സർക്കാരിന്റേയും ഭാഷാസ്നേഹികളുടേയും നിതാന്തപരിശ്രമത്തെത്തുടർന്ന് ഒരു പതിറ്റാണ്ടുമുമ്പ് മലയാളം ശ്രേഷ്ഠഭാഷ (classical language) എന്ന പദവി നേടിയെടുത്തു. എന്നാൽ ഭാഷയിലെ സാഹിത്യരൂപങ്ങൾ മിക്കവയും നവീനമാണെന്നും ഏതാനും ശതകങ്ങൾക്കുമുമ്പുപോലും നമ്മുടെ ഭാഷയ്ക്ക് സ്വതന്ത്രനിലനിൽപ്പ് ഉണ്ടായിരുന്നില്ലെന്നുമുള്ള വാദഗതി ശക്തമായി ഉയർന്നുവന്നെങ്കിലും അതിനെ മറികടന്നാണ് മലയാളം ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. പാശ്ചാത്യസാഹിത്യത്തിൽപ്പോലും ജ്ഞാനോദയഘട്ടത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട സാഹിത്യരൂപങ്ങൾ മലയാളത്തിൽ വന്നെത്തിയ കാലവും ആ പ്രസ്ഥാനങ്ങളിലെ ആദ്യ പ്രമുഖകൃതി കണ്ടെത്തലും നിർണ്ണയിക്കുകയാണ് ഈ കൃതിയുടെ ദൗത്യം. ഒരു ശാഖയിൽ ആദ്യം രചിക്കപ്പെട്ടതും അച്ചടിക്കപ്പെട്ടതുമായ കൃതികളെ മുൻനിർത്തിയാണ് ഈ പുസ്തകത്തിൽ ചരിത്രാവതരണം നടത്തുന്നത്. പത്തു പ്രബന്ധങ്ങളാണ് ഇതിലുള്ളത്. അവയെല്ലാം പത്തു പുസ്തകങ്ങൾക്ക് അദ്ദേഹം മുൻപു തയ്യാറാക്കിയ ആമുഖപഠനങ്ങളാണ്. പത്രപ്രവർത്തകനായ പോൾ മണലിൽ പതിനഞ്ചോളം കൃതികൾ രചിക്കുകയും, പത്രപ്രവർത്തനം, നാടോടിക്കഥ, സാഹിത്യം, മതം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതു കൃതികൾ സംശോധനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബൈബിൾ വിവർത്തനം, നാടകം, ആത്മകഥ, യാത്രാവിവരണം, കേരളചരിത്രം, പുരാണനിഘണ്ടു, ഗദ്യകാവ്യം, കത്തുകൾ, ഡിറ്റക്റ്റീവ് നോവൽ, വിലാപകാവ്യം എന്നിങ്ങനെ പത്തു വിഷയങ്ങളാണ് സമഗ്രമായ വസ്തുതാവിവരണത്തോടെ തന്റേതായ വാദമുഖങ്ങൾ നിരത്തി മണലിൽ ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആദ്യത്തെ ബൈബിൾ വിവർത്തനം കായംകുളം ഫിലിപ്പോസ് റമ്പാന്റെ 'റമ്പാൻ ബൈബിൾ' ആണ്. മറ്റു ശാഖകളിലെ ആദ്യഗ്രന്ഥങ്ങൾ ഇങ്ങനെ: നാടകം - കല്ലൂർ ഉമ്മൻ ഫിലിപ്പോസിന്റെ 'ആൾമാറാട്ടം', ആത്മകഥ - യാക്കോബ് രാമവർമ്മൻ എഴുതിയ ആത്മകഥ, യാത്രാവിവരണം - പരുമല തിരുമേനിയുടെ 'ഊർശ്ലേം യാത്രാവിവരണം', താളിയോലയിൽ എഴുതപ്പെട്ട ആദ്യത്തെ കേരളചരിത്രം - ആറാം മാർത്തോമ്മായുടെ 'നിരണം ഗ്രന്ഥവരി', പുരാണനിഘണ്ടു - പൈലോ പോളിന്റെ 'പുരാണകഥാ നിഘണ്ടു', ഗദ്യകാവ്യം - ചിത്രമെഴുത്ത് കെ. എം. വർഗീസിന്റെ 'ചെങ്കോലും മുരളിയും', കത്തുകളുടെ ആദ്യ സമാഹാരം - സി. ബി. കുമാറിന്റെ 'ലണ്ടൻ കത്തുകൾ', ഡിറ്റക്റ്റീവ് നോവൽ - ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി', വിലാപകാവ്യം - അർണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം'.
ആധുനികഭാഷയുടെ പ്രാഥമികഘട്ടങ്ങളിൽ രൂപപ്പെട്ടുവന്ന ഈ സംരംഭങ്ങളെ മുഖ്യധാരാ പ്രയോക്താക്കൾ കാണാതെ പോയി എന്ന് ഓരോ തവണയും ആവർത്തിക്കുമ്പോഴും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കാൻ മണലിൽ തയ്യാറാകുന്നില്ല. വിജ്ഞാന സംപ്രേഷണം ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന കാലഘട്ടത്തിൽ, കേരളം തന്നെ മൂന്നു രാജ്യങ്ങളായി രാഷ്ട്രീയാടിസ്ഥാനത്തിൽ ചിതറിക്കിടന്നിരുന്ന ഒരു സന്ധിയിൽ, ദൂരെയെങ്ങോ ഒരു പ്രസിദ്ധീകരണത്തിൽ ആദ്യമായി വെളിച്ചം കാണുന്ന ഒരു നവീനപ്രതിഭാസത്തെ ആ മേഖലയിലെ വിദഗ്ദ്ധർ പോലും കാണാതെ പോയേക്കാം. മാത്രവുമല്ല, മുകളിൽ പറഞ്ഞവയിൽ ഏതാണ്ടെല്ലാം തന്നെ കൃസ്തീയവിശ്വാസങ്ങളെ മാത്രം കൈകാര്യം ചെയ്യുന്ന സഭയുടെ പത്രങ്ങളിലൂടെയാണ് പുറത്തിറങ്ങിയിട്ടുള്ളതും. എങ്കിലും ചില അവസരങ്ങളിൽ ഈ സാമാന്യവൽക്കരണവും നിലനിൽക്കുകയില്ല. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷേക്‌സ്‌പിയറിന്റെ A Comedy of Errors എന്ന നാടകം 1866-ലാണ് ആൾമാറാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്. പക്ഷേ സാഹിത്യചരിത്രമെഴുതിയ ഉള്ളൂരും മറ്റു നിരവധി പണ്ഡിതരും ഇതിനെ നോവലായി എണ്ണി. 1882-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തർജ്ജമ ചെയ്‌ത കേരളഭാഷാ ശാകുന്തളമാണ് ആദ്യ നാടകമായി കരുതപ്പെട്ടുവരുന്നത്. 'ആൾമാറാട്ട'ത്തിന്റെ ഘടനാശൈലിയെ സംശയിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അതൊരിക്കലും രംഗവേദിയിൽ അവതരിപ്പിച്ചില്ല എന്നതിനാൽ. ശാകുന്തളമാകട്ടെ നാടുനീളെ അവതരിപ്പിക്കുകയും ചെയ്തു. രംഗത്ത് അവതരിപ്പിക്കലാണ് മാനദണ്ഡമെങ്കിൽ വെളുത്തേരി കേശവൻ വൈദ്യന്റെ 1881-ൽ ഇറങ്ങിയ അഭിജ്ഞാന ശാകുന്തളം വിവർത്തനമാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. എന്നാൽ ആൾമാറാട്ടത്തെ സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയെന്നും തെറ്റുതിരുത്തൽ 1970-കളിൽ പ്രകടമായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സംസ്കൃതനാടക പരിഭാഷകൾ, ഷേക്‌സ്‌പിയർ നാടകപരിഭാഷകൾ, സംഗീതനാടകങ്ങൾ, പുരാണനാടകങ്ങൾ എന്നിവയിലൂടെ വളർന്നുവന്ന നാടകപ്രസ്ഥാനം സ്വതന്ത്ര സാമൂഹികനാടകങ്ങളുടെ ഘട്ടത്തിലെത്തിയത് 1878-ൽ കൊച്ചീപ്പൻ തരകൻ എഴുതി അവതരിപ്പിച്ച 'മറിയാമ്മ'യിലൂടെയാണത്രേ! മതസാഹിത്യമെടുത്താൽ കായംകുളം ഫിലിപ്പോസ് റമ്പാൻ വേദപുസ്തകം പരിഭാഷപ്പെടുത്തുന്നത് ആറാം മാർത്തോമ്മയായ വലിയ മാർ ദിവന്നാസിയോസിന്റെ നിർദ്ദേശപ്രകാരമാണ്. ആ സഭയിൽ മാത്രം അതിന്റെ പ്രചാരം ഒതുങ്ങി നിൽക്കുകയും ചെയ്തു. ആദ്യത്തെ ചരിത്രപുസ്തകമെന്നവകാശപ്പെടുന്ന നിരണം ഗ്രന്ഥവരി മാർത്തോമ്മായുടെ ദിനവൃത്താന്ത കുറിപ്പുകളായിരുന്നതിനാൽ അദ്ദേഹത്തിന്റെ അടുത്ത പരിചാരകരല്ലാതെ മറ്റാരും അവ കണ്ടിരിക്കാൻ പോലും തരമില്ല. പണ്ഡിതശ്രദ്ധ അവയിൽ പതിയാതെ പോയതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്.
