Saturday, January 14, 2023

മിത്ത്, ചരിത്രം, സമൂഹം

എന്താണ് ചരിത്രം എന്ന ചോദ്യത്തിന് അഭ്യസ്തവിദ്യർക്കിടയിൽപ്പോലും അഭിപ്രായൈക്യമുള്ള ഒരുത്തരം ലഭിക്കാനിടയില്ല. ഭരണാധികാരികളും അവർ നടത്തിയ യുദ്ധങ്ങളും അവരുടെ ഭരണപരിഷ്കാരങ്ങളും ഇവയൊക്കെ സംഭവിച്ച വർഷങ്ങളും ക്രമമായി കോർത്തിണക്കിയ ഒരു കഥയാണ് ചരിത്രമെന്ന പേരിൽ നാമിതുവരെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ നിലപാട് പാടേ ത്യജിച്ചുകൊണ്ട് സാമൂഹ്യ-ഉത്പാദനബന്ധങ്ങളുടെ വികാസവും ഉത്പാദനശക്തികൾ തമ്മിൽ നടന്നിട്ടുള്ള വർഗ്ഗസമരങ്ങളും മനസ്സിലാക്കിയാലേ സമൂഹത്തിലെ മാറ്റങ്ങളും പുരോഗതിയും വിലയിരുത്താനാവൂ എന്ന മാർക്സിസ്റ്റ് വീക്ഷണം പ്രകടമാക്കുന്ന ഒരു കൃതിയാണിത്. വിഖ്യാത ചരിത്രാദ്ധ്യാപകനായ രാജൻ ഗുരുക്കൾ പലപ്പോഴായി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങളും കുറിപ്പുകളും സമാഹാരമാക്കിയതാണ് ഈ പുസ്തകം. 1978 മുതൽ 2007 വരെയുള്ള കാലയളവിലാണ് ഇവയുടെ പ്രസിദ്ധീകരണം നടന്നിട്ടുള്ളത്. ചരിത്രരചനയ്ക്കുപരിയായി സമൂഹം - പ്രത്യേകിച്ചും കേരളത്തിലെ - രൂപം കൊണ്ടതെങ്ങനെയെന്നും അതിനുപകരിച്ച മിത്തുകളും വിശദമായി പ്രതിപാദിക്കുന്ന ഈ കൃതി 630 പേജുകളുമായി അൽപ്പം വലുതാണെങ്കിലും ഓരോ അദ്ധ്യായവും സ്വതന്ത്രവും ക്രമത്തിനു വിരുദ്ധമായിപ്പോലും വായിക്കാവുന്നതുമാണ്.

ഭാരതചരിത്രരചന പലപ്പോഴും പുരാണങ്ങളേയും ഭാവനാത്മക കല്പനകളേയും ആശ്രയിച്ചുനിന്നിരുന്നു. ഒരു ഹെറോഡോട്ടസോ തൂസിഡൈഡിസോ നമുക്കുണ്ടായിരുന്നില്ല എന്നതൊരു ന്യൂനതയാണ്. പക്ഷേ മേൽപ്പറഞ്ഞ യവന ചരിത്രകാരന്മാരും ഭാവനയെ ആശ്രയിച്ചിരുന്നു എന്നതാണ് സത്യം. സ്വർണം കുഴിച്ചെടുക്കുന്ന ഉറുമ്പുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നതായി അവർ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഗ്രന്ഥകർത്താവ് ഇന്ത്യയുടെ ന്യൂനതകൾ അപാരവൽക്കരിക്കുകയാണിവിടെ. മന്വന്തരത്തോളം വിപുലമായ കാലവും പതിനാലു ലോകങ്ങളോളം വിപുലമായ സ്ഥലവുമാണ് ഭാരതീയ ഭൂതകാലവീക്ഷണത്തിന്റെ മൗലിക സ്വഭാവങ്ങൾ. ഈ അവസ്ഥയിൽനിന്ന് ചരിത്രത്തെ തികച്ചും വ്യതിചലിപ്പിച്ച ആദ്യത്തെ ചരിത്രകാരൻ രാജതരംഗിണിയുടെ കർത്താവായ കൽഹണനായിരുന്നു. ആര്യാധിനിവേശത്തിന്റെ ചട്ടക്കൂടിൽ ഭാരതചരിത്രത്തെ തളച്ചിടാൻ ഗുരുക്കൾ തീവ്രമായ ശ്രമം നടത്തുന്നുണ്ട്. പക്ഷേ അപ്പോഴും ശ്രീകൃഷ്ണൻ ആര്യേതര ദേവനാണെന്നതു പോലുള്ള ചില അപ്രിയ വസ്തുതകൾ അതിനെ തകർക്കുമാറ് ഉയർന്നുവരുന്നു. ക്രി.