ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയിൽ നടന്ന സായുധസമരങ്ങളിൽ ഏറ്റവും തീക്ഷ്ണമായ അദ്ധ്യായങ്ങളിലൊന്നാണ് 1921-22 ലെ മലബാർ കലാപം. മുസ്ലീങ്ങളുടെ ഖലീഫയായിരുന്ന തുർക്കി സുൽത്താന്റെ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷുകാരോട് പൊരുതാൻ രൂപീകരിച്ച ഖിലാഫത്തിന്റെ കീഴിലാണ് മലബാറിൽ മാപ്പിളമാർ സംഘടിച്ചതും യുദ്ധം ചെയ്തതും. തുടക്കത്തിൽ ബ്രിട്ടീഷ് പക്ഷത്തിനു സംഭവിച്ച വീഴ്ചകൾ നിമിത്തം കലാപകാരികൾക്ക് പലയിടങ്ങളിലും തങ്ങളുടേതായ ഭരണം സ്ഥാപിക്കാൻ സാധിച്ചു. ഇങ്ങനെ 'സ്വതന്ത്രമായ' പ്രദേശങ്ങളിലെല്ലാം ശരിയത്ത് നിയമമനുസരിച്ചുള്ള ഇസ്ളാമിക ഭരണവ്യവസ്ഥ നിലവിൽ വന്നു. ഭയചകിതരായ ഹിന്ദു ജനത ഇതിനെതിരെ നിലകൊണ്ടപ്പോൾ അവർക്കുനേരെ ഭീകരമായ മർദ്ദനമുറകൾ അഴിച്ചുവിട്ടു. ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയോ സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയോ നിർബന്ധപൂർവം മതം മാറ്റപ്പെടുകയോ ചെയ്തു. വംശഹത്യ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സംഭവപരമ്പരയെ ഇടതു-മുസ്ലിം ചരിത്രകാരൻമാർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് കരുതിപ്പോരുന്നത്. ഈ സമരത്തെക്കുറിച്ചുള്ള മുസ്ലിം പരിപ്രേക്ഷ്യമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുന്നത്.
മലബാർ കലാപം സ്വാതന്ത്ര്യസമരമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖകൻ ഒരിടത്തും ഖിലാഫത്ത് പ്രക്ഷോഭം എന്തിനുവേണ്ടി ആസൂത്രണം ചെയ്തതാണെന്നു വിശദീകരിക്കുന്നില്ല. 1792-ൽ ടിപ്പു സുൽത്താനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ മലബാറിൽ അധികാരം നേടുന്നതുമുതൽ മുതൽ 1921 വരെ ചെറുതും വലുതുമായ 830 മുസ്ലിം കലാപങ്ങൾ മലബാറിൽ അരങ്ങേറിയത് കർഷകപ്രശ്നങ്ങളുടെ പേരിലാണ് എണ്ണുന്നത്. എന്നാൽ മുസ്ലിം ലീഗിന്റെ കൊടിക്കീഴിൽനിന്ന് മുസ്ലിങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനായാണ് ഗാന്ധി ഖിലാഫത്തിനെ ഉപയോഗിച്ചിരുന്നത്. ഇത് തികച്ചും വർഗീയമായ ഒരു നടപടിയായിരുന്നു. 1920 ആഗസ്റ്റ് 18-ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഗാന്ധി അവരെ ഉപദേശിച്ചത് 'ഖുർആൻ അനുശാസിക്കുന്ന വിധത്തിൽ തങ്ങളുടെ മതത്തിനും ഖിലാഫത്തിനും വേണ്ടി പോരാടാൻ മലബാറിലെ മുസ്ലിങ്ങൾ തയ്യാറാകണ'മെന്നായിരുന്നു (പേജ് 77). ബ്രിട്ടീഷുകാരിൽനിന്നുള്ള സ്വാതന്ത്ര്യമോ കർഷകപ്രശ്നങ്ങളോ ഒന്നും ഇവിടെ വിഷയമായിരുന്നില്ല. ഒട്ടോമൻ സുൽത്താനായിരുന്ന മുഹമ്മദ് ആറാമനെ ബ്രിട്ടീഷുകാർ തിരികെ സിംഹാസനത്തിൽ ഇരുത്തിയിരുന്നെങ്കിൽ കലാപകാരികൾ സ്വന്തം വീടുകളിൽ സുഖമായി കിടന്നുറങ്ങിയേനെ!