കേരളത്തിലെ കൃസ്തുമതത്തിന്റേയും സഭയുടേയും വളർച്ചാപരിണാമങ്ങൾ ഗ്രന്ഥകർത്താവ് മറ്റു വിവരണങ്ങൾക്കിടയിലൂടെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. ആചാരം, സംസ്കാരം, ജീവിതരീതികൾ എന്നിവ അഭംഗുരം തുടർന്നുകൊണ്ട് കൃസ്തീയവിശ്വാസം സ്വീകരിച്ച ദേശീയജനസമൂഹമായിരുന്നു മാർത്തോമ്മാ കൃസ്ത്യാനികൾ. പോൾ മണലിൽ ആ സഭാംഗമാണോ എന്നു വ്യക്തമല്ല. എങ്കിലും ഈ ഗ്രന്ഥത്തിലെ പല അദ്ധ്യായങ്ങളും ആധാരമാക്കിയിരിക്കുന്നത് മാർത്തോമ്മാ സഭയുടെ ആദ്ധ്യാത്മിക നേതൃത്വത്തേയും അതിലെ വിശ്വാസികളായ സാഹിത്യകാരന്മാരേയുമാണ്. തോമാശ്ലീഹായോളം പഴക്കം ചെന്ന വിശ്വാസപരമ്പര്യം അവകാശപ്പെടുന്നവരാണെങ്കിലും പോർച്ചുഗീസുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതുവരെ കേരളീയ കൃസ്ത്യാനികൾക്ക് ദേശീയമോ അന്തർദ്ദേശീയമോ ആയ ഒരു സഭയോ മെത്രാൻ പോലുമോ ഉണ്ടായിരുന്നില്ല. അർക്കാദിയാക്കോൻ എന്നറിയപ്പെട്ട ഒരു ജാതിത്തലവനുകീഴിൽ പരമ്പരാഗതമായി പൗരോഹിത്യം ചാർത്തിക്കിട്ടിയ ഏതാനും കുടുംബങ്ങളുടെ മതപരമായ നിയന്ത്രണത്തിൽ ആ കൊച്ചുസമൂഹം വളർന്നുപോന്നു. അവരെ റോമിനുകീഴിൽ കൊണ്ടുവരാൻ പോർച്ചുഗീസുകാർ ശ്രമം തുടങ്ങിയതോടെ അസ്വാരസ്യങ്ങളും ഭിന്നിപ്പും തലപൊക്കി. 1599 മുതൽ അരനൂറ്റാണ്ടുകാലം അവർ റോമൻ ആധിപത്യം സ്വീകരിച്ചുവെങ്കിലും കൂനൻകുരിശു സത്യത്തിനുശേഷം തോമ്മാ അർക്കാദിയാക്കോൻ ആദ്യ മാർത്തോമ്മായായി ഒരു തനി കേരളീയസഭ രൂപം കൊണ്ടു. പോർച്ചുഗീസ് അതിക്രമങ്ങളെ ചെറുക്കാൻ അവർ അന്ത്യോഖ്യയിലെ പാത്രിയാർക്കീസുമായി സന്ധി ചെയ്തുവെങ്കിലും അവസരം മുതലാക്കി അവരെ തന്റെ സഭയിലേക്ക് മുതൽക്കൂട്ടുവാനാണ് പാത്രിയാർക്കീസ് തുനിഞ്ഞത്. എന്നാൽ മാർത്തോമ്മാ കൃസ്ത്യാനികൾ പേർഷ്യൻ ക്രമത്തിൽ അടിയുറച്ചുനിന്നു.