മു. ഒൻപതാം നൂറ്റാണ്ടിൽ വരച്ചതും മിർസാപ്പൂരിൽ കണ്ടെത്തിയതുമായ രണ്ടു കുതിരകളെ പൂട്ടിയ തേരിൽ എറിയാനോങ്ങിനിൽക്കുന്ന ചക്രവുമായുള്ള ഒരു പോരാളിയുടെ ചിത്രം ആര്യനിർമ്മിതമല്ലെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വരുന്നു.

കേരളം സമുദ്രത്തിൽനിന്ന് പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണെന്ന പഴംകഥ ഇന്ന് ആരും ചരിത്രമായി സ്വീകരിക്കുന്നില്ലെങ്കിലും ചരിത്രത്തിന്റെ അംശങ്ങൾ അതിലുണ്ടായേക്കാമെന്ന വാദത്തെ പൂർണ്ണമായി തള്ളിക്കളയാനുമാവില്ല. എന്നാൽ അതുപോലും സ്വീകരിക്കാൻ പാടില്ല എന്നാണ് ഗ്രന്ഥകാരന്റെ പക്ഷം. കേരളോല്പത്തിയിലെ പരശുരാമകഥയുടെ സാരാംശത്തിൽ ചരിത്രമുണ്ടെന്ന അബദ്ധധാരണയുടെ പുറത്ത് പലരും സിദ്ധാന്തങ്ങൾ മെനഞ്ഞതായി അദ്ദേഹം ആക്ഷേപിക്കുന്നു. കേരളം സമുദ്രത്തിൽ മുങ്ങിയിരുന്നിരിക്കാം എന്നുപറഞ്ഞ ശൂരനാട് കുഞ്ഞൻപിള്ളയേയും കേരളത്തിൽ വന്ന ബ്രാഹ്മണർ സർപ്പങ്ങളെ ഭയന്ന് മടങ്ങിപ്പോയെന്നത് യഥാർത്ഥത്തിൽ നായന്മാരുടെ ശക്തിയെ പേടിച്ചിട്ടാണെന്നു വാദിച്ച നാരായണപ്പണിക്കരേയുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാൽ കേരളചരിത്രരചനയിൽ താൻ തള്ളിക്കളഞ്ഞ ന്യായവാദങ്ങൾ ഭാരതചരിത്രത്തിൽ ഒരു ജാള്യതയുമില്ലാതെ ഉപയോഗിച്ച് നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. ശ്രീകൃഷ്ണകഥയിൽ കംസകിങ്കരന്മാരായി പ്രത്യക്ഷപ്പെടുന്ന അസുരന്മാർ യാദവരുമായി ശത്രുതയിലായിരുന്ന വിവിധ ഗോത്രങ്ങളുടെ ആരാധനാമൂർത്തികളാണത്രേ. ഇതിനൊക്കെ തെളിവ് അദ്ദേഹത്തിന്റെ ഊഹം മാത്രമാണ്. വണ്ടിയായി ഉരുണ്ടുവന്ന ശകടാസുരൻ പ്രാകൃതവർത്തക സമൂഹത്തിന്റെ ദേവനാകാം എന്നൂഹിക്കുന്നു. ഉത്പാദനമേഖലകളിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ മേധാവിത്വം ഇതരസമൂഹങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന സംഘട്ടനാത്മക മാർക്സിയൻ പ്രതിഭാസം കൃഷ്ണകഥകളിൽ പ്രതിഫലിക്കുന്നതിൽ ഗുരുക്കൾ രോമാഞ്ചകഞ്ചുകിതനാവുന്നു. 'പരശുരാമനെ തേടി', 'ശ്രീകൃഷ്ണൻ: സങ്കല്പത്തിലും സമൂഹത്തിലും' എന്ന അദ്ധ്യായങ്ങൾ ഇവിടെ പരാമർശിക്കേണ്ടതാണ്.

