Wednesday, May 24, 2023

കേരളീയനവോത്ഥാനവും നമ്പൂതിരിമാരും

ജാതിവ്യവസ്ഥയും അതിനെ പിന്തുടരുന്ന വിവേചനമനസ്ഥിതിയും ഭാരതീയസമൂഹത്തിന്റെ പൊതുശാപമായിരുന്നെങ്കിലും കേരളത്തിലാണ് അതിന്റെ ഏറ്റവും ഭീകരമായ രൂപം പ്രകടമാക്കിയിരുന്നത്. തൊട്ടുകൂടായ്മയേയും മറികടന്ന് അടുത്തുവരാൻ പോലും അസാദ്ധ്യമായിരുന്ന തീണ്ടൽ കണ്ടപ്പോഴാണ് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ചത്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം പത്തൊൻപതാം നൂറ്റാണ്ടിൽ നടപ്പിലായതോടെ നാടൻ സമ്പദ്‌വ്യവസ്ഥ അടിമുടി മാറുകയും പണം അധിഷ്ഠാനമാക്കിയ നാണയസമ്പ്രദായം നിലവിൽ വരുകയും ചെയ്തു. ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തിയത് കായികാദ്ധ്വാനം കൈമുതലായുണ്ടായ വിഭാഗങ്ങളായിരുന്നു. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ തങ്ങളുടെ സാമൂഹ്യപരമായ ശോചനീയാവസ്ഥ മാറ്റണമെന്ന ചിന്താഗതി അവരിൽ നാമ്പെടുത്തു. ജാതീയമായ പരിഷ്കരണപ്രസ്ഥാനങ്ങൾ സാമൂഹിക അനാചാരങ്ങൾക്കെതിരെ ശക്തിയുക്തം പോരാടി. മാനവികതയിലും വ്യക്തിസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയാണ് കേരളീയനവോത്ഥാനമെന്നറിയപ്പെട്ട മതാധിഷ്ഠിതമല്ലാത്ത, ഭൗതികമായ പ്രവർത്തനപദ്ധതി ലക്‌ഷ്യം വെച്ചത്. ഇതിൽ ജാതിവ്യവസ്ഥയുടെ തലപ്പത്ത് നിലയുറപ്പിച്ചിരുന്ന നമ്പൂതിരിമാർ എന്ന മലയാളബ്രാഹ്മണരുടെ പങ്ക് എന്തായിരുന്നുവെന്നും, മറ്റു വിഭാഗങ്ങളുടെ പരിഷ്കരണപ്രസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ അവ എങ്ങനെ വ്യത്യാസപ്പെട്ടിരുന്നു എന്നും അവ പിന്നീട് എങ്ങനെ പരിണമിച്ചു എന്നുമാണ് ഈ പുസ്തകം അപഗ്രഥിക്കുന്നത്. ഗ്രന്ഥകാരനായ ഐ. വി. ബാബു പ്രസിദ്ധ പത്രപ്രവർത്തകനാണ്. ദേശാഭിമാനി, സമകാലിക മലയാളം, മംഗളം എന്നീ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കേരളീയസമൂഹത്തിന്റെ രൂപീകരണപ്രക്രിയയിൽ ജാതിവ്യവസ്ഥയും നമ്പൂതിരി മേധാവിത്വവും 9-13 നൂറ്റാണ്ടുകൾക്കിടയിൽ ശക്തമായി എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതല്ലാതെ അതിന്റെ കാരണങ്ങളോ സാഹചര്യങ്ങളോ വിശദീകരിക്കുന്നില്ല. കേരളത്തിലെ ഭൂപരമായ ഘടനയുടെ പ്രത്യേകതകൾ കാരണം ജാതിതിരിച്ചുള്ള ഗ്രാമവ്യവസ്ഥയല്ല രൂപപ്പെട്ടത്. എല്ലാ ജാതിക്കാരും തൊട്ടടുത്ത് താമസിക്കേണ്ട അവസ്ഥയായതിനാൽ ശുദ്ധാശുദ്ധി സങ്കൽപ്പവും അയിത്താചരണവും കർശനമാകാൻ കാരണമായി. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക എന്നിവ മാത്രം നമ്പൂതിരി പുരുഷന്മാരുടെ ജീവിതധർമ്മങ്ങളായപ്പോൾ വെക്കുക, വിളമ്പുക, പ്രസവിക്കുക എന്നിവ അന്തർജനങ്ങളും പാലിച്ചുപോന്നു. ആരും ചോദ്യം ചെയ്യാനില്ലാത്ത ഈ അലസമായ ജീവിതരീതി മൂലം പാഴായത് നിരവധി ജന്മങ്ങളാണ്. നമ്പൂതിരിമാർക്കിടയിൽപ്പോലും ഉച്ചനീചത്വഭേദമുള്ള ഉപജാതിവ്യത്യാസവും നിലനിന്നിരുന്നു. വേദാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗങ്ങൾ പോലും അവയിൽ ഉണ്ടായിരുന്നു. പരദേശി ബ്രാഹ്മണരിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ മാത്രം നടപ്പിലായിരുന്ന ആചാരങ്ങളെ '64 അനാചാരങ്ങൾ' എന്ന പേരിൽ ക്രോഡീകരിക്കുന്നതുപോലുമുണ്ട്. ജ്യേഷ്ഠപുത്ര ബഹുഭാര്യാത്വം, കനിഷ്ഠപുത്ര സംബന്ധം, സ്മാർത്തവിചാരം, ചില സ്ത്രീകളുടെ നിത്യകന്യകാത്വം, എല്ലാവർക്കും വേദാദ്ധ്യയനമില്ലാത്തത് എന്നിവയെല്ലാം അതിൽ പെടും. സ്ത്രീകൾ പൊതുവെ പുറത്തിറങ്ങാറുണ്ടായിരുന്നില്ല.

താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലായിരുന്നു എന്നു സ്ഥാപിക്കുന്ന ഈ കൃതിയിൽ ചില വൈരുദ്ധ്യങ്ങൾ കൂടി ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. വടക്കൻ മലബാറിൽ താഴ്ന്ന ജാതികൾക്ക് സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നുവത്രേ (പേജ് 51). നമ്പൂതിരിമാർക്ക് അവിടങ്ങളിൽ ഗണ്യമായ സ്വാധീനശേഷി ഇല്ലായിരുന്നുവെന്നതാണ് കാരണം പറയുന്നത്. ഇതിനേയും നിരാകരിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിൽത്തന്നെയുണ്ട്. കേരളത്തിലെങ്കിലും ആയുർവേദവിജ്ഞാനം ഉയർന്ന ജാതിക്കാരുടെ കുത്തകയായിരുന്നില്ലെന്ന് തീർത്തുപറയാം (പേജ് 57) എന്ന വാദം വഴി ഗ്രന്ഥകർത്താവ് ഗുരുതരമായ ഒരു വൈരുദ്ധ്യത്തെയാണ് കയറൂരി വിടുന്നത്. ആയുർവേദ വിദഗ്ദ്ധരായ ഈഴവ വൈദ്യന്മാർ കേരളത്തിലെങ്ങും സുലഭമായിരുന്നു. ആയുർവേദപഠനത്തിന് അക്കാലങ്ങളിൽ സംസ്കൃതജ്ഞാനം അനിവാര്യമായിരുന്നല്ലോ. എന്നാൽ വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയിൽ തിളച്ച ഈയം ഒഴിച്ചിരുന്നു എന്നു വാദിക്കുന്നവർ ശൂദ്രരിലും താഴെ അവർണ്ണവിഭാഗത്തിൽ പെടുന്ന ഈഴവരുടെ സംസ്കൃതവ്യുല്പത്തി എങ്ങനെ വിശദീകരിക്കുമെന്ന് വ്യക്തമല്ല. രാജാധികാരം പോലും നമ്പൂതിരിമാരുടെ ആഢ്യത്വത്തിനു മുന്നിൽ തലകുനിച്ചിരുന്നു എന്നു പ്രഖ്യാപിക്കുമ്പോൾത്തന്നെ കോലത്തിരി രാജാവ് പെരിഞ്ചല്ലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരെ പുറംതള്ളി പൗരോഹിത്യം തുളു ബ്രാഹ്മണരെ ഏൽപ്പിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്നില്ല.

