തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
അതെ, അവിശ്വസനീയമാംവിധം തൊട്ടടുത്തുള്ള ഒരു ഭൂതകാലത്തിൽ നമ്മുടെ
കേരളത്തിലെ സാമൂഹ്യസ്ഥിതിയായിരുന്നു അത്. ഹിന്ദു ജനസംഖ്യയുടെ ഏതാണ്ട് മുക്കാൽ
ഭാഗത്തോളം വരുന്ന ജനവിഭാഗങ്ങളെ അവശേഷിച്ച കാൽഭാഗം വരുന്ന സമൂഹം കാൽക്കീഴിലിട്ട് ചവിട്ടിയരച്ചിരുന്ന
കാലം. അവർക്ക് വഴി നടക്കുന്നതിനോ പൊതുസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനോ
അനുവാദമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിൽ നിന്ന് അവരെ ആട്ടിയകറ്റിയിരുന്നു.
എങ്കിലും സമൂഹമനസ്സാക്ഷിയുടെ ചക്രവാളങ്ങളിൽ യുഗപ്പകർച്ചയുടെ അടയാളങ്ങൾ കണ്ടുതുടങ്ങിയിരുന്നു.
അപ്പോഴാണല്ലോ ഇത്തരം അനാചാരങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സമയം ആഗതമാവുന്നത്.
നവോത്ഥാന ആശയങ്ങൾ കേരളത്തിൽ ആളിപ്പടർന്നിരുന്നു. ഇവിടത്തെ പ്രമുഖ ക്ഷേത്രമായ
ഗുരുവായൂരിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കുക എന്ന ആവശ്യം ശക്തമായി
ഉയർന്നുവന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വർഷക്കാലത്തോളം അമ്പലനടയിൽ സത്യഗ്രഹം
അനുഷ്ഠിക്കുകയും കെ. കേളപ്പൻ നിരാഹാരവ്രതം സ്വീകരിക്കുകയും ചെയ്തെങ്കിലും അത് വിജയപര്യവസായിയായില്ല.
വീണ്ടും 15 വർഷം കൂടി കഴിഞ്ഞതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുൻപ്
നടപ്പിലാക്കിയ നിയമത്തിലൂടെയാണ് അധഃകൃതർ ക്ഷേത്രപ്രവേശനം നേടിയെടുത്തത്.
പ്രത്യക്ഷത്തിൽ പരാജയമടഞ്ഞുവെങ്കിലും ഗുരുവായൂർ സത്യഗ്രഹം ഇളക്കിവിട്ട വികാരം
കേരളത്തെ പരിവർത്തനം ചെയ്യിച്ചു. നാടെങ്ങും ഇത്തരം പ്രക്ഷോഭങ്ങൾ ആവർത്തിക്കാനും
മിക്കയിടങ്ങളിലും വിജയം കൈവരിക്കാനും സാധിച്ചതോടെ കേരളത്തിൽ സാമൂഹ്യപുരോഗതിയുടെ
കൈത്തിരി തെളിഞ്ഞു. ഈ സാമൂഹ്യമാറ്റത്തി ന്റെ കഥയാണ് ഈ പുസ്തകം
നമ്മോടു പറയുന്നത്. മുൻപ് പത്രപ്രവർത്തനവും ഇപ്പോൾ തൃശൂരിൽ അഭിഭാഷകവൃത്തിയും നിർവഹിക്കുന്ന
ശ്രീ. ഇ. രാജനാണ് ഈ കൃതിയുടെ കർത്താവ്.