'അവരോഹണത്തിന്റെ ചരിത്രസ്മരണ' എന്ന അദ്ധ്യായം കേരളീയസമൂഹത്തിന്റെ ഉത്ഭവം ചരിത്രാതീതകാലം തൊട്ടു തുടങ്ങുന്നതിന്റെ ഒരു വിശാലചിത്രം നൽകുന്നു. ഉദ്ദേശം 7000 വർഷങ്ങൾക്കുമുമ്പ് സഹ്യന്റെ ശിഖരങ്ങളിൽ അങ്ങിങ്ങായുള്ള പ്രകൃതിദത്തമായ പാറപ്പുരകളിൽ പ്രാകൃതമനുഷ്യരുടെ സംഘങ്ങൾ താവളമടിച്ചു. സമതലപ്രദേശങ്ങളും ഇടനാടും ഒരുപക്ഷേ അക്കാലത്ത് വെള്ളക്കെട്ടുകളോ ചതുപ്പുകളോ ആയിരുന്നിരിക്കാം. അടർത്തിയതോ പെറുക്കിയതോ ആയ വെള്ളാരങ്കല്ലുകൊണ്ട് അവർ ആയുധങ്ങൾ നിർമ്മിച്ചു. മറ്റുദേശങ്ങളിൽ അപ്പോൾ മദ്ധ്യശിലായുഗത്തിന്റെ അന്ത്യഘട്ടമായിരുന്നു. ഏതാണ്ട് 5000 വർഷം മുമ്പ് സൂക്ഷ്മശിലായുധങ്ങൾ ഉപയോഗിക്കുന്നവർ സമൂഹത്തിൽ സ്ഥാനമുറപ്പിച്ചു. താമസസ്ഥലങ്ങൾ അൽപ്പം കൂടി താഴേക്കുവന്ന് ഉയരം കുറഞ്ഞ പുൽമേടുകളും കുന്നുകളും കാട്ടുധാന്യം വിളയുന്ന മലമടക്കുകളുമൊക്കെയായി. ചില സംഘങ്ങൾ തങ്ങൾക്കാവശ്യമുള്ളതിലധികം ആയുധങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. വിനിമയബന്ധങ്ങളും ഭാഷയും അങ്ങനെ ആവിർഭവിച്ചു. 4000 വർഷങ്ങൾക്കുമുമ്പ് നവീനശിലായുധക്കാർ ആധിപത്യം നേടുന്നു. തീയുടെ ഉപയോഗവും പ്രാഥമിക കൃഷിരീതികളും സാധാരണമാവുന്നു. അപ്പോഴും സൂക്ഷ്മശിലായുധക്കാർ കൃഷിക്കാരുടെ കുടിലുകളിലൂടെ കൊണ്ടും കൊടുത്തും സഞ്ചരിച്ച് അവരോടൊപ്പം വളർന്നു. ഇങ്ങനെയുള്ള ക്രമമായ വളർച്ച വിരസതയുണ്ടാക്കിയിട്ടാണോ എന്തോ ഗുരുക്കൾ 2800 വർഷം മുമ്പ് പൊടുന്നനെ കടൽ കടന്ന് മെഡിറ്ററേനിയൻ വംശജരെ കേരളത്തിൽ എത്തിക്കുന്നു. കല്ലുരുക്കി ഇരുമ്പുണ്ടാക്കുന്ന വിദ്യ വശമുണ്ടായിരുന്ന അവരാണത്രേ ദ്രാവിഡഭാഷയുടെ ഉപജ്ഞാതാക്കൾ! ശിലായുഗം ലോഹയുഗത്തിന് വഴിമാറി. ആയുധനിർമ്മാണത്തിലൂടെ ചില ഗോത്രങ്ങൾ നേതൃസ്ഥാനത്തേക്കുയർന്നു. ഗുരുക്കൾ ദ്രാവിഡം എന്ന പദം ഭാഷാപരമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിലും കടൽ കടന്നുവന്ന മെഡിറ്ററേനിയൻ വംശക്കാരെ അവതരിപ്പിക്കുന്നതുവഴി ആ പദം മനുഷ്യവംശത്തെ സൂചിപ്പിക്കുന്നുവെന്നു വാദിക്കുന്ന ദ്രവീഡിയൻ കുത്തിത്തിരിപ്പുകാർക്ക് വൻതോതിൽ സഹായകമാകുന്നുണ്ട്. സമതലങ്ങളിലെ നീർക്കെട്ടുകളും ചതുപ്പുകളും വെള്ളം വാർത്തിക്കളഞ്ഞ് നെൽപ്പാടങ്ങളായി മാറ്റപ്പെട്ടു. വിശാലമായ നെൽപ്പാടങ്ങളുള്ള ഊരുകൾ മുഖ്യകേന്ദ്രങ്ങളായി മാറി. അവയ്ക്കുവേണ്ടി മത്സരങ്ങൾ ആരംഭിക്കുകയും ക്രമേണ ഏറെ ഊരുകളുടെ നാഥനായി ആദിചേരൻ രംഗത്തെത്തുകയും ചെയ്തു. ഈ ഗ്രാമീണകാർഷിക വ്യവസ്ഥയിലേക്കാണ് മത-ജ്യോതിഷജ്ഞാനത്തോടെ ബ്രാഹ്മണാധിനിവേശം നടന്നത്. എന്നാൽ ഇന്ന് മലയോരങ്ങളിൽ പ്രാചീന ഗോത്രസംസ്കൃതിയുടെ പിന്മുറക്കാരില്ല. ഇന്നത്തെ ആദിവാസികൾ അതിന്റെ ഫോസിലുകളുമല്ല.

'സതിയാചരണത്തിന്റെ ചരിത്രപരിസരം' എന്ന ലേഖനം വളരെ വസ്തുനിഷ്ഠവും കൃത്യമായ നിരീക്ഷണങ്ങൾ അടങ്ങുന്നതുമാണ്. സതി ഒരിക്കലും എല്ലാ വിഭാഗങ്ങളേയും ബാധിച്ചിരുന്ന ഒരു ആചാരമല്ല. വ്യാപകമായി അത് നടത്തപ്പെട്ടിരുന്നുമില്ല. 1987-ൽ രാജസ്ഥാനിൽ രൂപ് കൻവാർ എന്ന യുവതി സതി അനുഷ്ഠിച്ചത് വൻ വിവാദമായിരുന്നു. പഴയ ഒരു അനാചാരം പുനരവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത് എന്ന അടിസ്ഥാനരഹിതമായ ഒരാരോപണം ഇടതുലിബറലുകൾ അന്ന് ഉന്നയിച്ചിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ വസ്തുതകൾ കണ്ടെത്തുന്നതിൽ ഗ്രന്ഥകാരൻ ചില വിചിത്രമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. മതം, ജാതി, ദേശീയത, ഗോത്രം ഇതൊക്കെ സ്വന്തം അല്ലെങ്കിൽ അന്യം എന്ന ദ്വന്ദ്വം സൃഷ്ടിച്ച് ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നു. എന്നാൽ വസ്തുനിഷ്ഠവും സ്വാഭാവികവുമായ രീതിയിൽ സങ്കല്പിക്കാവുന്ന സ്വന്തക്കാർ മാർക്സിസ്റ്റ് വീക്ഷണത്തിലെ വർഗ്ഗാടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ മാത്രമാണ് (പേജ് 495). അതായത് വർഗ്ഗാടിസ്ഥാനത്തിൽ ഒരു കൂട്ടരെ അന്യവൽക്കരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് ഗ്രന്ഥകർത്താവിന്റെ വിചിത്രവാദം. എന്നാൽ ഇത് മതന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബാധകമല്ല. 