ഹിന്ദു-മുസ്ലിം ജനത ഐക്യത്തോടെയാണ് കലാപത്തിൽ പങ്കെടുത്തതെന്ന് ഓരോ അദ്ധ്യായത്തിലും അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ജാഫർ സ്വതന്ത്ര മലബാറിൽ ഇസ്ളാമിക നിയമമാണ് നടപ്പാക്കിയിരുന്നതെന്നതിന്റെ തെളിവുകൾ ബോധപൂർവമല്ലാതെ പുറത്തുവിടുകയും ചെയ്യുന്നു. കളവ് നടത്തുന്നവരുടെ കൈവിരലും കൊള്ള നടത്തുന്നവരുടെ കയ്യും വെട്ടുന്നതായിരുന്നു ശിക്ഷാരീതി. എന്നാൽ ഇത് നടപ്പാക്കപ്പെട്ടിരുന്നത് വളരെ ചുരുക്കം ഇടങ്ങളിലും കുറ്റവാളികളെക്കുറിച്ച് വ്യക്തമായ ചിത്രം നേതൃത്വത്തിന് ലഭ്യമായ ഇടങ്ങളിലും മാത്രമായിരുന്നു. വളരെ അതിശയോക്തിപരമായ വിവരങ്ങളാണ് ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നിലമ്പൂർ കേന്ദ്രമാക്കി മലയാളരാജ്യം സ്ഥാപിച്ചുവെന്നും അതിന്റെ രാജാവായി അദ്ദേഹത്തെ അംഗീകരിക്കാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു (പേജ് 61). അത്തരമൊരു ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായിരുന്ന വാരിയംകുന്നനെ 'മതേതരത്വത്തിന്റെ ധ്വജവാഹകൻ' എന്ന് ജാഫർ വിശേഷിപ്പിക്കുന്നത് വഞ്ചനാപരവും വായനക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്.
മലബാർ കലാപം ഹിന്ദു-മുസ്ലിം സംയുക്ത പ്രക്ഷോഭമാണെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആധുനികസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്. മാപ്പിളരാജ്യത്തെ ഭരണാധികാരികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സുൽത്താനായ വാരിയംകുന്നനെ കൂടാതെ തിരൂരങ്ങാടി ഖലീഫയായി ആലി മുസലിയാർ, മണ്ണാർക്കാട്ട് ഭരണാധികാരിയായി ചെമ്പ്രശ്ശേരി തങ്ങൾ, കൂടാതെ പാണ്ടിക്കാട്ട് സീതിക്കോയതങ്ങളും. നിലമ്പൂരിനെ വീണ്ടും വിഭജിച്ച് ഗവർണർമാരുടെ അധീനതയിലാക്കി. നിലമ്പൂർ പുഴയുടെ വടക്കുവശം മൊയ്തീൻകുട്ടി ഹാജി, ചുങ്കത്തറ കുഞ്ഞൂട്ടി ഹാജി, എടക്കര ചക്കുമ്പുറത്ത് ആലിക്കുട്ടി, കൂറ്റൻപാറ പുതിയറക്കൽ ഉണ്ണിത്തറി, കാളികാവ് കോയാമു ഹാജി എന്നിവർ അധികാരമേറ്റു. ഇരുമതസ്ഥരുടേയും സംയുക്തപ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്തേക്ക് അമുസ്ലിങ്ങളായ ആരും എത്താതിരുന്നതിന്റെ കാരണം ഗ്രന്ഥകാരൻ വിശദീകരിക്കുന്നില്ല.