ബഹുജനപ്രസ്ഥാനമായി വേഷം പകരാനുള്ള കോൺഗ്രസിന്റെ ആദ്യശ്രമമായിരുന്നു ഖിലാഫത്തിനു
വെച്ചുനീട്ടിയ പിന്തുണ. എന്നാൽ ഈ ശ്രമം തിരിച്ചടിച്ചതോടെ (ഇതിന്റെ കാരണങ്ങൾ പലതവണ
ഇവിടെ പരാമർശിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല) അയിത്തോച്ചാടനത്തിലേക്ക് മഹാത്മജി
തന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു. 1923-ലെ കാക്കിനഡ സമ്മേളനം ഈ വിഷയം മുഖ്യപ്രമേയമായി
അംഗീകരിച്ചു. എന്നാൽ, 1920-കളിൽപ്പോലും കോൺഗ്രസ് സമ്മേളനങ്ങളിൽ ബ്രാഹ്മണർക്കും അല്ലാത്തവർക്കുമായി
രണ്ടു പന്തികളും ഊട്ടുപുരകളും ഉണ്ടായിരുന്നുവെന്നോർക്കണം! ക്ഷേത്രമതിൽക്കെട്ടിനുപുറത്തെ
പാതകളിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിനായി അവർണ്ണർ വൈക്കത്ത് 1924-ൽ നടത്തിയ
സത്യഗ്രഹത്തിന് പാർട്ടി പൂർണ്ണപിന്തുണ നൽകി. അയിത്തം, തീണ്ടൽ, തൊടീൽ എന്നീ അനാചാരങ്ങളുടെ
ചരിത്രപശ്ചാത്തലം ഈ കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യം ടിപ്പുവിന്റെ ആക്രമണത്തോടെ അന്യാധീനപ്പെട്ടുപോയെങ്കിലും
സാമൂതിരിയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണാധിപൻ. ബ്രിട്ടീഷ് സർക്കാരിൽ ജില്ലാ
ജഡ്ജിയായി വിരമിച്ച കെ. സി. മാനവേദൻ ആയിരുന്നു അക്കാലത്തെ സാമൂതിരി. സനാതനികൾ എന്നറിയപ്പെട്ടിരുന്ന
യാഥാസ്ഥിതികപ്പരിഷകളുടെ കയ്യിലെ കളിപ്പാവയായിരുന്നു മാനവേദൻ. അധഃസ്ഥിതരോടു കാട്ടിപ്പോരുന്ന
അനീതി ഈ ജാതിക്കോമരത്തിന്റെ മനസ്സലിയിച്ചില്ല. 1931 നവംബർ 1-ന് ഗുരുവായൂരിൽ കെ. കേളപ്പന്റെ
നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. ഇതിനഭിവാദ്യം അർപ്പിച്ചുകൊണ്ട് ബ്രാഹ്മണശ്രേഷ്ഠനായ
സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് ഗുരുവായൂർ വരെ കാൽനടജാഥ സംഘടിപ്പിച്ചു.
എന്നാൽ കേവലം പത്തുകൊല്ലം മുമ്പ് ഏറനാട്ടിൽ നടമാടിയ മാപ്പിള ലഹള എന്ന ഭീകരമായ വർഗ്ഗീയകലാപത്തിന്റെ
അലകൾ അപ്പോഴും പൂർണ്ണമായും കെട്ടടങ്ങിയിരുന്നില്ല. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഏറനാട്
താലൂക്കിൽ ജാഥയെ തടയുമെന്നു ഭയപ്പെട്ടതിനാൽ ഫറോക്ക് മുതൽ തിരൂർ വരെ 'കാൽനട ജാഥ' തീവണ്ടിയിലാണ്
സഞ്ചരിച്ചതെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു (പേജ് 118). 1932 ജനുവരി 1 മുതൽ
ഒരുമാസത്തോളം കാലം സാമൂതിരി ക്ഷേത്രം പൂട്ടിയിട്ടു. സത്യഗ്രഹം അനന്തമായി നീണ്ടുപോയപ്പോൾ
1932 സെപ്റ്റംബറിൽ കേളപ്പൻ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചുവെങ്കിലും ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം
നിരാഹാരവും സത്യഗ്രഹവും ഏതാനും ദിവസങ്ങൾക്കകം നിർത്തിവെച്ചു. മൂന്നുമാസത്തിനുള്ളിൽ
ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കിൽ 1933 ജനുവരിയിൽ ഗാന്ധിജി തന്നെ നിരാഹാരം അനുഷ്‌ഠിക്കുമെന്നു
പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം അത് സൗകര്യപൂർവ്വം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചുനിർത്തി.
അങ്ങനെ കോൺഗ്രസ്സിന്റെ പരാജയമടഞ്ഞ പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഗുരുവായൂർ സത്യഗ്രഹവും
ഇടം പിടിച്ചു.
എന്നാൽ ഗുരുവായൂർ ഇളക്കിവിട്ട മാറ്റൊലികൾ തിരുവിതാംകൂറിൽ
ഫലപ്രാപ്തിയിലെത്തി. സർ. സി. പിയുടെ ഉപദേശപ്രകാരം 1936-ൽ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
മഹാരാജാവിന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് ഹൈന്ദവവിശ്വാസിയായ യാതൊരാൾക്കും
ജാതിപരിഗണന കൂടാതെ ക്ഷേത്രങ്ങളിൽ ആരാധന നടത്താൻ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു.
