ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വാഗ്‌വാദങ്ങൾ പ്രസ്ഥാനത്തിനകത്തുതന്നെ വീണ്ടും സജീവമായിരിക്കുകയാണല്ലോ. 1920-ൽ താഷ്‌ക്കെന്റിലാണ് പാർട്ടി രൂപം കൊണ്ടതെന്ന് സി.പി.എം വാദിക്കുമ്പോൾ അഞ്ചുവർഷത്തിനുശേഷം 1925-ൽ കാൺപൂരിലാണ് അതു സംഭവിച്ചതെന്ന് സി.പി.ഐ സ്ഥാപിച്ചെടുക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയിലും പ്രത്യക്ഷത്തിൽത്തന്നെ നിസ്സാരമായ ഈ പ്രശ്നത്തിനുപോലും പരിഹാരം കണ്ടെത്താനാവാത്ത ആശയപരമായ ചിന്താക്കുഴപ്പമാണ് ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അവസാനപുസ്തകമാണിതെന്ന രൂപത്തിൽ ഈ ഗ്രന്ഥത്തിന് സവിശേഷമായ പ്രസക്തി ഉണ്ട്. 1998 വരെയുള്ള ചരിത്രമെന്ന് ശീർഷകത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തുന്നതുവരെയുള്ള ചരിത്രമേ ഇതിലുള്ളൂ. ഗ്രന്ഥരചനക്കിടയിലാണ് ഇ.എം.എസ് അന്തരിച്ചതെന്ന് നമുക്ക് ന്യായമായും ഊഹിക്കാം.
പാർട്ടിയുടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നതിനു മുന്നോടിയായി പാർലമെന്ററി പാതയിലൂടെ പ്രാദേശികമായ അധികാരം നേടിയത് ലേഖകൻ സംക്ഷിപ്തവും സംതൃപ്തികരവുമായ രീതിയിൽ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമാകാൻ കഴിഞ്ഞുവെന്നത് ഒരു വൻനേട്ടം തന്നെയായിരുന്നു. 1984-ൽ കേന്ദ്രത്തിൽ നേടിയ രണ്ടു സീറ്റുകളിൽ നിന്നാണ് ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി ആ സിംഹാസനം കരസ്ഥമാക്കിയതെന്നോർക്കുക. 1998 ആകുമ്പോഴേക്കും പാർട്ടി മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും കേന്ദ്രത്തിൽ ഭരണമുന്നണിയുടെ മന്ത്രിസഭയിൽ പങ്കുചേരാത്ത കൂട്ടുകക്ഷി എന്ന സ്ഥാനവും നിലനിർത്തിയിരുന്നു. ഇതെല്ലാം കൂടി മാർക്സിസ്റ്റ് ദർശനം അനുദിനം വളർന്നുവരികയാണെന്ന വിലയിരുത്തലിൽ ഇ.എം.എസ് പാർട്ടി സ്ഥാപനത്തീയതിയെച്ചൊല്ലി സി.പി.ഐയുമായുള്ള അഭിപ്രായവ്യത്യാസം അരക്കിട്ടുറപ്പിക്കുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നത് മേലേനിന്നാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാൽ സ്ഥാപനത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടാകാനിടയില്ലാത്തതാണ്.
രണ്ടാം ലോകയുദ്ധകാലത്തും അക്കാലത്ത് കോൺഗ്രസ് അഴിച്ചുവിട്ട ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂക്ഷവിമർശനം നേരിട്ടിട്ടുണ്ട്. അതിനാൽ ആ ഭാഗം വിശദീകരിക്കാൻ ഇ.എം.എസ് പ്രത്യേകം ശ്രദ്ധിക്കുന്നു. യുദ്ധത്തിനിടയിൽ ബ്രിട്ടീഷ് വിരുദ്ധ നിലപാട് ഉപേക്ഷിച്ച് വെള്ളക്കാരെ അനുകൂലിക്കുന്നതിലേക്കു നീങ്ങിയതിന്റെ കാരണം അദ്ദേഹം വെള്ളപൂശുന്നതിങ്ങനെ: "1939 മുതൽ 1941 വരെ യുദ്ധം രണ്ടു സാമ്രാജ്യചേരികൾ തമ്മിലുള്ളതായിരുന്നു. ഏതു ചേരി ജയിക്കുമെന്നതിൽ അധീന രാജ്യങ്ങൾക്ക് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനാകട്ടെ ജർമനിയുമായി ഒരു അനാക്രമണസന്ധിയിൽ ഒപ്പിടുകയും ചെയ്തിരുന്നു (പേജ് 51). എന്നാൽ 1941-ൽ ജർമ്മനി അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ സാമ്രാജ്യയുദ്ധം ജനകീയയുദ്ധമായി മാറി". അങ്ങനെയാണ് ജർമനിയെ എതിർത്തിരുന്ന ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകളുടെ ഉറ്റ ചങ്ങാതികളായി മാറിയത്. റഷ്യയോടുള്ള ഈ ആശയപരമായ അടിമത്തത്തെ ആചാര്യൻ ന്യായീകരിക്കുന്നത് തൊഴിലാളിവർഗ്ഗ സാർവദേശീയതയോടുള്ള വിധേയത്വത്തിന്റെ പേരിലാണ്.
