Friday, October 5, 2018

മധ്യദേശത്തെ ചരിത്രപഥങ്ങൾ

മധ്യപ്രദേശിലേക്കുള്ള സാമാന്യം ദീർഘമായ ഒരു വിനോദയാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. ഖജുരാഹോ ഒഴിച്ചാൽ അവിടത്തെ മിക്ക സ്ഥലങ്ങളും വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിൽനിന്ന് തീവണ്ടിമാർഗ്ഗം ഇൻഡോറിലെത്തി അവിടെനിന്ന് ഉജ്ജയിൻ, മാണ്ഡവം, ഭോപ്പാൽ, വിദിശ, സാഞ്ചി, ഖജുരാഹോ, ഓർച്ഛ, ഝാൻസി, ഗ്വാളിയർ എന്നീ സ്ഥലങ്ങളും ഗ്രന്ഥകർത്താവ് സന്ദർശിക്കുന്നു. കുടുംബസമേതമുള്ള ഈ യാത്രയിൽ താൻ എത്തിപ്പെടുന്ന പട്ടണങ്ങളുടെ ഹൃദയമിടിപ്പ് വായിച്ചെടുക്കാൻ ലേഖകൻ കാര്യമായി ശ്രമിക്കുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് അണ്ടർ സെക്രട്ടറിയായി വിരമിച്ച ശ്രീ. രാധാകൃഷ്ണൻ ചെറുവല്ലി ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ നേതാവ് കൂടിയാണ്. പുസ്തകത്തിന്റെ പ്രസാധകർ കൂടിയായ ചിന്ത പബ്ലിഷേഴ്സിന്റെ സബ് എഡിറ്ററുമാണ് അദ്ദേഹമിപ്പോൾ.

ഒരു പാക്കേജ് ടൂറിന്റെ അച്ചടിച്ച യാത്രാപരിപാടി പോലെ ശുഷ്കമാണ് പുസ്തകത്തിന്റെ കാതൽ. വിക്കിപീഡിയയിലും മറ്റു സൈറ്റുകളിലും ലഭ്യമായ ചരിത്രവസ്തുതകൾ വിവരിച്ചുകൊണ്ട് വൈരസ്യം അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ടൂർ ഗൈഡിന്റെ അബദ്ധജടിലമായ ചരിത്രവിവരണത്തോളം പോലും വായനക്കാരെ സ്പർശിക്കാൻ ചെറുവല്ലിക്ക് സാധിക്കുന്നില്ല. ഒരു സഞ്ചാരി തനിക്കുചുറ്റും ചുരുളഴിയുന്ന സംഭവങ്ങളെ നിരീക്ഷിക്കുകയാണ് വേണ്ടത്, എന്നാൽ ലേഖകൻ നടത്തുന്നത് വിധിപ്രസ്താവങ്ങളാണ്. എന്തിലും പരാതി മാത്രമായി നടക്കുന്നവർക്ക് ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല. 'എല്ലാറ്റിലും മീതെ ഞാൻ' എന്ന ഭാവം ഒരിടത്തും നമുക്ക് ഗുണം ചെയ്യില്ല - പ്രത്യേകിച്ചും സ്വന്തം വീടിനു പുറത്ത്.

ചിന്ത പബ്ലിഷേഴ്സിന്റെ പുസ്തകമാണിതെങ്കിലും യാത്രാവിവരണമായതിനാൽ അതിൽ രാഷ്ട്രീയം തിരുകിക്കയറ്റുമോ എന്നു സംശയിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നു പറയേണ്ടിവരും. മധ്യപ്രദേശിലെ റോഡുകൾ, തെരുവുകൾ, ജനങ്ങൾ, അവരുടെ സാമൂഹ്യബന്ധങ്ങൾ - എല്ലാറ്റിനെക്കുറിച്ചും ഗ്രന്ഥകാരന് പുച്ഛം മാത്രമേയുള്ളൂ. തീവണ്ടിയാത്രാമദ്ധ്യേ ഒരു അർജന്റീനക്കാരനെ കണ്ടെത്തിയതിനാൽ ചെ ഗുവേരയെക്കുറിച്ച് ഒരു ലഘുപ്രഭാഷണവും ഉൾക്കൊള്ളിച്ചിരിക്കുന്നു. യാത്രക്കിടെ ഒരിടത്ത് അമിതകൂലി ചോദിച്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറെ യാത്രക്കാരൻ മർദ്ദിക്കുന്നത് അദ്ദേഹം കാണുന്നുണ്ട്. തുടർന്ന് തൊഴിലാളിയെ തല്ലിയതിൽ ധാർമികരോഷം പതഞ്ഞുപൊങ്ങുകയും ചുവന്ന കൊടി പറക്കുന്ന ഒരിടത്ത് ഇതു നടക്കുമോ എന്നാശ്ചര്യം കൊള്ളുകയും ചെയ്യുന്നു. ശരിയാണ്, അത്തരം സ്ഥലങ്ങളിൽ തൊഴിലാളി ആവശ്യപ്പെടുന്നതുകൊടുത്ത് മിണ്ടാതിരുന്നില്ലെങ്കിൽ അവന്റെ കുടുംബം പോലും കുളംതോണ്ടുന്ന അവസ്ഥയാണല്ലോ. ഒന്നാം സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്നുകുത്തിയ ഗ്വാളിയറിലെ സിന്ധ്യ രാജാക്കന്മാർ ഇന്ന് കോൺഗ്രസിലും ബി.ജെ.പിയിലുമാണ് പ്രവർത്തിക്കുന്നതെന്നുകൂടി ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു. എങ്ങനെയുണ്ട് യാത്രാവിവരണം? അവിടങ്ങളിൽ ചെറുവല്ലിയുടെ പാർട്ടിയുടെ പൊടിപോലും കണ്ടുപിടിക്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർ അതിൽ പ്രവർത്തിക്കാത്തത് എന്നതല്ലേ പരമാർത്ഥം? കേരളത്തിലെ തമ്പുരാക്കളിൽ നല്ലൊരു പങ്ക് പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയതോടെ കോൺഗ്രസ്സിനെ കൈവിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയതോർക്കുക. എന്നാൽ ആരാണിത് ചോദിക്കുന്നതെന്നു ചിന്തിക്കുമ്പോഴാണ് തമാശ മുഴുവനായി അനുഭവപ്പെടുക. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പക്ഷത്തുനിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ വേട്ടയാടിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സഹയാത്രികനാണ് സിന്ധ്യകളെ തെറി വിളിക്കുന്നതെന്നോർമ്മിക്കുമ്പോൾ മന്തുകാലന്റെ ഉപമ വായനക്കാരുടെ മനസ്സിലെത്തും.

