Saturday, May 25, 2019

ഹിന്ദുത്വവാദവും ഇസ്ലാമിസവും



ഇസ്ലാമിക തീവ്രവാദം ഏറ്റവും ഒടുവിലായി അതിന്റെ വിഷപ്പല്ലുകൾ നീട്ടിയത് കഴിഞ്ഞ മാസം ശ്രീലങ്കയിലാണ്. ക്രിസ്തീയ ദേവാലയങ്ങളിൽ ഈസ്റ്റർ ദിവസം പ്രാർത്ഥനാനിരതരായിരുന്ന നൂറുകണക്കിനാളുകളെയാണ്  സ്വയം പൊട്ടിത്തെറിച്ച ചാവേറുകൾ അന്ന് കൊന്നുതള്ളിയത്. സഹോദരഭാവേന വർത്തിക്കേണ്ട സമുദായങ്ങളിൽ ഒരെണ്ണം മാത്രം മറ്റുള്ളവരുടെ നേർക്ക് കുതിര കയറുന്നത് എന്തിന് എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം കണ്ടെത്തുന്നതിലാണ് ഭീകരതയുടെ തകർച്ചയുടെ ആണിക്കല്ല്. ഇതിലേക്കുള്ള ഒരു ചെറിയ പരിശ്രമമാണ് ഹമീദ് ചേന്നമംഗലൂരിന്റെ ഈ പുസ്തകം.

സമൂഹത്തിന്റെ മതപരമായതുമാത്രമല്ലാത്ത ഭൂമികകളിലും ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാൻ കോപ്പുകൂട്ടുന്ന ഇസ്ലാമിസവും, ഹിന്ദുരാഷ്ട്രം എന്ന സാങ്കൽപ്പിക ആശയത്തെ താലോലിക്കുന്ന ഹിന്ദുത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന ധാരണ സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടിയും കാവിനിറമാർന്ന ഭഗവദ്ധ്വജവും ഒന്നിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നതാണ് പുസ്തകത്തിന്റെ പുറംചട്ട. മാത്രവുമല്ല അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളിലും ജൂതരിലുമെല്ലാം മതമൗലികവാദികൾ ഉണ്ടെന്നും, ഹിന്ദുരാഷ്ട്രം, ജൂതരാഷ്ട്രം എന്നീ പരികല്പനകൾ പോലെയേ ഇസ്ലാമികരാഷ്ട്രം എന്ന ആശയവും നാം പരിഗണിക്കുവാൻ പാടുള്ളൂ എന്ന് അഭിപ്രായപ്പെടുക കൂടി ചെയ്യുന്നു. സത്യത്തിൽ ഈ ഉദ്യമം മതതീവ്രവാദത്തെ നിസ്സാരവൽക്കരിക്കുകയും അറിഞ്ഞോ അറിയാതെയോ അതിന് വളം വെച്ചുകൊടുക്കാനും മാത്രം ഉപകരിക്കുന്ന ഒന്നാണ്. വർഗീയത എല്ലാ മതങ്ങളിലും ഉണ്ടെങ്കിലും പൊതുസമൂഹത്തിന് വിനാശകരമായ വിധം അക്രമാസക്തമായ മതാന്ധത ഇസ്ലാമിൽ മാത്രമേയുള്ളൂ എന്ന നഗ്നസത്യം എന്നാണ് ഇക്കൂട്ടർ അംഗീകരിക്കാൻ പോകുന്നത്? ഇസ്രയേൽ ഒരു ജൂതരാഷ്ട്രമാണ്. എന്നാൽ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരും അവിടെ സമാധാനപരമായി ജീവിച്ചു പോകുന്നില്ലേ? ഹിന്ദുരാഷ്ട്രമായ നേപ്പാളിനെ നോക്കുക. അവിടെയും തത്തുല്യമായ ശാന്തിയും സമാധാനവും നിലനിൽക്കുന്നു. എന്നാൽ ഇസ്ലാമികരാഷ്ട്രം എന്ന പേരിൽ നിലവിൽ വന്ന സിറിയയിലേയും ഇറാഖിലേയും ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങളെ കൊന്നുതള്ളുകയും അവരുടെ സ്ത്രീകളെ ലൈംഗികഅടിമകളാക്കി ആസ്വദിക്കുകയുമായിരുന്നുവെന്ന ദുഃഖകരമായ യാഥാർത്ഥ്യം ചേന്നമംഗലൂരിനെപ്പോലുള്ള ചിന്തകർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? രാജാവ് നഗ്നനാണെന്നു വിളിച്ചു പറയുന്നതിനുപകരം ഇവർ മറ്റേ പ്രഭു അംഗവസ്ത്രം ധരിച്ചിട്ടില്ലെന്നും വേറൊരു പ്രഭു മുട്ടിനു താഴെ മറച്ചിട്ടില്ലെന്നുമൊക്കെ വിളിച്ചുപറയുകയല്ലേ ഇത്തരം സത്യവിരുദ്ധമായ തുലനങ്ങൾ വഴി ചെയ്യുന്നത്?

