്ധാന്തം അറുപിന്തിരിപ്പനാണെന്നു തുറന്നുസമ്മതിച്ചു, തുടർന്ന് വേണു 1992-ൽ രാജിവെച്ച് പാർട്ടിയുമായി അകന്നു. ആശയപരമായ അടിത്തറ നഷ്ടപ്പെട്ട സംഘടന പിന്നീട് പ്രാദേശിക ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത് സാമൂഹ്യപ്രസക്തി നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലായി. ദളിത് - ആദിവാസി പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, സ്ത്രീപീഡനങ്ങൾക്കെതിരെ - തമ്മനത്തെ ഗുണ്ടാസംഘത്തിനെതിരെ - എന്തിന്, അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്കെതിരെ പോലും സമരം നടത്തി മാധ്യമശ്രദ്ധ നേടിയെടുക്കാൻ ദയനീയ ശ്രമങ്ങൾ നടത്തി. ഈ ഘട്ടത്തിൽ പൊലീസിനെ ആക്രമിക്കുന്നത് ബോധപൂർവം ഒഴിവാക്കി. പൊലീസുകാരെ നോവിച്ചാൽ തിരിച്ചുകിട്ടുമെന്നുറപ്പായ കടുത്ത മർദ്ദനം നക്സലുകളെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചതുകൊണ്ടായിരിക്കണം ഈ ചുവടുമാറ്റം. പോരാട്ടം, അയ്യങ്കാളിപ്പട, ആദിവാസി സമരസംഘം എന്നിങ്ങനെ നിരവധി സംഘടനകൾ കൊള്ളിമീനുകളെപ്പോലെ കേരളരാഷ്ട്രീയനഭസ്സിൽ മിന്നിമറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും അറസ്റ്റോടെ സമാപിക്കുന്ന പുസ്തകം ചരിത്രം അവസാനിക്കുന്നില്ല എന്ന മുന്നറിയിപ്പും പുറപ്പെടുവിക്കുന്നു.

കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ആദ്യ അദ്ധ്യായങ്ങൾക്കുശേഷം പുസ്തകം ഒരു ലഘുലേഖയുടെ നിലവാരത്തിലേക്കു താഴുന്നു. പ്രതിപ്പട്ടികകളും, പാർട്ടി കമ്മറ്റികളിലെ ഭാരവാഹികളുടെ മുഴുവൻ പേരുകളും അതേപടി പകർത്തിവെച്ചിരിക്കുന്നത് വായനയ്ക്കു തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം ഒരു ചലച്ചിത്രത്തിന്റെ ടൈറ്റിൽ സീനുകളെ ഓർമപ്പെടുത്തുന്നു. ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലും മാവോയുടെ തിരുവചനങ്ങൾ ചേർത്തിരിക്കുന്നത് ആശയപരമായ അടിമത്തം ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ്. ഗ്രന്ഥകാരൻ പാർട്ടിയുടെ പ്രവർത്തനങ്ങൾ രോമാഞ്ചദായകമായ വിധത്തിൽ വിവരിക്കുന്നത് അണികളെ ഉത്തേജിപ്പിക്കാനായിരിക്കണം! ഇരുളിന്റെ മറവിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നതുപോലും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണെന്ന മട്ടിലാണ് തട്ടിവിടുന്നത്. കേരളരാഷ്ട്രീയവുമായി നേരിട്ടു ബന്ധമില്ലാത്ത വായനക്കാർ കരുത്തുറ്റ ഏതോ പാർട്ടിയുടെ നടത്തിപ്പിനെക്കുറിച്ചാണ് പുസ്തകം പരാമർശിക്കുന്നതെന്നു തെറ്റിദ്ധരിച്ചുപോകത്തക്ക വിധത്തിൽ ഉടനീളം അതിശയോക്തി നിറഞ്ഞിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Naxal Dinangal - Keralathile Naxalite Maoist Prasthanathinte Samagra Charithram by R K Bijuraj
ISBN: 9788126464623

No comments:

Post a Comment