മലബാർ പോരാട്ടം വർഗീയസമരമാണെങ്കിലും അല്ലെങ്കിലും നല്ലൊരു വിഭാഗം പോരാളികളും പ്രകടിപ്പിച്ച ധീരത വിസ്മയാവഹമായിരുന്നു. മരണഭയമില്ലാതെ ശത്രുവിനോട് അടരാടി മൃത്യുവിനെ വരിച്ച നൂറുകണക്കിന് യോദ്ധാക്കൾ ഏറനാട്ടിലെ മണ്ണിന് ത്യാഗത്തിന്റെ ശോഭയേറ്റി. എന്നാൽ നേതാക്കളിൽ മിക്കവാറും എല്ലാവരും കാണിച്ച ഭീരുത്വം ആ രക്തസാക്ഷികളുടെ യശസ്സിന് കളങ്കമാകുന്നു. സ്വന്തം പടയാളികളെ വെള്ളക്കാരുടെ സൈന്യത്തിനു മുന്നിലേക്ക് മരിക്കാനായി തള്ളിവിട്ടുകൊണ്ട് അവർ ബ്രിട്ടീഷുകാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കീഴടങ്ങുകയാണുണ്ടായത്. സമുന്നത നേതാവായ ആലി മുസലിയാർ താവളമടിച്ച തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വലയം ചെയ്ത് അദ്ദേഹത്തോട് കീഴടങ്ങാൻ ആജ്ഞാപിച്ചപ്പോൾ 'നാളെ രാവിലെ കഞ്ഞി കുടിച്ചിട്ട് പുറത്തിറങ്ങാമെന്നാണ്' ആലി മുസലിയാർ പറയുന്നത് (പേജ് 122). പറഞ്ഞതുപോലെ അദ്ദേഹം കീഴടങ്ങിയെങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. വാരിയംകുന്നൻ പോലും ഇരുപത് പോരാളികളോടൊപ്പം കീഴടങ്ങിയതാണെങ്കിലും നിസ്‌കാരത്തിനിടെ ചതിയിൽ പിടിച്ചതാണെന്നാണ് ജാഫറിന്റെ അവകാശവാദം. അദ്ദേഹത്തെ പിന്നീട് പരസ്യമായി വെടിവെച്ചുകൊല്ലുകയാണുണ്ടായത്. ചെമ്പ്രശ്ശേരി തങ്ങളും കീഴടങ്ങി. വാരിയംകുന്നന്റെ പിതാവ് ചക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയും കീഴടങ്ങലിന്റെ പാത പിന്തുടർന്നയാളാണ്. 1894-ൽ മണ്ണാർക്കാട്ടുവെച്ചു നടന്ന പോരാട്ടത്തിൽ കൂടെയുണ്ടായിരുന്ന 34-ൽ 32 പേരും വീരമൃത്യു വരിച്ചതോടെ മൊയ്തീൻകുട്ടി ഹാജി തിരുവിതാംകൂറിലെ ഈരാറ്റുപേട്ടയിലേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു ബ്രിട്ടീഷ് ചാരൻ വേഷം മാറി അവിടെയെത്തുകയും ഏറനാട്ടിലെ പ്രശ്നങ്ങൾ അവസാനിച്ചതായി അദ്ദേഹത്തെ വിശ്വസിപ്പിച്ച് മലബാറിലെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് പുസ്തകത്തിൽ കാണുന്നത്. 1902-ൽ ഹാജിയെ ആൻഡമാനിലേക്ക് നാടുകടത്തി.
