ശ്രീ. എം. കെ. സാനു രചിച്ച 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന കുമാരനാശാന്റെ ജീവചരിത്രം മുൻപൊരിക്കൽ ഇവിടെ നിരൂപണം ചെയ്തിരുന്നു. വളരെയധികം പുസ്തകങ്ങളും പത്രക്കുറിപ്പുകളും അവലംബമാക്കി തയ്യാറാക്കിയതായിരുന്നെങ്കിലും ആ ഗ്രന്ഥം പൊതുവെ നിർജീവമായിരുന്നു. മഹാകവിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിച്ചു കടന്നുപോയെന്നല്ലാതെ ആ ജീവിതത്തിൽ അവ എന്തു ചലനങ്ങളാണുണ്ടാക്കിയതെന്ന് നിരീക്ഷിക്കാനോ ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ വിലയിരുത്താനോ സാനു ശ്രമിച്ചില്ല. കണ്ടെത്തിയ വസ്തുതകൾ യാന്ത്രികമായി വർണ്ണിക്കുന്ന ഒരു പത്രറിപ്പോർട്ടറായാണ് അദ്ദേഹം ആ കൃതിയിൽ പ്രവർത്തിച്ചത്. കവിയുടെ ജീവിതകാലവുമായുള്ള ദീർഘമായ അകലമാണ് അതിനു കാരണമെന്നു കരുതിയാണ് ഈ പുസ്തകം തെരഞ്ഞെടുത്തത്. 1958-ൽ രചിച്ച ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോൾ ആശാന്റെ അപകടമരണം കഴിഞ്ഞ് 34 വർഷമേ ആയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന ഒട്ടുവളരെ ആളുകളെ നേരിൽ കാണാനും സംസാരിക്കാനും ഈ ഗ്രന്ഥകാരന് സാധിച്ചിരുന്നു. ആ അവസരം അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണ് തുടർന്നു പറയാൻ പോകുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവചരിത്രക്കുറിപ്പ് പുസ്തകത്തിലും ഇന്റർനെറ്റിലും ലഭ്യമല്ല.
ആശാന്റെ ബാല്യ-യൗവ്വനകാലങ്ങളും അപ്പോഴത്തെ സാഹിത്യരചനാശ്രമങ്ങളും വളരെ വിശദമായിത്തന്നെ കേശവൻ വിവരിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ചില കവിതകൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. വക്കത്ത് 'വേലായുധൻ നടയിൽ' താമസിച്ച് കുട്ടികളെ സംസ്കൃതം വായിപ്പിക്കുകയും വിശ്രമവേളകളിൽ വന്നുകൂടുന്ന ഭക്തന്മാർക്ക് പുരാണഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതിനാലാണ് ആശാൻ എന്ന പേര് സ്ഥിരമായി അദ്ദേഹത്തിന് പതിഞ്ഞുകിട്ടിയത്. നിത്യഭജനത്തിനായി അക്കാലത്തുരചിച്ച സുബ്രമണ്യപഞ്ചകം എന്ന പദ്യം വളരെ പ്രസിദ്ധമാണ്. ആശാൻ ചെറുപ്പത്തിൽ ശൃംഗാരകവിതകൾ എഴുതിയിരുന്നു എന്നാണ് കേശവൻ അഭിപ്രായപ്പെടുന്നത്. അത്തരം ചില കവിതകൾ ഇപ്പോഴും ഹൃദിസ്ഥമായ ചില ബാല്യകാലസുഹൃത്തുക്കൾ ഉണ്ടത്രേ! എന്നാൽ സാനു ഇത് ശക്തിയായി നിഷേധിക്കുകയാണ് ചെയ്തിരുന്നത്. നാരായണഗുരു ശൃംഗാരകവിതകൾ എഴുതരുത് എന്ന് ആശാനെ ഉപദേശിച്ചത് ഒരു പൊതുതത്വം എന്ന നിലയ്ക്കുമാത്രമാണെന്നും ആശാന്റെ നിലവിലെ ശൈലി മാറ്റണം എന്ന അർത്ഥത്തിലല്ലെന്നുമാണ് സാനു ആ കൃതിയിൽ വാദിച്ചിരുന്നത്. സാഹചര്യവും സാധ്യതകളും പരിശോധിച്ചാൽ കേശവന്റെ അഭിപ്രായമാണ് ശരിയാകാൻ കൂടുതൽ സാംഗത്യം.
