Tuesday, October 23, 2018

എട്ടാമത്തെ മോതിരം

പ്രചാരത്തിൽ ഭാരതത്തിൽ ആറാം സ്ഥാനത്തും ഹിന്ദി ഒഴികെയുള്ള നാട്ടുഭാഷാ പത്രങ്ങളിൽ ഒന്നാമതായും സ്ഥിതി ചെയ്യുന്ന പത്രമാണ് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാള മനോരമ. തീരെ പരിമിതമായ ചുറ്റുപാടുകളിൽനിന്ന് കഠിനാദ്ധ്വാനം മൂലം ഉയർന്നുവന്നിട്ടുള്ള ഈ പത്രം ഇടയ്ക്കൊരിക്കൽ ഭരണാധികാരികളുടെ അപ്രീതിക്കു പാത്രമായതിനാൽ ഒൻപതുവർഷത്തോളം പൂട്ടിയിടേണ്ടതായും വന്നിട്ടുണ്ട്. 1888-ൽ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള തിരി കൊളുത്തിയ ഈ സ്ഥാപനത്തെ പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ കെ. സി. മാമ്മൻ മാപ്പിളയും കുടുംബവുമാണ് ഉന്നതിയിലെത്തിച്ചത്. മാമ്മൻ മാപ്പിളയുടെ മകനായ ശ്രീ. കെ. എം. മാത്യുവിന്റെ ഭരണകാലത്താണ് മനോരമ അതിന്റെ പ്രശസ്തിയുടേയും സമ്പത്തിന്റേയും അത്യുന്നതപടവുകളിൽ എത്തിയത്. ഏകദേശം എട്ടു പതിറ്റാണ്ടുകളിലായി നീളുന്ന തന്റെ വിശാലമായ അനുഭവസമ്പത്ത് ഒളിമങ്ങാത്ത ഓർമ്മകളിലൂടെ വായനക്കാരുമായി കെ. എം. മാത്യു പങ്കുവെക്കുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്.

മനോരമ കുടുംബത്തിന്റെ ഏറ്റവും തിക്തമായ സ്മരണ 1938-ൽ അവരുടെ നിയന്ത്രണത്തിലായിരുന്ന ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്ക് തകർന്നതും അതിന്റെ പ്രത്യാഘാതമായി മനോരമ കണ്ടുകെട്ടിയതും തുടർന്ന് മാമ്മൻ മാപ്പിള തടവിലായതുമാണ്. അതിനു കാരണക്കാരനായത് സമർത്ഥനെങ്കിലും ഏകാധിപത്യപ്രവണതയുണ്ടായിരുന്ന തിരുവിതാംകൂർ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരും. സി. പി.ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ നീളുന്നുണ്ട്, നിരവധി അദ്ധ്യായങ്ങൾ ഈ വിഷയത്തിനായി നീക്കിവെച്ചിട്ടുമുണ്ട്. ബാങ്കിനെ പൊളിക്കാനായി നിക്ഷേപകരെ കുത്തിയിളക്കി 'റൺ' ഉണ്ടാക്കിയത് സി.പി ആയിരുന്നുവെന്ന് മാത്യു ആരോപിക്കുന്നു. ബാങ്കിനെതിരെ ചെന്നൈയിൽ അദ്ദേഹം ഗുണ്ടകളേയും ഇറക്കിയെന്ന വാദം എത്രകണ്ട് ശരിയാണെന്നറിയില്ല. എന്നാൽ എന്തുകൊണ്ടാണ് ദിവാൻ മനോരമക്കെതിരെ തിരിഞ്ഞതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നമുക്കു ലഭിക്കുന്നുമില്ല. നിവർത്തന പ്രക്ഷോഭത്തിന് പത്രം നൽകിയ പിന്തുണയാണ് അതിനുകാരണമെന്ന ഗ്രന്ഥകാരന്റെ വാദം ഏതായാലും ശരിയല്ല. ആ പ്രക്ഷോഭത്തെ മനോരമയേക്കാൾ നെഞ്ചിലേറ്റിയ കേരളകൗമുദി കുഴപ്പമൊന്നും കൂടാതെ നിലനിന്നുവല്ലോ. മാത്രവുമല്ല, ഭരണകൂടത്തോട് മനോരമ എല്ലായ്പ്പോഴും ശത്രുത പുലർത്തിയിരുന്നുമില്ല. മനോരമയുടെ ബാങ്കിന്റെ ദേവികുളം ശാഖ ഉത്‌ഘാടനം ചെയ്തത് സി.പി.ക്കുമുമ്പ് ദിവാനായിരുന്ന വി. എസ്. സുബ്രമണ്യയ്യരായിരുന്നുവെന്നത് ഇതിനു തെളിവാണ്. പ്രിവി കൗൺസിൽ വരെ പോയ അപ്പീലുകൾ തള്ളിപ്പോയതും, ഗാന്ധിജി പോലും എതിരായതുമൊക്കെ സി.പി.യുടെ ചരടുവലി മൂലമാണെന്ന കുറ്റപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കുന്നതല്ല. അതിന്റെ പേരിൽ ദിവാനുനേർക്ക് വ്യക്തിപരമായ അധിക്ഷേപങ്ങളും പുസ്തകം നിരത്തുന്നു. സി.പി.യുടെ സുഹൃത്തുക്കളായ വ്യവസായികളെ തിരുവിതാംകൂറിൽ വ്യവസായം നടത്താൻ ക്ഷണിച്ചുകൊണ്ടുവന്നതിൽ അഴിമതിയും ക്ഷേത്രപ്രവേശനം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിൽ പതിപ്പിക്കാനുള്ള കള്ളലാക്കുമാണ് ലേഖകന്റെ പ്രധാന ആരോപണങ്ങൾ. എന്നാൽ മൂന്നുവർഷത്തെ തടവിനുശേഷം ശിക്ഷാകാലാവധി തീരുന്നതിനുമുമ്പേ മാമ്മൻ മാപ്പിളയെ സി.പി തന്നെ മോചിപ്പിച്ചതും തിരുവിതാംകൂർ വിടുന്നതിനുമുമ്പ് 1947 ഫെബ്രുവരിയിൽ പത്രത്തിന്റെ ലൈസൻസ് പുനഃസ്ഥാപിച്ചതും ഗ്രന്ഥകർത്താവിന്റെ വിചാരധാരയിലെ വിശദീകരിക്കപ്പെടാത്ത അദ്ധ്യായങ്ങളാണ്.