'ഭരണതന്ത്രത്തിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ സംസ്കൃതിയുടെ മുഖ്യധാരയിൽനിന്ന് വിഘടിപ്പിക്കാൻ ഉദ്ദേശിച്ചുണ്ടാക്കിയ കപടവിദ്യയായിരുന്നു സാമുദായികപ്രാതിനിധ്യസമ്പ്രദായം' (പേജ് 237) എന്നു പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് 1909-ൽ ബ്രിട്ടീഷുകാർ മുസ്ലീങ്ങൾക്കുവേണ്ടി നടപ്പാക്കിയ പ്രത്യേക സമ്മതിദായകത്വം (separate electorates) ആണ്. എന്നാലിത് ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്തു പരിചയപ്പെടുത്തിയ ഒരു സംഗതിയല്ല. തങ്ങൾക്കിത് കിട്ടിയേ തീരൂ എന്ന മട്ടിൽ മുസ്ലിം ലീഗ് ബലംപിടിത്തത്തിലൂടെ നേടിയെടുത്തതാണെന്ന പരമാർത്ഥം ഗുരുക്കളിലെ പാർട്ടി ചരിത്രകാരൻ ബോധപൂർവം മറച്ചുവെക്കുന്നു. ഇത്തരം ചെറിയ ചെറിയ പരാമർശങ്ങൾ പലതവണ ആവർത്തിക്കുന്നതിലൂടെയാണ് ചരിത്രത്തിന്റെ അസത്യവൽക്കരണം ഇക്കൂട്ടർ സ്ഥാപിച്ചെടുക്കുന്നത്.

ഈ പുസ്തകത്തിന്റെ മാത്രമല്ല, ഇതുപോലുള്ള ഗ്രന്ഥകർത്താക്കൾ പടച്ചുവിടുന്ന സമാനജനുസ്സിലുള്ള പുസ്തകങ്ങളുടെ മൊത്തം ശാപം രചനയിൽ പ്രകടമാവുന്ന നഗ്നമായ മാർക്സിസ്റ്റ് ചായ്‌വാണ്. ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രീയക്കാർ അവരുടെ കാലുനക്കികളെക്കൊണ്ട് നിറച്ചിരിക്കുന്ന നാട്ടിൽ ഇതിൽ അസ്വാഭാവികതയൊന്നും ഇല്ല. ഗ്രന്ഥകാരൻ തന്നെ ജെ.എൻ.യു.വിലെ പ്രൊഫസർ സ്ഥാനവും, എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പദവിയും മറ്റ് ഉന്നത അക്കാദമിക് പദവികളുമൊക്കെ കൈക്കലാക്കിയ ഒരാളാണെന്നും ഇവിടെ ഓർക്കണം. 'ചരിത്രത്തിന്റെ സമഗ്രവ്യാഖ്യാനത്തിന് മാർക്സിന്റെ ചരിത്രസിദ്ധാന്തത്തോളം ജ്ഞാനശാസ്ത്രസാധുതയുള്ള വേറൊരു ബൃഹത്സിദ്ധാന്തമില്ലെന്ന് (പേജ് 521) യാതൊരു മറയുമില്ലാതെ ഗുരുക്കൾ പറയുന്നത് ചുമ്മാതെയാണോ?എന്നാൽ ഈ കൃതി രചിക്കുമ്പോഴേക്കും കിഴക്കൻ യൂറോപ്പിൽ മാർക്സിന്റേയും ലെനിന്റേയും പ്രതിമകൾ ആളിപ്പടർന്ന ജനരോഷത്തിന്റെ ചുറ്റികയ്ക്കുകീഴിൽ പൊടിഭസ്മമായി മാറിയിരുന്നു. അതിനെപ്പറ്റി അദ്ദേഹം മുൻ‌കൂർ ജാമ്യമെടുക്കുന്നത് 'മാർക്സിസം ആവിഷ്കരിച്ചുകഴിഞ്ഞ ജ്ഞാനാസ്പദങ്ങൾക്ക് മാറ്റമുണ്ടാകാം, പക്ഷേ അതിന്റെ ജ്ഞാനാസ്പദങ്ങളുടെ അന്വേഷണരീതിയും വ്യാഖ്യാനക്രമവും മാറാനിടയില്ല' (പേജ് 581) എന്നാണ്. 