ശ്രീനാരായണ ധർമ്മപരിപാലന യോഗം ഇന്ന് അവസരവാദികളും ആർജ്ജവമില്ലാത്തവരും അഴിമതിയിൽ മുങ്ങിയിരിക്കുന്നവരുമായ നേതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു ജാതിസംഘടനയായി മാറിക്കഴിഞ്ഞു. കേരളീയ സമൂഹത്തിൽ അതിന്റെ ഇടപെടൽ ശേഷി ഇന്ന് പൂജ്യമാണ്. എന്നാൽ ആശാന്റെ നേതൃത്വത്തിനുകീഴിൽ ആ സംഘടന പല മേഖലകളിലും രാജ്യത്തിനാകെ മാർഗ്ഗദർശിത്വമേകുന്ന നയങ്ങൾ പിന്തുടർന്നിരുന്നു. കേരളം മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട യോഗത്തിന്റെ നാലാം വാർഷികം മലബാറിലെ കണ്ണൂരിൽ വെച്ചാണ് നടത്തപ്പെട്ടത്. ഐക്യകേരളസങ്കല്പം അന്നുതന്നെ മനീഷികളുടെ മനസ്സുകളിൽ വിടർന്നിരുന്നു എന്നർത്ഥം. സ്വജനങ്ങളുടെ ഇടയിൽ മാത്രമല്ല, മലയാളക്കരയിലാകെ വ്യവസായാഭിവൃദ്ധിക്കുള്ള കഴിവുകൾ വർദ്ധിപ്പിക്കുക എന്നതും യോഗത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. വ്യവസായവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിന് യോഗത്തിന്റെ വാർഷിക സമ്മേളനങ്ങളോടനുബന്ധിച്ച് വ്യവസായപ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. കുറഞ്ഞ കൂലിയുള്ള തൊഴിലുകൾ ഉപേക്ഷിച്ച് തുണിനെയ്ത്ത് മുതലായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. ഗാന്ധിയുടെ ഖാദി പ്രസ്ഥാനം രൂപം കൊള്ളുന്നതിനും വളരെ മുൻപായിരുന്നു ഇതെന്നോർക്കണം. നാരായണഗുരുവിനെ ഹിന്ദുമതോദ്ധാരകനും, സമുദായപരിഷ്കർത്താവും, ശങ്കരൻ, മാദ്ധ്വൻ, രാമാനുജൻ എന്നിവരുൾക്കൊള്ളുന്ന ആചാര്യശ്രേണിയിലെ ഒരു ആദ്ധ്യാത്മികഗുരുവായും അന്നത്തെ പ്രസ്ഥാനം ഉൾക്കൊണ്ടു.
