വിഖ്യാത സാമൂഹ്യ-സാമ്പത്തികശാസ്ത്രപണ്ഡിതനും രാഷ്ട്രീയനിരീക്ഷകനുമായിരുന്ന കാൾ മാർക്സിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യപരവുമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ആശയശേഖരത്തെയാണ് മാർക്സിസം എന്ന സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ മാർക്സ് ഒരിക്കലും പ്രായോഗികരാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. തൊഴിലാളികളെ നയിക്കാനോ മർദ്ദകരെ ചെറുക്കാനോ ശ്രമിച്ചിരുന്നവരെ ആശയപരമായി പ്രബുദ്ധരാക്കുകയും കൂടുതൽ നല്ല പോരാളികളാക്കിത്തീർക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അധികാരത്തിൽ വന്ന ബോൾഷെവിക് വിപ്ലവത്തിലൂടെയാണ് മാർക്സിയൻ ആദർശങ്ങളുടെ പ്രായോഗികരൂപം ലോകം കാണാനിടവന്നത്. എന്നാൽ മാർക്സ് വിഭാവനം ചെയ്ത രീതിശാസ്ത്രപ്രകാരം മുതലാളിത്തം (capitalism) വികാസം പ്രാപിച്ചിട്ടില്ലാത്ത റഷ്യയിൽ വിപ്ലവം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലെനിന്റെ സൈദ്ധാന്തികമായ ചില മിനുക്കുപണികളാണ് പുതിയ വിപ്ലവത്തിന്റെ ആശയാടിത്തറ ഭദ്രമാക്കിയത്. ഇതേ പ്രശ്നം അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും നേരിട്ടു. മാർക്സിയൻ തത്വചിന്തക്കു വിരുദ്ധമായി വൻതോതിലുള്ള അധികാര കേന്ദ്രീകരണമാണ് ലെനിൻ നടപ്പാക്കിയത്. ഈ വൈരുദ്ധ്യത്തെ പാർട്ടി സഖാക്കൾ വ്യാഖ്യാനിച്ചത് മാർക്സിയൻ നയങ്ങൾ തെറ്റായി നടപ്പിലാക്കിയതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വേച്ഛാധിപത്യപാത പിന്തുടർന്നതെന്നാണ്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മാർക്സ് സിദ്ധാന്തപരമായിത്തന്നെ തെറ്റാണെന്നു സ്ഥാപിക്കുകയാണ് ഈ കൃതി ചെയ്യുന്നത്. നക്സൽ നേതാവും ഒരു പക്ഷേ കേരളത്തിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനുമായ കെ. വേണു പറയുന്നത് തന്റെ ഗവേഷണത്തിനിടയിൽ മാർക്സ് തെറ്റായിരുന്നു എന്നു കണ്ടെത്തിയ നിമിഷം താൻ കരഞ്ഞുപോയി എന്നാണ്. ഏവരും വായിച്ചിരിക്കേണ്ടതും വിജ്ഞാനപ്രദവുമായ ഈ പുസ്തകം കഥയറിയാതെ കളികാണുന്ന നിരവധിപേരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്.
മാർക്സിസത്തിന്റെ ആശയപരമായ ഉത്ഭവവും വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽ എങ്ങനെ വളർന്നുവെന്ന് വേണു കാട്ടിത്തരുന്നു. 1871-ൽ പാരീസിൽ സംഭവിച്ച വിപ്ലവസമാനമായ പാരീസ് കമ്യൂൺ എന്ന ജനമുന്നേറ്റം മാർക്സിന് തന്റെ ആശയങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്താൻ ലഭിച്ച സുവർണാവസരമായിരുന്നു. എന്നാൽ അത്തരമൊരു വിപ്ലവസമൂഹത്തിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന മാർക്സിന്റെ വിലയിരുത്തലുകളും ബോദ്ധ്യങ്ങളും പാടേ പരാജയമായിരുന്നു. മാത്രവുമല്ല, യൂറോപ്യൻ വിപ്ലവാന്തരീക്ഷത്തിൽ മാർക്സോ ഏംഗൽസുമായി ചേർന്നു രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഒരു പങ്കും വഹിക്കുകയുണ്ടായില്ല. വിപ്ലവാശയങ്ങളിൽ അവഗാഹമുള്ള ഒരു ബുദ്ധിജീവിയായി മാത്രമാണ് അവരദ്ദേഹത്തിനെ കണ്ടത്.