ഇതെല്ലാം പോട്ടെന്നു വെക്കാം. ചിന്ത പ്രസിദ്ധപ്പെടുത്തുന്ന ഒരു പുസ്തകത്തിൽ കമ്യൂണിസ്റ്റുകളെ സുഖിപ്പിക്കാൻ എന്തെങ്കിലുമൊക്കെ തട്ടിവിടുന്നത് ഗുരുതരമായ തെറ്റൊന്നുമല്ല. എന്നാൽ ചരിത്രത്തെ വളച്ചൊടിക്കാൻ നടത്തുന്ന ശ്രമം ഗ്രന്ഥകർത്താവിന് ഭൂഷണമല്ല. സംഘപരിവാർ സംഘടനകൾ മറാത്തകൾ, രജപുത്രർ എന്നിവരുടെ വീരകഥകൾ വാഴ്ത്തിപ്പാടുമ്പോൾ ഇടതു ചരിത്രകാരന്മാർ അഫ്‌ഗാനികൾ, ദില്ലി സുൽത്താന്മാർ, മുഗളർ എന്നിവരെയാണ് തലയിലേറ്റി കൊണ്ടുനടക്കുന്നത്. രണ്ടു ചിന്താഗതികളും ഒരുപോലെ അബദ്ധം നിറഞ്ഞതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ മാണ്ഡവം ഭരിച്ച ഗിയാസുദ്ദീൻ ഖിൽജി എന്ന കാമഭ്രാന്തനായ സുൽത്താൻ തന്റെ അന്തപുരത്തിൽ നാനാജാതി മതസ്ഥരായ 15000 സുന്ദരിമാരെ ശേഖരിച്ചു സൂക്ഷിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ ചെറുവല്ലി ഇതിനെ കാണുന്നത് നേരെ തിരിച്ചാണ്. "അസാധാരണമാംവിധം സ്ത്രീകളെ സ്നേഹിച്ച ആ രാജാവ് 15000 സ്ത്രീകളെ വിവിധ കൊട്ടാരങ്ങളിലായി പാർപ്പിച്ചു" എന്നാണദ്ദേഹത്തിന്റെ മതം (പേജ് 53). രാജാക്കന്മാർ വെപ്പാട്ടികളെ ശേഖരിക്കുന്നത് സ്നേഹം കൂടിപ്പോയതുകൊണ്ടാണെന്നുള്ള ആ ഒറ്റ അഭിപ്രായം മതി ഇത്തരം എഴുത്തുകാരുടെ ബൗദ്ധിക ദാസ്യവും ആശയപരമായ സത്യസന്ധതയില്ലായ്മയും വെളിപ്പെടാൻ! എന്നാൽ ഇത് അദ്ദേഹത്തിനും അറിയാത്ത വസ്തുതയൊന്നും ആയിരിക്കില്ല. പാർട്ടി മഹത്വവൽക്കരിക്കുന്ന സുൽത്താന്മാരെക്കുറിച്ച് എന്തെങ്കിലും എഴുതിപ്പിടിപ്പിച്ച് സ്വന്തം കരിയർ അപകടത്തിലാക്കാൻ ഗ്രന്ഥകാരൻ തുനിയുന്നില്ല എന്നു കരുതിയാൽ മതി.

പുറംചട്ടകൾക്കിടയിൽ വിരസത മാത്രം ഒളിപ്പിച്ച ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Madhyadeshathe Charithrapathangal' by Radhakrishnan Cheruvally
ISBN: 9789383155217

No comments:

Post a Comment