Monday, August 31, 2020

കന്ദളവും കുഡ്മളവും

'എന്തിനെന്നെ വിളിച്ചു നീ വീണ്ടും' എന്ന മനോഹരഗാനം 1976-ൽ റിലീസ് ചെയ്ത 'അഭിനന്ദനം' എന്ന ചിത്രത്തിലേതാണ്. ശ്രീകുമാരൻ തമ്പി രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ചരണത്തിൽ ഇങ്ങനെ കുറച്ചു വരികളുണ്ട്:

ആർദ്രമാകും രതിസ്വരം നൽകും
ആദ്യരോമാഞ്ച കുഡ്മളം
ആളിയാളിപ്പടർന്നു ജീവനിൽ
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണർന്നുപോയി ഞാൻ
ആകെയെന്നെ മറന്നു ഞാൻ


കവിതയിൽ സാധാരണയായി പ്രയോഗിക്കുന്നില്ലെങ്കിലും ഇവിടെ ആദ്യാക്ഷരപ്രാസം കളം നിറഞ്ഞാടുകയാണ്. എങ്കിലും 'കുഡ്മളം', 'കന്ദളം' എന്നീ പദങ്ങൾ കല്ലുകടിയായി തോന്നിയേക്കാം. പ്രത്യേകിച്ചും 'ആർദ്രമാകും രതിസ്വരം നൽകുന്ന ആദ്യരോമാഞ്ച കുഡ്മളം' എന്താണെന്നറിഞ്ഞില്ലെങ്കിൽ ഗാനം അവസാനിച്ചുകഴിഞ്ഞാലും നാമെന്തോ മറന്നുവെച്ചതുപോലെ അസ്വസ്ഥരാകുമല്ലോ! എന്നാൽ പലരും വിചാരിക്കുന്നതുപോലെ വിവാദപരമായ അർത്ഥങ്ങളൊന്നും ഇവക്കില്ല. കന്ദളം എന്നാൽ തളിര്, മുള എന്നും കുഡ്മളത്തിന് പൂമൊട്ട് എന്നുമാണ് അർത്ഥം.


തമ്പിയുടെ മനസ്സിൽ ഈ വാക്കുകൾ ജന്മമെടുത്തത് എവിടെനിന്നാകാം എന്ന് 44 വർഷങ്ങൾക്കിപ്പുറം നമുക്കു കണ്ടെത്താൻ അസാദ്ധ്യമായേക്കും. എന്നാൽ ഈയിടെ എസ്. കെ. പൊറ്റെക്കാടിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ അദ്ദേഹത്തിന്റെ 'സഞ്ചാരിയുടെ ഗീതങ്ങൾ' (1947) എന്ന കവിതാസമാഹാരത്തിലെ ഒരു കവിത കാണാനിടയായി:

കണ്ണുനീരിൽ കഴുകിവെച്ചൊരു
മുന്നിലെക്കാന്തികന്ദളം
വെണ്ണിലാവിലൊഴുകിവന്നൊരു
വിണ്ണിലെക്കന്ദകുഡ്മളം
ഹാര്യമല്ലാത്ത ഭാരതീയമാ-
മാര്യഹീരമേ, വെൽക നീ


താജ്മഹലിനു മുന്നിൽ നിൽക്കുമ്പോൾ കവി കൂടിയായ ആ ഏകാന്തസഞ്ചാരിയുടെ മനസ്സിൽ മുള പൊട്ടിയ ഒരു കവിതാശകലമാണ്. ഇതൊരിക്കലും മോഷണം എന്നു വിശേഷിപ്പിക്കാൻ സാധിക്കില്ല. ആ കവിതയിൽ തമ്പിയെ ആകർഷിച്ച രണ്ടുവരികൾ അദ്ദേഹത്തിന്റെ ഉപബോധമനസ്സിൽ പതിഞ്ഞിരിക്കണം. എവിടെ നിന്നാണ് അവ വന്നത് എന്ന് പിന്നീടാ ഗാനം എഴുതുമ്പോൾ അദ്ദേഹത്തിന് ഓർമ്മപോലും ഉണ്ടായിക്കാണില്ല.

തമ്പിയുടെ പ്രചോദനം എവിടെനിന്നായിരുന്നു എന്ന് ഇപ്പോൾ നമുക്കൂഹിക്കാൻ സാധിക്കുന്നില്ലേ?

ഒരു അന്വേഷകന്റെ വിജയനിമിഷം പോലെ തോന്നിക്കുന്ന ഈ മുഹൂർത്തത്തിൽ മറ്റൊരു ചിത്രത്തിലെ രംഗമാണ് ഓർമ്മ വരുന്നത്. 1989-ലെ 'ഉത്തരം' എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച ബാലചന്ദ്രൻ അഥവാ ബാലു എന്ന കഥാപാത്രവും പാർവതിയുടെ ശ്യാമള എന്ന കഥാപാത്രവുമാണ് രംഗത്ത്. ഇവരുടെ പൊതുസുഹൃത്തായിരുന്ന സുപർണ്ണ ആനന്ദിന്റെ സെലീന അഥവാ ലീന എന്ന കവയിത്രി കൂടിയായ കഥാപാത്രം സ്വയം വെടിവെച്ചുമരിച്ചതിലെ ദുരൂഹത അന്വേഷിക്കാൻ അവരുടെ ഭർത്താവ് ചുമതലപ്പെടുത്തിയിരിക്കുന്നതാണ് ബാലചന്ദ്രനെ.

ബാലു: ഞാൻ വീണ്ടും ലീനയുടെ മരണത്തെപ്പറ്റി ഓർത്തുപോയി, ക്ഷമിക്കണം.
(നിശ്ശബ്ദത...)
ബാലു: കവി ഉപാസിച്ച ഇരുട്ട് മറവിയായിരുന്നു. "ഇരുൾ വീണൊരിടവഴിയിലെവിടെവെച്ചാരെന്റെ ചെറുകൈവിളക്കുമെടുത്തെറിഞ്ഞു..." നമ്മളാലോചിച്ചതോർമ്മയുണ്ടോ?
ശ്യാമള: ഉം...
ബാലു: ഓർമ്മയുടെ കൈവിളക്ക് തട്ടിയെടുത്ത് ബാല്യവും കൗമാരവും ഇരുട്ടിൽ മുങ്ങിയത്, മറവിയിൽ ഭൂതകാലം ലീനക്ക് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴെനിക്കൂഹിക്കാം.


ഫ്രഞ്ച് കഥാകൃത്തായ ദാഫ്നെ ദു മോറിയെയുടെ കഥയും എം.ടി.യുടെ തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും ചേർന്ന ഒരസാദ്ധ്യ കോമ്പിനേഷനായിരുന്നു ഈ ചിത്രം.

നമുക്കിപ്പോൾ 'എന്തിനെന്നെ വിളിച്ചു നീ വീണ്ടും' എന്ന ഗാനം ഒരിക്കൽക്കൂടി കേൾക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment