Monday, March 22, 2021

മാമാങ്കം - ചാവേറുകളുടെ ചരിത്രം

സ്വന്തം നാടിനുവേണ്ടി, അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി, ശത്രുവിനോടേറ്റുമുട്ടി മരണം വരിക്കുന്നത് പരമമായ ധീരതയുടെ ദൃഷ്ടാന്തമായാണ് ലോകമെങ്ങും കരുതിവരുന്നത്. എന്നാൽ നൂറ്റാണ്ടുകളായി രക്തരൂഷിതമായ യുദ്ധങ്ങൾ അധികമൊന്നും നടന്നിട്ടില്ലാത്ത കൊച്ചുകേരളത്തിലും ഈ ക്ഷാത്രവീര്യം തെളിഞ്ഞുകത്തിയ നിരവധി അവസരങ്ങളുണ്ടായിരുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കേരളത്തിലെ നാടുവാഴികൾ ഒത്തുചേർന്നിരുന്ന മഹോത്സവമായിരുന്നു ഭാരതപ്പുഴയുടെ തീരമായ തിരുനാവായയിൽ കൊണ്ടാടിയിരുന്ന മാമാങ്കമഹോത്സവം. ചടങ്ങുകളുടെ രക്ഷാപുരുഷനായിരുന്ന വള്ളുവക്കോനാതിരിയെന്ന വള്ളുവനാട് രാജാവിന് ക്രമേണ രാജ്യാധികാരം കോഴിക്കോട് രാജാവായിരുന്ന സാമൂതിരിക്ക് അടിയറ വെക്കേണ്ടിവന്നു. അതോടെ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനവും ആചാരപരമായി 'നിലപാട് നിൽക്കുന്നതിനുമുള്ള' അവകാശം സാമൂതിരിക്കായി. ഇത് വള്ളുവനാട്ട് രാജാവിന്റെ വിശ്വസ്തസേവകർക്ക് സഹിക്കാനായില്ല. ശക്തമായ സുരക്ഷാസൈന്യത്തിനു നടുവിൽ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയെ വധിച്ച് ആ പദവി തങ്ങളുടെ യജമാനനിൽ തിരിച്ചേൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യോദ്ധാക്കളായിരുന്നു ചാവേറുകൾ. ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും പോരിനിറങ്ങിയ അവരെല്ലാവരും സാമൂതിരിയുടെ അംഗരക്ഷകരുടെ വാൾത്തലയ്ക്കൽ സ്വന്തം ജീവിതം ഹോമിച്ചു. ഈ നിസ്വാർത്ഥത്യാഗത്തിന്റെ സ്മരണകളും വീരഗാനങ്ങളും മാമാങ്കത്തെ വർണോജ്വലമാക്കി. ആ സംഭവപരമ്പരകളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്. കോഴിക്കോട് സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനായ വി. വി. ഹരിദാസ് നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്.