'ബോബനും മോളിയും' കഥകളിൽ അവർ പേന വിൽക്കാൻ നടക്കുന്ന ഒരു കഥയുണ്ട്. വാങ്ങിച്ച പേനയിൽനിന്ന് മഷി തുള്ളിതുള്ളിയായി ലീക്കു ചെയ്യുന്നുണ്ടല്ലോ എന്ന് ഒരാൾ പരാതിപ്പെട്ടപ്പോൾ 'എന്നാലും ഒരു രൂപയ്ക്ക് നഷ്ടമില്ലമ്മാവാ, കണ്ണിൽ മരുന്നൊഴിക്കാൻ നല്ലതാ' എന്ന് ആ കുട്ടികൾ പറഞ്ഞ മറുപടിയാണ് ഇവിടെ ഓർമ്മ വരുന്നത്. എഴുത്തച്ഛന്റെ ഭക്തിപ്രസ്ഥാനത്തിന്റെ സാമൂഹ്യാടിസ്ഥാനം ഗുരുക്കൾ വിലയിരുത്തുന്നത് മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന ക്ലാസ്സിക്കൽ മാർക്സിസ്റ്റ് കാഴ്ചപ്പാടിലാണ്. മറയില്ലാത്ത രാഷ്ട്രീയ പക്ഷപാതം പുലർത്തുന്നതുകൂടാതെ അതിനെ ധിക്കാരപൂർവം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതിയിൽ. ചരിത്രരചനയിലുള്ള നിഷ്പക്ഷത 'യാന്ത്രികമായ ഒരു രീതിശാസ്ത്ര നിഷ്കർഷ' എന്നതിൽ കവിഞ്ഞ ഒന്നുമല്ല എന്നാണ് ആ പുച്ഛരസം കലർന്ന വിലയിരുത്തൽ. തുടർന്നദ്ദേഹം പറയുന്നു: 'ചരിത്രപണ്ഡിതർ നിഷ്പക്ഷത പാലിക്കണമെന്നു പറയും. അത് വെറുതെയാണ്. നിഷ്പക്ഷത ഒരുടഞ്ഞ താർക്കികസംജ്ഞയാണ്' (പേജ് 512). ഇ.എം.എസ്സിന്റെ ചരിത്രരചനയെ ഉദാത്തവൽക്കരിക്കാനുള്ള ശ്രമവും ഈ കൃതിയിൽ കാണുന്നു. ആ പുസ്തകങ്ങളുടെ പ്രാധാന്യം അളക്കേണ്ടത് 'ഇ.എം.എസ്സിന് ഉപാദാനസാമഗ്രികളിൽ വേണ്ടത്ര അവഗാഹമുണ്ടായിരുന്നോ എന്നന്വേഷിച്ചുകൊണ്ടല്ല. ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങളിൽ സൂക്ഷ്മജ്ഞാനം പ്രകടമാണോ എന്നു നോക്കിയുമല്ല. മറിച്ച് സംഭവങ്ങളുടെ സ്വഭാവം വ്യാഖ്യാനിച്ചിരിക്കുന്നത് എങ്ങനെയെന്നു പരിശോധിച്ചുകൊണ്ടാണ്' (പേജ് 553). അതായത് ഇ.എം.എസ്സിന് ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടെങ്കിൽത്തന്നെയും അദ്ദേഹം മാർക്സിസ്റ്റ് ശൈലി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് വായനക്കാർ കണ്ണുമടച്ച് വിഴുങ്ങിക്കോളണം എന്നാണ് ഗുരുക്കൾ അർത്ഥമാക്കുന്നത്.