മറ്റു സമൂഹങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്നൊരു വിഭാഗീയ അജണ്ട ഗ്രന്ഥകാരൻ ഉടനീളം വെച്ചുപുലർത്തുന്നു. മുസ്ലിം കലാപകാരികൾ ആക്രമിച്ചത് സവർണരെ മാത്രമാണെന്ന വ്യാജപ്രചാരണത്തിലൂടെ ജാതിവ്യത്യാസങ്ങൾ പെരുപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നുകാണാം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ദളിത് എന്നീ വിഭാഗങ്ങളെ തുടർച്ചയായി ചൂണ്ടിക്കാണിക്കുന്നതുവഴി ദളിതർ ഒരു പ്രത്യേക മതവിഭാഗമാണെന്ന സൂചന നൽകുന്നു. പാകിസ്ഥാൻ വാദത്തിനിടെ മുസ്ലിം ലീഗ് പയറ്റിക്കൊണ്ടിരുന്ന പഴയ തന്ത്രങ്ങൾ തന്നെയാണിവ. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ വെള്ളക്കാരെയാണ് പിന്തുണച്ചിരുന്നതെന്ന വിചിത്രവും നീചവുമായ വാദവും ജാഫർ ഉയർത്തുന്നുണ്ട്. ദിവാൻ തോമസ് മൺറോ 1812-ൽ തിരുവിതാംകൂറിലെ ക്ഷേത്രഭൂമികൾ സർക്കാരിനുവേണ്ടി ഏറ്റെടുത്തപ്പോൾ കുടിയാന്മാരെ ഒഴിപ്പിക്കാതിരുന്നത് അവർ ക്രിസ്ത്യാനികൾ ആയിരുന്നതിനാലത്രേ (പേജ് 35). എല്ലാ ജന്മിമാരും അടിയാളന്മാരുടെ അവകാശങ്ങൾ കവർന്നിരുന്നില്ലെന്നും മുസ്ലിം ജന്മിമാർ കർഷക അവകാശങ്ങൾ സംരക്ഷിച്ചിരുന്നുവെന്നും ജാഫർ പറഞ്ഞുവെക്കുന്നു. നിർബന്ധിത മതംമാറ്റം വ്യാപകമായി നടന്നിരുന്നു എന്ന നിഷേധിക്കാനാവാത്ത വസ്തുതയെ മറികടക്കാൻ ലേഖകൻ പറയുന്നത് ബ്രിട്ടീഷ് പോലീസുകാർ വേഷം മാറി പോരാളികളോടൊപ്പം കൂടി മതംമാറ്റത്തിന് നേതൃത്വം കൊടുത്തു എന്നാണ് (പേജ് 133).
ചരിത്രപരമായി തരിമ്പും സത്യസന്ധത പുലർത്താത്ത ഇങ്ങനെയൊരു കൃതി ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചു എന്നത് ആ സ്ഥാപനത്തിന്റെ നിലവാരത്തകർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇ.എം.എസ്, കെ. കെ. എൻ കുറുപ്പ് എന്നീ ഇടതുപക്ഷ ചിന്തകർ പാർട്ടി താല്പര്യങ്ങൾ സംരക്ഷിക്കാനായി നിരത്തിയ വാദങ്ങളാണ് തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനമായി ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നത്. കലാപകാരികൾ പോർക്കളത്തിലിറക്കിയത് ഇന്ത്യൻ ദേശീയതയുടെ വികാരമായിരുന്നു (പേജ് 71) എന്നും മറ്റുമുള്ള ശുദ്ധ അസത്യങ്ങൾ പലയിടത്തും മുഴച്ചുനിൽക്കുന്നു. ലേഖകന്റെ മൗനങ്ങൾ പോലും കപടതന്ത്രത്തിന്റെ ഭാഗമാണ്. ഖിലാഫത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നു, കലാപകാരികൾ ജിഹാദ് പ്രഖ്യാപിച്ചതെന്തിന്, നിലമ്പൂർ രാജ്യത്ത് ശരിയത്ത് നിയമങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നോ എന്നൊക്കെയുള്ള സ്വാഭാവിക ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്നില്ല. സത്യം പറയാനുള്ള മടിയായിരിക്കാം കാരണം!
പുസ്തകം ശുപാർശ ചെയ്യുന്നു.
No comments:
Post a Comment