Tuesday, February 13, 2018

നെല്ല് പൗരാണികകേരളത്തിൽ

മലയാളികളുടെ പ്രധാന ഭക്ഷ്യവസ്തു അരിയായതിനാൽ നെല്ലിന്റെ ഉൽപ്പാദനവും നെൽകൃഷിയുടെ ചരിത്രവുമെല്ലാം നമുക്ക് താല്പര്യമുള്ള വിഷയങ്ങളാണ്. അതുകൊണ്ടുതന്നെയാണ് 'നെല്ല് പൗരാണികകേരളത്തിൽ' എന്ന ഈ കൃതിയുടെ തലക്കെട്ട് വായനക്കാരെ ആകർഷിക്കുന്നതും. എന്നാൽ നെൽകൃഷിയുടെ ഉത്ഭവം കേരളത്തിൽ എന്ന്, എങ്ങനെ, ആരിൽനിന്ന് ഉണ്ടായി എന്നറിയാനാഗ്രഹിക്കുന്നവരെ തീർത്തും നിരാശരാക്കുന്ന ഒരു പുസ്തകമാണിത്. കന്യാകുമാരിക്കടുത്ത നാഗർകോവിലിൽ ജനിച്ച ശങ്കരൻ നായർ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയതിനുശേഷം വിഖ്യാതമായ വിദ്യാഭ്യാസസംബന്ധിയായ കേന്ദ്രസ്ഥാപനങ്ങളിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്.

ലേഖകന്റെ സ്വദേശമായ കന്യാകുമാരി ഉൾക്കൊള്ളുന്ന നാഞ്ചിനാടാണ് നെല്ലിന്റെ ജന്മദേശം എന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം മാത്രമാണ് ഈ പുസ്തകത്തിൽ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന ഒരേയൊരു ഭാഗം. നെല്ല് ചൈനയിലാണ് ആദ്യമായി കൃഷിചെയ്യപ്പെട്ടത് എന്ന ശാസ്ത്രവാദം തീർത്തും തെറ്റാണെന്ന് ലേഖകൻ സമർത്ഥിക്കുന്നു. ഇതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമതായി മകം നക്ഷത്രം നെല്ലിന്റെ പിറന്നാൾ എന്ന രീതിയിൽ നാഞ്ചിനാട്ടിൽ ആഘോഷിക്കുന്നു. മറ്റൊന്ന്, ചൈനീസ് കൃഷിദേവതയായ ക്വിൻയിൻ പേരുകൊണ്ട് കന്യാകുമാരി എന്ന പദത്തിനോട് സാമ്യം വഹിക്കുന്നു. തീർന്നു! ഇതാണ് ഗ്രന്ഥകാരന്റെ കയ്യിലുള്ള നിർണായകമായ തെളിവ്! ശാസ്ത്രബോധവുമായി പുലബന്ധം പോലും പുലർത്താത്ത ഈ പുസ്തകം പടച്ചുവിടുന്നതിന് ശങ്കരൻ നായരുടെ കയ്യിലുള്ള ലോജിക് ഇതുമാത്രമാണ്.

വിവിധഭാഷകളിലെ വാക്കുകളുടെ ഉച്ചാരണത്തിലുള്ള സമാനത അവ ഒരൊറ്റ പദത്തിൽനിന്ന് രൂപമെടുത്തതാണെന്ന അബദ്ധജടിലമായ ധാരണയാണ് ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്നത്. മലയാളത്തിലെ 'ശിരസ്സ്' എന്ന പദത്തിൽനിന്നാണ് 'സിറിയസ്' നക്ഷത്രത്തിന് ആ പേരു ലഭിച്ചത്! വിർഗോ (കന്നി രാശി) ദുർഗ്ഗയാണ്; ശുചീന്ദ്രത്തിനടുത്ത് ആശ്രാമം എന്ന ചെറുഗ്രാമമുള്ളത് സപ്തർഷികളിലൊരാളായ അത്രി മഹർഷിയുടെ ആശ്രമമാണെന്നതിന് തെളിവാണ്; നക്ഷത്രങ്ങളുടെ രാജാവ് മകമാണെന്നും അത് ഭൂമിയിൽനിന്ന് കേവലം 98 പ്രകാശവർഷം മാത്രം അകലെയാണെന്നും മറ്റുമൊക്കെ തട്ടിവിടാൻ യാതൊരു ഉളുപ്പും ലേഖകൻ പ്രദർശിപ്പിക്കുന്നില്ല. ഒരേ ശബ്ദമുള്ള വാക്കുകൾ യോജിപ്പിക്കുന്നതിലെ വിഡ്ഢിത്തം ആമുഖകാരനായ ജി. ബാലമോഹൻ തമ്പിയും ചൂണ്ടിക്കാട്ടുന്നുണ്ട്. മലയാളത്തിലെ ചോറും ഹിന്ദിയിലെ ചോറും ഒന്നാണോ എന്നദ്ദേഹം പരിഹാസരൂപേണ ചോദിക്കുന്നു.