പെട്ടെന്നു കേൾക്കുമ്പോൾ സ്തോഭം ജനിപ്പിക്കുന്നതും എന്നാൽ തുടർപരിശോധനയിൽ വെറും വാചാടോപം മാത്രമാണെന്ന് തെളിയുന്നതുമായ ചില വാചകങ്ങൾ ഇതിൽ കാണാം. 'അത്യുത്പാദനശേഷി കൈവരിച്ച ഒരു ഫ്യൂഡലിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിയാണ് ഭഗവദ് ഗീത' (പേജ് 33), 'കലയെന്ന സങ്കല്പം വർഗ്ഗസമൂഹത്തിന്റെ സൃഷ്ടിയാണ്' (പേജ് 118), 'അടുത്ത കാലത്ത് വലിയ പ്രചാരം നേടിയ ഒരു കള്ളപ്പദമാണ് ഗ്ലോബലൈസേഷൻ' (പേജ് 439), '[ആലപ്പുഴ] തീരദേശറെയിൽ ബുദ്ധിശൂന്യമായ ദീർഘനിക്ഷേപവും അധികാര ദുർവിനിയോഗവുമാണ്' (പേജ് 538) - എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം. ഗുരുക്കളുടെ അവലോകനശേഷിയുടെ ഒരു ദർപ്പണമാണ് 1998-ൽ എഴുതിയ ഒരു ലേഖനം. അതിൽ അടുത്ത നൂറ്റാണ്ടിൽ ആഗോള വാണിജ്യത്രിമൂർത്തികളായി വളരാൻ പോകുന്ന ശക്തികൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവയായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ചൈനയുടെ വളർച്ച 1998-ൽ പോലും ഈ പണ്ഡിതന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നു സാരം! ചരിത്രത്തിൽ അടിസ്ഥാനയോഗ്യത പോലുമില്ലാത്തവർ കേരളത്തിൽ ആധികാരിക ചരിത്രകാരന്മാരായി ചമയുന്നതിനെ നിശിതമായി വിമർശിക്കുന്ന 'ആത്മനിഷ്ഠമായ ഉപദർശനങ്ങൾ' എന്ന അദ്ധ്യായം വളരെ പ്രസക്തമാണ്. സാഹിത്യകാരനായ പി.കെ.ബാലകൃഷ്ണൻ എഴുതിയ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എന്ന പുസ്തകം ഉടനീളം ചരിത്രപരമായ അബദ്ധങ്ങളും വങ്കത്തരങ്ങളായ അവലോകനങ്ങളും നിറഞ്ഞതാണെന്ന് ഗുരുക്കൾ തെളിവുസഹിതം സമർത്ഥിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Myth, Charithram, Samooham' by Rajan Gurukkal
Publisher: National Book Stall, 2013 (First)
ISBN: 9789383498932
Pages: 630
 

No comments:

Post a Comment