Thursday, August 24, 2017

ബുദ്ധമതം ഇന്ത്യയിൽ

ജാതിവ്യവസ്ഥയിലും വൈദിക-യാഗാദികർമ്മങ്ങളിലും ഭാരതീയജനത തളച്ചിടപ്പെട്ടിരുന്ന ഒരു ദശാസന്ധിയിൽ അതിനെ നവീകരിക്കാനും പുതിയൊരു പാത കാട്ടിക്കൊടുക്കാനുമായി ജന്മമെടുത്തതാണ് ബുദ്ധ-ജൈന ധർമങ്ങൾ. ബ്രാഹ്മണമേധാവിത്വത്തിന്റെ നുകം പേറിത്തളർന്ന അക്കാലത്തെ ഗൃഹസ്ഥനും സന്യാസിക്കും ഒരുപോലെ സ്വീകാര്യമായ ഒരു ധാർമികവ്യവസ്ഥയാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഏതാണ്ട് 1500 വർഷത്തെ പുഷ്‍കലകാലത്തിനുശേഷം ബുദ്ധമതം ഇന്ത്യയിൽ അസ്തമിച്ചു. ആ മതത്തിന്റെ ജനനം, വളർച്ച, തളർച്ച എന്നിവ പ്രതിപാദിക്കാനുള്ള ഒരുദ്യമമാണ് ഈ പുസ്തകം.

ഗ്രന്ഥകർത്താവായ ശ്രീ. കെ. രാജഗോപാലൻ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയതിനുശേഷം 39 വർഷം വിവിധ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചു വിരമിച്ച ഒരു വ്യക്തിയാണ്. ചരിത്രപരമായ യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലെന്നു വ്യക്തം. മറ്റു മേഖലകളിൽ ജോലി നോക്കുന്നവർ കുറെ ചരിത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം സ്വന്തമായി ഒരു കൈ നോക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിലെ ചതിക്കുഴികൾ മറ്റൊരു പോസ്റ്റിൽ വിവരിച്ചിട്ടുള്ളതിനാൽ ഇവിടെ അതിനു മുതിരുന്നില്ല. ഈ പുസ്തകത്തിൽ അതിന്റെ എല്ലാ ദൂഷ്യഫലങ്ങളും കാണുന്നുമുണ്ട്. ജവഹർലാൽ നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തലാണ്' ഇക്കൂട്ടരുടെ ആധികാരിക ചരിത്ര ഗ്രന്ഥം. നെഹ്രു വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമാണ് - അദ്ദേഹത്തിന്റെ അക്കാദമിക മേഖല നിയമവും. രാഷ്ട്രീയനേതാവ് എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പരാജയമായിരുന്നു എന്നു തെളിയിക്കുന്ന പല രേഖകളും പുറത്തുവന്നുകൊണ്ടിരിക്കേ ഗൗരവമായ ചരിത്രരചനക്കാധാരമായി നെഹ്രുവിന്റെ പുസ്തകങ്ങളെ സ്വീകരിക്കുന്ന അമേച്വർ ചരിത്രകാരന്മാരുടെ വങ്കത്തരം സ്പഷ്ടമാണല്ലോ.

രാജഗോപാലൻ ഒരു ദാർശനികനും തത്വചിന്തയിൽ അതീവ തല്പരനുമാണെന്ന് വ്യക്തമാണ്. 'ബുദ്ധമതം പിറന്നുവീഴുകയും പുഷ്കലമാവുകയും ചെയ്ത ഭാരതീയപശ്ചാത്തലം വസ്തുനിഷ്ഠമായി വിലയിരുത്താനെന്ന' മട്ടിൽ വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ, ന്യായശാസ്ത്രങ്ങൾ എന്നിവയൊക്കെ പിൻപറ്റി അതിദീർഘവും വിഷയത്തോട് ബാന്ധവം പുലർത്താത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൃതിയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ഇത്തരത്തിലുള്ള അപ്രസക്തമായ വിവരങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. ആര്യാധിനിവേശത്തെ നിന്ദ്യമായ കടന്നാക്രമണമായി വ്യാഖ്യാനിക്കുന്ന ലേഖകന് പിൽക്കാല ഹിന്ദുമതത്തിൽ തീർത്തും ദേശീയമായ ദേവതകൾ കടന്നുവന്നതിന്റെ ഉള്ളുകള്ളികൾ കണ്ടെത്താനാവുന്നില്ല. ദുർഗ്ഗ, വിന്ധ്യാവനപ്രദേശത്ത് ഗോത്രവർഗക്കാരാൽ ആരാധിക്കപ്പെട്ടിരുന്ന കന്യാദേവതയാണെന്ന് സമ്മതിക്കുന്ന ഗ്രന്ഥകാരൻ ആര്യേതരമായ ഇത്തരം ദേവതകൾ എങ്ങനെ ഹിന്ദുമതത്തിലെത്തി എന്നു വിശദീകരിക്കാൻ അശക്തനാണ്. അനാര്യരെ അടിമകളാക്കി മുന്നോട്ടുനീങ്ങിയെന്നു പറയപ്പെടുന്ന ആര്യന്മാർ അവരുടെ ദൈവങ്ങളെ എന്തിനു സ്വീകരിക്കണം? ശിവ, വിഷ്ണു, വാസുദേവകൃഷ്ണ ആരാധനയുടെ കാര്യത്തിലും ഈ യോജിക്കായ്ക പ്രകടമാണ്.