മതേതരപാർട്ടികളും പത്രങ്ങളും ഇസ്ലാമിസത്തെ ഭയപ്പെടുന്നു എന്ന നിരീക്ഷണം കൃത്യമായ ഒന്നാണ്. അവർക്കെതിരെ ഒരു വിമർശനമോ ആരോപണമോ ഉന്നയിക്കാൻ പോലും അക്രമം ഭയന്ന് അവർ മടിക്കുന്നു. വലത്-ഇടത് മതേതരക്കാർ കക്ഷിരാഷ്ട്രീയ തിമിരബാധയിൽ പ്രോത്സാഹിപ്പിച്ചു വന്നത് മതതീവ്രവാദികളെയാണ്. ഈ കുത്തൊഴുക്കിൽ ഒറ്റപ്പെട്ടുപോയത് മതനിരപേക്ഷ, മിതവാദ ഇസ്ലാമികചിന്തയാണ്. എങ്കിലും മിതവാദികളിൽപ്പോലും കാണപ്പെടുന്ന ‘ഇസ്ലാം മാത്രമാണ് ശരി’ എന്ന മിഥ്യാബോധത്തിന്റെ കാറ്റഴിച്ചുവിടാൻ ലേഖകൻ മുതിരുന്നില്ല. താരതമ്യേന മിതവാദവും മതേതരബോധവും പ്രദർശിപ്പിക്കുന്ന മുസ്ലിം ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി ഔദ്യോഗിക പരിപാടികളിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിക്കുന്നത് ശ്രദ്ധിക്കുക. നിരുപദ്രവകരമായ ഒരു സാംസ്കാരിക ചിഹ്നം എല്ലാവർക്കും ഹൃദ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുപകരം തന്റെ മതത്തെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഇത്തരം നേതാക്കളേയും നാം സഹിക്കണം – ‘മതേതരത്വം’ സംരക്ഷിക്കുന്നതിനുവേണ്ടി! നീണ്ട ആറു നൂറ്റാണ്ടുകാലം മുസ്ലിം രാജവംശങ്ങൾ നാടുവാണിടത്ത് മുസ്ലീങ്ങൾ അപരവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തിന്റെ മൂഢത ഗ്രന്ഥകർത്താവ് കണ്ടെത്തുന്നുമുണ്ട്.

രാഷ്ട്രപിതാവായ ഗാന്ധിജി വിമർശനങ്ങൾക്കതീതനാണെന്ന ഒരു തെറ്റിദ്ധാരണ പൊതുസമൂഹം വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായിരുന്നുവെന്നും അതിനാൽത്തന്നെ നിശിതവിമർശനം നേരിടേണ്ടിയിരിക്കുന്നു എന്നും നാം തിരിച്ചറിയണം. അത്തരത്തിലൊന്നാണ് ‘കേരളീയ നവോത്ഥാനം: ഗാന്ധിസത്തിന്റേയും മാർക്സിസത്തിന്റേയും പങ്ക്’ എന്ന അധ്യായം. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി നൽകിയ പിന്തുണ നവോത്ഥാനത്തെ പിറകോട്ടടിപ്പിക്കുന്നതായിരുന്നു എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. ഊർദ്ധശ്വാസം വലിക്കുന്ന ഒരു മതാധികാരകേന്ദ്രത്തെ താങ്ങിനിർത്താൻ അദ്ദേഹം മുല്ലമാരുടെ പിണിയാളായി മാറി. പ്രസ്ഥാനനേതാവായ മൗലാന മുഹമ്മദലിയുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ മുസ്ലിമുകളും കാഫിറുകളും രണ്ട് രാഷ്ട്രങ്ങളാണ്! ഖിലാഫത്ത് പ്രക്ഷോഭം മുസ്ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിൽ സൃഷ്ടിച്ചത് സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ചയേക്കാൾ അന്ധമായ മതവികാരമായിരുന്നു. അത് മലബാർ കലാപത്തിന് ഹിന്ദുവിരുദ്ധതയുടെ നിറം നൽകി (പേജ് 102). ആ അർത്ഥത്തിൽ ഗാന്ധിസം കേരളീയനവോത്ഥാനത്തിന് ക്ഷീണമേൽപ്പിച്ചു എന്നദ്ദേഹം അടിവരയിട്ടു സ്ഥാപിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of Hindutvavaadavum Islamisavum by Hameed Chennamangaloor
ISBN 9789387357303

No comments:

Post a Comment