തനിക്കു തെറ്റുപറ്റിയതായി മനസ്സിലാക്കുമ്പോൾ യാതൊരു മടിയും കൂടാതെ അതു തിരുത്താൻ തയ്യാറാകുന്ന ബുദ്ധിജീവികൾ കെ. വേണുവിനെപ്പോലെ അധികം പേരുണ്ടാവില്ല. പലരും - പ്രത്യേകിച്ചും പാർട്ടി ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവർ - പരിഹാസ്യമായ പടുവാദങ്ങളുമായി തങ്ങളുടെ മനക്കോട്ടകൾ സംരക്ഷിക്കാനാണ് ശ്രമിക്കാറുള്ളത്. മാർക്സിന് പിഴച്ചതെവിടെ എന്ന വേണുവിന്റെ അന്വേഷണം ചരിത്രപ്രാധാന്യമുള്ളതാകുന്നത് ഇവിടെയാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനം മാത്രമാണ് സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനമെന്നാണ് മാർക്സ് കണ്ടത്. എന്നാൽ ദേശീയത പ്രകടമായും ആ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും തങ്ങൾ ഒരൊറ്റ ഭാഷാദേശീയസമൂഹമാണെന്ന് തിരിച്ചറിയുന്ന സാമൂഹ്യപ്രക്രിയയാണ് ദേശീയസമൂഹരൂപീകരണത്തിൽ സംഭവിക്കുന്നത്. ഇതിൽ വർഗ്ഗങ്ങൾക്കോ വർഗ്ഗവിഭജനത്തിനോ ഒരു പങ്കുമില്ല. മാർക്സിന്റെ വർഗ്ഗവിശകലനരീതിക്ക് അപ്രാപ്യമായ ഒരു പ്രക്രിയയാണത്. വർഗ്ഗപരമല്ലാത്ത പല സാമൂഹ്യപ്രക്രിയകളും മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിൽ പങ്കുവഹിച്ചിട്ടുണ്ട്. വംശീയസമൂഹങ്ങൾ, ഭാഷാസമൂഹങ്ങൾ, മത-ജാതി സമൂഹങ്ങൾ, ദേശീയസമൂഹങ്ങൾ എന്നിവ അതിൽ പെടുന്നു. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ മുഴുവൻ വർഗ്ഗസമരത്തിലേക്ക് ഒതുക്കിക്കെട്ടിയതാണ് മാർക്സിസത്തിന്റെ പരാജയത്തിന്റെ മൂലകാരണം. വർഗേതരമായ അനവധി സാമൂഹ്യപ്രക്രിയകൾ ചരിത്രനിർമ്മിതിയിൽ വഹിച്ച പങ്ക് അങ്ങനെ അവഗണിക്കപ്പെട്ടു. ഇത് മനുഷ്യസമൂഹത്തെ സമഗ്രമായി മനസ്സിലാക്കുന്നതിൽ മാർക്സിന്റെ തോൽവിയിലേക്കും നയിച്ചു. മാർക്സിന്റെ സൈദ്ധാന്തിക അടിസ്ഥാനത്തോടൊപ്പം പ്രവചനങ്ങളും പാടേ പാളിപ്പോകുന്നതാണ് നാം കാണുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല യൂറോപ്യൻ രാജ്യങ്ങളിലും വികസിതമുതലാളിത്തം യാഥാർഥ്യമായെങ്കിലും അതോടൊപ്പം വളർന്നുവരുമെന്ന് മാർക്സ് വിഭാവനം ചെയ്ത വിപ്ലവാന്തരീക്ഷം ഒരിടത്തും നിലവിൽ വന്നില്ല. ആധുനികകാലത്ത് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മുന്നേറ്റം തൊഴിലാളിവർഗ്ഗത്തെ കൂടുതൽ പിന്നോട്ടുതള്ളി.