ചില കൗതുകകരമായ വസ്തുതകളും ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്. വള്ളത്തോൾ 'മഗ്ദലന മറിയം' എന്ന ഖണ്ഡകാവ്യം രചിച്ചത് ബൈബിൾ വിദഗ്ദ്ധരായ ചില കൃസ്ത്യൻ സാഹിത്യകാരന്മാരുമായി നടത്തിയ ചർച്ചകൾക്കുശേഷമായിരുന്നു. അതിലൊരാൾ വിഖ്യാത ഗദ്യകവിയായ ചിത്രമെഴുത്ത് കെ. എം. വർഗ്ഗീസാണ്. ചിത്രരചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യമാണ് ആ നാമവിശേഷണം നേടിക്കൊടുത്തത്. വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം വള്ളത്തോൾ തന്റെ കാവ്യത്തിന് ആദ്യം നിശ്ചയിച്ച പേര് മാറ്റുകയായിരുന്നുവത്രേ. ആ പേര് എന്തായിരുന്നെന്നോ - 'ഒരു തേവിടിശ്ശിയുടെ പശ്ചാത്താപം'! ഭാഷയിലെ ആദ്യ ഡിറ്റക്റ്റീവ് നോവലെന്നവകാശപ്പെടുന്ന ഓ. എം. ചെറിയാന്റെ 'മിസ്റ്റർ കെയ്‌ലി' എന്ന രചന 1900-ൽ വെളിച്ചം കണ്ടതാണ്. അപ്പൻ തമ്പുരാൻ 1904-ൽ പ്രസിദ്ധീകരിച്ച 'ഭാസ്കരമേനോൻ' എന്ന കൃതിയെയാണ് സാഹിത്യചരിത്രകാരന്മാർ കുറ്റാന്വേഷണ ജനുസ്സിലെ ആദ്യസംരംഭമായി പരിഗണിച്ചുവരുന്നത്. 'മിസ്റ്റർ കെയ്‌ലി'യുടെ കഥാസംഗ്രഹം ഇവിടെ നൽകിയിരിക്കുന്നത് പരിശോധിച്ചാൽ ഷെർലക് ഹോംസ് കഥകളിലെ 'The Adventure of the Beryl Coronet' എന്ന കഥയുടെ തനിപ്പകർപ്പാണെന്നു മനസ്സിലാകും. എന്നാൽ കഥാപാത്രങ്ങളും സന്ദർഭവുമൊക്കെ ഭാരതീയമാക്കിയിരിക്കുന്നതിനാൽ ഇത് തർജ്ജമയേക്കാളുപരിയായി സാഹിത്യമോഷണമെന്നേ കണക്കാക്കാനാവൂ. Beryl Coronet-മായുള്ള മിസ്റ്റർ കെയ്‌ലിയുടെ ബന്ധം പോൾ മണലിൽ തിരിച്ചറിഞ്ഞതായി കാണുന്നില്ല.
സുകുമാർ അഴീക്കോട് എഴുതിക്കൊടുത്ത പ്രൗഢഗംഭീരമായ അവതാരിക ഈ ഗ്രന്ഥത്തെ ധന്യമാക്കുന്നു. ഇതിൽ പരാമർശിച്ചിരിക്കുന്ന പല കൃതികളും അദ്ദേഹത്തിന് മുൻപരിചയമുള്ളതാണെന്നും അവയുടെ യോഗ്യതയെക്കുറിച്ച് സംശയമില്ലെന്നും പ്രഖ്യാപിക്കുമ്പോൾത്തന്നെ ചിലവയുടെ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസവും അദ്ദേഹം പങ്കുവെക്കുന്നു. കത്തെഴുത്തു ശാഖയിലെ ആദ്യ പരിശ്രമമായ 'ലണ്ടൻ കത്തുകളുടെ' രചയിതാവായ സി. ബി. കുമാർ ഒഴികെയുള്ള മറ്റെല്ലാവരും കൃസ്തീയ പുരോഹിതന്മാരും ആ വിശ്വാസികളും ആണെന്നത് ലേഖകന്റെ കാഴ്ചപ്പാടിലെ വർഗ്ഗീയാംശം പുറത്തുവരുന്നതാണെന്ന് വായനക്കാർ സംശയിച്ചേക്കാൻ ഇടയുണ്ട്. നല്ലൊരു ഭാഗം മാർത്തോമ്മാ സഭയുടെ വിശ്വാസമാഹാത്മ്യം സ്ഥാപിക്കാൻ ചെലവഴിക്കുന്നുമുണ്ടല്ലോ.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
No comments:
Post a Comment