Tuesday, May 16, 2017

ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ

നാം ജീവിക്കുന്ന ലോകം ശാസ്ത്രത്തിൽനിന്നുൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളാൽ നിറഞ്ഞതാണ്. നേരം വെളുത്ത് അസ്തമിക്കുന്നതുവരെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളും സേവനങ്ങളുമെല്ലാം നിരവധി വർഷങ്ങളിലെ പഠന, ഗവേഷണങ്ങളുടെ ഫലമായി ഉരുവം കൊണ്ടവയാണ്. ഇങ്ങനെയാണെങ്കിലും ശാസ്ത്രബോധവും അന്വേഷണത്വരയും ജനങ്ങളിൽ കുറഞ്ഞുവരുന്നതായിട്ടാണോ കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രവിജ്ഞാനം സമ്പാദിച്ചവർ പോലും ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി എന്നിവയുടെ പുറകേ പോകുന്നത് ഇതിന്റെ പ്രത്യക്ഷലക്ഷണമാണ്. ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒന്നല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഈ പുസ്തകം. നൂറ്റാണ്ടുകളിലൂടെ വികസിതമാക്കപ്പെട്ട ശാസ്ത്രബോധത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങളും ഇതിൽ പരിശോധിക്കുന്നു. ശ്രീ. സി. പി. നാരായണൻ ഗണിതത്തിലും സാംഖ്യികത്തിലും ബിരുദാനന്തരബിരുദം നേടിയതിനുശേഷം കോളേജ് അദ്ധ്യാപകനായും ഭാഷാ ഇൻസ്റ്റിട്യൂട്ടിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. 'ചിന്ത' വാരികയുടെ പത്രാധിപരും സി. പി. എം സംസ്ഥാനക്കമ്മിറ്റി അംഗവുമായ അദ്ദേഹം മുൻ രാജ്യസഭാ എം. പി യുമാണ്.

ശാസ്ത്രത്തെ കമ്യൂണിസത്തിന്റെ പൊളിഞ്ഞ തൊഴുത്തിൽ കെട്ടാനാണ് ഗ്രന്ഥത്തിലുടനീളം പരിശ്രമിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ശാസ്ത്രം വെന്നിക്കൊടി പാറിച്ചിരുന്നുവെന്നാണ് വാദമെങ്കിലും ഇത് തീർത്തും തെറ്റാണെന്ന് നമുക്കിന്നറിയാം. 2005-ൽ എഴുതപ്പെട്ടതെങ്കിലും കമ്യൂണിസത്തിന്റെ തകർച്ച ശാസ്ത്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് വിശകലനം ചെയ്യപ്പെടുന്നില്ല. അന്ധവും അതുകൊണ്ടുതന്നെ പരിഹാസ്യവുമായ അമേരിക്കൻ വിരോധം പുസ്തകത്തിന്റെ പരാമർശവിഷയത്തിന്റെ ചുറ്റുവട്ടങ്ങളെ ഭേദിച്ചുകൊണ്ട് പുറത്തേക്കു തികട്ടുന്നു. "ബുഷും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും അവരുടെ നയങ്ങളും ജനങ്ങളിൽനിന്ന് അത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു" (പേജ് 65) എന്ന ജല്പനത്തിന് ഇത്തരമൊരു പുസ്തകത്തിൽ എന്താണ് പ്രസക്തി? മാത്രവുമല്ല, "ഇന്ത്യ അമേരിക്കയുടെ തണലിൽ ഒരു പോക്കിരിരാഷ്ട്രമായി മാറിയ ഇസ്രായേലിന്റെ ചങ്ങാതിയാകുന്ന സ്ഥിതിയിലേക്കെത്തിച്ചത് NDA ഭരണമായിരുന്നു" (പേജ് 92) എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. ശാസ്ത്രബോധത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ മാർക്സിസ്റ്റ് ശിങ്കിടികളുടെ നീചമായ രാഷ്ട്രീയവിസർജ്യം പേറുന്ന ഒരു പുസ്തകം പുറത്തിറക്കിയത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താഴ്ചയുടെ നെല്ലിപ്പടിയാണ്. ഭീമൻ മണ്ടത്തരങ്ങളും നാരായണൻ തട്ടിവിടുന്നുണ്ട്. "ഇസ്രായേലിനെ കരുവാക്കി മദ്ധ്യേഷ്യയിലെ എണ്ണ മുഴുവനും തങ്ങളുടെ പിടിയിലാക്കുക എന്ന നയം അമേരിക്ക സ്വീകരിച്ചു"വെന്ന് അദ്ദേഹം ആണയിടുമ്പോൾ സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്ളാമികരാജ്യങ്ങളോട് സമ്പൂർണവിധേയത്വവും അദ്ദേഹം പുലർത്തുന്നു.