സിദ്ധാന്തത്തിനുശേഷം അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് മാർക്സിസത്തിന്റെ പ്രായോഗികരൂപമായ ലെനിനിസവും അത് റഷ്യയിൽ പടുത്തുയർത്തിയ രാഷ്ട്രീയഘടനയുമാണ്. വിപ്ലവത്തിന്റെ വിജയത്തിനായി തത്വരഹിതവും ക്രൂരവും ഭീകരവുമായ ഏതു ചെയ്തിയും ന്യായീകരിക്കപ്പെടാം എന്ന ജനാധിപത്യവിരുദ്ധ സമീപനം ആരംഭം മുതൽക്കേ റഷ്യൻ വിപ്ലവത്തിൽ നിലനിന്നുപോന്നു. പാരീസ് കമ്മ്യൂണിനു സമാനമായി വികേന്ദ്രീകൃത അധികാരം സോവിയറ്റുകളിൽ സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്ത ലെനിൻ പക്ഷേ വിപ്ലവത്തിന്റെ വിജയത്തിനുശേഷം അധികാരം മുഴുവനായിത്തന്നെ പാർട്ടിയിലാണ് കേന്ദ്രീകരിച്ചത്. സോവിയറ്റുകൾ വിപ്ലവത്തിന്റെ പൽച്ചക്രങ്ങൾ മാത്രമാണെന്ന ലെനിന്റെ തത്വദീക്ഷയില്ലാത്ത പിൽക്കാലനിലപാട് വിപ്ലവത്തിനുവേണ്ടി പൊരുതിയ സാധാരണക്കാരുടെ നേരെയുള്ള കൊഞ്ഞനംകുത്തലായിരുന്നു. എല്ലാ സോവിയറ്റുകളിലും കേന്ദ്രനയം നടപ്പിലാക്കാനായി ചോദ്യം ചെയ്യപ്പെടാനാകാത്ത പാർട്ടി ഫ്രാക്ഷനുകൾ നിലവിൽവന്നു. ഇതോടെ ജനങ്ങൾ വീണ്ടും അധികാരത്തിനു പുറത്താവുകയും വെറും കാഴ്ചക്കാരായി മാറുകയും ചെയ്തു. സ്വകാര്യസ്വത്തിന്റെ നിരോധനത്തോടെ കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രാഥമിക പ്രചോദനം സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായി. സമ്പത്ത് സാമൂഹ്യവൽക്കരിക്കപ്പെട്ടതോടെ അത് കേന്ദ്രീകൃതമാവുകയും തദ്വാരാ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അധികാരം വികേന്ദ്രീകരിക്കപ്പെടാത്തിടത്ത് ജനാധിപത്യം അസാദ്ധ്യമാവുന്നു. മനുഷ്യസമൂഹത്തെ മുഴുവൻ നയിക്കുക എന്ന ചരിത്രനിയോഗം മാർക്സ് തൊഴിലാളിവർഗ്ഗത്തിന് ഏല്പിച്ചുകൊടുത്തു. പക്ഷേ അത്തരമൊരു നിയോഗം ഏറ്റെടുക്കാൻ കഴിയുംവിധം തൊഴിലാളിവർഗ്ഗം ഒരിക്കലും ഒരിടത്തും വളർന്നുവന്നില്ല. പകരം ഉണ്ടായതോ ഇത്തിക്കണ്ണികളായ ട്രേഡ് യൂനിയൻ നേതൃത്വവും!
അടുത്തതായി ഈ പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നത് മാർക്സിസത്തിന്റെ ജനാധിപത്യ അവകാശവാദങ്ങളാണ്. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലായ ഒരു രാജ്യത്തും ജനാധിപത്യം നടപ്പിൽ വന്നില്ല. ഏകപാർട്ടി സ്വേച്ചാധിപത്യമെന്ന പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നാമനിർദ്ദേശം ചെയ്യുന്ന സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കുന്ന പ്രഹസനത്തിലേക്ക് അത് സാധാരണ ജനങ്ങളെ തള്ളിവിട്ടു. പാർട്ടി നേതൃത്വത്തെയോ ഭരണവ്യവസ്ഥയെയോ വിമർശിക്കാൻ പോലും താഴേക്കിടയിലെ ഒരാൾക്കും അധികാരമുണ്ടായിരുന്നില്ല. അതിനു ധൈര്യപ്പെടുന്നവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളേയും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള തടങ്കൽപ്പാളയങ്ങളിലും തെറ്റുതിരുത്തൽ ശാലകളിലും അയച്ച് തകർത്തുതരിപ്പണമാക്കി. സ്റ്റാലിന്റെ കാലത്ത് നിലവിലിരുന്ന മർദ്ദകവ്യവസ്ഥ ലോകത്തൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിൽ ഭീകരവും കിരാതവുമായിരുന്നു. പാർട്ടിക്കുള്ളിലെ തന്റെ ശത്രുക്കളെപ്പോലും അച്ചടക്കത്തിന്റെ വാൾ വീശി സ്റ്റാലിൻ ഭസ്മമാക്കി. 1934-ലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും (1996-ൽ 1108 പേർ), കേന്ദ്രക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139-ൽ 98 പേരും 1939-ലെ അടുത്ത കോൺഗ്രസ് ആകുമ്പോഴേക്കും സ്റ്റാലിന്റെ വധശിക്ഷയ്ക്കു വിധേയരായിക്കഴിഞ്ഞിരുന്നു. അത്തരമൊരു പാർട്ടിയുടെ ജനാധിപത്യസ്വഭാവം എന്താണെന്നൊക്കെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ഗ്രന്ഥകർത്താവ് പരിഹാസരൂപേണ ചോദിക്കുന്നു. നിസ്സാര കുറ്റങ്ങൾക്കുപോലും കടുത്ത ശിക്ഷകളാണ് നല്കപ്പെട്ടിരുന്നത്. 1953-ൽ സ്റ്റാലിൻ മരിക്കുന്ന സമയത്ത് കൂട്ടുകൃഷിക്കളങ്ങളിലും മറ്റും നിശ്ചിതസമയം മുഴുവൻ ജോലി ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ട് കൈക്കുഞ്ഞുങ്ങളോടുകൂടിയ ഒന്നരലക്ഷത്തോളം കർഷകസ്ത്രീകൾ സോവിയറ്റ് ജയിലുകളിൽ ഉണ്ടായിരുന്നു.