ഈ വിപ്ലവകരമായ നടപടിയാണ് ചിത്തിരതിരുനാളിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതും മാനവേദനെപ്പോലുള്ള
സാമൂതിരി ഏഴാംകൂലികളെ ചരിത്രത്തിന്റെ അഴുക്കുചാലിലേക്കു പിടിച്ചുതള്ളിയതും. മദിരാശി
സർക്കാർ 1947 ജൂൺ 2-ന് നിയമം മൂലം അധഃകൃതർക്ക് പ്രവേശനം അനുവദിച്ചുവെങ്കിലും അന്ന്
സാമൂതിരിയുടെ വക എടുക്കാടുള്ള പുത്തൂർ ഭഗവതിക്ഷേത്രത്തിൽ നട അടച്ചിട്ടുകൊണ്ടാണ് അയാൾ
വെളിച്ചത്തിനുനേരെ മുഖം തിരിച്ചുനിന്നത്.
ഇന്നു കേരളത്തിൽ നിലവിലിരിക്കുന്ന പ്രസ്ഥാനങ്ങൾ
അന്ന് സത്യഗ്രഹത്തോട് സ്വീകരിച്ച നിലപാട് ഇപ്പോൾ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുകവഴി ചരിത്രത്തിന്റെ നല്ല പുസ്തകത്തിൽ ഇടം പിടിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി അക്കാലത്ത് രൂപംകൊണ്ടിരുന്നില്ല. പിൽക്കാല ഇടതുനേതാക്കളായ ഏ.
കെ. ഗോപാലനും പി. കൃഷ്ണപിള്ളയും കോൺഗ്രസ് പ്രവർത്തകർ എന്ന നിലയിൽ സമരത്തിൽ പങ്കുചേർന്ന്
യാഥാസ്ഥിതികരിൽനിന്ന് ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങി. ഇ. എം. എസ്സ് യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണമായ
'ഉണ്ണി നമ്പൂതിരി'യുടെ പ്രാദേശികലേഖകൻ എന്ന നിലയിൽ സത്യഗ്രഹത്തെക്കുറിച്ച് റിപ്പോർട്ടുകളയച്ച്
തൃപ്തിപ്പെട്ടു. ഹിന്ദു മഹാസഭ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. ആർ. എസ്. എസ്സിനെക്കുറിച്ച്
പുസ്തകത്തിൽ അനുകൂലമായോ പ്രതികൂലമായോ പരാമർശങ്ങളൊന്നുമില്ല. അഖിലേന്ത്യാ വർണാശ്രമ സ്വരാജ്യസംഘം
എന്ന ഇന്നു നിലവിലില്ലാത്ത ഒരു സംഘടനയുടെ കൊടിക്കീഴിലാണ് സനാതനികൾ സത്യഗ്രഹത്തെ അട്ടിമറിക്കാൻ
കരുക്കൾ നീക്കിയത്. ഒരദ്ധ്യായം ഈ പ്രവർത്തനങ്ങൾ വിവരിക്കാനായി നീക്കിവെച്ചിരിക്കുന്നു.
പ്രവേശനത്തെ എതിർത്തുകൊണ്ട് സാമൂതിരിക്കു പിന്തുണപ്രഖ്യാപിച്ച് കത്തെഴുതിയവരുടെ കൂട്ടത്തിൽ
സെന്റ്. ആന്റണീസ് ഏ. എസ്, ഗോരഖ്‌പൂർ എന്നൊരു പേരുകാണുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും.
എന്നാൽ ക്ഷേത്രപ്രവേശനം അനുവദിക്കാതിരുന്നാൽ അവർണ്ണഹിന്ദുക്കൾ മുഴുവനായും മതപരിവർത്തനം
ചെയ്തേക്കുമെന്ന കണക്കുകൂട്ടലായിരുന്നിരിക്കും ഇതിനുപിന്നിൽ.
മറ്റു പുസ്തകങ്ങളിൽനിന്ന് ധാരാളമായി ഉദ്ധരണികൾ ശേഖരിച്ചിരിക്കുന്ന
ഈ കൃതിയിൽ അവ കൃത്യമായി അടയാളപ്പെടുത്താത്തത് ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
അന്ധവിശ്വാസത്തോടൊപ്പം ക്ഷേത്രവും കൂടി നശിച്ചാൽ അത്രയും നന്ന് എന്നുകരുതുന്ന വിപ്ലവഎഴുത്തുകാരിൽനിന്ന്
രാജൻ വ്യത്യസ്തനാകുന്നത് ഗുരുവായൂരിന്റെ ആത്മീയ, ചരിത്രപശ്ചാത്തലങ്ങൾ വസ്തുനിഷ്ഠമായി
വ്യക്തമാക്കുന്നിടത്താണ്. അനായാസം വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ അൽപ്പം ചില ചിത്രങ്ങൾ
കൂടി ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ വളരെ നന്നാകുമായിരുന്നു.
Book Review of ‘Guruvayur
Sathyagraham’
by E. Rajan
ISBN: 9788182665439
No comments:
Post a Comment