Friday, December 25, 2015

വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ

വിമോചനസമരം എന്നും കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാണ്. 1957-ൽ ഐക്യകേരളം രൂപം കൊണ്ടതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. അക്രമമാർഗങ്ങളിലൂടെ മാത്രം ഭരണം പിടിച്ചുകൊണ്ടിരുന്ന ലോക കമ്മ്യൂണിസത്തിന് കേരളം വലിയൊരു പ്രചോദനമായിരുന്നു. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്ത് അമേരിക്കയ്ക്കും കൂട്ടർക്കും ഈ വിജയം ഒരു വലിയ ഞെട്ടലാണ് സമ്മാനിച്ചത്. എന്നാൽ ഭരണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വൻതോതിലുള്ള എതിർപ്പ് സർക്കാരിനെതിരെ ഉയർന്നുവന്നു. ക്രിസ്തീയസഭകൾ നായർ സമുദായവുമായി കൂട്ടുചേർന്ന് ഭരണത്തിനെതിരെ ജനവികാരം ഉണർത്തുവാൻ തുടങ്ങി. ക്രമേണ മറ്റു സമുദായങ്ങളുടെ പിന്തുണയും ഇവർക്കു ലഭിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള ചില ദുർബലശ്രമങ്ങളും വിദ്യാഭ്യാസപരിഷ്കാരങ്ങളും മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്ന് പുരോഗമനപരമായ നടപടികൾ എന്ന രീതിയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്ഥാപിതതാല്പര്യങ്ങൾക്ക് അതുപോലും സഹിക്കുവാൻ സാധിച്ചില്ല. 1959 ജൂണിൽ സമരം അക്രമാസക്തവും ജനകീയവുമായ രൂപം കൈക്കൊണ്ടു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്തുവാൻ ഇ.എം.എസ് ശ്രമിച്ചു. സമരക്കാരെ നിർദയം വെടിവെച്ചു വീഴ്ത്തുകയും ലാത്തിച്ചാർജുകൾ നിത്യസംഭവമാവുകയും ചെയ്തു. ഏതാണ്ട് ഇരുപതോളം പ്രക്ഷോഭകർ വെടിവെപ്പുകളിൽ രക്തസാക്ഷികളായതോടെ ഇ.എം.എസ്സിന്റെ കാല്ക്കീഴിലെ മണ്ണ് പൂർണമായും ഒലിച്ചുപോയി. ഭരണയന്ത്രം നിശ്ചലമായതോടെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു, മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഈ ഇതിഹാസസമാനമായ സമരത്തിന്റെ ചരിത്രവും പശ്ചാത്തലവും അതിന്റെ വികാസത്തിന് സഹായകമായതായി അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ പിന്തുണയുടേയും കഥയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായ ശ്രീ.  ടി.എം. തോമസ്‌ ഐസക് ഈ ഗ്രന്ഥത്തിലൂടെ പ്രതിപാദിക്കുന്നത്.

1959 ജൂണിൽ സമരം വ്യാപകമായി പടർന്നുപിടിക്കുന്നതുമുതൽ ജൂലൈ 31ന് സർക്കാർ പിരിച്ചുവിടപ്പെടുന്നതുവരെയുള്ള സംഭവങ്ങളുടെ നാൾവഴി ഈ പുസ്തകം നല്കുന്നുണ്ട്. ഒരു ഡയറി പോലെ വായിച്ചു പോകാവുന്ന ഈ ഭാഗം വിവിധ പത്രങ്ങളുടെ ആർക്കൈവ്സുകളിൽ നിന്നാണ് അദ്ദേഹം ശേഖരിച്ചിരിക്കുന്നത്. വേണ്ടുവോളം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. വിമോചനസമരത്തിന്റെ അഭൂതപൂർവമായ ജനപിന്തുണ കമ്യൂണിസ്റ്റുകാരെ ഒരേസമയം ആശ്ചര്യഭരിതരാക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. പുന്നപ്ര-വയലാർ, തെലങ്കാന, കയ്യൂർ മുതലായ ജനപങ്കാളിത്തം തെല്ലുമില്ലാതെ തുടക്കത്തിലേ പൊളിഞ്ഞുപാളീസായ അക്രമസമരങ്ങൾ കൊട്ടിപ്പാടി നടന്നിരുന്ന പാർട്ടിക്ക് വിമോചനസമരം ദഹിക്കാതെ പോയതിൽ ഒട്ടും അത്ഭുതമില്ല. സ്ത്രീകളും വിദ്യാർഥികളും വൻതോതിൽ അണിനിരന്നു നേടിയ ആത്യന്തികവിജയം ജനകീയ പ്രക്ഷോഭങ്ങൾക്ക് പുതിയൊരു മാനം നല്കി. ഈ സമരം കമ്യൂണിസ്റ്റുകാർക്കെതിരെ എന്നതിനു പകരം അവരുടെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നതെങ്കിൽ ചൈനയിലേയും ക്യൂബയിലേയും ഉത്തര കൊറിയയിലേയും കുട്ടികൾക്കു പോലും ഇന്നും അതിന്റെ ചരിത്രം ഉരുവിട്ടു പഠിക്കേണ്ടി വരുമായിരുന്നു എന്നതാണ് വസ്തുത.

വിമോചനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പഠനങ്ങളും ലേഖനങ്ങളും വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും ആ സമരത്തിന്റെ വികാസത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു പറയപ്പെടുന്ന അമേരിക്കൻ പിന്തുണയുടെ വിശദാംശങ്ങൾ വായനക്കാരുടെ മുന്നിൽ ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഈ വിവരങ്ങൾ അദ്ദേഹത്തിനു ലഭിച്ചത് അമേരിക്കൻ സർവകലാശാലാ ലൈബ്രറികളിൽ നിന്നും, അവിടത്തെ വിവരാവകാശനിയമം വഴി ശേഖരിച്ച രേഖകളിൽ നിന്നുമാണ്. ഗ്വാട്ടിമാല, ബ്രിട്ടീഷ്‌ ഗയാന തുടങ്ങിയ പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേയും ഇടതുപക്ഷ സർക്കാരുകളെ സി.ഐ.എ അട്ടിമറിച്ചതു ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളത്തിലും അതു നടന്നു എന്നതാണ് ഗ്രന്ഥകാരന്റെ വാദം. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയനീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റിനെ അസ്വസ്ഥനാക്കിയെന്നാണ് തോമസ്‌ ഐസക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിൽ മുൻ അമേരിക്കൻ അംബാസിഡറുടെ അഭിമുഖ സംഭാഷണവും ചില പുസ്തകങ്ങളിലെ വരികളുമൊക്കെയാണ് തട്ടിമാറ്റാനാവാത്ത തെളിവ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത്. സി.ഐ.എ കേരളത്തിൽ ഇടപെട്ടതു സംബന്ധിച്ച രേഖകൾ നിയമപരമായ കാലാവധി കഴിഞ്ഞിട്ടും പരസ്യപ്പെടുത്താത്തത് അവ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുന്നതു കൊണ്ടാണെന്നാണ് ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്. ഇല്ലാത്ത രേഖകൾ എങ്ങനെ പുറത്തുവിടുവാൻ സാധിക്കും എന്നത് വായനക്കാർക്ക് ന്യായമായും ഉണ്ടായേക്കാവുന്ന സംശയമാണ്.

സി.ഐ.എ യുടെ പണം പറ്റി ജനഹിതത്തെ തങ്ങൾക്കു വശപ്പെടുത്തുകയാണ് വിമോചനസമരക്കാർ ചെയ്തത് എന്ന വാദം അംഗീകരിച്ചാൽ പൊതുജനം കഴുതയാണെന്നും അംഗീകരിക്കേണ്ടിവരും. വിദേശപണം ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ തന്നെ കേരളത്തിലെ ജനാഭിപ്രായം അത്രയെളുപ്പത്തിൽ തിരിച്ചുവിടാൻ പറ്റുന്ന ഒന്നാണോ? അടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി തറപറ്റി എന്നുകൂടി ഓർമിക്കണം. വോട്ട് ശതമാനം കൂടി എന്നു സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കുറെ കണക്കുകളുമായി ലേഖകൻ സുദീർഘമായ ഒരു ഞാണിൻമേൽകളി നടത്തുന്നുണ്ട്. തങ്ങളുടെ കഴിവുകേട് ദഹിക്കാനും അംഗീകരിക്കാനും കഴിയാതെ വന്നപ്പോൾ ജനങ്ങളുടെ നേരെ നടത്തിയ ഒരു കൊഞ്ഞനംകുത്തലായി മാത്രം ഈ ആരോപണത്തെ കാണുന്നതായിരിക്കും ഉചിതം. മാത്രവുമല്ല, സി.ഐ.എ യുടെ ബദലായി റഷ്യൻ ചാരസംഘടനയായ കെ.ജി.ബി. അരങ്ങുവാണിരുന്ന കാലമായിരുന്നു അത്. ഏതാണ് കൂടുതൽ ഫലപ്രദമായ സംഘടന എന്ന കാര്യത്തിൽ ആർക്കും സംശയം തോന്നിപ്പിക്കുന്ന നടപടികൾ കെ.ജി.ബിയും സി.ഐ.എയും പരസ്പരം മത്സരിച്ചു നടത്തിയിരുന്നു. അപ്പോൾ സി.ഐ.എ വിമോചനസമരക്കാർക്ക് പണം കൊടുത്തിരുന്നുവെങ്കിൽ കെ.ജി.ബി കമ്യൂണിസ്റ്റുകാർക്കും പണം നല്കുമായിരുന്നില്ലേ? കേരളമണ്ണിൽ കുരുത്ത കമ്യൂണിസ്റ്റ് നാമ്പ് മുളയിലേ നുള്ളിക്കളയാൻ അമേരിക്ക കോപ്പുകൂട്ടുമ്പോൾ സോവിയറ്റ്‌ യൂണിയൻ അത് കയ്യും കെട്ടി നോക്കിയിരിക്കുമായിരുന്നോ?

