വിമോചനസമരത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ ഈ ബ്ലോഗിൽത്തന്നെ പരിശോധിച്ചിട്ടുള്ളതാണ്. ശ്രീ. തോമസ് ഐസക്, ഏ. ജയശങ്കർ എന്നിവരുടെ കൃതികൾ അതിൽ പ്രഥമ പരിഗണന അർഹിക്കുന്നു. എങ്കിലും ഇന്ത്യൻ ജനായത്തവ്യവസ്ഥയുടെ മാറ്റ് ആദ്യമായി ഒന്നുരച്ചുനോക്കിയ സന്ദർഭം എന്ന നിലയിൽ ആ പ്രക്ഷോഭത്തിന്റെ എല്ലാ വശങ്ങളും ജനാധിപത്യവിശ്വാസികൾ വിലയിരുത്തേണ്ടതാണ്. ആറു പതിറ്റാണ്ടുകളുടെ ചാരം വകഞ്ഞുമാറ്റി എൻ. എം. പിയേഴ്‌സൺ ഒരു പുനർവിചാരണ നടത്തുകയാണീ പുസ്തകത്തിൽ ചെയ്യുന്നത്. ഗ്രന്ഥകാരന്റെ പേര് ആശയക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സ: എൻ. കെ. മാധവന്റെ മകനായ അദ്ദേഹം വടക്കൻ പറവൂരിലെ ലക്ഷ്മി കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. ഒന്നാം ഇ.എം.എസ് സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസമേഖലയിലെ നവീകരണം എന്നിവക്കെതിരെ നായർ ഭൂസ്വാമിമാരും വിദ്യാഭ്യാസക്കച്ചവടത്തിന് നേതൃത്വം നൽകുന്ന ക്രിസ്തീയസഭയും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഭൂതകാല അധികാരശക്തി പുരോഗമനജനാധിപത്യ ശക്തിയുമായി ഏറ്റുമുട്ടിയ രംഗവേദിയാണ് വിമോചനസമരം എന്നാണ് ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ വർഗ്ഗീയശക്തികൾ അവരുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി ഉറഞ്ഞുതുള്ളിയ പ്രക്ഷോഭമാണ് വിമോചനസമരം എന്നറിയപ്പെടുന്നത്. തിരു-കൊച്ചിയിൽ മാത്രം സമരം ഒതുങ്ങിനിന്നു. എന്തിനും തയാറായി ഗോദയിലിറക്കിയ 15 സമരഭടന്മാരാണ് പോലീസ് വെടിവെപ്പുകളിൽ ജീവൻ ഹോമിച്ചത്. അക്രമത്തിലൂടെ പൊതുസമാധാനം തടസപ്പെടുത്തി കേന്ദ്രസർക്കാരിനെ ഇടപെടീക്കുക എന്ന സമരനേതാക്കളുടെ പദ്ധതിക്ക് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിന്റെ പച്ചക്കൊടി കിട്ടിയപ്പോൾ കമ്യൂണിസ്റ്റ് സർക്കാർ തൂത്തെറിയപ്പെട്ടു.
വിമോചനസമരം കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും സൃഷ്ടിച്ച ശാശ്വതമായ വഴിപിരിയലുകൾ പിയേഴ്‌സൺ വ്യക്തമായി തിരിച്ചറിയുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒറ്റക്ക് ഭരണത്തിലിരുന്ന നാളുകൾ പിന്നീടൊരിക്കലും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് പോലുള്ള വർഗീയശക്തികളുമായിപ്പോലും കൂട്ടുചേരാൻ മടിയില്ലാത്ത ഒരു കമ്യൂണിസ്റ്റ് പാർട്ടിയെയാണ് പിന്നീട് നാം കണ്ടത്. അതിനാൽത്തന്നെ പിന്തിരിപ്പൻ ശക്തികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേർക്ക് അന്നുണ്ടായിരുന്ന ഭയം നിശേഷം നീങ്ങിപ്പോവുകയും കോൺഗ്രസ്സിനെപ്പോലെ ആവശ്യം വന്നാൽ തങ്ങളുടെ ചട്ടുകമാവാൻ തയ്യാറുള്ളവരാണ് അവരും എന്ന നില വരികയും ചെയ്തു. വിദ്യാഭ്യാസമേഖലയെ ഈ സമരം പിന്നോട്ടടിച്ചു. എഴുപതുകൾക്കുശേഷം സ്വാശ്രയസ്ഥാപനങ്ങൾ ഉയരുന്നതുവരെ വളർന്നുവന്ന സമാന്തരവിദ്യാഭ്യാസമേഖലയാണ് വ്യത്യസ്തമായ വിദ്യാഭ്യാസസംസ്കാരം കേരളത്തിൽ ഉത്പാദിപ്പിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. സാധാരണക്കാരുടെ ശാന്തിനികേതനങ്ങൾ എന്നാണവയെ വിശേഷിപ്പിക്കുന്നത്. അത്തരമൊരു സമാന്തരസ്ഥാപനത്തിലെ അദ്ധ്യാപകനാണ് ഗ്രന്ഥകർത്താവ് എന്ന വസ്തുത അൽപ്പം കൗതുകത്തോടെ നമുക്കോർമ്മിക്കാം.