പാക്കിസ്ഥാൻ രൂപീകരണത്തിലും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തെ വ്യാജമെന്നു വിശേഷിപ്പിച്ചും കമ്യൂണിസ്റ്റുകൾ ദേശീയ മനസ്സാക്ഷിയെ അന്യമാക്കി. അതിന് ഇ.എം.എസ് നിരത്തുന്ന കാരണങ്ങൾ 1998-ൽ പോലും നിഷ്പക്ഷമതികളെ ബോദ്ധ്യപ്പെടുത്തുന്നതല്ല. ഇന്ത്യയുടെ ബഹുരാഷ്ട്രസ്വഭാവം മനസ്സിലാക്കി കോൺഗ്രസ്സിന്റെ ഏകരാഷ്ട്രവാദത്തേയും ലീഗിന്റെ ദ്വിരാഷ്ട്രവാദത്തേയും എതിർത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി തന്നെയാണെന്ന് അദ്ദേഹം അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു (പേജ് 62). അതായത് ഒരു ഡസനോളം ദേശീയതകളുടെ ജന്മഗേഹമെന്ന് അവർ തന്നെ വിശേഷിപ്പിച്ച ഇന്ത്യയെ അത്രയും കഷണങ്ങളാക്കി വിഭജിക്കണമെന്നാണോ പാർട്ടി ഉദ്ദേശിച്ചത്? ഇതിന് വ്യക്തമായൊരുത്തരം നൽകാതെ ഇത്തരം ദേശീയതകളുടെ സാക്ഷാൽക്കാരം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതിലൂടെ നേടി എന്നവകാശപ്പെടുന്നു. അതേസമയം തന്നെ തീർത്തും മതാധിസ്ഥിതമായ പാക്കിസ്ഥാൻ വാദത്തെ പാർട്ടി പിന്താങ്ങുകയും ചെയ്തു. ഇതൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ വളർന്നുവന്ന ബഹുജനപ്രസ്ഥാനത്തെ തകർക്കാൻ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഇന്ത്യയിലെ ബൂർഷ്വാ-ഫ്യൂഡൽ വർഗ്ഗങ്ങളും തമ്മിലുണ്ടാക്കിയ ഒരു കരാറാണ് ആഗസ്റ്റ് 15-ന് കിട്ടിയ സ്വാതന്ത്ര്യം എന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ (പേജ് 72).