ഭീമാബദ്ധമെന്നോ ശുദ്ധവങ്കത്തമെന്നോ വിശേഷിപ്പിക്കാവുന്ന ചില കാര്യങ്ങളും ഗ്രന്ഥത്തിൽ കാണുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രാബല്യത്തിലിരുന്ന മരുമക്കത്തായസമ്പ്രദായം മാൻകൂട്ടങ്ങളിൽനിന്ന് കണ്ടുപഠിച്ചതാണെന്ന (പേജ് 151) വാദത്തിന് സ്ഥിരബുദ്ധിയുള്ളവർ എന്തു മറുപടി പറയും? വൈദ്യുതകാന്തികശക്തിയുടെ വൻനിക്ഷേപമുള്ള സിറിയസ് നക്ഷത്രത്തിൽനിന്നും നമ്മുടെ സൗരമണ്ഡലത്തിലേക്കൊരു 'മാന്ത്രികപ്രഭാവം' നിലനിൽക്കുന്നുണ്ടത്രേ! (പേജ് 180). നീലിനി എന്ന സംസ്‌കൃതശബ്ദത്തിൽനിന്നാണത്രേ ഈജിപ്തിലെ നൈൽ നദിക്ക് ആ പേരു ലഭിച്ചത്. ഇത് നൈൽ നദീതീരത്ത് ആദ്യസംസ്കാരം പടുത്തുയർത്തിയവരുടെ സംസ്കൃതസ്പർശം 'വെളിപ്പെടുത്തുന്നു' (പേജ് 173). ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. 'നീലോസ്' എന്ന ഗ്രീക്കുപദത്തിൽനിന്നാണ് നൈൽ ഉണ്ടായതെങ്കിലും പ്രാചീന ഈജിപ്ഷ്യർ - അവിടത്തെ ആദിമസംസ്കാരത്തിന്റെ യഥാർത്ഥ ശിൽപികൾ - അതിനെ വിളിച്ചിരുന്നത് ഇത്തേറു, ഹപ്പി എന്നൊക്കെയാണ്. ആ വാക്കുകളുടെ അർത്ഥമോ, വെറും 'നദി' എന്നു മാത്രവും.

ഈ കൃതിയിൽ എന്തെങ്കിലും മേന്മ അവകാശപ്പെടാനുള്ളത് എഴുമറ്റൂർ രാജരാജവർമ്മയുടെ അവതാരികയ്ക്കു മാത്രമാണ്. പിന്നെയുള്ളതിൽ സിംഹഭാഗവും ഏതോ ജ്യോതിശാസ്ത്ര പുസ്തകത്തിൽനിന്ന് പകർത്തിവെച്ചിരിക്കുന്ന ക്ലിഷ്ടമായ കുറെ ഭാഗങ്ങളും. ജ്യോതിഷവും ലേഖകന്റെ കണ്ണിൽ ശാസ്ത്രമാണ്. കേരള സാഹിത്യ അക്കാദമി ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നെടുത്ത് ഇതുപോലുള്ള നിലവാരമില്ലാത്ത പടപ്പുകൾ പ്രസാധനം ചെയ്യുന്നത് കേരളജനതയുടെ നേർക്കുള്ള കൊഞ്ഞനംകുത്തലാണ്. പലപ്രാവശ്യം പുസ്തകം വലിച്ചെറിഞ്ഞുകളയാനുള്ള ശക്തമായ പ്രേരണ ബലമായി അടക്കിനിർത്തി ഒരു ശിക്ഷയെന്ന നിലയിൽ അതുമുഴുവൻ വായിച്ചുതീർത്തത് മറ്റു വായനക്കാർക്ക് ഒരു മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി മാത്രമാണ്.

Book Review of 'Nellu Pouranika Keralathil' by Dr. V Sankaran Nair
ISBN: 9788176902977

No comments:

Post a Comment