നയങ്ങളിലും ഭരണത്തിലും മിതത്വം പുലർത്താനുള്ള ശ്രമം കമ്യൂണിസ്റ്റുകളുടെ ഭാഗത്തും ഉണ്ടായില്ല എന്ന് പുസ്തകം തെളിവുസഹിതം ഉദാഹരിക്കുന്നു. തർക്കങ്ങൾ പരിഹരിക്കാനായി പൊതുജനങ്ങളെ പാർട്ടി ഓഫീസിലേക്ക് കൽപ്പന നൽകി വരുത്തിയിരുന്നതിന്റെ രേഖകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യവസായസ്ഥാപനങ്ങളിൽ കമ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകളെ വളർത്താനുള്ള നിന്ദ്യമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നു. അതിനെ നേരിടാൻ മറ്റു യൂണിയനുകൾ ന്യായീകരിക്കാനാവാത്ത ഡിമാന്റുകൾ മുന്നോട്ടുവെച്ചു. ഇത് കേരളത്തിലെ തൊഴിൽരംഗത്തിന്റെ താളം തെറ്റിച്ചു. ഒത്തുതീർപ്പുകൾക്ക് ഇ.എം.എസ് തയ്യാറല്ലായിരുന്നുവെന്നതും എതിരാളികളെ അടിച്ചമർത്തുന്ന രീതിയും എരിതീയിൽ എണ്ണ പകർന്നു. അമേരിക്കൻ ചാരസംഘടന പോലും പ്രക്ഷോഭകാരികൾക്ക് സാമ്പത്തികസഹായം നൽകിയിരുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിൽ അന്താരാഷ്ട്രശ്രദ്ധ കേരളത്തിലേക്കാകർഷിക്കാൻ വിമോചനസമരം ഇടയാക്കി.
പൊതുവെ ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു സമീപനമാണ് പിയേഴ്‌സൺ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ വോട്ട് കൂടിയത് ജനപിന്തുണയായാണ് അദ്ദേഹം വിലയിരുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവർ തോറ്റമ്പുകയും ചെയ്തു. മുൻ മുഖ്യമന്ത്രി നായനാർ പണ്ടൊരിക്കൽ യു.ഡി.എഫിന്റെ ജയം സാങ്കേതികം മാത്രമാണെന്ന് വിലയിരുത്തിയതാണ് ഇവിടെ ഓർമ്മവരുന്നത്. പുസ്തകത്തിന്റെ ആദ്യ നാലിലൊന്നോളം ഭാഗം ഗ്രന്ഥകർത്താവിന്റെ സ്വതന്ത്രചിന്തകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏതോ ചലച്ചിത്രത്തിൽ മഞ്ജു വാര്യർ കീടനാശിനി തളിച്ച പച്ചക്കറികൾക്കെതിരെ പോരാടുന്നതുകണ്ട് പിയേഴ്‌സൺ രോമാഞ്ചകഞ്ചുകിതനാവുന്ന പരിഹാസ്യമായ കാഴ്ചയും നമുക്കിതിൽ കാണാം. എങ്കിലും വിമോചനസമരത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹം വസ്തുനിഷ്ഠമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ആദ്യ കമ്യൂണിസ്റ്റ് ഭരണകൂടം അഴിമതിയുടെ കാര്യത്തിൽ ആർക്കും പിന്നിലായിരുന്നില്ലെന്ന് തെളിയിച്ച ആന്ധ്ര അരി കുംഭകോണത്തെക്കുറിച്ച് എന്തുകൊണ്ടോ ലേഖകൻ പരാമർശിക്കുന്നതേയില്ല.
'പൂണൂലും കൊന്തയും' എന്ന ഈ പുസ്തകത്തിന്റെ ശീർഷകം വയലാർ രാമവർമ്മയുടെ 'കൊന്തയും പൂണൂലും' എന്ന കവിതയുടെ ആത്മാവിൽനിന്നുള്ള ഊർജത്താൽ ഉയിർക്കൊണ്ടതാണ്. പുതുയുഗത്തിന്റെ ചേതനയെ തടഞ്ഞുനിർത്തുന്ന യാഥാസ്ഥിതികത്വത്തിന്റെ മുന്നണിപ്പോരാളികളായ പുരോഹിതവർഗ്ഗത്തെയാണ് ആ കാവ്യത്തിൽ വയലാർ ചുരുട്ടിക്കെട്ടുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ വിമോചനസമരവും അത്തരം എതിരാളികൾ തമ്മിലാണ് പൊരുതിയൊടുങ്ങിയത്. സമരവിജയം നേടിയ പിന്തിരിപ്പന്മാരുടെ വിജയാഹ്ലാദം കാണുമ്പോൾ ഗ്രന്ഥകാരന്റെ മനസ്സിൽ വയലാറിന്റെ ഈ വരികൾ രോഷത്തോടെ ജ്വലിച്ചുയരുന്നുണ്ടാകാം.
"വഴിവക്കിൽവീണ മതത്തിന്റെ കയ്യിലെ
വഴുകയും താരുമെടുത്തുകൊണ്ടേ,
മനുജസംസ്കാരത്തെക്കുറ്റിയിൽ കെട്ടുവാൻ
വരികയുണ്ടായീ പുരോഹിതന്മാർ!
അവരുടെ പിന്നിലിരുട്ടിന്റെ കോട്ടകൾ,
അരമനക്കെട്ടുകൾ പൊന്തിവന്നു
മരവിച്ചുചത്ത യുഗങ്ങൾ തൻ പ്രേതങ്ങൾ
മരണനൃത്തങ്ങൾ നടത്തിവന്നു
അവയുടെ ചുറ്റിലും ദൈവചൈതന്യങ്ങൾ
അവതരിപ്പിച്ച പുരോഹിതന്മാർ,
വളരുന്ന കാലത്തിൻ നിർമാണശക്തിതൻ
മുളകളെ നുള്ളുകയായിരുന്നു" (കൊന്തയും പൂണൂലും)
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Poonoolum Konthayum' by N M Pearson
ISBN 9789386560933