 ബ്രിട്ടീഷ് ആധിപത്യകാലത്തെ സാമൂഹ്യമാറ്റങ്ങൾ അല്പം വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അതിനുതൊട്ടുമുൻപ് ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാർക്ക് മലബാറിൽനിന്ന് പലായനം ചെയ്യേണ്ടിവന്നത് അവരുടെ അധികാരത്തിന്റെ പകിട്ട് കുറച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പരിഷ്കരണങ്ങൾ കേരളത്തെ ആധുനികവൽക്കരിച്ചു. ദേവസ്വങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയത് ബ്രാഹ്മണാധിപത്യം ശോഷിക്കാനിടയാക്കി. എന്നാൽ തിരുവിതാംകൂറിലും കൊച്ചിയിലും കേണൽ മൺറോ ഇതുചെയ്തത് പണ്ഡിതരായ ബ്രാഹ്മണരുടെ അനുമതിയോടെയാണെന്നും ഗ്രന്ഥകർത്താവ് പറയുന്നുണ്ട് (പേജ് 65). വ്യാപകമായ ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിന് പുതിയൊരു ജീവിതവീക്ഷണം നൽകി. തോട്ടം, ഓട്, കശുവണ്ടി, കയർ വ്യവസായങ്ങൾ കേരളത്തിന് വ്യാവസായികമായ അഭിവൃദ്ധി നൽകി. ഇവിടങ്ങളിൽ പണിയെടുത്ത ഭൂരിപക്ഷം വരുന്ന താഴ്ന്ന ജാതിക്കാർക്ക് കൂലി പണമായി ലഭിച്ചുതുടങ്ങി. ഈ മേഖലകളിലെ പരിശ്രമങ്ങൾ അവരിൽ സമ്പന്നരെ സൃഷ്ടിച്ചു. ഇത്തരം നാണയവ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് ലേഖകൻ പറഞ്ഞുവെക്കുന്ന മുലക്കരം, തലക്കരം, കുപ്പക്കാഴ്ച മുതലായ വിചിത്രമായ നികുതികൾ പിരിച്ചെടുക്കുന്നത് എങ്ങനെ പ്രായോഗികമാകും എന്ന സംശയം വായനക്കാരിൽ ഉണ്ടാകുമെങ്കിലും ബാബു ഇക്കാര്യത്തിൽ വിശദീകരണമൊന്നും തരുന്നില്ല.

നമ്പൂതിരി യോഗക്ഷേമസഭ 1908-ൽ സ്ഥാപിതമായി. തുടക്കത്തിൽ യാഥാസ്ഥിതികരാണ് സഭയുടെ തലപ്പത്തിരുന്നത്. ആചാരപരിഷ്കരണം അവരുടെ മുൻഗണനാപട്ടികയിൽ ഉണ്ടായിരുന്നതേയില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം, പുതിയ സാമ്പത്തികക്രമം ഇവയിലൊക്കെ പിന്നോക്കം പോയിക്കൊണ്ടിരുന്ന നമ്പൂതിരിസമുദായത്തെ ഇക്കാര്യങ്ങളിൽ ഉയർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അവരുടെ ഉന്നം. സഭാവക്താക്കളിൽ പ്രമുഖനായിരുന്ന പശ്ചിമൻ രാമൻ നമ്പൂതിരി സമുദായാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠനം പോലും ആവശ്യമില്ലെന്നും തീണ്ടൽ നിലനിർത്തണമെന്നും വാദിക്കുന്ന ഒരാളായിരുന്നു. ഒടുവിൽ സഭയുടെ പ്രവർത്തനഫലമായി ആൺകുട്ടികൾക്കു മാത്രമായി ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ജാതിബോധവും ആഭിജാത്യവും ആഢ്യത്വവും നിലനിർത്തി സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അകന്നുനിൽക്കലായിരുന്നു സഭയുടെ ലക്‌ഷ്യം. എന്നാൽ യാഥാസ്ഥിതികർക്കു ബദലായി സംഘടനയിൽ ശക്തിപ്രാപിച്ച യുവജനസംഘം 1925-നു ശേഷം ആഢ്യത്വം നശിപ്പിച്ച് നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഈയവസരത്തിൽ രംഗത്തെത്തിയ വി. ടി. ഭട്ടതിരിപ്പാടും അദ്ദേഹത്തിന്റെ ഉല്പതിഷ്ണുക്കളായ സഹപ്രവർത്തകരും സാഹിത്യ-സാംസ്കാരിക മേഖലകളിലൂടെ പുതിയൊരു സന്ദേശത്തിന്റെ വെളിച്ചം ഇരുളടഞ്ഞ മനകളിലേക്ക് കയറ്റിവിട്ടു. 1929-ൽ പ്രദർശിപ്പിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകം സമുദായത്തിലെ അനാചാരങ്ങളെ സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടി. എന്നാൽ 1930-കളിൽ യുവനേതാക്കൾ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുകയും തുടർന്നുണ്ടായ അഭിപ്രായഭിന്നതകൾ മൂലം സംഘടനാരംഗത്ത് മാന്ദ്യം സംഭവിക്കുകയും ചെയ്തു. 1940-കളിൽ ഓങ്ങല്ലൂരിൽ സഭ പുനഃസംഘടിപ്പിച്ചെങ്കിലും അതും വളരെയൊന്നും മുന്നോട്ടുപോയില്ല.