ചാവേറുകളുടെ ജീവത്യാഗത്തിലുള്ള ഊന്നൽ നിമിത്തം ഉത്സവത്തിന്റെ മറ്റുവശങ്ങളും സാമൂതിരിക്കും മറ്റു നാടുവാഴികൾക്കും അതിലുള്ള പങ്കും സവിശേഷശ്രദ്ധയാകർഷിച്ചിട്ടില്ല. ഗോത്രപരമായ ശത്രുതയായിരുന്നു ചാവേറുകളെ നയിച്ചിരുന്നതെന്നും നമുക്കൂഹിക്കാം. സാമൂതിരിയെ ഒരിക്കൽ വധിക്കാൻ സാധിച്ചാൽപ്പോലും നിലപാട് നിൽക്കുന്നതിനുള്ള അവകാശം രാജ്യാധിപത്യം നഷ്ടപ്പെട്ട വള്ളുവക്കോന് എങ്ങനെ സ്വായത്തമാകാനാണ്? വിദേശ സഞ്ചാരികളുടെ വിവരണങ്ങളും ചാവേറുകളെക്കുറിച്ചുള്ള വീരഗാഥകളും സാമൂതിരിയുടെ കൊട്ടാരം രേഖയായ കോഴിക്കോടൻ ഗ്രന്ഥവരിയുമാണ് മാമാങ്കത്തെക്കുറിച്ച് അറിവുകൾ ലഭിക്കാൻ വിദഗ്ദ്ധർ ആശ്രയിക്കുന്ന പ്രമാണങ്ങൾ. ഈ ഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് കോഴിക്കോടൻ ഗ്രന്ഥവരിയാണ്. സഞ്ചാരികളുടെ വിവരണങ്ങളിൽ ചിലത് വളരെ അതിശയോക്തിപരമാണ്. പന്ത്രണ്ടു വർഷം കൂടുമ്പോൾ രാജാവിനെ ആചാരപരമായി വധിക്കുന്ന ചടങ്ങാണ് മാമാങ്കമെന്നാണ് അലക്സാണ്ടർ ഹാമിൽട്ടനെപ്പോലുള്ള യൂറോപ്യൻമാർ കേട്ടുകേൾവി മാത്രം ആധാരമാക്കി എഴുതിവെച്ചിരിക്കുന്നത്. ഒരു സാമൂതിരി രാജാവും ചാവേറുകളുടെ കയ്യാൽ വധിക്കപ്പെട്ടിട്ടില്ല. പ്രധാനമായും നാല് ചാവേർ തറവാടുകളാണ് വള്ളുവനാട്ടിൽ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ ആൺകുട്ടികൾ ജനിച്ചാൽ കുട്ടിയെ കൊണ്ടുപോയി ചാവേർത്തറമേൽ കിടത്തുന്നതുമുതൽ തുടങ്ങി അവനെ ജീവത്യാഗത്തിന് മാനസികമായി തയ്യാറെടുപ്പിക്കുന്നു. ചാവേർ ഗാഥകളായ കണ്ടർ മേനോൻ പാട്ടും ചെങ്ങഴി നമ്പ്യാർ പാട്ടും ഇതിൽ വിവരിക്കുന്നുണ്ട്. ഈ പാട്ടുകളുടെ പൂർണരൂപം അനുബന്ധമായും നൽകിയിരിക്കുന്നു.

മാമാങ്കം എന്നാണ് തുടങ്ങിയതെന്ന വിവരങ്ങൾ ഇന്നു ലഭ്യമല്ല. കോഴിക്കോടൻ ഗ്രന്ഥവരിയിലെ വിവരങ്ങൾ പോലും പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലേതു മാത്രമേയുള്ളൂ. 1755-ലാണ് അവസാനമായി മാമാങ്കം നടന്നത്. 1766-ൽ മൈസൂർ സുൽത്താൻ ഹൈദരാലിയുടെ ആക്രമണത്തെത്തുടർന്ന് 1767-ൽ നടക്കേണ്ടിയിരുന്ന ഉത്സവം നടന്നില്ല. സാമൂതിരി വംശത്തിന് അധികാരം നഷ്ടപ്പെട്ടതിനാൽ പിന്നീടൊരിക്കലും അതു നടന്നതുമില്ല. പന്ത്രണ്ടുവർഷത്തെ ഇടവേള പോലും ചിലപ്പോഴൊക്കെ പാലിക്കപ്പെട്ടിരുന്നില്ല എന്നതിനുദാഹരണം ഈ കൃതിയിലുണ്ട്. കൊച്ചി രാജാവുമായുണ്ടായ ഒരു സംഘർഷത്തെത്തുടർന്ന് ഒരു വർഷം നടക്കേണ്ടിയിരുന്ന മാമാങ്കം ഉപേക്ഷിക്കുകയും തൊട്ടടുത്ത വർഷം കൊണ്ടാടുകയും ചെയ്തുവത്രേ. മൂന്നര നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഉത്സവചടങ്ങുകളെയും അവയിലെ സാധാരണ ജനങ്ങളുടെ പങ്കാളിത്തത്തേയും കുറിച്ചുള്ള കൗതുകകരമായ അറിവുകളും നമുക്കിവിടെ ലഭിക്കുന്നു. ആക്രമണത്തിനിറങ്ങുന്നതിനു മുമ്പ് ചാവേറുകൾ ഉത്സവപ്രദർശനങ്ങൾ കാണുന്നതും വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന പഴം, അവിൽ, അലുവ, നൂലപ്പം എന്നീ ഭക്ഷണസാധനങ്ങൾ കഴിക്കുന്നതും കേരളത്തിലെ ഉത്സവങ്ങളുടെ സാമൂഹ്യപരമായ തുടർച്ച നിലനിർത്തപ്പെടുന്നതിനെ സൂചിപ്പിക്കുന്നു.

