Thursday, May 11, 2017

ആരോടും പരിഭവമില്ലാതെ

സിവിൽ സർവീസിൽ മലയാളികളുടെ പ്രാതിനിദ്ധ്യം വളരെ കുറവായിരുന്ന ഒരു കാലഘട്ടമായിരുന്നു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ചില ദശകങ്ങൾ. നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ കേന്ദ്രസർവീസിലെടുക്കുന്നതിനുള്ള ചില നടപടിപരമായ തടസ്സങ്ങളായിരുന്നു ഇതിനുപിന്നിൽ. അത്തരമൊരു ഘട്ടത്തിൽ കാര്യശേഷി കൊണ്ടും ഉന്നതങ്ങളിലെ പിടിപാടുകൊണ്ടും മുൻനിരയിലായിരുന്ന എം. കെ. കെ നായർ സിവിൽ സർവീസിൽ കേരളത്തിന്റെ പ്രാതിനിദ്ധ്യം സ്തുത്യർഹമാംവിധം സഫലമാക്കി. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഏതാനും വർഷം സേവനമനുഷ്ഠിച്ചതിനുശേഷം ഭിലായ് ഉരുക്കുശാലയിലും എഫ്. ഏ. സി. ടി യിലും ഉന്നത മാനേജ്‌മന്റ് തസ്തികകൾ അദ്ദേഹം വഹിച്ചു. എഫ്. ഏ. സി. ടി യിലെ സേവനത്തിനിടയിൽ കമ്പനിക്ക് ഒരു നിസ്സാര തുക നഷ്ടം വരുത്തി എന്ന കാരണത്താൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു. പതിനൊന്നുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും അർഹതപ്പെട്ട സ്ഥാനങ്ങളിലൊന്നും എത്തിച്ചേരാൻ ആ കറ അനുവദിച്ചില്ല. കാബിനറ്റ് സെക്രട്ടറിയായേക്കുമായിരുന്ന എം. കെ. കെ നായർ കേസും കോടതിയുമായി നിരങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് അടുത്തൂൺ പറ്റിപ്പിരിഞ്ഞത്. ഏതാണ്ട് നാല്പതുവർഷങ്ങളോളം പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

വെറും അനുഭവക്കുറിപ്പുകളിൽ ഈ കഠിനാദ്ധ്വാനിയായ മനുഷ്യന്റെ ജീവിതാനുഭവങ്ങൾ തളച്ചിടുവാൻ സാധിക്കുന്നതല്ല. ആ കാലഘട്ടത്തിന്റെ ചരിത്രവും, രാജ്യം ഭരിച്ചിരുന്ന നേതാക്കളുടെ വ്യക്തിപരവും അല്ലാതെയുമുള്ള ശക്തിദൗർബല്യങ്ങളും, സർക്കാർ ഭരണസംവിധാനത്തിലെ നെല്ലും പതിരുമെല്ലാം ഈ പുസ്തകത്തിൽ കാണാം. സുദീർഘമായ പരിഹാരനിർദേശങ്ങൾ വായനക്കാരെ ബുദ്ധിമുട്ടിക്കുമെങ്കിലും നിരവധി സംഭവങ്ങൾ ഉദ്വേഗജനകമായി വിവരിച്ചിരിക്കുന്നത് വളരെ താല്പര്യപൂർവം വായിക്കാവുന്നതാണ്.

ഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയായിരുന്ന നെഹ്രു വിശ്വപൗരനായിരുന്നു, പണ്ഡിതനായിരുന്നു, രാജ്യതന്ത്രജ്ഞനായിരുന്നു എന്നൊക്കെയാണ് ഔദ്യോഗിക പ്രചാരണമെങ്കിലും അദ്ദേഹത്തിന്റെ വീഴ്ചകൾ പല ഓർമ്മക്കുറിപ്പുകളിലും ആത്മകഥകളിലുമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാണ്ഡിത്യം നമുക്കു വിടാമെങ്കിലും കാശ്മീർ പ്രശ്നം ഇത്രയും വഷളാക്കി അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ നെഹ്രുവിന്റെ പങ്ക് വിദേശകാര്യമന്ത്രിയായിരുന്ന നട് വർ സിംഗിന്റെ 'One Life is not Enough' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയതീരുമാനങ്ങളെടുക്കുമ്പോൾ പ്രായോഗികബുദ്ധിയേക്കാൾ സ്വന്തം പൊങ്ങച്ചത്തിനാണ് നെഹ്രു മുഖ്യപരിഗണന നൽകിയിരുന്നത്. ഹൈദരാബാദ് പിടിച്ചെടുക്കുന്നതിനുള്ള പട്ടാളനടപടി വെച്ചുതാമസിപ്പിച്ചത് ലോകരാജ്യങ്ങൾ തന്നെക്കുറിച്ച് എന്തുവിചാരിക്കുമെന്നുള്ള നെഹ്രുവിന്റെ ബേജാറായിരുന്നു എന്ന് എം. കെ. കെ രേഖപ്പെടുത്തുന്നു. രാഷ്ട്രത്തേക്കാൾ വലിയ നേതാവാണ് താൻ എന്ന അത്തരം തോന്നലുകളാണ് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ബാദ്ധ്യതയായിത്തീർന്ന അടിയന്തിരാവസ്ഥയിലേക്കെത്തിച്ചത്. സർദാർ പട്ടേലിനോടുള്ള നെഹ്രുവിന്റെ മത്സരം മര്യാദയുടെ സീമകൾ ലംഘിക്കുന്നതും നാം ഈ പുസ്തകത്തിൽ കാണുന്നു. ശയ്യാവലംബിയായിരുന്ന പട്ടേൽ അന്തരിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന കാഡിലാക് കാർ തൊട്ടടുത്തദിവസം തന്നെ മന്ത്രാലയത്തിൽ തിരിച്ചേൽപ്പിക്കണമെന്ന് നെഹ്രു ഉത്തരവിട്ടു.

ഭിലായ് ഉരുക്കുനിർമ്മാണശാലയുടെ നിർമ്മാണം, എഫ്. ഏ. സി. ടി യുടെ വികസനപ്രവർത്തനങ്ങൾ നടത്തിയത് എന്നിവയാണ് ഗ്രന്ഥകർത്താവിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങൾ. നെഹ്രു, പട്ടേൽ, വി. പി. മേനോൻ എന്നിങ്ങനെ ഉന്നതഭരണാധികാരികളുമായുള്ള അടുത്ത സുഹൃത്ബന്ധം എം, കെ, കെയുടെ പ്രവർത്തനങ്ങൾക്ക് വളരെ സഹായകമായിട്ടുണ്ട്. ബ്യൂറോക്രാറ്റ് എന്ന നിലയിൽ തിളങ്ങുമ്പോഴും കഥകളി, നാടകം, കവിത എന്നീ കലകളോടുള്ള അഭിരുചി പലപ്പോഴും പ്രകടമാകുന്നുണ്ട്. നിരവധി അദ്ധ്യായങ്ങൾ കഥകളിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. കലാമണ്ഡലത്തിന്റെ ചെയർമാൻ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചു. ഉദാരവൽക്കരണം തുടങ്ങുന്നതിനുമുൻപെഴുതിയ പുസ്തകം എന്ന നിലയിലുള്ള ഒരു പോരായ്മ ചൂണ്ടിക്കാണിക്കാനുണ്ട്. ഭാരതത്തിന്റെ വ്യവസായവികസനത്തിന് പൊതുമേഖല മാത്രമാണ് പ്രധാനപങ്ക്‌ വഹിക്കേണ്ടത് എന്ന ചിന്താഗതി അതിന്റെ സൂചകമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Arodum Paribhavamillathe' by M K K Nair

No comments:

Post a Comment