നമ്പൂതിരി സമുദായപരിഷ്കരണ ശ്രമങ്ങളെ മറ്റു സമുദായങ്ങളിലേതുമായി താരതമ്യം ചെയ്യുന്നതുമാത്രമാണ് ഈ പുസ്തകത്തിന്റെ മൗലികമായ സംഭാവന എന്നു പറയാവുന്നതാണ്. എസ്. എൻ. ഡി. പി, എൻ. എസ്. എസ് തുടങ്ങിയ മറ്റു സാമുദായികപ്രസ്ഥാനങ്ങൾ അധികാരരാഷ്ട്രീയഘടനയിൽ ഇടംനേടാൻ വിലപേശലുകളും മത്സരങ്ങളും നടത്തിയപ്പോൾ നമ്പൂതിരിമാർ മാറിനിന്നു. എന്നാലിത് നമ്പൂതിരി സമുദായത്തിന്റെ കുറഞ്ഞ ജനസംഖ്യാബലം കൊണ്ടായിരുന്നോ എന്ന ചോദ്യം ഗ്രന്ഥകാരൻ ചോദിക്കുന്നില്ല. മറ്റു സമുദായങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യവസായം, കച്ചവടം എന്നിവയുടെ ശ്രംഖലകൾ ഉണ്ടാക്കിയപ്പോൾ നമ്പൂതിരിമാർ കാഴ്ചക്കാരായി മാറി. ജാതീയ സ്വത്വബോധം വളർത്തിയെടുക്കാൻ മറ്റു സംഘടനകൾ തീവ്രശ്രമം നടത്തിയപ്പോൾ പാരമ്പര്യത്തിന്റെ നവീകരണത്തിനുപകരം അതിന്റെ സൂക്ഷ്മ-സ്ഥൂലവശങ്ങളിലുള്ള നിഷേധമാണ് നമ്പൂതിരി നവോത്ഥാനശ്രമങ്ങളുടെ ആദ്യഘട്ടങ്ങളിൽ കാണുന്നത്. എന്നാൽ ആധുനികകാലത്ത് അവരിലും ജാതിസ്വത്വം ഉണർത്താനുള്ള ഉദ്യമം ഊർജ്ജിതമാണെന്നും ഗ്രന്ഥകർത്താവ് നിരീക്ഷിക്കുന്നു. തീർത്തും ഭൗതികവും ആദ്ധ്യാത്മികേതരവുമായ സ്വഭാവം സംഘടന ഇപ്പോൾ കൈവെടിഞ്ഞിട്ടുണ്ട്. ഇന്ന് നമ്പൂതിരി സമുദായം കുത്തകസമാനമായ ആധിപത്യം പുലർത്തുന്ന പുരോഹിതകർമ്മങ്ങളിൽ അവ വ്യവസ്ഥാപിതമായി പഠിച്ച മറ്റു സമുദായക്കാർ കടന്നു ചെല്ലുന്നതിനെ ആധുനിക നമ്പൂതിരിമാർ എങ്ങനെ കാണുന്നുവെന്നും അവരുടെ പ്രതികരണം എന്താണെന്നുകൂടി പുസ്തകത്തിൽ ഉൾക്കൊള്ളിക്കാമായിരുന്നു.

ബാബുവിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന്റെ പുസ്തകരൂപമാണ് ഈ കൃതി. ഇടതുപക്ഷ കാഴ്ചപ്പാട് രചനയിലുടനീളം തികട്ടി വരുന്നുണ്ട്. ഗ്രന്ഥകാരൻ ദീർഘകാലം 'ദേശാഭിമാനി' ജീവനക്കാരനായിരുന്നതിനാലാകാം സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ ഏ.കെ.ജി സെന്റർ ഗ്രന്ഥശാലയോടുപോലും നന്ദി രേഖപ്പെടുത്തുന്നതായി കാണുന്നു. മാപ്പിള ലഹളയെ കർഷകകലാപമായി ഉയർത്തിക്കാണിക്കുന്ന ഇടതു-ഇസ്ലാമിസ്റ്റ് പ്രൊപ്പഗാണ്ട ഇതിൽ ശക്തമായി കാണാം. എന്നാൽ വടക്കേ മലബാറിലൊന്നും യാതൊരു പ്രശ്നവുമില്ലാതിരുന്നപ്പോൾ ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് താലൂക്കുകളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ മാത്രം കലാപം എങ്ങനെയുണ്ടായി എന്ന് പുസ്തകം പരിശോധിക്കുന്നില്ല. സമുദായപരിഷ്കരണപരമായി പ്രസിദ്ധീകരിക്കുകയും അരങ്ങത്ത് അവതരിപ്പിക്കുകയും ചെയ്ത നിരവധി നാടകങ്ങളും സാഹിത്യകൃതികളും ഗ്രന്ഥകാരൻ പരിശോധിക്കുന്നത് പ്രശംസാർഹമാണ്. ഇവയിൽ പലതും ഇന്ന് ലഭ്യമല്ലെന്നുകൂടി ഓർക്കണം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Keraleeya Navothanavum Namboothirimarum'
Author: I V Babu
Publisher: SPCS, 2017 (First)
ISBN: 9789387439108
Pages: 184
 

No comments:

Post a Comment