മാറുന്ന സാംസ്കാരികമൂല്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിറപ്പകിട്ടിൽ നമ്മുടെ തനതായ സംസ്കാരത്തിന്റെ ആധാരശിലയായ കുടുംബബന്ധങ്ങളുടെ മാറ്റുകുറയുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇതിനെ വെല്ലുവിളിക്കത്തക്കവിധം ഉദാത്തമായ മാതൃകയാണ് കെ. എം. മാത്യുവിന്റെ സുദൃഢമായ കുടുംബബന്ധങ്ങൾ. ശതകോടികളുടെ സ്വത്തുവകകൾ കൈകാര്യം ചെയ്യുമ്പോഴും പരസ്പരസ്നേഹവും സഹായമനസ്ഥിതിയും പ്രദർശിപ്പിക്കുന്ന സഹോദരങ്ങൾ അസൂയാർഹമാംവിധം നമ്മുടെ സമൂഹത്തിന് അനുകരണീയവ്യക്തിത്വങ്ങളാണ്. സ്നേഹവും വാത്സല്യവും ബഹുമാനവും സ്ഫുരിക്കുന്ന രീതിയിൽ മാത്രമേ ഗ്രന്ഥകാരൻ തന്നേക്കാളിളയ കുടുംബാംഗങ്ങളെപ്പോലും പരാമർശിക്കുന്നുള്ളൂ. അപ്പോഴൊക്കെ അദ്ദേഹം തനി കോട്ടയംകാരൻ മാത്തുക്കുട്ടിച്ചായനായി മാറുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ശീർഷകം പോലും സ്വന്തം പിതാവ് നൽകിയ സ്വർണ്ണമോതിരത്തിന്റെ സ്മരണയുണർത്തുന്നതാണ്. മക്കൾക്കെല്ലാം കൊടുത്തവകയിൽ ഒൻപതു മക്കളിൽ എട്ടാമനായ കെ. എം. മാത്യുവിന് ലഭിച്ച മോതിരമാണ് 'എട്ടാമത്തെ മോതിരം'. മനോരമയിലെ ജീവനക്കാരെക്കുറിച്ചും അദ്ദേഹം ഒരു മാതൃകാ ജോലിദാതാവിന്റെ മട്ടിൽത്തന്നെ വിവരിക്കുന്നുണ്ട്. പല ഭാഗങ്ങളിലും ദാരിദ്ര്യാഭിനയം നടത്തുന്നു എന്ന് വായനക്കാർ സംശയിക്കുന്ന പരാമർശങ്ങൾ നിരവധിയുണ്ട്. ബാങ്ക് തകർച്ച, മനോരമയുടെ പൂട്ടിപ്പോകൽ, മാമ്മൻ മാപ്പിളയുടെ ജയിൽവാസം എന്നിങ്ങനെ കുടുംബഭദ്രത തകർക്കുന്ന തിരിച്ചടികൾ ഏറ്റുവാങ്ങുമ്പോൾപ്പോലും ആയിരക്കണക്കിന് ഏക്കർ തോട്ടവും കൃഷിഭൂമികളും സ്വന്തമായുള്ള, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് ജനറൽ മാനേജരായിട്ടുള്ള എസ്റ്റേറ്റ് ഭരിക്കുന്ന, ഒരു കുടുംബത്തിന്റെ ദാരിദ്ര്യനാട്യങ്ങൾ സാധാരണക്കാരനായി അഭിനയിക്കാൻ ലേഖകൻ നടത്തുന്ന ശ്രമമായി മാത്രമേ കാണേണ്ടതുള്ളൂ. അദ്ദേഹത്തിന്റെ കസിൻ മാത്തുള്ളയെ കേന്ദ്രധനമന്ത്രിയാക്കാൻ നെഹ്‌റുവിന് താല്പര്യമുണ്ടായിരുന്നെങ്കിലും നടക്കാതെ പോയി എന്ന പരാമർശം സ്വതന്ത്ര സ്ഥിരീകരണം ആവശ്യപ്പെടുന്ന ഒന്നാണ്.