പുസ്തകരചയിതാവിന്റെ ഊഹാപോഹങ്ങൾ കൊണ്ടുള്ള ഒരു 'അയ്യരുകളി'യാണ് ഗ്രന്ഥത്തിലുടനീളം. ഭാരതീയദർശനങ്ങളിൽ പരാമർശിച്ചിട്ടുള്ള സപ്തദ്വീപുകളായ ജംബുദ്വീപം, പ്ലക്ഷദ്വീപം, പുഷ്കരദ്വീപം മുതലായവ ആഫ്രിക്ക, ഏഷ്യ എന്നിങ്ങനെയുള്ള ഭൂഖണ്ഡങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബുദ്ധമതം എന്തായിരുന്നു എന്നതിലുപരി എന്തായിരിക്കണം എന്നാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ബുദ്ധമതം നടപ്പിൽ വരുത്തിയ പദ്ധതികൾ എന്തൊക്കെയായിരുന്നു എന്നു പരിശോധിക്കുന്നതിനുപകരം ബുദ്ധന്റെ ഉപദേശങ്ങളുടെ കാലാതീതമായ മഹത്വം ഉദ്‌ഘോഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ബ്രാഹ്മണമേധാവിത്വത്തിനെതിരായ ബുദ്ധദർശനങ്ങൾ വിവരിക്കുമ്പോൾ അശോകന്റെ ശിലാശാസനങ്ങളിൽ ബ്രാഹ്മണരെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന കല്പനകൾ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നു. ഹിന്ദുമതത്തിലെ ത്രിമൂർത്തി സങ്കൽപം ബുദ്ധമതത്തിലുമുണ്ട് - വജ്രപാണി, മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിങ്ങനെ. ദക്ഷിണേന്ത്യയിലെ ബുദ്ധമതസ്വാധീനം സാമാന്യം ദീർഘമായിത്തന്നെ പരിഗണിക്കുന്നുണ്ട്. കണ്ണകിയെന്ന പത്തിനീദേവി ഒരു ദ്രാവിഡ സ്ത്രീദൈവമായിരുന്നു എന്നു സ്ഥാപിക്കുന്ന ഗ്രന്ഥകർത്താവ് ഹിന്ദുമതം പോലെ തന്നെ ബുദ്ധമതവും പുറമേനിന്ന് ദേവതമാരെ സ്വീകരിച്ചിരുന്നുവെന്ന് സമ്മതിക്കാൻ മടിക്കുന്നു.

തന്റെ ചിന്താധാരകളോട് യോജിക്കാത്ത ചരിത്രകാരന്മാരെ അകാരണമായി തേജോവധം ചെയ്യാൻ ഗ്രന്ഥകാരൻ യാതൊരു ലുബ്ധും കാണിക്കുന്നില്ല. ക്രി. വ. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മണർക്കുള്ള ഏതോ ചില സൗജന്യങ്ങൾ നിർത്തൽ ചെയ്തതുകൊണ്ടാണ് കളഭ്രരാജാവായ അച്യുതവിക്കന്തനെ ആധുനിക ചരിത്രകാരനായ കെ. ഏ. നീലകണ്‌ഠശാസ്ത്രി ഇകഴ്ത്തിക്കാണിക്കുന്നതെന്നാണ് രാജഗോപാലൻ വാദിക്കുന്നത് (പേജ് 180). ഭാരതത്തിലെതന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായ ശാസ്ത്രി ബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താൽ ബാലിശമായ ആരോപണങ്ങളുടെ പേരിൽ അദ്ദേഹത്തിനുമേൽ കുതിര കേറുന്ന ഇത്തരം ജാതിക്കോമരങ്ങളെ ജനമദ്ധ്യത്തിൽ തുറന്നുകാണിക്കേണ്ടതുണ്ട്. ചരിത്രപരമായ നിരവധി അബദ്ധങ്ങളും നമുക്കീ പുസ്തകത്തിൽ കാണാം. ഭൃഗുകച്ഛം, അഹിച്ഛത്രം എന്നീ രണ്ടു പട്ടണങ്ങളെ ലേഖകൻ ഒന്നായി തെറ്റിദ്ധരിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങൾ മെനയുന്നു.

ഗ്രന്ഥകാരന്റെ കാപട്യം പൂർണമായി പുറത്തുവരുന്നത് ബുദ്ധമതത്തിന്റെ ശൈഥില്യകാരണങ്ങൾ വിശദീകരിക്കുമ്പോഴാണ്. ബ്രാഹ്മണരുടെ എതിർപ്പ് തീർച്ചയായും അതിന്റെ കാരണങ്ങളിലൊന്നാണ്. എന്നാൽ അതിനാധാരമായി ചൂണ്ടിക്കാണിക്കാനുള്ളത് വെറും സാഹചര്യത്തെളിവുകൾ മാത്രവും. മുപ്പത്തിമൂന്നാം വയസ്സിൽ നിര്യാതനായ ശങ്കരാചാര്യരുടെ താത്വികമായ കടന്നാക്രമണമാണ് ബുദ്ധമതത്തെ മുച്ചൂടും നശിപ്പിച്ചത് എന്ന ഗ്രന്ഥകാരന്റെ വാദം പരിഹാസ്യമായ ഒന്നാണ്. ഏതാനും ബുദ്ധപ്രമാണിമാരെ സംവാദത്തിലൂടെ ആചാര്യർ തോൽപ്പിച്ചു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ ഇന്ത്യയൊട്ടാകെ പടർന്നുപന്തലിച്ച, സാമാന്യജനങ്ങളുടെ ഇഷ്ടമതമാണെന്ന് ലേഖകൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന, ബുദ്ധമതത്തെ ഇല്ലാതാക്കാൻ സാധിക്കുമോ? ഈ വിഷയത്തിൽ മുസ്ലിം ആക്രമണകാരികൾ വഹിച്ച വിനാശകരമായ പങ്ക് കാണാതിരിക്കാനായി ഗ്രന്ഥകാരൻ സ്വന്തം തല ബ്രാഹ്മണവിരോധത്തിന്റെ മണലിലേക്ക് പൂഴ്ത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല ലൈബ്രറികളിൽ ഒന്നായിരുന്നു നാളന്ദയിലേത് എന്നു പറഞ്ഞുവെക്കുന്ന (പേജ് 226) രാജഗോപാലൻ 1193-ൽ തുർക്കി ആക്രമണകാരിയായ ബഖ്‌തിയാർ ഖിൽജിയാണ് അത് എന്നെന്നേക്കുമായി നശിപ്പിച്ചത് എന്നു പറയുന്നില്ല. അവിടത്തെ പുസ്തകശാലയിൽ ഖിൽജി പടർത്തിയ അഗ്നി മാസങ്ങൾക്കുശേഷമാണ് അണഞ്ഞത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് - അത്ര വലുതായിരുന്നു അവിടത്തെ പുസ്തകശേഖരം!. 712-ൽ സിന്ധ് ആക്രമിച്ചുകീഴടക്കിയ അറബ് പടത്തലവനായ മുഹമ്മദ് ബിൻ കാസിം ബൗദ്ധരെയാണ് അവിടെ മതപരിവർത്തനം നടത്തിയത്. ചരിത്രകാരന്മാരുടെ ഇരട്ടത്താപ്പ് എത്ര ക്രൂരമാണ്! മലയാളപണ്ഡിതരുടെ രാഷ്ട്രീയദാസ്യവും തന്മൂലമുണ്ടാകുന്ന ബൗദ്ധികസത്യസന്ധതയില്ലായ്മയുമാണ് അതിനു കാരണമെന്ന് നിസ്സംശയം പറയാം.

രാഷ്ട്രീയ തലതൊട്ടപ്പന്മാരില്ലാതെ യാതൊരു അക്കാദമിക നിലവാരവും പുലർത്താത്ത ഇത്തരമൊരു കൃതി നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുക വയ്യ. അതിനാൽത്തന്നെ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Buddhamatham Indiayil' by K Rajagopalan
ISBN: 9788176902946

No comments:

Post a Comment