തത്വദീക്ഷയില്ലാത്ത നയസമീപനങ്ങളെപ്പോലും വർഗ്ഗസമരമെന്ന തുറുപ്പിറക്കി ന്യായീകരിക്കുന്ന ഇ.എം.എസ് ശൈലി നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡകഴകത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗുമായി ചങ്ങാത്തത്തിൽ നിൽക്കുമ്പോൾ മദ്രാസ് പ്രവിശ്യയുടെ ഭാഗം തന്നെയായിരുന്ന മലബാറിൽ ലീഗിനെ ഒഴിവാക്കിയതിന് അദ്ദേഹത്തിന്റെ ന്യായീകരണം വിചിത്രമാണ് (പേജ് 94). പിന്നീടും ലീഗിനെ കൂടെക്കൂട്ടി വർഗീയ പ്രീണനനയം തുടർന്നതിലും പിന്നീടവർ പിണങ്ങിപ്പോയതോടെ സഖ്യത്തിൽ നിന്നൊഴിവാക്കിയതിനും താത്വികമായ വിശദീകരണം ഈ കൃതിയിലുണ്ട്. രാഷ്ട്രീയ-അധികാര സ്ഥാനങ്ങൾക്കുവേണ്ടിയുള്ള ചില പൂഴിക്കടകൻ അടവുകൾ മാത്രമായി അവയെ കണ്ടാൽ മതി. പാർട്ടിയിൽ 1964-ൽ സംഭവിച്ച പിളർപ്പിന്റെ കാരണങ്ങൾ സാമാന്യം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു, ഒപ്പം ചൈനായുദ്ധകാലത്ത് കൈക്കൊണ്ട രാഷ്ട്രവിരുദ്ധ നിലപാടുകളുടെ കാരണവും! പേജ് 144 മുതൽ 147 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1962 കാലത്ത് ഭാരതത്തെ എങ്ങനെ ഒറ്റിക്കൊടുത്തു എന്നതിനെ ന്യായീകരിച്ചു മെഴുകുകയാണ്. ചൈനാ വിരുദ്ധ അപസ്മാരം നെഹ്‌റു ഇളക്കിവിട്ടുവത്രേ! 'ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല' എന്ന നെഹ്രുവിന്റെ പിടിവാശി മൂലമാണ് ചൈനയുമായുള്ള സമാധാനചർച്ചകൾ അലസിപ്പോയതെന്നും 'അയഥാർത്ഥമായ അതിർത്തിപ്രശ്‌നമുന്നയിച്ച് ചൈനക്കെതിരെ ഇന്ത്യ വക്കാണത്തിനു പുറപ്പെട്ടുവെന്നും' അദ്ദേഹം വാദിക്കുന്നു. ഇക്കണക്കിന് ചൈനീസ് സൈനികർ അതിർത്തി കടന്ന് അൽപ്പംകൂടി അകത്തേക്കു വന്നിരുന്നുവെങ്കിൽ കമ്യൂണിസ്റ്റുകൾ അവരോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരെ പടപൊരുതുമായിരുന്നു എന്ന് നമുക്കൂഹിക്കാം.
പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങളും വ്യതിയാനങ്ങളും (1964-നു മുമ്പുള്ളവ മാത്രം) ഈ ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോവിയറ്റ് മാതൃക അന്ധമായി അനുകരിച്ചുകൊണ്ട് ഇന്ത്യക്കു യോജിച്ച ഒരു മാതൃക രൂപപ്പെടുത്താതിരുന്നത് ഒരു വീഴ്ചയായി അംഗീകരിക്കുന്നു. എന്നാൽ ഇതുപോലും സോവിയറ്റ് പാർട്ടി അവരോട് അഭിപ്രായപ്പെട്ടതാണ്. നെഹ്രുവിന്റെ സർക്കാർ ബൂർഷ്വാ ആയിരുന്നെങ്കിലും അതിനെതിരെ വിപ്ലവസമരം ശരിയായിരുന്നില്ല എന്ന് നാലു പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹം തിരിച്ചറിയുന്നു. ലോകയുദ്ധകാലത്ത് വർഗ്ഗസമരത്തിനുപകരം വലതുപക്ഷ റിവിഷനിസത്തിലൂടെ വർഗ്ഗസഹകരണമാണ് നടത്തിയതെന്നും അതിനുശേഷം തെലങ്കാനാ സമരത്തിലൂടെ ഇടതുപക്ഷ സെക്ടേറിയനിസത്തിലേക്കും വഴുതിവീണുവെന്ന് ഇ.എം.എസ് കുമ്പസാരിക്കുന്നു.
പാർട്ടിയുടെ 1998 വരെയുള്ള ചരിത്രം പൂർണമാക്കുന്നതിനു മുമ്പേ ഇ.എം.എസ് കാലയവനികക്കുള്ളിൽ മറഞ്ഞത് ഒരു തീരാനഷ്ടം തന്നെയാണ്. ആ കൃത്യം നിർവഹിക്കുവാനുള്ള ബൗദ്ധികനിലവാരമുള്ള മറ്റംഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ വിശേഷിച്ചും!
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
No comments:
Post a Comment