മലയാളഭാഷയുടെ രൂപമാറ്റഘട്ടത്തിലാണ് ആശാന്റെ കൃതികൾ പരിഷ്കാരങ്ങളുടെ ഗതിവേഗം കൂട്ടുന്ന ഉൽപ്രേരകശക്തിയായി മാറിയത്. ഖണ്ഡകാവ്യത്തിന് പ്രസ്ഥാനമെന്ന നിലയിൽ ഭാഷയിൽ വാഴ്ച കിട്ടിയത് ആശാന്റെ കവിതകളിലൂടെയാണ്. അവയെല്ലാം ഖണ്ഡകാവ്യങ്ങളായിരുന്നുവെന്നു മാത്രമല്ല, കാല-ദേശ പരിതസ്ഥിതികൾക്ക് യോജിക്കാത്തവയാണ് മഹാകാവ്യങ്ങൾ എന്നായിരുന്നു ആശാന്റെ ശക്തമായ അഭിപ്രായം. സാഹിത്യത്തിൽ പുതിയ പാതകളും പുതിയ രുചികളും വേരുറപ്പിച്ചുതുടങ്ങിയ നിർണായകഘട്ടത്തെ ഈ പുസ്തകം കാണിച്ചുതരുന്നു. ദ്വിതീയാക്ഷരപ്രാസത്തിന്റെ ആവശ്യകതയെച്ചൊല്ലി സാഹിത്യകാരന്മാർ സംഘം തിരിഞ്ഞ് അങ്കം വെട്ടി. പ്രാസത്തിന്റെ ശബ്ദസൗകുമാര്യത്തെ യാഥാസ്ഥിതികർ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ കൊണ്ടാടിയപ്പോൾ പ്രാസത്തെക്കാൾ പ്രധാനം അർത്ഥസമ്പുഷ്ടിയാണെന്ന് പുരോഗമനവാദികൾ അദ്ദേഹത്തിന്റെ അനന്തിരവൻ ഏ. ആർ. രാജരാജവർമ്മയുടെ കാർമ്മികത്വത്തിൽ വാദിച്ചു. ഒടുവിൽ പ്രാസവിവാദം യാഥാസ്ഥിതികരുടെ മേൽ ഉല്പതിഷ്ണുക്കൾ നേടിയ വിജയമായി വിലയിരുത്തപ്പെട്ടു.
ആശാന്റെ രചനാലോകത്തെ കേശവൻ ജാഗ്രതയോടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. കൃതികളിൽനിന്ന് ഉദാരമായ ഉദ്ധരണികളും ആ വിശദീകരണങ്ങൾക്ക് അകമ്പടി സേവിക്കുന്നു. ആശാന്റെ അപകടമരണം മലയാളഭാഷയ്ക്ക് വരുത്തിവെച്ച ഏറ്റവും വലിയ നഷ്ടം പൂർത്തിയാക്കാതെപോയ ശ്രീബുദ്ധചരിതം എന്ന ഉത്തമഗ്രന്ഥമാണ്. എഡ്വിൻ ആർനോൾഡിന്റെ The Light of Asia എന്ന മഹദ്‌കൃതിയുടെ സ്വതന്ത്ര തർജ്ജമയായിരുന്നു ഇത്. ആകെയുള്ള എട്ടിൽ അഞ്ചു കാണ്ഡങ്ങളുടെ ഭാഷാന്തരീകരണം പൂർത്തിയാക്കപ്പെട്ടിരുന്നു. അഞ്ചാം കാണ്ഡമാണ് മഹാകവിയുടെ അവസാനത്തെ രചന. അതിന്റെ നനഞ്ഞുകുതിർന്ന കയ്യെഴുത്തുപ്രതി അദ്ദേഹത്തിന്റെ മൃതദേഹത്തിനൊപ്പമാണ് കണ്ടുകിട്ടിയത്. ഭാഷയിൽ പുതിയതായി രചിക്കപ്പെടുന്ന മഹാകാവ്യങ്ങളെ ആശാൻ നിശിതമായി വിമർശിച്ചു. ഉത്സവപ്പറമ്പുകളിൽ വളരെ ബുദ്ധിമുട്ടി അരങ്ങേറ്റുന്ന ബ്രഹ്‌മാണ്ഡസമാനമായ കെട്ടുകുതിരയോടാണ് അദ്ദേഹം അവയെ ഉപമിച്ചത്. ചിത്രയോഗമെന്ന മഹാകാവ്യത്തിൽ വള്ളത്തോളിന്റെ ഉദ്യമം വിഫലമെന്ന് ആക്ഷേപിച്ചതുകൂടാതെ അതിന്റെ രചനാശൈലിയേയും പദശുദ്ധിയേയും പോലും മോശമെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. അതിൽ മനോഹരമായ ആശയങ്ങൾ അടങ്ങിയ പദ്യങ്ങളെല്ലാം നേരെ അല്ലെങ്കിൽ വളഞ്ഞ വഴിക്ക് സംസ്കൃതമഹാകവികളുടെ വകയാണെന്നും ആരോപണമുയർത്തുന്നു. വള്ളത്തോൾ ഇതിനോട് പ്രതികരിച്ചതായി സൂചനയില്ല. എങ്കിലും ആശാന്റെ 'പ്രരോദന'ത്തിന് ഒരു ഖണ്ഡനനിരൂപണത്തിലൂടെ വള്ളത്തോൾ മറുപടി പറഞ്ഞതുകാണുമ്പോൾ അദ്ദേഹത്തിന്റെ അതൃപ്തിയും നീരസവും വായനക്കാർക്കു ബോദ്ധ്യമാകും.