ശാസ്ത്രം നിത്യേനയെന്നോണം കണ്ടെത്തുന്ന പ്രതിഭാസങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പേ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടതാണെന്നു വാദിക്കുന്നവരെ പുസ്തകത്തിൽ തൊലിയുരിക്കുന്നുണ്ട്. സംഘപരിവാർ ശക്തികളെ കടന്നാക്രമിക്കുന്നതിൽ ഗ്രന്ഥകാരൻ യാതൊരു ലുബ്‌ധും കാണിക്കുന്നില്ല. എന്നാൽ അതിനുപകരമായി കമ്യൂണിസം എന്ന മതത്തിന്റെ 'പുണ്യ'ഗ്രന്ഥങ്ങളേയും പ്രവാചകരേയും ആശയസംഹിതകളെയുമാണ്‌ നാരായണൻ പ്രതിഷ്ഠിക്കുന്നത്. വൻകര ചലനസിദ്ധാന്തം ഏംഗൽസ് ഒരു നൂറ്റാണ്ടു മുന്നേ സൂചിപ്പിച്ചിരുന്നുവത്രേ. ആപേക്ഷികസിദ്ധാന്തം, ദ്രവ്യത്തിന്റെ സത്ത എന്നീ ഗഹനമായ ആശയങ്ങളെല്ലാം ആ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഉൾക്കണ്ണുകൊണ്ട് മുൻകൂട്ടി കണ്ടുവത്രേ! വൈരുദ്ധ്യാത്മകമായി ആരും ഭൗതികശാസ്ത്രത്തെ സമീപിച്ചില്ല എന്ന് വിലപിക്കുന്നതോടൊപ്പം ക്രമഭംഗസിദ്ധാന്തം (chaos theory) വൈരുദ്ധ്യാത്മക വീക്ഷണദശയിലേക്ക് തപ്പിത്തടഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ തെരുവുരാഷ്ട്രീയത്തിന്റെ ദുർഗന്ധം പേറുന്ന ഈ കൃതിയിൽ ഏംഗൽസിനെ 27 തവണയാണ് പരാമർശിച്ചിരിക്കുന്നത്. മാർക്സ് (10 തവണ), ബഹുരാഷ്ട്രകുത്തക (15 തവണ), സാമ്രാജ്യത്വ ശക്തികൾ (53 തവണ) എന്നിങ്ങനെ പോകുന്നു സ്ഥിരം വായ്‌ത്താരികളുടെ എണ്ണം. ഇന്ത്യയിൽ സാമൂഹ്യനീതി വരാതിരിക്കാൻ സാമ്രാജ്യത്വ, ബഹുരാഷ്ട്രകുത്തകകൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നു വായിക്കുമ്പോൾ ചിത്തഭ്രമത്തിനുള്ള മരുന്ന് ഗ്രന്ഥകാരൻ കഴിക്കാൻ മറന്നുപോയതാണോ എന്നുപോലും നാം ചിന്തിച്ചുപോകും.

വാഗ്ദാനങ്ങളേക്കാളേറെ വാഗ്ദാനലംഘനങ്ങളാണ് ഈ പുസ്തകം നമുക്കു പ്രദാനം ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള ചില ഗ്രന്ഥങ്ങളുടെ ക്ലിഷ്ടമായ തർജ്ജമയാണ് മിക്കഭാഗങ്ങളിലും. പുതിയ ആശയങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നതോ പോകട്ടെ, എന്താണ് ശാസ്ത്രം, അതിന്റെ രീതിശാസ്ത്രമെന്ത് എന്നുപോലും വ്യക്തമാക്കാതെ ഗ്രന്ഥകർത്താവ് ലെനിന്റെ മൊഴിമുത്തുകളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വങ്കത്തരങ്ങളും തേടിപ്പോവുകയാണ്. ലേഖകൻ ആശ്രയിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് നൽകാനുള്ള സാമാന്യമര്യാദ പോലും കാണുന്നില്ല. വൈരുദ്ധ്യാത്മകമായി ശാസ്ത്രത്തെ സമീപിച്ച സ്റ്റാലിന്റെ സിൽബന്തിയായിരുന്ന ലൈസൻകോവിന്റെ ജീവശാസ്ത്രപരമായ അബദ്ധങ്ങൾ ശാസ്ത്രത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ തിരുകിക്കയറ്റിയാൽ എന്തുസംഭവിക്കുമെന്നതിന്റെ പരിഹാസ്യമായ ഉദാഹരണമാണെങ്കിലും നാരായണൻ അത് സൗകര്യപൂർവം വിഴുങ്ങിക്കളയുന്നു. കടുത്ത ആംഗലപദങ്ങൾ മലയാളത്തിലേക്കു മാറ്റുമ്പോൾ അതിന്റെ തൽസ്വരൂപം നൽകാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. 'ആശയവാദം' എന്നാൽ എന്താണ്? ശാസ്ത്രവസ്തുതകളെ ലളിതമായി വിവരിക്കുന്ന ഡോക്കിൻസ്, ഗ്രിബിൻ, സേഗൻ, ഹിച്ചൻസ് എന്നിവരുടെ രചനകൾ ഗ്രന്ഥകാരൻ ഒന്നു മനസ്സിരുത്തി വായിക്കുന്നതും നന്നായിരിക്കും.

തീരെ നിലവാരം പുലർത്താത്ത ഈ പുസ്തകം ശുപാർശ ചെയ്യാനാവില്ല.

Book Review of 'Shasthrabodham Noottandukaliloode' by C P Narayanan
ISBN: 9789383330140

No comments:

Post a Comment