ഒരുവശത്ത് കാല്പനികമായ മനോഹരസങ്കല്പം, മറുവശത്ത് മനുഷ്യസമൂഹം നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങൾ - ഇതൊക്കെയാണ് മാർക്സിസം അവശേഷിപ്പിച്ച ബാക്കിപത്രം. അതിൽ അന്തർലീനമായ സൈദ്ധാന്തികവൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണം. പരാജയകാരണങ്ങൾ തേടേണ്ടതും അവിടെത്തന്നെയാണ് എന്ന മുന്നറിയിപ്പോടെ ഈ കൃതി സമാപിക്കുന്നു. എന്നാൽ തികച്ചും വിഭിന്നമായ രീതിയിൽ ഒരു ആഗോളസമൂഹസൃഷ്ടി സാദ്ധ്യമാണെന്നും ചരിത്രം ആ ദിശയിൽത്തന്നെയാണ് നീങ്ങുന്നതെന്നും വേണു പറഞ്ഞുവെക്കുന്നു. പക്ഷേ അതിൽ തൊഴിലാളിവർഗ്ഗത്തിന് നേതൃപരമായതുപോകട്ടെ എടുത്തുപറയാവുന്ന പങ്കുപോലുമില്ല.
ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അറുപതുകളിൽ പിളർന്നപ്പോൾ നക്സലുകൾ ചൈനയുടെ പാതയാണ് പിന്തുടർന്നത്. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഗ്രന്ഥകാരനിൽ ഉണ്ടോ എന്നു സംശയിക്കണം. ചൈനയിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിശദമായി പരിശോധിക്കുന്നതിനിടെ അത് തികഞ്ഞ പരാജയമായിരുന്നു എന്ന് കണ്ടെത്തുമ്പോഴും മാവോ സേതുങ്ങിന്റെ പ്രവർത്തനശൈലിയിൽ ജനാധിപത്യപരമായ ഒരു അടിസ്ഥാനഘടകം ഉണ്ടായിരുന്നു എന്നും പ്രസ്താവിക്കുന്നു. ഗോർബച്ചേവിന്റെ നവീകരണം പാർട്ടിയേയും സോവിയറ്റ് യൂണിയനേയും തകർച്ചയിലേക്കു നയിച്ച 1990-കളുടെ തുടക്കത്തിൽ ലേഖകൻ എഴുതിയ സുദീർഘമായ പഠനങ്ങൾ അനുബന്ധമായി പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ലഘുലേഖയ്ക്കു സമാനമായ അത് കൃതിയുടെ വായനാക്ഷമത കുറയ്ക്കുന്നതോടൊപ്പം ആ ഘട്ടത്തിൽപ്പോലും മാർക്സിസം സൈദ്ധാന്തികമായിത്തന്നെ തെറ്റാണ് എന്ന നിഗമനത്തിൽ വേണു എത്തിച്ചേർന്നിരുന്നില്ല എന്നും തെളിയിക്കുന്നു. ഇന്ത്യയിലെ പാർട്ടിസംവിധാനത്തിന്റെ ഉയർച്ചതാഴ്ചകൾ ഉൾക്കൊള്ളുന്ന ഒരദ്ധ്യായം കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനെ. പുന്നപ്ര-വയലാർ, തെലങ്കാന കലാപങ്ങളുടെ യഥാർത്ഥ ഉദ്ദേശവും രാജ്യത്തിന്റെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിൽ പാർട്ടിയുടെ നയമെന്തായിരുന്നു എന്നും ഗ്രഹിക്കാൻ അത് സഹായകമായേനെ.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Marxism - Uthbhavavum Vikasavum Parajayavum'
Author: K. Venu
Publisher: Prism Books, 2023 (First)
ISBN: 9789391841195
Pages: 243
No comments:
Post a Comment