ആശാന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളും വിശദമായി പരാമർശിക്കുന്ന ഈ ഗ്രന്ഥം അദ്ദേഹം അധികാരസ്ഥാനങ്ങളോട് ഒരിക്കലും ഏറ്റുമുട്ടലിന് മുതിർന്നില്ല എന്ന കാര്യവും വ്യക്തമാക്കുന്നു. ദിവാനെ അദ്ദേഹം വിമർശിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം സ്ഥായിയായ താളം അപേക്ഷയുടേയും അഭ്യർത്ഥനയുടേയും നിവേദനത്തിന്റേതുമായിരുന്നു. പരിഷ്‌കാരങ്ങൾ ഘട്ടം ഘട്ടമായേ നടപ്പാക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ടി. കെ. മാധവനെപ്പോലുള്ളവർ ക്ഷേത്രപ്രവേശനം ഉടൻ വേണമെന്നു വാദിച്ചപ്പോൾ 'ക്ഷേത്രങ്ങളുടെ മതിലുകൾക്കു ചുറ്റും നടക്കുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ മതി' എന്ന ആശാന്റെ അഭിപ്രായം കടുത്ത വിമർശനത്തിനു പാത്രമായി. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹം അക്കാലത്ത് ആരും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോൺഗ്രസ് പോലും ബ്രിട്ടീഷ് രാജാവിനുകീഴിൽ ഡൊമിനിയൻ പദവി വേണമെന്നേ വാദിച്ചിരുന്നുള്ളൂ. ഭാരതം സന്ദർശിച്ച ബ്രിട്ടീഷ് കിരീടാവകാശിയിൽനിന്ന് ആശാൻ പട്ടും വളയും സ്വീകരിച്ചത് ഇ.എം.എസ്സിനെപ്പോലുള്ള ആധുനിക ഇടതുപക്ഷക്കാർ ആക്ഷേപകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെന്ന രാജ്യത്തിന് സ്വയംഭരണം വേണമെന്നുള്ള യാതൊരാവശ്യവും അന്ന് തിരുവിതാംകൂറിൽ മുഴങ്ങിയിരുന്നില്ല. മാത്രവുമല്ല, സാമുദായികവും മതപരവും വിദ്യാഭ്യാസപരവുമായ അവശതകൾ അനുഭവിച്ചിരുന്ന ബഹുസഹസ്രം അവശജനങ്ങളുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള നില ആശാനെ അസ്വസ്ഥനാക്കിയിരുന്നു. സർക്കാർ വിദ്യാലയങ്ങളിലോ ഓഫീസുകളിലോ പ്രവേശനം നൽകാതിരിക്കുക, പൊതുവഴികളിലൂടെ നടക്കാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ ജാതീയ അനാചാരങ്ങൾ നാട്ടിൽ കൊടികുത്തിവാഴുമ്പോൾ അധഃകൃതർ തങ്ങളെ അടിച്ചമർത്തിവെച്ചവരുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ? ആശാൻ പാടി,
എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?
എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം?
മഹാകവിയുടെ ആദ്യകാലകവിതകൾ കണ്ടെത്താൻ തീവ്രപരിശ്രമം നടത്തുകയും അതിൽ കുറെയൊക്കെ വിജയവും നേടാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. ആശാന്റെ വിദ്യാഭ്യാസകാലത്തു രചിച്ച വള്ളീവിവാഹം, സുബ്രഹ്മണ്യശതകം എന്നീ കാവ്യങ്ങളിൽനിന്നുള്ള ഉദ്ധരണികൾ സഹപാഠികളുടെ ഓർമ്മയിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്. എന്നാൽ ഉഷാകല്യാണം എന്ന നാടകത്തിന്റെ കയ്യെഴുത്തുപ്രതി പൂർണമായും നഷ്ടപ്പെട്ടുപോവുകയും ചെയ്തു. ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും നീണ്ട ഉദ്ധരണികൾ ഈ കൃതിയുടെ വായനാക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. അനുമോദനപ്രസംഗങ്ങൾ പോലും അതേപടി ചേർത്തിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ കണ്ണൂർ വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വ്യാവസായികപ്രദർശനത്തിന്റെ സ്റ്റാളുകൾ തോറുമുള്ള ദൃക്‌സാക്ഷിവിവരണം ഈ ഗ്രന്ഥത്തിന്റെ പരാമർശവിഷയവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. ആശാന്റെ വിവാഹത്തെക്കുറിച്ചോ 'ദുരവസ്ഥ' എന്ന കൃതിക്കെതിരെ ഉയർന്ന ഭീഷണികളെക്കുറിച്ചോ ഒരു പരാമർശവുമില്ല. വാമൊഴികളും ഇന്നയാൾ പറഞ്ഞതാണെന്ന സാക്ഷ്യപ്പെടുത്തലോടുകൂടിയ വിവരണവും പലപ്പോഴും പത്രറിപ്പോർട്ടിന്റെ നിലവാരത്തിലേക്കു താഴുന്നു. ശരിയായ ഒരു ഘടനയും ഈ പുസ്തകത്തിനില്ല. ലഭ്യമായ സൂചനകളും ലേഖനങ്ങളും മുറിച്ചും കൂട്ടിച്ചേർത്തുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എം. കെ. സാനുവിന്റെ ഗ്രന്ഥവും ഏറെക്കുറെ ഈ ശൈലിയിൽത്തന്നെയാണ് നിലനിൽക്കുന്നത്. ആശാന്റെ ലക്ഷണമൊത്ത ഒരു ജീവചരിത്രം എന്നു പുറത്തുവരുമെന്ന് ഭാഷാസ്നേഹികൾ ഇന്നും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതുകൊണ്ടാണ്. യോഗത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ആശാനെ നീക്കുന്നതിനായി ഒരു ശക്തമായ വിഭാഗം പ്രവർത്തിച്ചിരുന്നതായി ഗ്രന്ഥത്തിൽ സൂചനയുണ്ടെങ്കിലും അവരുടെ ആരോപണങ്ങൾ എന്തായിരുന്നുവെന്നോ അവയ്ക്ക് ആശാൻ എങ്ങനെ മറുപടി നൽകിയെന്നോ കാണുന്നില്ല. ഈ പുസ്തകം വെറും സ്തുതിവാക്യം (panegyric) ആയിപ്പോകുന്നത് അങ്ങനെയാണ്. മലയാളതീയതികൾ മാത്രം നൽകിയിരിക്കുന്നതും ആധുനികവായനക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നു. കാവ്യങ്ങളിൽ നിന്ന് വളരെയധികം പദ്യങ്ങൾ ചേർത്തിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Mahakavi Kumaranasan' by C. O. Kesavan
Publisher: Kerala Bhasha Institute, 2021 (First Published 1958)
ISBN: 9789390520374
Pages: 521