എട്ടു പതിറ്റാണ്ടുകളിലെ കേരളസമൂഹത്തിന്റേയും രാഷ്ട്രീയത്തിന്റേയും പരിച്ഛേദമായിരിക്കും ഈ കൃതി എന്ന ധാരണയിൽ ഇതു വായിക്കുന്നവർ നിരാശരാകുകയേയുള്ളൂ. വ്യക്തിപരമായ അംശത്തിനാണ് ഗ്രന്ഥകാരൻ കൂടുതൽ പ്രാധാന്യം നൽകുന്നത്, പിന്നെ മനോരമയുടെ വിജയഗാഥക്കും. പത്രപ്രസിദ്ധീകരണരംഗത്തെ വിവാദമായേക്കാവുന്ന അനുഭവകഥകൾ വിവരിക്കുന്നതിലും അദ്ദേഹം പിശുക്കു കാണിക്കുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. മനോരമ പല്ലും നഖവും ഉപയോഗിച്ച് പങ്കെടുത്ത 1957-ലെ വിമോചനസമരം കേവലം ഒരു പേജിൽ ഒതുക്കിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ രണ്ടുവർഷക്കാലം അബോധാവസ്ഥയിൽ തളച്ചിട്ട അടിയന്തരാവസ്ഥക്ക് നീക്കിവെച്ചിരിക്കുന്നത് രണ്ടുപേജ് മാത്രമാണ്. മനോരമ മുമ്പേതന്നെ കോൺഗ്രസ്സിന്റെ കാഹളമായി പ്രവർത്തിച്ചുവരികയായിരുന്നതിനാൽ അടിയന്തരാവസ്ഥക്കാലത്ത് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും നടപ്പിലാക്കേണ്ടി വന്നില്ല. എതിർത്താൽ പത്രം പൂട്ടിപ്പോവുകയും ജീവനക്കാർ പട്ടിണിയാവുകയും ചെയ്യുമായിരുന്നതുകൊണ്ടാണ് മനോരമ അതിനോട് സഹകരിച്ചത് എന്ന വാദം ബാലിശമായിപ്പോയി. അക്കാലത്ത് മലപ്പുറത്തെ വെട്ടുക്കിളിശല്യവും തിരുവനന്തപുരത്ത് ഈനാംപേച്ചിയെ പിടിച്ചതുമൊക്കെയായിരുന്നുവല്ലോ മനോരമയുടെ ഒന്നാം പേജ് വാർത്തകൾ!

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Ettamathe Mothiram' by K M Mathew
ISBN: 9788126418527

No comments:

Post a Comment