കണക്കുകൾ ഉദ്ധരിക്കുന്നതിൽ സർവത്ര അബദ്ധം പുസ്തകത്തിൽ ഉടനീളം കാണാനുണ്ട്. പാർട്ടി ജയിച്ച ദേവികുളം ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 84 ആയി ഉയർന്നു എന്നവകാശപ്പെടുന്നതിനോടൊപ്പം വെച്ചിരിക്കുന്ന വോട്ട് കണക്കു നോക്കിയാൽ 71 ശതമാനമേയുള്ളൂ (പേജ് 68). സമരവോളന്റിയർമാരുടെ എണ്ണം പേജ് 167-ൽ കൊടുത്തിരിക്കുന്നതും കൂട്ടി നോക്കിയാൽ തെറ്റാണെന്നു കാണാം. ഇത്തരം തെറ്റുകൾ ബോധപൂർവമല്ല എന്നുതന്നെ നമുക്കു വിശ്വസിക്കാം. കമ്യൂണിസ്റ്റ് ആചാര്യൻമാരുടെ പുസ്തകങ്ങൾ വേദവാക്യമാണെന്ന തോന്നലിൽ നിന്നുണ്ടാകുന്നതാണ് "അക്കാലത്ത് പരിസ്ഥിതി അവബോധം ഏംഗൽസിന്റെ പേജുകൾക്കപ്പുറം വളർന്നിരുന്നില്ല" (പേജ് vii) എന്ന മട്ടിലുള്ള ഫലിതങ്ങൾ.

മാർക്സിസ്റ്റ്‌ പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഈ പുസ്തകത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടുകളും വാദങ്ങളും മാത്രമേ ഉണ്ടാകൂ എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. എങ്കിലും പുസ്തകത്തിന്റെ മുഖചിത്രമായി കൊടുത്തിരിക്കുന്നത് ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ മരണമടഞ്ഞ ഗർഭിണിയായിരുന്ന ഫ്ലോറി പെരേരയുടെ മൃതശരീരത്തിനരികെ അലമുറയിടുന്ന ഭർത്താവും കുടുംബവും എന്ന വിമോചനസമരക്കാലത്തെ വിഖ്യാതമായ പോസ്റ്ററാണ്. സർക്കാരിനെതിരെ എമ്പാടും ജനരോഷം ഇളക്കിവിടുവാൻ ഈ ചിത്രത്തിനു സാധിച്ചു. ആ പടത്തിന്റെ ശക്തിയാണ് പുസ്തകത്തിന്റെ മുഖചിത്രമാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് തോമസ്‌ ഐസക് പറയുമ്പോൾ രാഷ്ട്രീയത്തിന്റെ തിരത്തള്ളലിലും കൈമോശം വരാത്ത സ്വത്വബോധത്തിന്റെയും കലാസ്വാദനത്തിന്റേയും ആത്മാർഥമായ മാതൃക നമുക്കദ്ദേഹത്തിൽ ദർശിക്കാം.

വിമോചനസമരത്തിനു നേരെയുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടറിയണമെന്നുള്ളവർക്കായി ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Vimochana Samarathinte Kaanappurangal' by T M Thomas Isaac
ISBN: 9788126200627

No comments:

Post a Comment