കേരളത്തിലെ ചരിത്രപഠനരംഗം ഇടതുപക്ഷ ചരിത്രകാരന്മാർ കയ്യടക്കിവെച്ചിരിക്കുന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇതിലുണ്ട്. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച് നിരവധി ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന ചരിത്രസത്യത്തെ വെള്ളപൂശാൻ ഇക്കൂട്ടർ കയ്യിൽ കിട്ടുന്നതെന്തും എടുത്തുപയോഗിക്കും. പിൻവാതിലിലൂടെയും അല്ലാതെയും തന്ത്രപ്രധാനമായ ഉദ്യോഗങ്ങളിലെല്ലാം പാർട്ടിദാസന്മാരെ കുത്തിനിറക്കുന്നത് ചുമ്മാതല്ലല്ലോ. 1634-ലെ തൈപ്പൂയത്തോടനുബന്ധിച്ച് വള്ളുവക്കോനാതിരി തിരുനാവായ തേവരുടെ 'വിളക്കും ചിലവും' നശിപ്പിച്ചതായി ഗ്രന്ഥവരിയിൽ പരാമർശിക്കുന്നു. ഉത്സവത്തിന്റെ നടത്തിപ്പിനായുള്ള നിലങ്ങളിലെ കൃഷി നശിപ്പിച്ചതാണോ, വാച്യാർത്ഥത്തിൽത്തന്നെ ക്ഷേത്രത്തിലെ വിളക്ക് നശിപ്പിച്ചതാണോ എന്നൊന്നും വ്യക്തമല്ലെന്ന് ഗ്രന്ഥകാരൻ തന്നെ സമ്മതിക്കുന്നു. എങ്കിലും തുടർന്നദ്ദേഹം കെട്ടിയുയർത്തുന്ന സിദ്ധാന്തം പ്രത്യയശാസ്ത്രപരമായ അടിമത്തത്തെ സൂചിപ്പിക്കുന്നതാണ്. 'രാഷ്ട്രീയാധികാരഭിന്നത ആരാധനാലയത്തിനുമേലുള്ള അതിക്രമത്തിലേക്കു നയിച്ചതിന്റെ തെളിവാണിതെന്നും മദ്ധ്യകാല കേരളത്തിലെ നാടുവാഴികൾ ക്ഷേത്രസംരക്ഷകർ ആയിരിക്കുമ്പോൾത്തന്നെ എതിരാളിയുടെ ക്ഷേത്രധ്വംസനത്തിനും മടിച്ചിരുന്നില്ലെന്ന് ഇതു വ്യക്തമാക്കുന്നു'വെന്നുമാണ് ഹരിദാസിന്റെ അവകാശവാദം (പേജ് 79). ക്ഷേത്രധ്വംസനത്തിനുള്ള കുത്തകാവകാശം ടിപ്പു സുൽത്താന് ചാർത്തിക്കൊടുക്കുന്നത് ശരിയല്ലെന്നും ക്ഷേത്രധ്വംസനം മതപരമെന്നതിനേക്കാൾ രാഷ്ട്രീയമാണെന്നും അദ്ദേഹം വാദിക്കുന്നു. മതഭ്രാന്ത് മൂക്കുമ്പോൾ നടത്തുന്ന പരമതഹിംസയെപ്പോലും വെള്ളപൂശുന്ന, വാലാട്ടികളായ ചരിത്രപണ്ഡിതന്മാരാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഇന്ത്യയിലെ മുതൽക്കൂട്ട്.

പ്രധാനമായും കോഴിക്കോടൻ ഗ്രന്ഥവരിയെ മാത്രം ആശ്രയിക്കുന്ന ഈ കൃതി ഒരു ഉത്തമമായ വായനാനുഭവം നൽകുന്നില്ല. പലപ്പോഴും ഒരു ഹാൻഡ്‌ബുക് പോലെയാണ് ഇതനുഭവപ്പെടുന്നത്. ഉറച്ച ഘടനയോ തുടർച്ചയുള്ള ആഖ്യാനശൈലിയോ ഇതിൽ കണികാണാൻ പോലും കിട്ടില്ല. ആവർത്തിക്കുന്ന വിവരണങ്ങളും ഇതിന്റെ വായനാക്ഷമതയ്ക്ക് കോട്ടമേൽപ്പിക്കുന്നു.

ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Mamankam - Chaverukalude Charithram' by V V Haridas
DC Books, 2019
ISBN: 9789353900724
Pages: 144

No comments:

Post a Comment